വ്യാഴാഴ്‌ച, ജൂലൈ 16, 2015

പലതായി പലപ്പോഴായി.....



കമ്ഴ്ത്തിവെച്ചെന്നു കരുതും 

കഷ്ടപ്പെട്ടൊഴിച്ചെടുത്ത്
കഴുകിമിനുക്കി
തിളക്കിയൊരുക്കി
തുടച്ചുണക്കി
എടുത്തുവെച്ചെന്നു
കരുതിയിരിക്കുമ്പോഴാവും
പൊട്ടിവിരിഞ്ഞ്
പാമ്പിന്‍ മുട്ടകളെന്ന്
ഊറിയൂറിയിറങ്ങിത്തുടങ്ങുന്നത്
ഓര്‍മ്മകളെന്ന് കെട്ടിവരിയുന്നത്.
വിഷം ചീറ്റുന്നത്.
തണുപ്പരിച്ചരിച്ച്
ആകെ നീലം പാഞ്ഞ്
നമ്മുടെ ഓര്‍മ്മകളന്യോന്യം
വിഷംതീണ്ടിനിറയുന്നത്.
         ***


ഒരിഷ്ടമെന്നു വാരിക്കോരിയൊരുവഴിക്കിറങ്ങി 

ഒരു കടലോളം
അലിഞ്ഞതാണൊരുനുള്ളുപ്പെന്നു കുറുക്കി
ഒരാകാശത്തോളം 
നിറഞ്ഞതാണൊരുതുള്ളിമഴയെന്നു തുളിച്ച്
ഒരുഭൂമിയോള-
മുരുണ്ടതാണൊരു വിത്തെന്നാഴത്തിൽ നട്ട്
ഒരുകാറ്റോളം
വീശിയതാണൊരു തൂവലിലൊതുക്കിനിർത്തി
ഒരുമഴയോളം
പെയ്തതാണൊരുപീലിത്തുമ്പിലിറ്റിച്ച്
ഒരുവെയിലോളം
പൊള്ളിയതാണൊരു നിഴൽക്കണ്ണിലൊളിപ്പിച്ച്
ഒരു രാവോളം
ഇരുണ്ടതാണൊരു കരിമഷിയെന്നുവാലിട്ടെഴുതി
ഒരുപകലോളം
ചിരിച്ചതാണൊരു ശിശിരനിറപ്പെയ്ത്തായി
ഒരുസന്ധ്യയോളം
ചോന്നതാണൊരു ചെമ്പരുത്തിയിൽ പൂത്ത് പൂത്ത്
        ***              
      
നിഴലെന്നൊരു കൂട്ടിരിപ്പുണ്ട്...

തിടുക്കപ്പെട്ട്
സ്വയമാട്ടിത്തെളിച്ച്
ഓരോ മുക്കും മൂലയും
കരിപൂശിക്കരിപൂശി
ചേക്കേറുന്നുണ്ടിരുള്‍


ഒരിക്കല്‍ കരിമ്പച്ചയെന്ന്
തളിര്‍ത്തു നിറഞ്ഞതാണ്
മൃഗതൃഷ്ണമെന്ന്
പൂത്തുലഞ്ഞതാണ്..

ഒരിക്കല്‍ മേഘമെന്നാര്‍ത്തു
നിറഞ്ഞതാണ്
പേമാരിയെന്ന്
തിമിര്‍ത്തുപെയ്തതാണ്

ഒരിക്കല്‍ അത്യാസക്തമെന്ന്‍
ആളിക്കത്തിയതാണ്
ഊതിയുണര്‍ത്താനൊരു
കനല്‍പോലുമില്ലാതെ കെട്ടുപോയതാണ്

ഇരുളെന്ന്
അരിച്ചരിച്ചെത്തി
ഇടംവലം ഇരുണ്ടുനിറഞ്ഞ്
കരിന്തിരിച്ചേലില്‍.....
        ***


അകം പുറം
പുറം അകമെന്ന്‍
തിരിഞ്ഞ് മറിഞ്ഞ്
മണ്‍പറ്റും മുന്‍പ്
ഓരോ തിരിമറിയലിന്‍റെ
നൈമിഷിക വിരാമത്തില്‍
എവിടെയോ ബാക്കിവന്ന
ഇത്തിരി പച്ചയെ
ഇളം തവിട്ടെന്ന്
സ്വര്‍ണ്ണമഞ്ഞയെന്ന്‍
ചോരത്തുടുപ്പെന്ന്
ഭ്രമിപ്പിച്ച്......

