തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

ദേവൂട്ടി........


പതിവിലും നേര്‍ത്തെയെത്തിയ ദേവൂട്ടിയെ കണ്ടപ്പോള്‍ തന്നെതോന്നി എന്തോ കുഴപ്പമുണ്ടെന്ന്. മുറ്റമടിക്കാതെ വടക്കോറത്തെ കോലാമ്മേ ചെന്ന്‍ ദേവൂട്ടി നീട്ടിവിളിച്ചു.

വല്ല്യാത്തോലെ ഒന്നിങ്ങട്ട് നിക്ക്വോ.. ഒരുകാര്യം പറയാനാണേയ്

എന്തേ ദേവൂട്ട്യേ രാവിലത്തെ എടുത്താല്‍ പൊന്താത്ത പണിത്തിരക്കിനിടയില്‍ നിന്നും ഏടത്ത്യമ്മ തല പുറത്തേക്ക് നീട്ടി.

അതേയ് ഞാനിന്ന്‍ വര്ണില്ല്യാന്ന് പറയാനേപ്പം വന്നത്

രണ്ടുമൂന്ന് കിലോമീറ്റര്‍ നടന്ന്‍ ഇതുപറയാനായിട്ട് വര്വേ.. നെന്റെ കുട്ട്യോട് ചൊല്ല്യയക്കാര്ന്നില്ല്യേ?

ഓള്‍ക്കെവ്ട്യാ സമയം ... . കടേല് വൈക്യാ മൊയലാളീടെ കയ്യിന്ന് കിട്ട്ല്ല്യേ

ആട്ടെ ഇന്നെന്താ വിശേഷം?”

ഒന്നും പറേണ്ടാന്റെ വല്ല്യാത്തോലേ..... ഞങ്ങടെ കെണറ്റിലേയ് ഇന്നലെ രാത്രീലൊര് നായ വീണു .... അയ്നെ എടുത്തു മാറ്റാന്ള്ള ഏര്‍പ്പാടാക്കണം

എങ്ങിനേപ്പോ അത് കെണറ്റില്‍ വീണേ?”

അറില്ല്യാന്നേയ്.....വലയൊക്കെട്ട്ണു.... വീഴണശബ്ദം കേട്ടപ്പോ ആദ്യം നിരീച്ചത് ആമിനൂട്ട്യാണ്ന്നല്ലേ......

അതാരാണീ ആമിനൂട്ടി

ഞങ്ങടെ വടക്കേവീട്ടിലെ ....ഓള്ന്നലെ പുയ്യാപ്ലോട് വക്കാണിച്ച് ഞങ്ങള് വാതിലടക്കണവരെ ഞങ്ങടെ കോലാമ്മല്ണ്ടായിര്ന്നേയ് ... ഒളെങ്ങാന്‍ .എടുത്തു ചാട്യോന്നൊന്നു പേടിച്ചു. ഇപ്പഴ്ത്തെ കുട്ട്യോളല്ലേ......കെണറ്റ്ന്ന് നായകൊരക്കണ കേട്ടപ്പഴാ സമാധാനായേ ... ഇനിപ്പോ അയിനെ എടുത്തു കളേണല്ലോന്ന് ആലോചിക്ക്മ്പളാ... ആര്ടൊക്കെ കാല് പിടിക്കണാവോ... ഇന്ന് പെണ്ണിന് കുളിക്കാന്ള്ള വെള്ളം അടുത്തവീട്ടിന്നു കോരിക്കൊടുത്തിട്ടാ വരണത്

അതിന് ദേവൂട്ട്യേ നെന്റെ നായര് ഇല്യേ വീട്ടില് ......അയ്യാള്ക്കെന്താ വേറെ പണി.... തോട്ടില്‍ കുളിക്കാന്‍വന്ന മൂന്നാല് പെണ്ണുങ്ങള്‍ കഥ കേളക്കാന്‍ കൂടിയത് അപ്പോഴാണെല്ലാവരും ശ്രദ്ധിച്ചത്.

ആര് നാറാണേട്ടനോ.... നൂപ്പര് ചെയ്തതന്നെ..... ആ തള്ളക്ക് പകരം അയാളെന്താ മോളിലിക്ക് വിളിക്കാഞ്ഞേന്നാ ഞാന്‍പ്പോ നിരീക്കണേ.....

അതെന്താ നീയ്യങ്ങിനെ പറേണത്.....ഒന്നൂല്യേല് നെന്റെ കുട്ടീടച്ഛനല്ലേ

അതന്നേ....?”കുളിക്കാന്‍ വന്നവര്‍ക്കു ദേവൂട്ടീടെ ഫെമിനിസം തീരെ ഇഷ്ടമായില്ലെന്ന് തോന്നി.

