വ്യാഴാഴ്‌ച, ജൂൺ 26, 2014

ഓര്‍ത്തോര്‍ത്ത് ഒറ്റപ്പെട്ടുപോകുന്ന ചിലത്
ബോധാബോധങ്ങള്‍ക്കിടയിലൊരു


ഒരു കുഞ്ഞ് കലുങ്കില്‍

ഒരുപുറത്തിരുന്ന് ഭൂതവും വര്‍ത്തമാനവും 

കൂകിവിളിക്കുന്നുണ്ടാവണം ...

മറുപുറത്ത് ഭാവിയപ്പോള്‍

ഒരു ഗൂഢസ്മിതവുമായി ഇരിക്കുന്നുണ്ടാവും .

കലുങ്ക് കടന്നുപോകുമ്പോള്‍ 

ഓര്‍മ്മകളില്‍ തങ്ങിയതിന്‍റെ 

പൊട്ടും പൊടിയുമാവണം

ജീവിതമെന്ന് ഉരുണ്ട് പിരണ്ട് നടന്നുപോകുന്നത്..

തിരികെയെടുക്കാന്‍ കഴിയാത്തവ

കടലില്‍ കലക്കിയ കായം പോലെ

രസനയുടെ ഏതോ ഒരു തരിമ്പില്‍

ഇടയ്ക്കെപ്പോഴോ അടയാളപ്പെടുത്തി മറയും...

കിട്ടിപ്പോയി എന്നു തിരിച്ചറിയും മുന്‍പ്

പാഞ്ഞെത്തിയ ഒരു തിരയില്‍

നഷ്ടപ്പെട്ടെന്ന് തീര്‍ച്ചയാവുന്ന ചിലത്.....

തിങ്കളാഴ്‌ച, ജൂൺ 23, 2014

കലപില........


അടുക്കളച്ചുമരിലെ ഇരുട്ടിലാണൊരു
കയില്‍ തട്ടാതെ മുട്ടാതെ
താളംപോലും പിടിക്കാതെ .
തൂങ്ങിക്കിടന്നത് .... എന്നിട്ടും
അതിനോടാണിന്ന് രാവിലെത്തന്നെ
അടുപ്പുംന്തിണ്ണയിലെ
ക്ലാവ് പിടിച്ച പാത്രങ്ങള്‍
കലപില ചൊറിഞ്ഞ് മൊഴിഞ്ഞത്........
എത്രനാളിങ്ങിനെ തലതിരിഞ്ഞ്തനിയെ?

ഈ തിളച്ചുമറിയുന്ന
ചോറ്റുചെമ്പിലിറങ്ങിയൊന്ന്
നൃത്തം വെച്ചാലെന്താ ?
ഇത്തിരി വഴുക്കും അത്
കഴുകിക്കളയാവുന്നതേയുള്ളൂ.
തിരിച്ചെടുക്കാവുന്നതേയുള്ളൂ
ആ തുടിപ്പും തിളക്കവും.

അല്ലെങ്കില്‍ പിന്നെയാ
സാമ്പാറുകലത്തിലിറങ്ങി
എരിയണം പുകയണം
ചത്താലും പോകാതെ
കൂടെയുണ്ടാവുമെപ്പോഴും
പുളിച്ചൊരു മസാലമണം.

പിന്നുള്ളതൊരു
മൂത്ത കുമ്പളങ്ങ
കുനുകുനെയരിഞ്ഞ് 
പരിപ്പിടാതെ
മുളകില്ലാതെ
പുളികൂടാതെ
മഞ്ഞളുകാണാതെ
അവിച്ചെടുത്തൊരു
നിര്‍ഗുണസമ്പന്നന്‍........

ഇതെല്ലാംകൂടിയെങ്കില്‍
അതും കൊള്ളാം ..
നാലാളെ വിളിക്കണം
ഒരു ചരട് കെട്ടണം
ചരടിന്റെയറ്റമെന്‍റെ
കയ്യിലെന്നൊരുറപ്പും.........


