വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2009

ഡെല്‍ഹി.....


സിഗ്നല്‍ പച്ചയായിട്ടും മുന്നിലെ കാര്‍ നീങ്ങാതിരുന്നപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, ശരീരത്തിലെ മറ്റൊരവയവം പോലെ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന കുഞ്ഞിന് യഥേഷ്ടം പാലുകുടിക്കാന്‍ തുറന്നിട്ടിരിക്കുന്ന ഭിക്ഷക്കാരിയുടെ കുര്‍ത്തയിലൂടെ തുറന്നുകാണുന്ന മാറിടം ആസ്വദിക്കുകയാണ് ഡ്രൈവര്‍.ഒരു പത്ത് തവണ തുടര്‍ച്ചയായി ഹോണടിച്ച് ഞാനെന്റെ ദ്വേഷ്യം തീര്‍ത്തു.റിയര്‍ വ്യൂ മിററിലൂടെ ഒന്നു തറച്ചുനോക്കി ചമ്മലിനെ ദ്വേഷ്യമാക്കി ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു.എന്റെ സ്റ്റിയറിങ്ങിനു പിന്നിലെ തെറിവിളി ഇതിലൊതുങ്ങുന്നു.കൂടിവന്നാല്‍ ഒരു സ്റ്റുപ്പിഡ് കൂടി മേമ്പൊടി ചേര്‍ക്കും.കണ്ട ഉറുമ്പിനെയും പൂച്ചയെയും കൂടെ മനുഷ്യനെയും സ്നേഹത്തൊടെ ശകാരിക്കുമ്പോഴും ഈ വാക്കു തന്നെയാണ് വിളിക്കുന്നത് എന്നതുകൊണ്ട് ഇതൊന്ന് അപ്ഗ്രേഡ് ചെയ്യണമെന്ന് കുറെ ദിവസമായി വിചാരിക്കുന്നു.ഇതുതന്നെ പത്തുതവണ ദ്വേഷ്യത്തോടെവിളിച്ച് ബിരുദമെടുത്താല്‍
പോസ്റ്റ്ഗ്രജ്വേഷന് ട്യൂഷന്‍ തരാമെന്ന് മോള്‍ ഏറ്റിട്ടുണ്ട്.അവള്‍ വളര്‍ന്നത് ഡെല്‍ഹിയിലാണേയ്.........

എന്തായാലും ഡെല്‍ഹിയില്‍ വണ്ടിയോടിക്കണമെങ്കില്‍ ആദ്യം പഠിക്കേണ്ടത് നാലു നല്ല തെറിവിളിക്കാനാണെന്ന് ലൈസന്‍സ് എടുത്ത ശേഷമാണ് അറിഞ്ഞത്. അവനാണെങ്കില്‍ കാറെടുത്താല്‍ ആകെ ജപിക്കാനറിയുന്ന ഒരെയൊരു നാമം ബാസ്റ്റാര്‍ഡ് എന്നുമാത്രമാണ്.

എങ്ങിനെ വിളിക്കാതിരിക്കും...? നമുക്ക് പച്ചയാണെങ്കില്‍ ഇവിടെയുള്ളവര്‍ക്ക് ചുവപ്പാണ് പഥ്യം. വലത്തോട്ട് തിരിയേണ്ടയാള്‍ ഇടത്തേയറ്റത്തുള്ള ലെയിനില്‍ വന്ന്നില്‍ക്കും. എന്നിട്ട് മുന്നിലൂടെ നിങ്ങളൊക്കെ അവിടെ നില്‍ക്ക് ഞാനൊന്നു പോട്ടെ എന്ന മട്ടിലൊരു പോക്കും. നമ്മള്‍ മുന്നിലോട്ടെടുത്താല്‍ വണ്ടി ഇടിക്കും . ഇടിച്ചാല്‍ അവന്മാരുടെ കയ്യില്‍നിന്നു പുറത്തുവരുന്നത്
ഒരു തോക്കോ ചുരുങ്ങിയത് ഒരു ക്രിക്കറ്റ്ബാറ്റോ ആയിരിക്കും.ഇനിയും കുറച്ചുകാലം കൂടി ജീവിക്കാന്‍ മോഹമുള്ളവര്‍ ഇതെല്ലാം കണ്ട് കാറിലിരുന്ന് പുതിയ പുതിയ നാമങ്ങള്‍ കണ്ടുപിടിച്ച് ജപിച്ചുകൊണ്ടിരിക്കുന്നു.

വലതുവശത്ത ഫാസ്റ്റ് ട്രാക്കിലൂടെ മൊബൈലില്‍ സംസാരിച്ച് പതുക്കെ ഓടിക്കാന്‍ ഇവര്‍ക്ക് നല്ല ഇഷ്ടമാണ്. ഓവര്‍ടേക്ക് ചെയ്യാന്‍ പിന്നില്‍നിന്ന് ഹോണടിച്ചാലും ലൈറ്റ് ഫ്ലാഷ് ചെയ്താലും അവിടെ നിക്കെടേ ഞനൊന്ന് പറഞ്ഞുതീര്‍ക്കട്ടെ .....എന്ന് ഭാവം മുന്നിലുള്ളവന്. അവസാനം മടുക്കുമ്പോള്‍ നാലുതെറിയുടെ അകമ്പടിയോടെ ഇടതുവശത്തുകൂടെ ഓവര്‍ടേക്ക് ചെയ്യ്ന്നു.പാവം മുന്നിലുള്ളവന്‍ ഒരുപക്ഷെ N.R.Iആയിരുന്നിരിക്കും.

