വെള്ളിയാഴ്‌ച, ഡിസംബർ 30, 2011

ഒരു യാത്രാമൊഴി......



ഒരു കെട്ടിപ്പിടുത്തത്തില്‍ ആ കൈകള്‍
മുറുകിക്കൊണ്ടേയിരുന്നപ്പോള്‍ അവളറിഞ്ഞു
ഇടക്കെപ്പോഴൊക്കെയോ അവരവളെ വല്ലാതെ
കാണാന്‍ കൊതിച്ചിരുന്നെന്ന്

“മിസിസ് നായര്‍ ”....

അവരങ്ങിനെയാണ് മാലിനിയെ വിളിച്ചിരുന്നത്.
അവരുടെ മക്കളും.
അവരെ എല്ലാവരും “ഭാഭീജി” എന്ന് വിളിച്ചു.
കുട്ടികള്‍ “ശര്‍മ്മ” ആന്റി യെന്നും.
സ്വന്തമായൊരു പേരുണ്ടെന്നുള്ളത് നഗരങ്ങളിലെത്തുമ്പോള്‍ പലരും മറന്നുപോകുന്നു.

“മിസിസ് നായര്‍ പറയൂ.. ഒരുപാട് കാലമായില്ലെ കണ്ടിട്ട്......” ശരിയാണ് വീടുമാറിയതിന്നു ശേഷം പിന്നെയെന്നാണ് കണ്ടതെന്ന് അവള്‍ക്കോര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
അവരുടെ കണ്ണുകളില്‍ എഴുപതുകളിലും ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കത.

അവള്‍ക്ക് ചോദിക്കാന്‍ തോന്നിയത് “എഴുത്തൊക്കെ എങ്ങിനെ നടക്കുന്നു.... “ എന്നാണ്. ഒന്നും ചെയ്യാതെ മടിച്ചിരുന്ന കാലങ്ങളില്‍ പണ്ടെന്നോ എഴുതിയ ഒരു കവിതയോര്‍ത്തെടുത്ത് വാക്കുകളില്‍ ഒരമ്മയുടെ സ്നേഹം നിറച്ച് ഒരുപാട് വഴക്കു പറഞ്ഞിട്ടുണ്ട് ഇവര്‍ .

“ദൈവാനുഗ്രഹംകൊണ്ടുകിട്ടിയ കഴിവുകള്‍ പാഴാക്കിക്കളയരുതെന്ന്, തുടച്ചുമിനുക്കിയാല്‍ തിളങ്ങിക്കൊണ്ടേയിരിക്കുമെന്ന്”

ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രായമല്ലാതിരുന്നതു കൊണ്ടാവണം ഒരു തമാശ കേട്ടപോലെ മാലിനിയത് മറന്നുകളയാറായിരുന്നു പതിവ്. ഒരുപക്ഷേ ആ ഉപദേശങ്ങളുടെ ഫലമായിരിക്കണം വൈകിയവേളയില്‍ അലക്കൊഴിഞ്ഞപ്പോഴുള്ള ഈ കാശിക്ക് പോക്ക്. പക്ഷേ അപ്പോഴേക്കും ഇനിയൊന്ന് നടക്കാന്‍ വയ്യാത്തവിധം കാലുകള്‍ ഉറച്ചുപോയിരിക്കുന്നു.

ചോദ്യത്തിനുത്തരമായി അവര്‍ കൈ മലര്‍ത്തിക്കാട്ടി... മാലിനിയുടെ കണ്ണുകള്‍ അവരുടെ കയ്യിലെ പേനത്തഴമ്പുകള്‍ക്കായി ആര്‍ത്തിയോടെ തിരഞ്ഞു.

“ഇല്ല ...ഇപ്പോഴൊന്നും എഴുതാറില്ല.... കണ്ടുമടുത്ത കണ്ണുകള്‍ , എഴുതിമുഷിഞ്ഞ വാക്കുകള്‍ , പഴകിയ മനസ്സ് അവയെല്ലാം വെച്ചുതന്നെ വേണ്ടേ ഇനിയുമെഴുതാന്‍.... ഇതെല്ലാം എനിക്കുതന്നെ മടുത്തിരിക്കുന്നു....... ഇനി കുട്ടികള്‍ എഴുതട്ടെ ”

അവളവരുടെ കണ്ണുകളിലേക്ക് നോക്കി. ഇല്ല അവിടെ നിരാശയല്ല പകരം കുഞ്ഞുങ്ങളുടേത് മാത്രമായ അതേ നിഷ്ക്കളങ്കതയുടെ തിളക്കം.