ബുധനാഴ്‌ച, ജൂൺ 18, 2014

നമ്മളെന്താണിങ്ങിനെ.....
1
എത്ര ചുകന്നിരിക്കണം നമ്മള്‍

നമ്മളെന്നിത്രനമ്മളായി-

ന്നൊന്നിച്ചു വിരിയുവാന്‍

2
ആ മണം

ആ രുചി

ആ നിറമെന്ന്‍

നിനക്കിഷ്ടമില്ലാത്തതെല്ലാം

ഇറുത്തിറുത്തെറിഞ്ഞിപ്പോഴിത

ഞാനോ നീയോ?.

3
നിന്‍റെ വേനല്‍ച്ചൂ ടിലേക്ക്

പൂത്തുലയുമ്പോള്‍

വിരിയുന്നതെന്തേ

എന്നിലെന്നും

ചുകന്ന ചെമ്പരത്തികള്‍ മാത്രം..

4
നിന്നിലേക്കാഴ്ന്നാഴ്ന്ന് പോകുന്ന

എന്‍റെ വേരുകളെ

എനിക്കു ഭയമുണ്ട്...

നീയെന്നെ കുടഞ്ഞെറിയുമ്പോള്‍

നിനക്കു വേദനിക്കുമോയെന്ന്...

5
ഓന്തിനെപ്പോലെ നിറമാറുന്ന ഭൂമിയൊന്ന്

ഉടച്ചുവാര്‍ത്തെടുത്ത്

അതിനുമേലൊരാകാശമാകാനാണ്

ഞാന്‍ പാടുപാടുന്നത്

മഴവില്ലുകളെ കഴുകി വിരിച്ച്

കുഞ്ഞുസൂര്യനെ ഉച്ചിയിലിരുത്തി

ചൂടന്‍ സൂര്യനെ കടലിലെറിഞ്ഞ്

സന്ധ്യയെ അലിയിച്ചിരുട്ടിച്ച്

ചന്ദ്രനെ തേച്ച് മിനുക്കി

നിലാവ് കറന്ന്പാറ്റി

നക്ഷത്രങ്ങള്‍ വറുത്തെടുത്ത്

പകലിനെകുറുക്കി രാവാക്കി

രാവിലുറക്കമൊഴിച്ച് പകലാക്കി

പാഞ്ഞുനടക്കുന്ന കുഞ്ഞുമേഘങ്ങളുടെ

കുട്ടിയുടുപ്പുകള്‍ക്ക്

വെള്ളിയലുക്കുകള്‍ പിടിപ്പിച്ച്....


ഇടക്കിടെ നീ മേയാന്‍ വിടുന്ന

കാര്‍മേഘങ്ങളെ മെരുക്കി

തൊഴുത്തിലടക്കാനാണ്

ഏറ്റവും പാട്.

6
എനിക്കറിയാം

ഞാനില്ലാതായിക്കൊണ്ടിരിക്കയാണെന്ന്

ആദ്യം നിന്‍റെ ഓര്‍മ്മകളില്‍ നിന്ന്‍...

പിന്നെ എന്‍റെ ഓര്‍മ്മകളില്‍ നിന്ന്‍

7
ഇത് വായിച്ചുകഴിയുമ്പോള്‍

നീയും ഞാനുമെന്നത്

ഞാനും നീയുമാകാനും

വായിച്ചവരിലൊരാള്‍

നമ്മളിലൊരാളുടെ

അപരനെന്ന് സ്വയം

ഉല്‍പ്രേക്ഷിക്കാനും

സാദ്ധ്യതകളെത്രയാണ്...

