വ്യാഴാഴ്‌ച, ഏപ്രിൽ 30, 2009

നിങ്ങള്‍ ....!


അഴുകിയ സദാചാരത്തിന്റെ
ഊടു പിഞ്ഞിയചരടില്‍ കെട്ടിയിട്ട്
കാരമുള്‍വാക്കുകള്‍ കൊണ്ട്
നിങ്ങളെന്നെ പ്രഹരിച്ചപ്പോള്‍
എനിക്ക് നിങ്ങളോട്
തോന്നിയത് പുച്ഛമായിരുന്നു.
കാരണം നിങ്ങളുടെ കണ്‍കളില്‍
അപ്പോഴും ഞാന്‍ കണ്ടത്
നിങ്ങള്‍ക്ക് എന്നോടുള്ള
വെറിച്ച കാമത്തിന്റെ
കാക്ക നോട്ടമായിരുന്നു.
അവര്‍ കൊത്തിക്കീറുമ്പോള്‍
അവരോട് തോന്നിയതിനെക്കാള്‍
വെറുപ്പ് നിങ്ങളോട് തോന്നിയത്
അവരോടുള്ള മോഹം കൊണ്ടല്ല....
അവര്‍ ചെയ്തത് തെറ്റാണെന്ന
തിരിച്ചറിവ് നിഷേധിച്ചവരാണ്
ഈ നിങ്ങളോ.....
അവര്‍ക്കെതിരെ കവലകളില്‍
പ്രക്ഷോഭങ്ങള്‍ നടത്തി മടങ്ങുമ്പോള്‍
നിങ്ങള്‍ പരസ്പരം പറഞ്ഞുചിരിച്ചത്
അവരുടെ ഭാഗ്യത്തെ കുറിച്ചായിരുന്നു.
ഇന്ന് അവരുടെയും നിങ്ങളുടെയുമിടയില്‍
ജീവിതത്തില്‍ പകച്ചു നില്‍ക്കുമ്പോള്‍
ഒരു വികര്‍ണ്ണനെ തിരയുകയാണ്
വെറുതെയാണെന്നറിയാമെങ്കിലും.....

തിങ്കളാഴ്‌ച, ഏപ്രിൽ 27, 2009

വെറുതെയിരുന്നപ്പോള്‍



ബാല്‍ക്കണിയില്‍ തനിയെ
ആകാശത്തെക്ക് നോക്കി
വെറുതെയിരുന്നപ്പോള്‍
ഒരായിരം നക്ഷത്രങ്ങള്‍
ചെറുതും വലുതും ....
ചില നക്ഷത്രങ്ങള്‍
ചിരിക്കുന്നുണ്ടായിരുന്നു.
മറ്റു ചിലര്‍ക്ക്
എന്താ ഗൌരവം...
ഒരു നക്ഷത്രം കണ്ണിറുക്കി...
എല്ലാരും കൂടെ കൂടി.
നിനക്കെന്നെ ഓര്‍മ്മയുണ്ടോ ?
അവര്‍ ചോദിക്കാന്‍
മത്സരിച്ചു കൊണ്ടിരുന്നു.
രാക്കിളിപ്പാട്ടുമായെത്തിയ
ഇളം കാറ്റിന്‍ കയ്യില്‍

അവരുടെ സ്പര്‍ശത്തിന്റെ
തണുപ്പ് ഞാനറിഞ്ഞു....
ആരെയൊക്കെയോ
തിരിച്ചറിഞ്ഞ പോലെ....
അവരുടെയടുത്തെത്താന്‍
മനസ്സ് വെമ്പുന്ന പോലെ...
മുകളിലിരുന്ന് നിങ്ങളോടും
ഇങ്ങിനെയെല്ലാം ചോദിക്കാന്‍
കൊതി തോന്നും പോലെ.....



വ്യാഴാഴ്‌ച, ഏപ്രിൽ 23, 2009

പറയാതെയറിഞ്ഞത്....!