ഏതില്‍ നിന്നൊളിമിന്നി
വിസ്മയിപ്പിച്ച
ഏതര്‍ദ്ധവിരാമത്തിലാണ്
നമ്മളിപ്പോള്‍.....



 അഴിച്ചു വെയ്ക്കുകയാണ്
അലിയിച്ചു കളയുകയാണ്
അദൃശ്യമെന്നു കൊതിക്കുകയാണ്
'നിന്റെ കണ്ണുകൾ
മൂക്ക്
ചുണ്ടുകൾ
വിരൽത്തുമ്പുകൾ
കാണാനില്ലല്ലൊ'യെന്നൊരു
പരിഭ്രമം നിന്നിൽ
പൊട്ടിമുളയ്ക്കുന്നത് കാത്തിരിക്കാൻ
തുടങ്ങിയിട്ടേറെനെരമായി...
അറിഞ്ഞ് പോയതാണ്
ഞാനെന്നെന്നെയെങ്ങിനെയോ ....

ചൊവ്വാഴ്ച, ജൂലൈ 07, 2015

നമ്മളാരെന്ന് നമ്മളിടക്കത്ഭുതപ്പെടുന്നുണ്ടെങ്കിലും



ഓരോ സ്റ്റേഷനടുക്കുമ്പോഴും

ഇവിടെയാണിവിടെയാണെന്ന്

അന്യോന്യം നോക്കുന്നുണ്ട് നമ്മള്‍.

പെട്ടികളെല്ലാം വലിച്ചടുക്കി

കണ്ണട, മൊബൈല്‍ ഫോണ്‍

വായിച്ചുകൊണ്ടിരുന്ന പുസ്തകം തുടങ്ങി

എല്ലാം പെറുക്കിയെടുത്ത്

യഥാസ്ഥാനത്തു തിരുകി..


ഒരിക്കല്‍

നീ ഇതെന്ന്‍ ഇതെന്ന്‍

ഇറങ്ങിപ്പോയതാണ്

ഇതല്ല ഇതല്ല എന്നു

ഞാന്‍ തിരികെ വലിച്ചുകയറ്റിയതും

വണ്ടി ഓടിത്തുടങ്ങിയിരുന്നു.

നിന്റെ ചങ്കിടിപ്പ്

എന്റെ ചങ്കിടിപ്പിനൊപ്പം മൂര്‍ച്ഛിച്ച്...


ഇരുണ്ട അറ്റം കാണാത്തുരങ്കങ്ങള്‍

നേര്‍ത്ത നൂല്‍പ്പാലങ്ങള്‍

വഴിതെറ്റാവുന്ന കൊടുംകാടുകള്‍

കൂടെയുള്ളവര്‍ ഇറങ്ങിപ്പോകുന്നത്

പുതിയവര്‍ കയറിവരുന്നത്

അവരുമിറങ്ങിപ്പോകുന്നത് കാണുമ്പോള്‍

ഇവിടെയാവില്ല ഇവിടെയാവില്ല

എന്നാവും നമ്മളന്യോന്യം നോക്കുന്നതിന്നര്‍ത്ഥം.


കയറിയിറങ്ങിക്കയറിവരുന്ന

ഓരോ ടിടിയുടെയും കണ്ണിലെ മൂവിങ് ഡിസ്പ്ലേയില്‍

‘ഇറങ്ങിപ്പോയില്ലേ ഇനിയും’

എന്ന്‍ ഓടിപ്പോയിക്കൊണ്ടിരിക്കുന്നത്

നമ്മള്‍ കഴിയുന്നതും കണ്ടില്ലെന്നു നടിക്കുന്നുണ്ട്.