വ്യാഴാഴ്‌ച, ജൂൺ 12, 2014

ഭൂമി, ആകാശം, ജലം, വായു, അഗ്നി....ഒരു പരിസ്ഥിതിദിനം കൂടി കടന്നുപോയി...മാസങ്ങളോളം നീണ്ടുനില്‍ക്കു ന്ന മലയാളിയുടെ മാറ്റേതൊരാഘോഷങ്ങളെയുംപോലെ ഇന്നും അതിന്‍റെ തീരാത്ത ആഘോഷം വൃക്ഷത്തൈ നടലിന്‍റെ പത്രവാര്‍ത്തയായി വന്നിരിക്കുന്നു. ഈ പേരില്‍ നട്ട മരങ്ങളില്‍ ഒരു ശതമാനമെങ്കിലും വളര്‍ന്ന് വലുതായാല്‍ വളരെ നല്ലത് തന്നെയാണ്. മണ്ണ് തൊട്ടാല്‍ കുട്ടികളെ വഴക്കു പറയുന്ന, വൃത്തികെട്ടതെന്തോ തൊട്ടെന്ന മട്ടില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകിക്കുന്ന ഈ കാലത്ത് വര്‍ഷത്തിലൊരുദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും പരിസ്ഥിതിദിനമെന്ന പേരില്‍ അവരെ പ്രകൃതിയിലേക്ക് ഇറക്കി വിടുന്നത്, അതിന്നായൊരു ദിവസമുള്ളത് നല്ലത് തന്നെ.

‘മരം ഒരു വരമെന്ന്’ ഭൂമിക്ക് മരങ്ങള്‍ തിരിച്ചു നല്‍കാന്‍ ശപഥമെടുത്ത നല്ല മനസ്സുകളെ അവരുടെ നല്ല പ്രവൃത്തികളെ നമിക്കുന്നു. പക്ഷേ കാട്, അല്ലെങ്കില്‍ മരം കുറഞ്ഞത് മാത്രമാണോ പരിസ്ഥിക്കേറ്റ ആഘാതം? കുറെ മരം വെച്ചുപിടിപ്പിച്ചതുകൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതാണോ നമ്മള്‍ പ്രകൃതിക്ക് നല്‍കിയ പരിക്കുകള്‍! പ്രകൃതിയെ അമ്മയെന്നുകരുതി ആരാധിച്ചിരുന്ന ആര്‍ഷഭാരത സംസ്കാരത്തില്‍നിന്നും വ്യതിചലിച്ചതാണ് ഇതിന്നു കാരണമെന്നാണ് ചിലരുടെ കണ്ടെത്തല്‍... എന്നാല്‍ പിന്നെ എങ്ങിനെ അന്യ രാജ്യങ്ങളില്‍ അസൂയതോന്നിപ്പിക്കും വിധം വളരെ മനോഹരമായ രീതിയില്‍ പരിസ്ഥിതി പരിപാലിക്കപ്പെടുന്നത്?

മനുഷ്യന്‍റെ സ്വാര്‍ത്ഥത മാത്രമാണ് ഇതിന്നു കാരണം. ജീവന്‍റെ അടിസ്ഥാനകാരണങ്ങളായ പഞ്ചഭൂതങ്ങളെ മറന്ന്‍ വിഗ്രഹങ്ങളും ആള്‍ദൈവങ്ങളും പ്രാധാന്യം നേടിത്തുടങ്ങിയതോടെ നമ്മള്‍ പരിസ്ഥിതിയെ അവഗണിക്കാന്‍ തുടങ്ങിയെന്ന് വേണം പറയാന്‍.ആരാധനാലയങ്ങളില്‍ നിന്നുള്ള അഴുക്കുകള്‍ തന്നെ ചുറ്റുപാടുകളെ മലീമസമാക്കുന്നു. എല്ലാത്തിലും ലാഭം മാത്രം നോക്കുന്ന മനുഷ്യന്‍ ഒരിക്കല്‍ അമ്മയെപ്പോലെ, ദൈവത്തെപ്പോലെ ആരാധിച്ചിരുന്ന ഭൂമിയെ നോവിക്കാന്‍ തുടങ്ങി. അതിന്റെ ഫലമായി ആകാശവും ഭൂമിയും ജലവും വായുവും അഗ്നിയും മലിനമായി.