വിഷുവില്ലാത്ത നാട്ടില്‍ വന്ന്
ഫ്ലാറ്റിന് താഴെ മര‍ത്തിലിരുന്ന്
കൊഞ്ചിയ കുയിലെങ്ങിനെയറിഞ്ഞു
നാട്ടില്‍ വിഷുവെത്തിയെന്ന് .....
അവളുടെ പാട്ടിലൂടെ ഞാന്‍
നാട്ടിലേക്ക് പാലംപണിയുമെന്ന്.....

ഒരുപാടുകൊന്നകള്‍ക്കിടയില്‍
ഒറ്റക്കു പൂത്തുനിന്ന കൊച്ചു
കൊന്നമരമെങ്ങിനെയറിഞ്ഞു
ഞാന്‍ പൂത്തേടിയെത്തുമെന്ന്.....
അവളുടെ പൂവില്ലാതെ എന്റെ
വിഷുക്കണി പൂര്‍ണ്ണമാവില്ലെന്ന്.....

വിഷുപ്പുലരിയുടെ തിരക്കിലും
തിരക്കിട്ടു വിളിച്ചാശംസിച്ച
അമ്മയെങ്ങിനെയറിഞ്ഞു
ഈ വിളി വന്നില്ലെങ്കില്‍
എന്റെ വിശേഷങ്ങളുടെ
നിറവും മണവും സ്വാദും
പുനര്‍ജ്ജനിക്കുകയില്ലെന്ന്.......

തിങ്കളാഴ്‌ച, ഏപ്രിൽ 20, 2009

മുപ്പതാം വാര്‍ഷികത്തില്‍..........


എവിടെയോ ചെറിയ
ഉറവകളായി രൂപം കൊണ്ട്
ഏതോ ഒരു നിയോഗം പോലെ
അരുവികളായി ഒന്നിച്ചുചേര്‍ന്ന്
ഒരു പുഴയായൊഴുകുമ്പോള്‍
ഇതു ധാരാളം മതി........
വഴുതുന്ന കുത്തൊഴുക്കുകളില്‍
ഇടറി വീഴാതെ...
നിനച്ചിരിക്കാതെ കടന്നുവന്ന
വെള്ളച്ചാട്ടങ്ങളില്‍
കൈകോര്‍ത്തൂര്‍‍ന്നിറങ്ങി
ചെറുമരങ്ങളുടെ ദാഹം തീര്‍ത്ത്
പെരുമരങ്ങളെ തൊട്ട്
മനസ്സു കുളിര്‍പ്പിച്ച്
വേനലിന്റെ ഇറക്കവും
വര്‍ഷത്തിന്റെ പെരുക്കവും
ഒന്നിച്ച് പങ്കുവെച്ച്,
കടലിലെത്തും വരെ
അല്ല മേഘമായ് മാറും വരെ
ഇതുപോലെ
ഇതു ധാരാളം മതി....

ചൊവ്വാഴ്ച, ഏപ്രിൽ 14, 2009

ചൊവ്വാഴ്ച, ഏപ്രിൽ 07, 2009

കൊന്നപൂത്ത വഴി







വീണ്ടുമൊരിക്കല്‍ കൂടി കൊന്നകള്‍പുത്തിരിക്കുന്നു,
വിഷുപ്പക്ഷിയുടെ കൊഞ്ചലുകളുണര്‍ന്നിരിക്കുന്നു....
എന്റെ കൊന്നപൂത്ത വഴിയിലേക്ക് സ്വാഗതം.....
ഞങ്ങള്‍ ദിവസവും നടക്കാന്‍ പോകുന്ന വഴിയാണിത്.
ആകെ മഞ്ഞയില്‍ കുളിച്ച് നില്‍ക്കുന്ന ഈവഴിയിലൂടെ
നടക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്.കൊന്നപ്പൂക്കള്‍
വിരിച്ച പരവതാനിയിലൂടെ അവിടവിടെയായി കാണുന്ന
ഉറുമ്പുപുറ്റുകളെ ചവിട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് ദിവസവും
നടക്കാനിറങ്ങുന്ന വഴി.

