വ്യാഴാഴ്‌ച, ജൂലൈ 07, 2016

ഒരു പറിച്ചുനടലിന്നപ്പുറം അഥവാ ഒരു തിരിഞ്ഞുനടത്തത്തിനിപ്പുറം.


അങ്ങിനെയല്ല,
കാത്തുകാത്തിരിക്കാതിരിക്കുമ്പോഴാണ്
പൊടുന്നനെ
തന്നോളമായെന്ന് തന്നില്‍നിന്നകന്നൊരു തന്നെ തല്ലിയിറക്കിയപ്പോലെ
ചിതറിത്തെറിച്ചോടിയെത്തിയഴിഞ്ഞാടിയിടക്കിടെ
എങ്ങോട്ടോഓടിപ്പോകുമായിരുന്നൊരു ഭ്രാന്തിക്കാറ്റ്!

ഇല്ലേയില്ല
കട്ടെടുക്കാറേയില്ലൊരിക്കലും എന്നിട്ടും
തന്നില്‍നിന്നെന്തൊക്കെയോ പുറപ്പെട്ടുപോയെന്ന്
ഇലവീടുതള്ളിത്തുറന്ന് ഓരോയിലകളായെണ്ണിയെടുത്ത്
ഓര്‍മ്മകളെന്ന് നിറംകൊടുത്ത്കൊതിപ്പിച്ച്കൂടെക്കൂട്ടും ഒരു തെമ്മാടിത്തെന്നല്‍!

വെറുംവെറുതേ
താനെന്നപോലെതന്നെ
വെറുതെയെന്ന്‍ ഒരു മഴഡ്രൈവിനുമുന്നില്‍
ചാറ്റല്‍മഴക്കാറ്റിലിറങ്ങി വഴിനീളെയിടംവലമാടി
ചക്രങ്ങള്‍ക്കി ടയില്‍ കുടുങ്ങില്ലേ കുടുങ്ങില്ലേയെന്ന് തത്രപ്പെടുവിച്ച്
ചുവടുവെച്ചുകൊതിപ്പിക്കും താന്തോന്നിയിലക്കൂട്ടം!

അതുപോലെ
തണുതണെയെന്ന്അരിച്ചരിച്ചെത്തി തനുതനുവാകെത്തണുപ്പിച്ച് ഉടല്‍ച്ചൂടുകൊതിപ്പിച്ചൊരു കുറുമ്പന്‍തണുപ്പുകാലം!

ഇതുപോലെ
ചുടുചുടെയെന്നുടല്‍പൊള്ളിച്ചുടല്‍പൊള്ളിച്ചുരുക്കി
ഉടല്‍പോലുമഴിച്ചെറിയിക്കുമൊരു വഷളന്‍‌ വേനല്‍!

വളരെച്ചുരുക്കം ചിലപ്പോള്‍
ചിലപ്പോള്‍ മാത്രം
മയിലെന്ന് നൂറുപീലിവിരിയിക്കും ഒരുപൊടിമഴപ്പെണ്ണ്!

ഒന്നും പോരാഞ്ഞ്
വായിക്കെന്ന് വായിക്കെന്ന് പിന്നേയുംപിന്നേയും
ഭാഷമാറിമാറിയിടംമാറിമാറി ജീവിതമൊരുവെറും സ്വപ്നമാണല്ലോ
സ്വപ്നത്തില്‍ നമ്മള്‍ ജീവിക്കയാണല്ലോയെന്ന്‍ അതിമോഹിതയാക്കും കവിത!

എന്നാലിപ്പുറം
അണുവണു അരിച്ചിറങ്ങുന്ന വേരിനെ സ്വപനംകണ്ട്
മഴമുത്തി ഉടല്‍തുളുമ്പി കല്‍മുത്തുതിണര്‍ത്ത കന്നിമണ്ണിനെപ്പോലെ
വരിയിടുമുറുമ്പിന്‍ സ്പര്‍ശങ്ങളെ പുല്‍ച്ചാടിതന്‍ വിരല്‍നാട്യത്തെ
ചിറകനക്കങ്ങളെ, ഇലയിളക്കങ്ങളെ, ഇതളിഴുക്കങ്ങളെ
കാറ്റിനെ, മണത്തെ, മഴയെ, ആകാശത്തെ, മേഘങ്ങളെ
മഴക്കാറിന്‍ മയിലുരുക്കങ്ങളെ മണ്ണിന്‍മുലയിറുക്കങ്ങളെ
ഇടംവലംപെരുംകാല്‍പ്പാച്ചിലുകളെ
കൊതിപ്പിക്കുന്ന ജീവിതമെന്ന്
ഇനിയുമിനിയുമെന്ന് ഏറ്റെടുത്തുകൊണ്ടേയിരിക്കുന്നു
ഒരിത്തിരിപ്പോലും വെറുതേകളയാന്‍ വയ്യെന്ന്!