നായരൊക്കെത്തന്നെ......... നായേ കേറ്റാനെന്താ വഴീന്നു ചോയിച്ചപ്പോ നൂപ്പര്ന്നെന്താ പറഞ്ഞേന്നറിയോ.... ആ തെങ്ങ് കേറണ രാഘവേട്ടന്ല്ല്യേ അങ്ങേരോട് പറഞ്ഞോളാന്‍ .... നൂപ്പര് ക്കു ഇദ്ന്റെ പിന്നാലെനടക്കാന്‍ നേരംല്യത്രേ ..... പകിടനാറാണന് കള്ളും കുടിച്ച് പകിടേം കളിച്ച് നടക്കാനല്ലെ നേരംള്ളൂ

ദേപ്പോ നന്നായേ...ന്ന്ട്ട് നീയെന്തേ പറഞ്ഞേ.....?” കൂടിനിന്നവരുടെ സഹതാപത്തില്‍ ദേവൂട്ടിക്ക് ആത്മവിശ്വാസം കൂടി.....

എന്തു പറയാനാ... ഞാമ്പറഞ്ഞു ഇനി എല്ലാ കാര്യോം ഞാന്‍ അങ്ങോരോട് പറഞ്ഞോളാംന്ന്...ആ രാഘവേട്ടനോടേയ്.....

വടക്കോറത്തിരുന്ന പാത്രം കഴുകിവെച്ച് എടത്തിയമ്മ കൊടുത്ത പണവും വാങ്ങി തിരിച്ചുപോകുന്ന ദേവൂട്ടിയെ കണ്ടപ്പോള്‍ ഇങ്ങിനെ എല്ലാരുമുണ്ടായിട്ടും ഒറ്റയ്ക്ക് കഷ്ടപ്പെടുന്ന നാട്ടിലെ എല്ലാ ദേവൂട്ടിമാര്‍ക്കും വേണ്ടിയൊരു പ്രാര്‍ത്ഥന അറിയാതെ മനസ്സിലുയര്‍ന്നു.

ദേവൂട്ടി........


വെള്ളിയാഴ്‌ച, സെപ്റ്റംബർ 16, 2011

ഒഴുകിപ്പരന്ന് ഒരു പുഴ...........ഇടക്കിടെ പടികടന്നോടിവരാറുണ്ട്

കഥ മറന്നൊഴുകിയൊരു പുഴ

തിടുക്കത്തില്‍ വാതില്‍തള്ളിത്തുറന്ന്

കാല്‍നനച്ച് പൂമുഖം നിറഞ്ഞ്

മീനുകള്‍മുത്തമിട്ട് ഓളങ്ങള്‍ ഇക്കിളിയിട്ട്

പെരുകി ഉത്തരം മുട്ടി ശ്വാസംമുട്ടിച്ച്

മൂലോടുകളിലൂടെ കവിഞ്ഞിറങ്ങി

പാത്തികളിലൂടെ ഒഴുകിപ്പരന്ന്

കാടിന്റെ കുളിരും മരുവിന്റെ ഉഷ്ണവും

കാട്ടാറിന്റെ കവിതയും കടല്‍ച്ചൊരുക്കും

അയലോരങ്ങളില്‍ ഊത്താലടിച്ച്

.............................................

പൊടുന്നനെ കഥ മുറുകുമ്പോള്‍

പുഴ പതിയെ ഊര്‍ന്നിറങ്ങും

പതിയിരുന്നുപെരുകിയ വിള്ളലുകളിലൂടെ

തോര്‍ന്ന് തോര്‍ന്ന് ഇല്ലാതാവുമ്പോള്‍

നനവിന്റെ മണം മാത്രം ബാക്കിയാവുമ്പോള്‍

ജീവിച്ചുപോകാനിടക്കൊരിത്തിരി

നോട്ടമിറ്റിച്ചുതരണേയെന്ന്

ചുണ്ടുകോട്ടി പിടയുന്നുണ്ടാവും

ആരും കാണാതെ ഒളിച്ചിരുന്ന

ഒറ്റാലുകളില്‍കിടന്ന്‍ ചില മിന്നായങ്ങള്‍ ........


ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2011

പ്രവാസികള്‍ ...........
പിഞ്ഞിനരച്ചതെങ്കിലും

അലക്കി വെളുപ്പിച്ചൊരു

ചിരിയും ചുമലിലിട്ട്

പടിക്കലെതിരേറ്റതൊരു

കുഞ്ഞ് തുമ്പക്കുടമായിരുന്നു.

കാറ്റുപറിച്ചെറിഞ്ഞൊരു

കാക്കപ്പൂവിനെയോര്‍ത്ത്

കണ്ണുനിറച്ചു കണ്ണാന്തളിയും

വാക്കുപാളിയ കാക്കാലത്തിയുടെ

തെളിവില്ലാച്ചിരിയുമായി

മുറുക്കിത്തുപ്പിയ തെച്ചിപ്പെണ്ണും

ഇല്ലാത്ത ധൈര്യത്തെ

മുന്‍പേ നടത്തി

ഒരുപൂവിരുപൂമുപ്പൂവൊരുപൂവായി

തുടുത്തൊരു തേവിടിശ്ശിപ്പൂവും

വയ്യാവേലിക്കപ്പുറത്തുനിന്നും

കൈനീട്ടി വേലിയേരിയും

പതിവുതെറ്റിക്കാതെ

മഞ്ഞളാടി മുക്കുറ്റിയും

ഓരംപറ്റി ഓണപ്പൂവും

മുളളുറക്കി തൊട്ടാവാടിയും

അവരില്‍ പ്രണയമഴചാറി

ഇക്കിളികൂട്ടുന്ന ആകാശവും

അവര്‍ക്കൊപ്പമെത്തി

നാടുണര്‍ത്തിയ മാവേലിയും

എന്നെത്തിയെന്നോ

എന്നിനി തിരികെയെന്നോ

ചോദ്യമില്ലാതെ.................