('ആരുടെയോ പാദലഹരിയില്‍
അമര്‍ന്നില്ലാതായ
ഒരു മുഴുവന്‍ സംസ്കാരത്തിന്റെ
കയ്യൊപ്പില്ലാത്ത മുറവിളികള്‍'
കേള്‍ക്കാതിരിക്കാനായി......)


ഒരു മഴപെയ്ത ദിവസം വൈകുന്നേരം ഈ വഴികള്‍
മഞ്ഞ മാത്രമായിരുന്നു. ഉറുമ്പു പുറ്റുകള്‍ ഒലിച്ചു
പോയതിനാല്‍ എങ്ങും കൊഴിഞ്ഞുവീണ പൂക്കള്‍ മാത്രം....

ഒരു കാറ്റടിച്ചു കൊണ്ടിരുന്ന ദിവസം ഞങ്ങളെക്കാള്‍
വേഗത്തില്‍ മുന്നില്‍ ഓടിക്കൊണ്ടിരുന്നു കൊന്നപ്പൂക്കള്‍.
പിന്നെപ്പൊഴോ വഴിയുടെ ഒരോരത്തുനിന്ന് മറുഭാഗത്തേക്ക്
ഒന്നിച്ചു പാഞ്ഞ കൊന്നപ്പൂക്കള്‍....ശിരസ്സില്‍ ആശീര്‍വാദം
പോലെ പറന്നു വീണ കൊന്നപ്പൂക്കള്‍.....
ഇതൊക്കെ അനുഭവിക്കാന്‍ കിട്ടിയതൊരു മഹാഭാഗ്യമായി
തോന്നുന്ന നിമിഷങ്ങള്‍....

പക്ഷെ ഇവിടെ കൊന്ന പൂക്കണമെങ്കില്‍ ഒരു ശാപം
പോലെ വിഷു കഴിയണം.ഇത് പോയ വര്‍ഷത്തെ കാഴ്ച്ച.
ഏപ്രില്‍ അവസാനം പൂത്തുതുടങ്ങിയാല്‍ ഒക്ടോബര്‍
ആദ്യം വരെ ഈ വഴി ഇങ്ങിനെയിരിക്കും.പൂത്തുലഞ്ഞ്.....

പൂക്കളില്ലെങ്കിലും ഈ വഴിയെതന്നെയാണ്
ഞങ്ങള്‍ നടക്കാറ്. ഒരു കാട്ടിലൂടെ നടക്കുന്ന പ്രതീതിയാണ്.....
ഈ ബൂലോകത്തിലെ പോലെ ആരെന്നറിയാത്ത
എവിടെനിന്നെന്നറിയാത്ത ആരൊക്കെയോ ആയചിലരെ
ദിവസവും കണ്ടുകൊണ്ട് കാണുമ്പോള്‍ ഒരു സ്മൈലിയിലൊതുക്കി,
ഒരു വാക്ക് പങ്കുവെച്ച് ചിലപ്പോള്‍ കണ്ടെന്നു തന്നെ നടിക്കാതെ
കണ്ടില്ലെങ്കില്‍ ഒരു നിമിഷം എന്തെ കണ്ടില്ലെന്നു ചിന്തിച്ചു
മറന്നുപോകുന്ന സൗഹൃദങ്ങള്‍ പൂക്കുന്ന വഴി......


വിഷുവിന്ന് ഞങ്ങള്‍ ഈ പൂക്കളാണ് കണിക്ക് വെക്കാറ്.
മറ്റൊരു ബ്ലോഗില്‍ കണ്ട ഗോള്‍ഡന്‍ ഷവറായിരിക്കാം ഇതെന്ന്
തോന്നുന്നു.