ഇന്ന് നാട്ടിന്‍ പുറത്തെ കിണറുകളിലെ വെള്ളം പോലും ധൈര്യത്തോടെ കുടിക്കാന്‍ പലരും മടിക്കുന്നു. അഥവാ പണ്ടത്തെ ഓര്‍മ്മയില്‍ രുചിച്ചുനോക്കിയാല്‍ സ്വാദുപോലും മാറിയിരിക്കുന്നു. ഓരോ നദിയുമെടുത്തുനോക്കിയാല്‍ കാണാവുന്നതാണ് ജലമെത്ര മാറിയിരിക്കുന്നു എന്നത്. വളര്‍ന്ന് വരുന്ന മാര്‍ക്കറ്റുകള്‍ക്കൊപ്പം ആ നാടിന്‍റെ ജലസ്രോതസ്സായ, ജീവനാഡിയായ നദി മലിനമായിക്കൊണ്ടിരിക്കുന്നതു നമുക്കറിയാവുന്ന കാര്യമാണ്. വേണ്ടതും വേണ്ടാത്തതുമായ എല്ലാഅഴുക്കുകളും നമ്മള്‍ വലിച്ചെറിയുന്നത് ഇത്തരം ഒഴുക്കുകളിലേക്കാണ്. പണ്ട് സ്കൂളില്‍ പോകുമ്പോള്‍ നമ്മള്‍ കാല് നനച്ചിരുന്ന, മാനത്തുകണ്ണികളെ കൈകളില്‍ കോരിയെടുത്തിരുന്ന, പരല്‍മീുനുകള്‍ക്കുമ്മവെക്കാന്‍ കാലുനീട്ടിക്കൊടുത്തിരുന്ന കുഞ്ഞുതോടുകള്‍ ഇന്ന് അഴുക്കുജലം നിറഞ്ഞ കാനകളായി മാറിയിരിക്കുന്നു.നഗരത്തിന്‍റെ വളര്‍ച്ചയില്‍ ഇരകളാകുന്നത് ചുറ്റുവട്ടമുള്ള ഗ്രാമങ്ങളാണെന്ന് കേരളത്തിലെ ജനങ്ങളറിഞ്ഞപോലെ മറ്റാരുമറിഞ്ഞിരിക്കില്ല. ഗ്രാമങ്ങളിലെ കുടിവെള്ളത്തില്‍ പോലും കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമാം വിധം കൂടിയിരിക്കുന്നു. കീടനാശിനികളും രാസമാലിന്യങ്ങളും ജലത്തെ വിഷമയമാക്കിയിരിക്കുന്നു. ഒരു ശുദ്ധീകലശത്തെപ്പറ്റിയുള്ള ചിന്ത എവിടെത്തുടങ്ങണമെന്നോ എന്തുചെയ്യണമെന്നോ അറിയാതെ വഴിമുട്ടിനില്‍ക്കുന്നു.

Prasanna Aryan's photo. വീടിന് തൊട്ടുകൊണ്ട് പോകുന്ന തോട്ടില്‍ ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് വരെ നല്ല വെള്ളമായിരുന്നു. ഞങ്ങളുടെ കുട്ടികളും വലിയവരും ചേര്‍ന്ന് വെക്കേഷന്‍ കാലം പോത്തുകളെപ്പോലെ തോട്ടിലെ വെള്ളത്തില്‍ ആഘോഷിച്ചിരുന്നത് ഓര്‍മ്മയുണ്ട്. വേനലില്‍ എല്ലായിടത്തും വെള്ളം വറ്റുമ്പോള്‍ ഞങ്ങളുടെ കടവില്‍ മാത്രം കുറച്ചെങ്കിലും വെള്ളമുണ്ടാവും. ദൂരങ്ങളില്‍ നിന്നും ആളുകള്‍ കുളിക്കാന്‍ വരും. നമ്മുടേതായിട്ടും കുളിക്കണമെങ്കില്‍ കടവൊഴിയാന്‍ ക്ഷമയോടെ കാത്തുനില്‍ക്കണമായിരുന്നു. പതുക്കെപ്പതുക്കെ നഗരം വലുതായി കൂടെ മാര്‍ക്കറ്റുകള്‍ ഹോട്ടലുകള്‍ ഹോസ്പ്പിറ്റലുകള്‍ തുടങ്ങി പലതും വന്നു. നഗരത്തിന്‍റെ ഞരമ്പായിരുന്ന തോട് എല്ലാവര്‍ക്കും എളുപ്പത്തില്‍ അഴുക്കൊഴുക്കാനുള്ള ചാലായി. ചുരുക്കം ചിലര്‍ മാത്രം ശീലം പോലെ ഇപ്പൊഴും വന്നു കുളിക്കുമെങ്കിലും വരുമ്പോള്‍ അവരുടെ സംഭാവനയായി വീട്ടിലെ അഴുക്ക്, പ്ലാസ്റ്റിക്ക്ബാഗുകളില്‍ കൂടെകൊണ്ടുവന്ന് തോട്ടില്‍ വലിച്ചെറിയുന്നു. അവരും നഗരസംസ്കാരത്തിനു അടിമപ്പെട്ടിരിക്കുന്നു. മഴക്കാലത്ത് വെള്ളം തൊടിയിലേക്ക് കയറിവരുമ്പോള്‍ മാത്രം ഞങ്ങളിപ്പോള്‍ തോടിനെ ഓര്‍ക്കുന്നു.