പ്രവാസത്തിന്റെ നോവ്

അവരെപ്പോലാര്‍ക്കറിയാം....


തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

നമ്മുടെ പൊന്നോണംഒരു പൊളിഞ്ഞ പുറന്തോടാണ്
ഇനി ബാക്കിയുള്ളത്.....!
അലങ്കാരങ്ങള്‍ അഴിച്ചുവാങ്ങിയ
ആരവങ്ങള്‍ അന്യം നിന്ന
അടിക്കുറിപ്പുകള്‍ വെട്ടിമാറ്റപ്പെട്ട
കൈകാലുകള്‍ കൊഴിഞ്ഞുപോയ
കിരീടം വെക്കാനൊരു തല മാത്രമുള്ള
വെറുമൊരു പൊളിഞ്ഞ പുറന്തോട്....!
എന്നിട്ടും പതുക്കെ ഇഴഞ്ഞുനീങ്ങി
എത്തിയിരിക്കുന്നു കാലം തെറ്റാതെ....
അങ്ങാടിയിലെ ആട്ടക്കലാശങ്ങളില്‍
ആഘോഷക്കമ്മിറ്റിയുടെ അട്ടഹാസങ്ങളില്‍
അഴുകിത്തുടങ്ങിയ പൂക്കൂമ്പാരങ്ങളില്‍
തീപൂട്ടാത്ത അടുക്കളപ്പാത്രങ്ങളില്‍
അളന്നു നിറയുന്ന സദ്യവട്ടങ്ങളില്‍
ചാനലുകളില്‍ പത്രത്താളുകളില്‍
ചൂണ്ടിക്കാട്ടി നാം സമാധാനിക്കുന്നു
ഇതാ വീണ്ടും നമ്മുടെ പൊന്നോണം.............
വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

ഇന്നെന്റെ ഓണംകള്ളക്കര്‍ക്കിടകത്തിനാല്‍

കീറിമുറിക്കപ്പെടാത്ത
ഒരു ചേമ്പില തിരഞ്ഞ്
അതില്‍ തത്തിനടക്കുന്ന
ഓര്‍മ്മച്ചെപ്പുകളിലെ
മുത്തുകള്‍ ഊറ്റിക്കളഞ്ഞ്

കടയോടെ നുള്ളിയെടുത്ത്
ഈര്‍ക്കിലത്തുണ്ടുകൊണ്ട്
ഇലക്കുമ്പിളൊരുക്കുമ്പോള്‍
സ്വപ്നത്തിലുണ്ടായിരുന്നത്
മേലേത്തൊടിയിലെ
കാലം തെറ്റാത്ത മണിത്തുമ്പയും

ചോരതുപ്പിയ തെച്ചിപ്പൂക്കളും
അതുകണ്ട് ചിരിച്ച അരിപ്പൂക്കളും
മൂക്കത്തു വിരല്‍വെച്ച് വേല്യേരിയും......
ദേശാടനത്തില്‍ നഷ്ടപ്പെട്ട
മേലേത്തൊടിയും കാടും തിരഞ്ഞ്

നഗരത്തിരക്കിലെ 'ഠാ'വട്ടത്ത്.....
ചവറുകൂനകള്‍ക്കരികില്‍
മണമില്ലാത്ത കടുംനിറങ്ങളില്‍
തേന്‍ വറ്റിയ പേരറിയാപ്പൂക്കളുടെ

കൂമ്പാരങ്ങള്‍ക്കിടയില്‍ കാവലായി
കലപില ചിലച്ച് തമിഴത്തികള്‍ .....
പൂമെത്തയിലുറക്കമുണരുന്ന
അവരുടെ കുഞ്ഞുങ്ങള്‍ ...!
പൂവാങ്ങി മടങ്ങുമ്പോള്‍ കയ്യില്‍

പടരാത്ത തേനിന്റെ
മധുരം നുകരാനൊരു ദാഹം....
കാലില്‍ കൊള്ളാത്ത മുള്ളിന്റെ
നോവു തിരയാനൊരു നീറ്റം.....
ഇലക്കുമ്പിള്‍ മൂക്കോടടുപ്പിച്ച് മണം

ആവോളം നുകരാനൊരു മോഹം.ഒരിക്കല്‍ വായിച്ചതാണോ...... സാരമില്ല ഓര്‍മ്മ പുതുക്കാലോ..:)