ഇനി വിരുന്നുകാരുടെ തിരക്കായതിനാല്‍ എല്ലാവര്‍ക്കും മുന്‍കൂട്ടി
വിഷുആശംസകള്‍

ഞായറാഴ്‌ച, ഏപ്രിൽ 05, 2009

ഓയുടെ സ്ഥാനം മാറിയപ്പോള്‍


വീട്ടിലെത്തിയ അപ്പുവിന്റെ
കറുത്ത കവിളില്‍ തലോടി
അമ്മ ചോദിച്ചു എന്തുപറ്റി...
യമുനട്ടീച്ചര്‍ കവിളില്‍ പിടിച്ചതും
അപ്പൂന് വേദനിച്ചതും അപ്പു പറഞ്ഞു.
അമ്മ അപ്പുവിന്റെ പടമെടുത്തതും
അച്ഛനെ ഫോണില്‍ വിളിച്ചതും
അച്ഛന്‍ ആരെയൊക്കെയോ
വീണ്ടും വിളിച്ചതും അപ്പുവറിഞ്ഞില്ല.
കഴിഞ്ഞപ്പോള്‍ അമ്മ ചോദിച്ചു
എന്തിനേ കവിളില്‍ പിടിച്ചത്?
പി ടി പോട്ടിലെ ഓയുടെ
സ്ഥാനം മാറിയപ്പോള്‍
കാക്കക്കഥയിലെ ''കളെല്ലാം
അപ്പുവിന്റെ ഉത്തരക്കടലാസില്‍
വലതു മാര്‍ജിനിലേക്ക് ചുമന്ന്
പറന്നത് പറഞ്ഞപ്പോള്‍

അമ്മയും പിടിച്ചു കവിളില്‍.
അപ്പുവിന്റെ കണ്ണു നിറഞ്ഞു.
മുഖം തുടച്ചപ്പോള്‍ കയ്യില് കരി.
പ്യൂണ്‍ രാമേട്ടന്‍ രാവിലെ
മഷി കൊണ്ട് ബോര്‍ഡ് കറുപ്പിച്ചതും
അതു തുടച്ച ടീച്ചറുടെ
കൈയ്യ് കറുത്തതും
കയ്യ് കൊണ്ട് ടീച്ചര്‍
അപ്പുവിന്റെ കവിളില്‍
പിടിച്ചതും അപ്പുവോര്‍ത്തു.
രാവിലെ സ്കൂളിലേക്ക് അമ്മവന്നു.
അച്ഛനും കൂടെ അപ്പൂന്റെ
കറുത്ത മുഖത്തിന്റെ ഫോട്ടോയും...
ഓഫീസുമുറിയില്‍ ക്യാമറ പിടിച്ച
അങ്കിള്, കരയുന്ന യമുനട്ടീച്ചറും
അപ്പുവിന്റെ കരിമുഖം കണ്ട്
കത്തിവേഷമായി ഹെഡ് മിസ്ട്രസും.

ഇന്ന് സ്കൂളില്ല... അമ്മ പറഞ്ഞു
യമുനട്ടിച്ചറ് പോയി....ദൂരേക്ക്
അമ്മയുടെ കണ്ണിലും വെള്ളം.
അപ്പുവിന് സന്തോഷം ഇനി
ഇംഗ്ലീഷ് പഠിക്കണ്ടല്ലൊ......