അവിടെയിരിക്കുന്നത് നമ്മളെയല്ലെന്ന്

നമ്മളാ വണ്ടിയിലേയില്ലെന്ന്

ഇത്രയുനാള്‍ ഒരേവണ്ടിയില്‍ കുടുങ്ങിക്കിടന്നതിന്‍റെ,

ഇറങ്ങേണ്ട സ്റ്റേഷനേതെന്നുള്ള ആവലാതിയെ പുറത്തു കാട്ടാതെ

തൊട്ട് മുന്‍പത്തെ സ്റ്റേഷനില്‍ നിന്നും കയറിയ പോലെ

അത്രയും ഫ്രെഷെന്നപോലെ നമ്മള്‍

ശരിക്കും പറഞ്ഞാല്‍

ഈ അഭിനയത്തിന് ഒരവാര്‍ഡ് അര്‍ഹിക്കുന്നുണ്ടെന്ന്

നമ്മുടെ കണ്ണുകള്‍ അടക്കം പറയുന്നുണ്ടെങ്കിലും

ഇറങ്ങേണ്ടസ്ഥലം

ടിക്കറ്റില്‍ ഉണ്ടാകുമല്ലോയെന്ന്

നമ്മളിടക്കത്ഭുതപ്പെടുന്നുണ്ടെങ്കിലും

ഒരിയ്ക്കലും ടിക്കറ്റെടുത്ത് നോക്കുന്നില്ല

ടിടിയോട് ചോദിക്കാമായിരുന്നെന്ന്

നമ്മള്‍ മനസ്സിലോര്‍ക്കുന്നുണ്ടെങ്കിലും

കഴിഞ്ഞ സ്റ്റേഷനിപ്പുറം വരുന്ന സ്റ്റേഷനേതെന്നറിഞ്ഞിട്ടും

ഇടയിലെവിടെയോ നമുക്കിറങ്ങാനുള്ള സ്റ്റേഷനുണ്ടെന്ന്

വഴിയില്‍ ഒരിക്കല്‍മാത്രം വരുന്ന ആ സ്റ്റേഷന്‍

കഴിഞ്ഞുപോയിക്കാണുമോയെന്ന്

കഴിഞ്ഞെങ്കില്‍ വണ്ടിയില്‍ നിന്നും ഇറക്കിവിടുമോ എന്ന്‍

രണ്ടുപേരെയും ഒരേസ്റ്റേഷനില്‍ത്തന്നെയാവുമോ ഇറക്കിവിടുകയെന്ന്

രണ്ടുപേര്‍ക്കും ടിക്കറ്റെടുത്തത് ഒരു സ്റ്റേഷനിലേക്കാവുമോയെന്ന്

അഥവാ ഞാനാദ്യമിറങ്ങേണ്ടിവന്നാല്‍

ഇതുവരെ ഒരുസ്റ്റേഷനിലും നീയില്ലാതെ

ഒറ്റക്കിറങ്ങിയിട്ടില്ലാത്ത എന്നെ നീ

സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നുണ്ടാവുമോയെന്ന്

നീയാദ്യമിറങ്ങുകയാണെങ്കില്‍

ഒരുപാടുകാലമായി ഞാനൊരു ശീലമായ നിനക്കു

ഞാനില്ലാതെ ബുദ്ധിമുട്ടാവുമോയെന്ന്

നീയുമിതൊക്കെത്തന്നെയാവുമോ ചിന്തിക്കുന്നുണ്ടാവുകയെന്ന്...


നഗരമിങ്ങിനെ നാണമില്ലാത്ത

കവച്ചുകിടക്കുന്നത്  കണ്ടാകണം

ഓരോ സ്റ്റേഷനെത്തുംമുന്നെയും

വണ്ടിയിങ്ങിനെ കൂകി വിളിക്കുന്നത്


ചെരുപ്പ് കണ്ണട പുസ്തകം ബാഗുകള്‍

നമ്മളെവിടെ!