വെള്ളിയാഴ്‌ച, മേയ് 12, 2017

രാനേരമ്പോക്ക്
Image may contain: phone

രണ്ടുമൂന്ന് ഷോട്ട്സ് ബെയ്ലീസിനപ്പുറം
പത്തുമണിനേരത്തൊരു
പത്താംനിലയിലെ ബാൽക്കണിയിൽ
തലേം കുത്തി തലേം കുത്തി
താഴെ വീഴാതെ തൂങ്ങിപ്പിടിച്ച് രാത്രി.
താഴെ നിരത്തിപ്പോഴും
തെക്കുവടക്കുതെക്കെന്ന്
ഉടുത്തുടുത്ത് ചുളിഞ്ഞിട്ടും
കിഴിഞ്ഞിട്ടും അഴിച്ചുവെയ്ക്കാതെ
തിരക്ക് വാരിച്ചുറ്റിവലിച്ചിഴച്ച് .
ബൈക്കൊന്നിനെകാറിനുമുന്നിലേക്ക്
കാറൊന്നിനെബസ്സിനുപിറകിലേക്ക്
ബസ്സൊന്നാണെങ്കിൽ വെട്ടിച്ചുറ്റിച്ച്
ഇടിക്കാതെ നോക്കിക്കോന്ന് ഇടത്തൂടെ
ഇപ്പൊ ഇടിക്കുമിടിക്കുമെടേന്ന് രാത്രിയുടെ
കണ്ണുകൾ രണ്ടും മത്സരിച്ച് പുറകെ.
നിരത്ത് പക്ഷെ അഹങ്കാരിബസ്സിനെ
തട്ടാതെ മുട്ടാതെ അഴിച്ചുവെയ്ക്കുമ്പോൾ
രാത്രിക്കു ബോറടിച്ച് നിരത്ത് മുറിച്ചുകടക്കുന്ന
കഴുതയ്ക്മേൽ കണ്ണിറക്കും
തട്ടാതെ മുട്ടാതെ നിർത്തിനിർത്തിപ്പായുന്ന നിരത്തിനെ
വേഗം വേഗമെന്ന് ഇരുട്ടുരുട്ടി പേടിപ്പിക്കും.
അപ്പോഴേക്കും മുറിച്ചുകടന്ന കഴുത
സന്തോഷം കരഞ്ഞുറപ്പിച്ച് പുല്ലുതിന്നുതുടങ്ങുന്നു.
രാത്രി പിന്നെയും ബോറടിച്ച്
തലേംകുത്തി തലേംകുത്തി ബാൽക്കണിയിൽ തൂങ്ങിക്കിടക്കും.
അപ്പോഴാണ് ഒരുകാറ് തുഴഞ്ഞൊരു
ബൈക്ക് തുഴഞ്ഞെന്നൊരു പെണ്ണ്
നീന്തി നീന്തി നിരത്തുനിറഞ്ഞുപോകുന്നത് .
രാക്കണ്ണ് തട്ടും മുൻപേ തന്നെ നിരത്തവളെ ഒളിച്ചുകടത്തും.
പിന്നെ മുടന്തി മുടന്തി ഇടതും വലതും നോക്കിയൊരു നായ
അതിന്റെ ധൈര്യത്തിൽ ഒരുകാലിലുന്തിയൊരു സൈക്കിളുകാരൻ.
ബോറടിച്ച് ബോറടിച്ച് രാത്രി രണ്ട് ഷൊട്ടൂടെ എടുക്കാൻ പോകും.
തിരിച്ചു വരുമ്പഴേക്കും ക്ഷിണിച്ച് നിരത്ത്
തിരക്കഴിച്ച് മടക്കിവെച്ച് കൂർക്കംവലിച്ചുറങ്ങിയിരിക്കും.
ഇനിയെന്ത് നോക്കിയിരിക്കാനാന്നു വിളക്ക് കെടുത്തി
രാത്രിയപ്പോ നിരത്തിനെ
ആകാശച്ചെപ്പ് തുറന്ന് നിലാവെടുത്തത്തൊരു പുതപ്പിക്കലുണ്ട്.
ഹഹോ!