“മിസിസ് നായര്‍ ഞാനൊരു പുതിയ ജന്മത്തെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു ഇപ്പോള്‍ . വീണ്ടും ഒരു കുഞ്ഞായി ജനിച്ചു ആ കണ്ണുകളിലൂടെ മറ്റൊരു ലോകം കാണാന്‍ എനിക്കു കൊതിയായിത്തുടങ്ങിരിക്കുന്നു. എനിക്കു സ്വന്തമായൊരു പേരും ആ പേരില്‍ എന്നെ മറ്റുള്ളവര്‍ തിരിച്ചറിയുകയും ചെയ്യുന്ന ഒരു ലോകം. എന്റെ കണ്ണുകള്‍ പോലും ഞാനാര്‍ക്കും ദാനം ചെയ്യില്ല. ആഗ്രഹിക്കാത്ത കാഴ്ച്ചകളില്‍ അവ തളര്‍ന്നിരിക്കുന്നു . ഇത്രകാലം നമുക്ക് കൂട്ടുനിന്ന അവരെ ഈ മടുപ്പില്‍ വിട്ടിട്ടു പോകുന്നതില്‍ എന്തോ ഒരു തെറ്റുപോലെ.”

കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഏതോ ഭയം തന്റെ മനസ്സിനെ ഗ്രസിക്കുന്നതായി മാലിനിക്കനുഭവപ്പെട്ടു. കുട്ടികള്‍ അകലങ്ങളിലാവുമ്പോഴുള്ള ശൂന്യത .......വാര്‍ദ്ധക്യത്തിന്റെ അരക്ഷിതാവസ്ഥ അങ്ങിനെ പലതും അവരുടെ വാക്കുകളില്‍ നിന്നും ഇഴപിരിച്ചെടുക്കാന്‍ അവള്‍ ശ്രമിച്ചു. മാലിനിയുടെ ആകുലഭാവം കണ്ടിട്ടാവണം അവര്‍ ഉറക്കെ ചിരിച്ചത്.

“ഭയപ്പെടേണ്ട ഞാന്‍ ആത്മഹത്യ ചെയ്യുന്ന കാര്യമൊന്നുമല്ല പറഞ്ഞത്. ദേശാടനപ്പക്ഷികളുടേത് പോലെയാവണം ജീവിതം. ഒരേ തീരത്ത് ഒരുപാടുകാലം ഒരേകഴ്ചയും ഒരേ കാലവ്യവസ്ഥയുമായി ജീവിക്കുന്നതിലും മടുപ്പെന്തുണ്ട്..... ദേശങ്ങളില്‍ നിന്ന്‍ ദേശങ്ങളിലേക്ക് കാലങ്ങളില്‍ നിന്ന് കാലങ്ങളിലേക്ക് ചിന്തകളില്‍നി്ന്ന് ചിന്തകളിലേക്ക് പറന്നുകൊണ്ടേയിരിക്കണം.. ”

തിരിച്ചുപോകാറായി എന്നതിനെക്കാള്‍ പുതിയൊരു ജന്മത്തിനു തെയ്യാറെടുക്കുന്നതിലുള്ള ഉത്സാഹം ആയിരുന്നു അവരുടെ വാക്കുകളില്‍ കണ്ടത്.

“അത് വീടൂ... ഇപ്പോഴെന്തൊക്കെയാണ് നിന്റെ വിശേഷങ്ങള്‍ ...... ”

അവളുടെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലാവണങ്ങളെപ്പറ്റി അവര്‍ക്കു നല്ലപോലെ അറിയാം. നിറം മങ്ങിയ കാഴ്ചപ്പാടുകളുമായി എഴുതിമടുത്ത വാക്കുകളുപയോഗിച്ച് അടുത്ത കാലങ്ങളില്‍ ഒരാചാരംപോലെ താന്‍ ബ്ലോഗില്‍ എഴുതിനിറക്കുന്ന ചവറുകളെപ്പറ്റി അവരോടൊന്നും പറയാതെ മാലിനി വെറുതെ ചിരിച്ചു.
അവരുടെ തണുത്ത കൈകള്‍ കയ്യിലെടുത്ത് ആ മുഖത്തേക്കു നോക്കുമ്പോള്‍ പടിക്കലെത്തി തിരിഞ്ഞുനോക്കുന്ന കാലത്തിന്റെ നിസ്സംഗത ആ കണ്ണുകളിലവള്‍ക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു . കൂടെ സ്വന്തമായൊരസ്തിത്വവുമായി തിരിച്ചെത്തുമെന്ന ആത്മവിശ്വാസവും.