അല്ലേയല്ല!

പരക്കുന്നതിപ്പോള്‍ പൂമണമേയല്ല...
കുതിര്‍ന്ന പച്ചമണ്ണിന്‍റെ,വിയര്‍പ്പിന്‍റെ തീക്ഷ്ണഗന്ധം,
നാവുന്തുംപില്‍ വിയര്‍പ്പുപ്പിന്‍റെ പുളിരസം.
വിരല്‍ പൂക്കുന്നതിപ്പോള്‍ കാല്‍പ്പനികതയുടെ കരിമഷിയാലല്ല
അഥവാ
നമുക്കിടയില്‍ ഭാഷ ഒരാര്‍ഭാടമെന്ന് തിരിച്ചുനടക്കുമ്പോള്‍
മണ്ണിനെ ഉടല്‍ തിരിച്ചറിയുന്നു ഉടലെന്ന്.
ഉടയോനെന്ന്.

ചൊവ്വാഴ്ച, ഫെബ്രുവരി 09, 2016

കാടിളക്കം.

Prasanna Aryan's photo.



അത്രത്തോളം ആള്‍മാറാട്ടത്തില്‍
ഒളിച്ചോടുകയായിരുന്നിരിക്കണം
പുകഞ്ഞിരുന്ന കടുമിരുള്‍പ്പച്ചയെ
പകലെന്ന് വെട്ടിത്തെളിച്ചൊതുക്കി.
ആണ്ടുപോയെന്ന് വേരുകളെയുപേക്ഷിച്ച്
(ഉപേക്ഷിച്ചതറിയാതെ. വേരാഴങ്ങളില്‍
ഉടലിനായി വെള്ളം തിരയുകയാണ്)
കാട്ടുപോത്ത്, കരിമ്പുലി, കാട്ടാന
ചെമ്പോത്തിന്‍റെയെല്ലാം കണ്ണുവെട്ടിച്ച്
കിളികള്‍ ചേക്കേറാനെത്തുമ്മുന്നേ,
മീനുകളുച്ചത്തിലൊച്ചയിടാതിരിക്കാന്‍
അണിഞ്ഞിരുന്ന വെള്ളിയരഞ്ഞാണവും
മൂക്കുത്തിയുംമവിടെത്തന്നെയുപേക്ഷിച്ച്
പെയ്യാമെന്നേറ്റ മഴയുടെ അലാറം തിരുത്തി
ഉടല്‍മാത്രം കോരിയെടുത്തൊരു കാട്
എത്രയോസ്വാര്‍ത്ഥതയില്‍
നമ്മളെപ്പോലെ തന്നെ
നമ്മള്‍ കണ്ടെന്നതറിയാതെ
അത്രത്തോളം ആള്‍മാറാട്ടത്തില്‍
മുഖമ്മൂടിയണിഞ്ഞ നഗരത്തിന്‍റെ
കടുംനിറങ്ങളില്‍ കൊതിപൂണ്ട്
ഒളിച്ചോടുകയായിരുന്നിരിക്കണം...

ശനിയാഴ്‌ച, ജനുവരി 23, 2016

അത്രയും അപകടകരമായ ഒന്ന്‍......