Prasanna Aryan's photo.
കഴിഞ്ഞ തവണ നടക്കാന്‍ പോയപ്പോള്‍ മുകളിലെ കടവു വരെ പോയി. അവിടെ തോട്ടിലെ വെള്ളത്തില്‍ ചത്തു ചീര്‍ത്തൊരുനായ കിടക്കുന്നു. ആരെങ്കിലും വലിച്ചെറിഞ്ഞതാവണം. ഈ വെള്ളമാണ് ഞങ്ങളുടെ കടവിലൂടെയും ഒഴുകിപ്പോകുന്നത്. ആളുകള്‍ കുളിക്കുന്നതും കുല്‍ക്കുഴിയുന്നതും. എനിക്കു ഗംഗയെ ഓര്‍മ്മവന്നു. നുരഞ്ഞുപതയുന്ന യമുനയെയും... അപ്പോള്‍ ഇതിലിത്ര പറയാനെന്തിരിക്കുന്നു എന്നു മനസ്സ് പറഞ്ഞു. പുണ്യനദിയെന്നു നമ്മള്‍ പാപങ്ങള്‍ കഴുകിക്കളയുന്ന(!) തീര്ത്ഥമെന്നുകരുതി വായിലൊഴിക്കുന്ന ഈ നദികളിലെ വെള്ളത്തെക്കാളും ഒരുപക്ഷേ ഭേദമാവണം എന്റെ തോട്.....


ചൊവ്വാഴ്ച, ജൂൺ 03, 2014

മാത്ത്മോര്‍ഫോസിസ്


പണ്ട് പണ്ട്
സന്ധ്യ മൊളയുമ്പോ
പകലൂണും കഴിഞ്ഞ്
ഏട്ടുമണിയുടെ ചലച്ചിത്രഗാനം കേട്ട് കേട്ട്
കണ്ണുകള്‍ പതുക്കെ അടഞ്ഞടഞ്ഞു പോകുമ്പോഴാണ്
അച്ഛന്‍ കണക്കുമാഷ് കളിയ്ക്കാന്‍ തുടങ്ങുന്നത്.

സ്കൂളില്‍ രാവിലെത്തൊട്ട് കളിക്കണ കണക്കിലെ കളി
വീട്ടിലെത്തുമ്പോള്‍ കാര്യമാകുന്നത്
ഒരൊഴുക്കന്‍ വീട്ടുകണക്കിന് ജീവിതമെന്ന്‍
ഇരട്ടപ്പേര്‍ വീഴുന്നത് അപ്പോഴാണ്.....