പുതുവര്‍ഷപ്പിറവിയില്‍ നവനവങ്ങളായ ആശയങ്ങളുടെ പേനത്തഴമ്പുകള്‍ ആ വിരലുകളില്‍ തിരിച്ചെത്തണെയെന്ന് പ്രാര്‍ത്ഥനയുമായി പതുക്കെ കൈകളയയുമ്പോള്‍ പിന്നില്‍ നിന്നാരോ മാലിനിയെ വിളിക്കുന്നുണ്ടായിരുന്നു “മിസിസ് നായര്‍ “............

ശനിയാഴ്‌ച, ഡിസംബർ 24, 2011

കുരിശിന്റെ വഴി...........


തണുത്തുവിറച്ച

മകരക്കുളിരിലേക്ക്

മഞ്ഞുമണവുമായൊരു

കാറ്റിറങ്ങിവരുന്നുണ്ട്

പറയാനുള്ളത് പറയാതെ

പതുങ്ങിനടന്ന് പതിയെ

കറങ്ങിത്തിരിഞ്ഞെന്തോ

മറന്നു തിരികെയെത്തി ........


മുകളിലൊരേകതാരകവും

പറയാതെ പറയുന്നുണ്ട്

ഓരോരോ മിടിപ്പിലും

കണ്‍ചിമ്മിയെന്തൊക്കെയോ

പിടിതരാന്‍ മടിക്കുന്ന

അടയാളങ്ങളില്‍ പകച്ച്

വഴിതെറ്റിയാരൊക്കെയോ

തണുപ്പിലും വിയര്‍ക്കുന്നുണ്ട് ........


ഇടയ്ക്കൊരാട്ടിന്‍പറ്റം

ചിതറിത്തെറിക്കുന്നത്

കണ്ടില്ലെന്നുനടിച്ചാലും

തിരുപ്പിറവിയുടെ

നക്ഷത്രത്തിളക്കം മറച്ചു

വളര്‍ന്ന കിരീടങ്ങള്‍

ഗ്രഹണം തീര്‍ത്താലും

കന്യാ ഗര്‍ഭങ്ങളില്‍

മണ്ണില്‍ജന്മമെടുക്കുന്ന

ദൈവപുത്രര്‍ക്കിന്നും

വാഴ് വൊരുക്കുന്നുണ്ടൊരു

കുരിശിന്റെ വഴി...........

ബുധനാഴ്‌ച, ഡിസംബർ 21, 2011

ദേവൂട്ടി........


ഇത്തവണ കണ്ടപ്പോള്‍ ദേവൂട്ടി നല്ല സന്തോഷത്തിലായിരുന്നു.. കവിളൊക്കെ തുടുത്ത് ആളിത്തിരി ഭേദം വെച്ചിട്ടുണ്ട്. പടിയിറങ്ങിപ്പോയ വേദനകളും കയറിവന്ന ആത്മവിശ്വാസവും ദേവൂട്ടിയുടെ നടത്തത്തില്‍ ശരിക്കും പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“കുഞ്ചാത്തലറിഞ്ഞില്യേ ന്റെ മോള്‍ടെ കല്ല്യാണം കഴിഞ്ഞത്” .....എന്നെ കണ്ടതും പ്രതീക്ഷിച്ചതു പോലെത്തന്നെ ദേവൂട്ടി ചോദിച്ചു.

“ ഞങ്ങള്‍ ദേവൂട്ടീടെ മോള്‍ടെ കല്യാണത്തിന് പോയിട്ടോ” കഴിഞ്ഞ തവണത്തെ എടത്ത്യമ്മേടെ മെലിഞ്ഞുകൊണ്ടിരിക്കുന്ന നാട്ടുവാര്‍ത്തകളില്‍ അത് കാണാന്‍ തക്കോണം തന്നെയുണ്ടായിരുന്നു.
“ഇത്തിരി കറുത്ത് മെലിഞ്ഞിട്ടാണെങ്കിലും ആള് അദ്ധ്വാനിയാണ്ത്രെ... വാര്‍പ്പിന്റെ പണിയാണേയ്... അമ്മായ്യമ്മ ത്തിരി കേമിയാണെന്നാ കേട്ടത്. രണ്ടാള്‍ടേം രണ്ടാം കേട്ടല്ലേ...... ഇന്യൊക്കെ ഭഗോതി കാത്തോളും.” എന്തും ഏതും നാട്ടിലെ സ്വന്തം ഭഗോതീടെ കാല്ക്കയല്‍ സമര്‍പ്പിച്ച് കാത്തിരിക്കല് ഇന്നാട്ടുകാരുടെ ഒരുസ്വഭാവമാണ്‍.