കോഴിക്കോട്ടേക്ക്
തൃശ്ശൂരില്‍നിന്നും
ആറുമണിക്കുള്ള പാസഞ്ചര്‍
ഏഴേകാലിനുമുന്നേ
ഷോര്‍ണ്ണൂരെത്തുമെന്നും
പാലക്കാട് നിന്നും
നിലമ്പൂര്‍ വണ്ടിവരും വരെ
അഞ്ചോപത്തോമിനുറ്റ്
നിര്‍ത്തിയിടുമെന്നും
അന്നത്തേപോലെ
സ്റ്റേഷനിലിറങ്ങി
മുന്നിലുള്ള സ്റ്റാളില്‍
നിരത്തിവെച്ച എണ്ണപ്പാലഹാരങ്ങളെ
ഉഴുന്നുവട
പരിപ്പുവട
പൂരിഭാജി
സമോസ
ബോണ്ട
എന്നിങ്ങിനെ
കണ്ണുഴിഞ്ഞ്
പഴംപൊരിയില്ലേയെന്ന് ചോദിച്ച്
കടക്കാരന്‍റെ തിളപ്പിച്ചൊഴിച്ച നോട്ടത്തില്‍ പൊളളി
എന്നാ രണ്ടുഴുന്നുവടയെന്ന് പറഞ്ഞ്
പണം കൊടുത്ത്
തിരിച്ചുവരാനുള്ള സമയമുണ്ടായിട്ടും
അതിലേറെ, വിശപ്പുണ്ടായിരുന്നിട്ടും
ഇറങ്ങാതെ
വണ്ടിയില്‍ത്തന്നേയിരുന്നത്
ഇരുപത്തിനാലാം നമ്പര്‍ സൈഡ്സീറ്റില്‍നിന്നും
ഒരിയ്ക്കലും കൂട്ടിമുട്ടാത്ത
പാളങ്ങളിലേക്ക് നോക്കിയിരുന്നത്
അപ്പോള്‍ അതിലൂടെ ഇരമ്പിപ്പാഞ്ഞൊരു വണ്ടി പോയത്
ഉറപ്പായും അതിന്നു തന്നെയാവണം.
നിര്‍ത്തിയിട്ട വണ്ടിയില്‍
ഉറക്കച്ചടവോടെ പാഞ്ഞുവന്നൊരെഞ്ചിന്‍
പതുക്കെ കൂടിച്ചേര്‍ന്നപോലെയൊരിടി...
അത്ര പതുക്കെയായിരുന്നു
ഓരോര്‍മ്മ വന്നുമ്മവെച്ചത്!

തിങ്കളാഴ്‌ച, ജനുവരി 11, 2016

വസന്തസേന.

Prasanna Aryan's photo.



അവളെയന്നു
പാരിജാതം മണത്തിരുന്നു
കക്ഷങ്ങളിൽ
മുലയിടുക്കുകളിൽ
പിൻകഴുത്തിൽ .
കുനു കുനുവെന്ന് പൂക്കുന്ന
വെള്ളപ്പൂക്കളുടെ
ഈ മണമാണു നീ
എന്നയാൾ!
പക്ഷെ അവൾ
ഇലഞ്ഞിയായിരുന്നു
കാട്ടുമുല്ലയായിരുന്നു
ചെമ്പകമായിരുന്നു .
തോട്ടുവക്കത്തെ കൈതയായിരുന്നു.
ചിലപ്പോൾ
കടുത്ത മണമുപേക്ഷിച്ച്
മന്ദാരമായിരുന്നു.
കാക്കപ്പൂവോ
കാടുകയറിയ പുല്ലാനിയോ
ആയിരുന്നു.
പാരിജാതം
മടുത്ത ഒരു ദിവസം
അയാൾക്കുമുന്നിൽ
പൂവരശെന്നു
പൂത്തുലഞ്ഞിട്ടും
അയാളവളെ
തിരിച്ചറിഞ്ഞു പോലുമില്ല!
ഇതളുവിടർത്തി
നിറമഴിച്ചിട്ടിട്ടും
അവളവളല്ലെന്നയാൾ
തീർത്തുപറഞ്ഞപ്പോഴാണ്
ഇനി പാരിജാതമാകാനില്ലെന്നവൾ
ചെമ്പരത്തിയായ് പൂത്തത്.
ഒരിയ്ക്കലും കായ്ക്കാത്ത
തുടുത്ത ചെമ്പരത്തി.

ചൊവ്വാഴ്ച, ജനുവരി 05, 2016

ഇലോപാംഗം.