ആദ്യം കേള്‍ക്കുന്നത്
തെക്കേയകത്തെ മരക്കസേര മേശയോട് ചേര്‍ത്തിടുമ്പോള്‍
ഉറക്കപ്പിച്ചില്‍ ഇഷ്ടികനിലം പിറുപിറുക്കുന്നതാണ്.
പിന്നെ ഇരുട്ടിലേക്കൊരു ചോദ്യമുയരും.

'അതേയ് ഇന്നെന്തൊക്ക്യാ....'

ഇരുട്ടിന് ജീവന്‍ വെച്ചപോലെ
പശു മുതല്‍ പടിപ്പുര വരെ
അണക്കണക്കും മുഴുക്കണക്കും മുക്കാക്കണക്കും
വിളിച്ച്കൂവാന്തുടങ്ങും!

കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും
ഇതുവരെ പഠിച്ചതും പഠിപ്പിച്ചതും കണക്കായിരുന്നോ എന്ന്‍
അച്ഛന്‍ സംശയിച്ചു തുടങ്ങുന്നതപ്പോഴാണ്..

എത്ര വളച്ചാലും രണ്ടറ്റോം കൂട്ടിമുട്ടി വട്ടമെത്തിക്കില്ലെന്ന്
കണക്ക് കടുംപിടുത്തം പിടിക്കുന്ന ഒരു നിമിഷം
അമ്മയുടെ ഉത്തരക്കടലാസില്‍ പൂജ്യങ്ങള്‍ പെറ്റുപെരുകും.

ഫെയില്‍ എന്നെഴുതിയൊപ്പിട്ട് അച്ഛനുറങ്ങാന്‍ പോകും.

അമ്മ മൂക്ക് ചീറ്റി ഞങ്ങളോടൊപ്പം പറ്റിച്ചേര്‍ന്ന്കിടക്കും.

പിന്നെപിന്നെ ഞങ്ങളെ കണക്ക് പഠിപ്പിച്ച് പഠിപ്പിച്ച്
അമ്മ കണക്കില്‍ ഫുള്‍ മാര്‍ക്കോടെ പാസ്സാവാന്‍ തുടങ്ങി.

വാല് ബിയെബീടിയില്‍ നിന്നും എമ്മെബീടിവരെ വളര്‍ന്നിട്ടും
ഒരു സാദാകണക്കുമാഷ്ന്ന് ഹെഡ്മാഷായി കയറ്റം കിട്ടിയിട്ടും 
അച്ഛന്‍റെ കണക്ക് തട്ടീം മുട്ടീം മരിക്കുംവരെ
കൂട്ടിമുട്ടില്ലെന്ന് വാശിപിടിച്ചുതന്നെയിരുന്നു!

പാവം!
ഇപ്പൊഴിപ്പോള്‍
വീണ്ടും എത്ര കൂട്ടീട്ടും കിഴിച്ചിട്ടും ഒരുമിപ്പിക്കാന്‍ പറ്റാതെ
അമ്മേടെ കണക്കിലെ എണ്ണങ്ങളെപ്പോഴും കുതറിയോടും...

മോളിലിരുന്ന് അച്ഛന്‍
ഓരോ കണക്ക് പേപ്പറിലും ഫെയില്‍ എന്നെഴുതി മടുക്കുന്നുണ്ടാവും...

ഉത്തരമെഴുതിമടുത്ത പരീക്ഷാഹാളില്‍
പരീക്ഷ തീര്‍ന്നാലത്തെ അവധിക്കാലം കൊതിച്ചു കൊതിച്ച്
അമ്മയ്ക്കും മടുത്തുകാണും.

ഉരുട്ടിയെഴുതി കൂട്ടിയും കുറച്ചും ശരിയിലെത്തിക്കാവുന്ന
ഒന്നല്ല ജീവിതമെന്ന്പാതിയുറക്കത്തില്‍ പഠിച്ചത്
വേണ്ടപോലെ തലയില്‍ കേറാഞ്ഞത് കൊണ്ടാവണം
ഞങ്ങള്‍ ഇപ്പൊഴും അക്കങ്ങളുടെ പുറകെ ഓടിക്കൊണ്ടേയിരിക്കുന്നത്.....