“അറിഞ്ഞുട്ടോ .ഓള്‍ക്കവിടെ സുഖാണോ ദേവൂട്ടി? ” ഇതില്‍നിന്നുമൊരു കഥ മെനഞ്ഞെടുക്കണമെന്ന എന്റെ സ്വാര്‍ത്ഥതയെ ആശങ്കയുടെ ഉടുപ്പിടീച്ച് വെറുമൊരു ചെറിയ ചോദ്യമാക്കി അവളുടെ മുന്നിലേക്കിട്ടു.

“ഓള്ക്കാടേ നല്ല സുഖാണ്ത്രെ..... അയിന് മറ്റൈറ്റിങ്ങളെ പോലൊന്ന്വല്ലാലോ ഇവര്. നല്ല കുടുമ്മത്തി പെറന്നോരാണേയ്. ഓളെ നല്ല കാര്യാ. അമ്മായ്യമ്മ ഒരു കാര്യക്കാര്യാണേയ്. ഞാമ്പറഞ്ഞു ത്തിരി കണ്ടും കേട്ടും നിന്നാ മതീന്ന്. എന്തായാലും മറ്റേ ആയമ്മേടത്രക്ക് വരില്ല്യലോ. ഇന്യൊക്കെ മ്മടെ ഭഗോതി നിരീക്കുമ്പോലെ...” അതാണ് ഞാന്‍ പറഞ്ഞത്. എല്ലാം നാടിന്റെ സ്വന്തം ഭഗവതിയെ ഏല്‍പ്പിച്ചുകൊടുത്തിരിക്കയാണ് ഞങ്ങള്‍. അത്രക്ക് വിശ്വാസമാണ് ഭഗവതിയെ എല്ലാര്ക്കും .

ദേവൂട്ടിക്ക് പറഞ്ഞിട്ടും തീരുന്നുണ്ടായിരുന്നില്ല.... കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ ചെറുക്കന്റെ വീട്ടുകാരെപ്പറ്റി, എന്നാലും ചെറുതായിട്ടെന്തെങ്കിലും കൊടുക്കാന്‍ കയ്യയച്ച് സഹായിച്ച പണിയെടുക്കുന്ന വീടുകളിലെ വീട്ടുകാരുടെ സൌമനസ്യത്തെപ്പറ്റി, കടബാദ്ധ്യതകളധികമുണ്ടാക്കാതെ കാര്യങ്ങളെല്ലാം നടന്നതിനെപ്പറ്റി , ബന്ധുത്വമുറപ്പിച്ച് വിരുന്നുവിളിച്ച പുതിയ ബന്ധക്കാരെപ്പറ്റി നൂറുനാവുവെച്ച് ദേവൂട്ടി പറഞ്ഞുകൊണ്ടിരുന്നു. പാവം കഴിഞ്ഞ കല്യാണത്തിനു കടം വാങ്ങിയതിനിയും കൊടുത്തു തീര്‍ന്നി ട്ടില്ല.

“പത്തെഴുപത്തയ്യായിരം കടംവാങ്ങിയൊരുത്തന് പിടിച്ച് കൊടുത്തിട്ട് എന്താ കാര്യണ്ടായെ? ഓനെ ഞാന്‍ വെറുക്കനെ വീടാന്‍ പോണില്യ എന്തായാലും...” ദേവൂട്ടി നിന്നു തിളച്ചു. “അടുത്താഴ്ച കേസ് പറയാന്‍ വിളിച്ചിട്ട്ണ്ട് ത്രെ. വക്കീല് വിളിച്ച് പറയ്യേന്നലെ..”

“നിപ്പോ എന്തിനാ ദേവൂട്ടീ കേസ്?”

“ ആഹാ.അങ്ങിനെ വെറുതെ വിടാമ്പറ്റ്വോ .... അമ്പതിനായിരത്തിന്റെ സ്വര്‍ണ്ണോം പണോംല്ലേ ഒന്റടുത്ത്... അത് തിരിച്ച് വാങ്ങാണ്ടെങ്ങിന്യാ?”

“കയ്യില്‍ കാക്കാശില്ലാത്ത ഒരാള്ടെ കയ്യിന്നെങ്ങിന്യാ ദേവൂട്ടി പണം തിരികെ കിട്ട്വാ?”

