വെള്ളിയാഴ്‌ച, ജനുവരി 06, 2012

ഒരു പഴങ്കഥ......പുതുക്കിയത്..........

പുരാകല്‍പ്പത്തിന്‍റെ  ചുവരുകള്‍ക്കിടയില്‍

കൂട്ടംകൂടിയിരുന്ന് ആഘോഷിച്ചിരുന്ന

ജാരകഥാകഥനങ്ങളില്‍ നിന്നുമാണ്

ചുളിഞ്ഞ കിടക്കവിരിയായി ജാരന്‍

ഒരു കടങ്കഥയുടെ കാണാക്കടംപോലെ

ഞങ്ങള്‍ക്കിടയില്‍  കടന്നുകയറിയത്.......


രാധികയുടെ പടര്‍ന്ന ചാന്തുപൊട്ടുകളില്‍

സൂഫിയാനയുടെ അഴിഞ്ഞ മുടിക്കെട്ടുകളില്‍

റബേക്കാ മേമിന്റെ വശ്യമായ ഉടല്‍ഞൊറിവുകളില്‍

ജാരന്റെ പദഗതി ഞങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു.........


പലരുടേയും തണുത്തുറഞ്ഞ  നിശീഥം

പൊടിപ്പും തൊങ്ങലും വെച്ചു പൊലിപ്പിച്ച

ജാരകഥകളാല്‍  ഉണര്‍ന്ന്, കനവുകളില്‍

ഒളിഞ്ഞും നിറഞ്ഞുമവര്‍ ജാരിണികളായി.


അതുകൊണ്ടാവണം വരാനില്ലാതിരുന്നിട്ടുമൊരു

ജാരനെ ഭയന്ന്‍ ജീവസന്ധാരണത്തിനിടയില്‍

ഞങ്ങള്‍ കിടക്കവിരി നിവര്‍ത്തി വിരിച്ചിട്ടത്.....

മുടിമുറുകെപ്പിന്നി വാടാത്ത പൂമാല ചൂടിയത് .

വട്ടമൊപ്പിച്ചൊരു കുങ്കുമപ്പൂ അവന്നെത്തും മുന്‍പ്

സന്ധ്യയുടെ നെടുംന്തലയില്‍ ചാര്‍ത്തിയത്.


കവിതയുടെഎഴുനിലമാളിക  പൊത്തി പിടിച്ചുകയറി

കഥയുടെ നടവരമ്പുകളിലൂടെ വിയര്‍ത്തൊലിച്ചെത്തി

പാട്ടിന്‍റെ ആരോഹാവരോഹങ്ങളില്‍നിന്നും ചാടിയിറങ്ങി

ഹൃദയരക്തം ചാലിച്ച് ചിത്രങ്ങളെഴുതിമയക്കി

ഉപരോധകങ്ങളുടെ വാതില്‍ തള്ളിത്തുറന്നെത്തി

എന്നിട്ടും അവന്‍, ജാരന്‍ ഇന്നുമൊരു യാഥാര്‍ത്ഥ്യം........