ഇനിയൊരു തമാശ ലെയിന്‍ ഡ്രൈവിങ്ങാണ്. നിര്‍ത്താതെ ഹോണടിച്ച് ഒരുലെയിനില്‍നിന്ന് മറ്റേതിലേക്കും അവിടെനിന്നും അടുത്തതിലേക്കും ചാടിക്കൊണ്ടേയിരിക്കും.നമ്മള്‍ പോട്ടെടാ പാവം വായുഗുളിക വാങ്ങിക്കാന്‍ പോണതാണെന്നാ തോന്നുന്നത് എന്ന മൂഡിലിരിക്കുമ്പോള്‍ സിഗ്നലില്‍ അവനതാ നമ്മുടെ തൊട്ടടുത്ത്....... എങ്ങിനെ തെറിപറയാതിരിക്കും......ഇത്ര്യൊക്കെ ചാടിയിട്ടും ഇവിടെയെ എത്തിയുള്ളു വണ്ടിയോടിക്കാനറിയാത്ത മരമണ്ടൂസെ എന്നെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉറക്കം വരുമോ......

പിന്നെ മറ്റെവിടെയും കാണാത്ത ഒരുകൂട്ടരുണ്ട് ......റിക്ഷാക്കാര്‍.....വെറും റിക്ഷയല്ല സൈക്കിള്‍ റിക്ഷ.കണ്ണ് ചെവി തലച്ചോറ് തുടങ്ങി പറ്റുന്നതെല്ലാം നാട്ടിലുള്ള ജന്മിക്ക് പണയം വെച്ച് മുടിഞ്ഞ ഇവിടെ വോട്ട്ബാങ്ക് സ്റ്റാറ്റസ്സുള്ള ഇവര്‍ക്ക്, റോഡ് തീറെഴുതിക്കൊടുത്തിരിക്കയാണ്.

ഇവിടെ പറഞ്ഞതും പറയാത്തതുമായ ഒരുപാടുകാരണങ്ങള്‍ എന്റെ തെറിയുടെ വൊക്കാബുലറി അപ്പ്ഗ്രേഡുചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.ഈ കാര്യത്തില്‍ ബൂലോകം അടുത്തകാലത്ത് വളരെ സഹായം ചെയ്യുന്നുണ്ട്. പല ബ്ലോഗുകളില്‍ നിന്നുമായി ആവരേജ് പത്തുതെറിയെങ്കിലും പെറുക്കിക്കൂട്ടാന്‍ കഴിയുന്നുണ്ട് ദിവസവും.പക്ഷെ അധികവും മലയാളത്തിലുള്ളതായതിനാല്‍ വലിയ ഉപയോഗമില്ല. ഇനി കുറച്ച് ഹിന്ദിയിലും ആംഗലേയത്തിലുമാവട്ടെ. ആത്മസംതൃപ്തിക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്രദമായാല്‍ സ്വര്‍ഗ്ഗവാതില്‍ നിങ്ങള്‍ക്കുമുന്നില്‍ തനിയെ തുറക്കും.


(കോമണ്‍വെല്‍ത്ത് ഗെയ്മിനു മുമ്പ് ഇവിടത്തുകാരുടെ സ്വഭാവം നന്നാക്കാനൊരു ശ്രമം തുടങ്ങിയിട്ടുണ്ട് ദില്ലിസര്‍ക്കാര്‍.... ചെല്ലാനടിക്കാതിരിക്കാന്‍ നൂറുരൂപനോട്ടുവാങ്ങി പൊയ്ക്കൊള്ളാന്‍ പറയുന്ന ഈ പോലീസുകാരുടെയിടയില്‍ എന്തൊക്കെ നടക്കും എന്നു നമുക്ക് നടക്കുമ്പോള്‍ കാണാം. )

3 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

കഴിഞ്ഞ ആഴ്ച്ച ഡ്രാഫ്റ്റ്ചെയ്തതാണ്...ഡ്രൈവിങ്ങിനെപ്പറ്റി ഇത്ര് കൂളായൊരു പോസ്റ്റിടാന്‍ വിഷമം തോന്നി....

പാവത്താൻ പറഞ്ഞു...

@#$%, &*%$#@, *&%+(*!^%#*, %@#&*<, എനിക്കറിയാവുന്ന തെറികളാണ്.... ഏതു ഭാഷയിലും ഉപയോഗിക്കാം.എല്ലാവര്‍ക്കും മനസ്സിലാകും... :-) പോസ്റ്റ് കൊള്ളാം.

പ്രയാണ്‍ പറഞ്ഞു...

ഇതിന്റെ ഉച്ഛാരണം കൂടി ഒന്നു പറഞ്ഞു തരുമോ പാവത്താന്‍....:)