“വക്കീല് വാങ്ങിത്തരാന്ന് പറഞ്ഞിട്ട്ണ്ടല്ലോ. ആത്രേനിക്കറിയൂ....”

എന്തോ … ദേവൂട്ടിയിപ്പോള്‍ വളരെ സന്തോഷത്തിലാണ്‍. നാറാണേട്ടന്‍ കള്ളുകുടി കുറച്ചതും രാവിലെഎഴുന്നേറ്റ് ദേവൂട്ടിക്ക് ചായകൂട്ടികൊടുക്കുന്നതും പറയുമ്പോള്‍ ആ കണ്ണുകളില്‍ ഇതുവരെ കാണാത്ത തിളക്കം. പുതിയ അംഗീകാരങ്ങളിലേക്കു സന്തോഷത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ദേവൂട്ടി നടന്നുപോകുന്നത് കാണുമ്പോള്‍ സത്യം പറയാലോ എനിക്കും വല്ലാത്ത സന്തോഷം തോന്നുന്നു.

ഇനി നല്ല സന്തോഷക്കഥകളുമായി ദേവൂട്ടി വരണേയെന്ന് പ്രാര്‍ത്ഥിക്കാന്‍ നിങ്ങളുമുണ്ടാവണം എന്റെകൂടെ........

ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........

ശനിയാഴ്‌ച, ഡിസംബർ 10, 2011

വികല്പം.........

ഓരോ തവണ ഇരുള്‍മൂടിനിറയുമ്പോഴും
ജാലകം പരക്കെ തുറന്നുനോക്കും ......
ഓരോ ഇടിവെട്ടിലും പിടഞ്ഞുണര്‍ന്ന്
കൂട്ടംകൂട്ടമായി തൊടിനിറഞ്ഞ്
ചുവന്നുതുടുത്തു നിരന്നിരുന്ന
ഇടിവെട്ടിപ്പൂവുകള്‍ക്കു പകരം
ഒറ്റയും തെറ്റയുമായി തലതാഴ്ത്തി
ചോരവാര്‍ന്ന മുഖവുമായി ചിലത്........

കടും നിറങ്ങളില്‍ പൂത്തുനിന്നിരുന്ന
തെച്ചിക്കിപ്പോള്‍ വികിരണകാലം
ഒഴുകിയൊലിച്ചിറങ്ങിയ ചുകപ്പ്
വ്യര്‍ത്ഥമായ അസ്തിത്വം മടുത്ത്
മണ്ണിനടിയിലേക്ക് തലപൂഴ്ത്തുന്നു.

വീണ്ടുമേതോ ഗതകാലസ്മരണയില്‍
ഉയിര്‍ത്തെഴുന്നേറ്റ് മുഖമുയര്‍ത്തുമ്പോള്‍
ഉയരങ്ങളിലെ സൂര്യതാപത്തില്‍
വെള്ളവും വളവുമില്ലാതെ കരിയുന്നു.

വെട്ടി മുറിച്ച്പങ്കുവെയ്ക്കപ്പെടുമ്പോഴും
നെടുവീര്‍പ്പുമായി ഞെട്ടിയുണര്‍ന്നൊരു
പെരുമഴയായി പെയ്തുനിറയുന്നുണ്ട്
ഒരമ്മയുടെ മക്കള്‍ക്കായുള്ള കരുതല്‍ ...............

ശനിയാഴ്‌ച, ഡിസംബർ 03, 2011

പ്രലോഭം......






നിശിതമൊരു ഗ്രീഷ്മത്തിന്‍
തമോതപാലസ്യത്തിലേക്ക്
നിരതം തുറക്കുന്നുണ്ടൊരു പാളി.........
തിടുക്കത്തില്‍ അടക്കുമ്പോള്‍
ഉള്ളിലേക്ക് നോക്കാതിരിക്കാന്‍
പാടുപെടുന്നുണ്ട് കണ്ണുകള്‍ .....
ഇനിയും തുറക്കാതിരിക്കാന്‍
ഇറക്കിവെക്കുന്നുണ്ടൊരു ഭാരം
അതിന്നു മുകളിലേക്കായി........
വിഭാതം വിദൂരമെന്നറിയുമ്പോള്‍
ഒരുപവിരാമത്തിന്നു കൊതിപ്പിക്കുന്നുണ്ട്
തണുത്തുറഞ്ഞതിനുള്ളിലെ നിശ്ശബ്ദത.........