കാറ്റ്
ഇലകളെ
കോരിയെടുത്ത്
വട്ടം കറക്കുന്നു
നിലത്തുവെയ്ക്കാതെ നൃത്തം വെയ്ക്കുന്നു.
ഇനിയുമിനിയുമുയരങ്ങളിലേക്കെന്ന്
ചേര്‍ത്തുപിടിക്കുന്നു.
എവിടെയോവെച്ച്
എല്ലാംമറന്നെന്നപോലെ
പൊടുന്നനെ ഇല്ലാതാവുന്നു....
ഇപ്പോ വീഴുമെന്ന് ഇലയ്ക്കുനേരെ
നാലാംനിലയില്‍ നിന്നൊരു കൈനീളുന്നു.
ഇതൊക്കെയെത്ര കണ്ടതെന്ന്,
ഓരോ നൃത്തവും
ജീവിതത്തിലെ ഓരോ പാഠങ്ങളെന്ന്
ഇല ചാഞ്ഞും ചെരിഞ്ഞും പലവര്‍ണ്ണങ്ങളില്‍ മിന്നി
അദൃശ്യമായ ചിറകാഞ്ഞു കുടയുന്നു.
ഒരിളങ്കാറ്റ് ഓടിയെത്തി,
ഒരുപറ്റം പൂമ്പാറ്റകളതില്‍ കയറുന്നു.
അസൂയയെന്നതൊരു വെറുംവികാരമല്ല
കാണാതൊരു ചിറകുമുളപ്പിക്കാനുള്ള കമ്പോസ്റ്റാണ്....

തിങ്കളാഴ്‌ച, ജനുവരി 04, 2016

പുഴയെന്നാൽ

പല മഴകൾ കൊള്ളണം
പുഴയാവണം പുഴ
പലകൈവഴികളാൽ
ഉടൽ നിറയണം
കടൽപോലെ തിരളണം
കര കവിയണം
മരുപോലെ വരളണം
ഉൾ വലിയണം
പിന്നെ
പെരുകുന്നൊരോർമ്മപോൽ
ഉറവാകണം
പുഴ പുഴയാവണം
പല മീനുകൾ നീന്തണം
പല വേരുകൾ ആഴണം
പലകരകൾ താണ്ടണം
പുഴയാവണം പുഴ
കടൽതേടണം.
.
.
.

ഒഴുകാൻ മടിച്ചും
ഉറക്കം നടിച്ചും
മൃതിമണക്കാതെ പുഴ
പുഴയാവണം ...

വിരുന്നൊരുക്കം.


ഇന്നലെ വിരുന്നുവന്നതൊരു കടലാണ്
കൂടെയൊരു പുഴയായിനേര്‍ത്ത കുത്തൊഴുക്കും
നാലയല്‍പക്കങ്ങളിലെ കൈവഴികളും ഒരു തോടും.

വാവല്ലാതിരുന്നിട്ടും 
വല്ലാത്ത വേലിയേറ്റമായിരുന്നു.

നട്ടുച്ചവെയില്‍ പുതച്ച്
മയങ്ങിക്കിടക്കുന്ന കുളംപോലെ
മൌനം ശീലിച്ച വീട്
തുറന്നിട്ട ജനലിലൂടെ പുറത്തിറങ്ങി
അടഞ്ഞുകിടക്കുന്ന അടുത്തവീടിന്‍റെ
തുറക്കാത്ത ജനല്‍പ്പാളികളില്‍ തിരുപ്പിടിച്ചു നിന്നു.

തട്ടിന്‍പുറം നോക്കി വെറുതെ മലര്‍ന്ന് കിടന്നിരുന്ന മുറികള്‍
കിടക്കകളെയും പെട്ടികളെയും തിരക്കി
ചുവരോരം ചേര്‍ന്നിരിക്കുന്നു.

കൃത്യമായ ഇടവേളകളില്‍ മാത്രം
ഉറക്കമുണര്‍ന്നിരുന്ന അടുക്കള ഒന്നു
നടുനിവര്‍ത്താനിടയില്ലാതെ കലമ്പിക്കൊണ്ടിരുന്നു.

വെറുതെ വന്നെത്തിനോക്കിയ കാറ്റ്
കിട്ടിയതെല്ലാം കട്ടെടുത്ത്
അയല്‍വീടുകളിലേക്ക്
തുറന്നിട്ട ജനലുകളിലൂടെ വീശിയെറിഞ്ഞു.
.
.
.
കടലും പുഴയും കൈവഴികളുമിറങ്ങിപ്പോയതിലേക്ക്
ഒഴുകിനിറഞ്ഞ ശൂന്യത നോക്കി
കൂടെയൊഴുകിപ്പോയതെന്തൊക്കെയെന്ന്
കണക്കെടുക്കുകയാണിപ്പോള്‍ നിശ്ശബ്ദത മൂടിപ്പുതച്ച് വീട്.