ബുധനാഴ്‌ച, ഏപ്രിൽ 01, 2009

നിറങ്ങള്‍

Align Center
ഒരു പൂച്ച മയക്കത്തിനിടയിലാണ്
എന്റെ ദേശസ്നേഹം ഉറക്കമുണര്‍ന്നത്....
അങ്ങിനെയാണ് ഓറഞ്ച്, വെള്ള,
പച്ച, നീല എന്നി നിറങ്ങളെ
ബിംബങ്ങളാക്കി മനസ്സിലേക്ക്
ആവാഹിക്കാന്‍ തുടങ്ങിയത്.
ഒരു ദിവസം വീട്ടില്‍ വന്ന
കാഷ്മീരി പയ്യനാണ്
കൈകള്‍ കൂട്ടി ഞെരിച്ചുകൊണ്ട് പറഞ്ഞത്....
നിങ്ങള്‍ക്കറിയില്ല ഞങ്ങള്‍ അനുഭവിച്ചത്....
അവന്റെ ഞെരിയുന്ന കൈകളില്‍ നിന്നും
ഒരു തീപ്പൊരി പടര്‍ന്നു കയറുന്നത്
അത് അവന്റെ കണ്ണുകളിലൂടെ
വടക്കന്‍ ചക്രവാളത്തില്‍ ജ്വലിച്ചത്
അത് പടര്‍ന്ന് ഭാരതം മുഴുവന്‍
ഓറഞ്ച് തീയില്‍ കത്താന്‍ തുടങ്ങിയത്
കണ്ട് കണ്ണുകള്‍ ഇറുക്കെയടച്ച ഞാന്‍
ഓറഞ്ച് നിറത്തെ
ഭയക്കാന്‍ തുടങ്ങിയിരുന്നു

കുഞ്ഞുന്നാളില്‍ കേട്ട
രാധാകൃഷ്ണ ലീലകളുടെ
ഓര്‍മ്മകളും പേറിയാണ് മധുരയിലെ
വൃന്ദാവനില്‍ എത്തിയത്.....
എതിരേറ്റത് വൃത്തികെട്ട
ഗലികളിലൂടെ ഒഴുകി
നിറഞ്ഞ വെളുപ്പായിരുന്നു.
നരകാസുരനില്‍‍നിന്ന് രക്ഷപ്പെട്ട്
കൃഷ്ണന്റെ പതിനാറായിരങ്ങളിലൊതുങ്ങി
മാനം കാത്ത ആരുടെയൊക്കെയോ
വിധവകള്‍, അവരിലൊരാളാവാന്‍ വന്ന്
ഒരു നേരത്തെ ഭക്ഷണത്തിനായി
ഭണ്ഡാരകളിലേക്ക് ഒഴുകിയെത്തുന്ന
ശുഭ്രസമുദ്രം വൃന്ദാവനത്തിലെ
ഇടുങ്ങിയ വഴികളില്‍ പ്രളയം നിറച്ചു.
മരണം വിധിക്കപ്പെട്ട അഭയയെപ്പോലെ
നിറങ്ങളെ വികര്‍ഷിക്കുന്ന വെളുപ്പും
എന്തും ആഗീരണം ചെയ്യുന്ന കറുപ്പും
ഒന്നാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഭത്തൃപിതാവ് സമ്മാനിച്ച
രേതകറ കഴുകിക്കളയുന്നത് മുന്‍പ്
ഭര്‍ത്താവിനെ മകനായിക്കാണാനും
പ്രസവിച്ച മക്കളെ സഹോദരരായി
കാണാനും താടിവെച്ച മതപണ്ഡിതര്‍
പച്ചനിറത്തില്‍ പൊതിഞ്ഞ തടിച്ച
പുസ്തകത്താളില്‍‍നിന്നും ഉദ്ധരിച്ചപ്പോള്‍
തികട്ടിവന്ന അറപ്പിന്റെ മുലപ്പാല്‍വരെ
ഛര്‍ദ്ദിച്ചു തളര്‍ന്ന‍പ്പോള്‍ താങ്ങിയ
കയ്യും പുരുഷന്റേതായിരുന്നു.
എന്തൊരു വിരോധാഭാസം....

ഉദ്ധാരകന്മാരുടെ തിമിരത്തിന്റെ നീല
മറ്റു കണ്ണുകളിലേക്ക് പടരുന്നതും
എല്ലാവരും കാഴ്ച്ച നഷ്ടപ്പെട്ടതറിയാതെ
തല കുലുക്കുന്നതും കണ്ടപ്പോള്‍
ദേശസ്നേഹം നിറങ്ങളുടെ
ചാരം പടര്‍ന്ന കടലായി ഇരമ്പിയതും
ഒരു സുനാമിയായി ഉറക്കം കെടുത്തി
വാനോളം വളരുന്നതും ഞാനറിഞ്ഞു.