ശനിയാഴ്‌ച, ഫെബ്രുവരി 28, 2009

മുത്തുകള്‍


പശ്ചിമം വിട്ടൊരരുണന്റെ ഓര്‍മ്മയില്‍
ഉര്‍വി കര്‍ള്‍നൊന്തു കനലായ് തുടിയ്ക്കവെ
എത്തി വീണ്ടൂമീ മൃഗശാലയില്‍ ബാല്യ
മുത്തുകള്‍ മണിച്ചെപ്പിലൊതുക്കി ഞാന്‍......

ഒരു ചെറുമുത്ത് പൊടി തട്ടിയിന്നതിന്‍
പിറവിതന്‍ ചിപ്പി തേടി ഞാനലയവെ
അരികിലാ മണി മുത്തിന്‍ പൊരുള്‍ തേടി
അരിയകൗതുകാല്‍ നില്പു പുതു ബാല്യവും

നിറയെ മുത്തുകള്‍ വാരിപെറുക്കിയ
വഴിയിതത്രെ തിരയുന്നു കണ്ണുകള്‍
പുതിയതൊന്നാ ചെപ്പില്‍ നിറയ്ച്ചതിന്‍
പുതുമയൊന്നെന്റെ ഹൃത്തില്‍ നിറയ്ക്കാന്‍

പഴയ പാതകള്‍ പഴയ വൃക്ഷങ്ങള്‍
പഴയകൂടുകള്‍ പഴയ മൃഗങ്ങള്‍
പുതിയതായ് ദൃശ്യമൊന്നെനിയ്ക്കിവയുടെ
ദയവിരയ്ക്കും വിധേയത്വഭാവം......

നിദ്ര വിട്ടുണര്‍ന്നേല്‍ക്കും മൃഗത്തിന്‍
വ്യഥകള്‍ സംഹാരമോഹങ്ങളെല്ലാം
ഉഗ്ര ഗര്‍ജ്ജനമൊന്നിലൊതുങ്ങെയെന്‍
ചിത്തമെന്തെ കനം പേറി നില്പൂ......

ഇന്നുപെറ്റിട്ട പേടമാന്‍ കുഞ്ഞിന്‍
കണ്‍കളില്‍ പോലുമേറും വിഷാദം!
ബാല്യമന്നു പെറുക്കിയ മുത്തുകള്‍
നീര്‍ മണികളായ് വീണുതകര്‍ന്നുവോ

ഓടിയെത്തിയെന്‍ കുഞ്ഞുങ്ങളെന്തെ
വാടിവീഴുന്നതെന്‍ മടിത്തട്ടില്‍ !......
പഴകിനാറുന്ന കൂടുകള്‍ക്കുള്ളിലെ
അതിരു കാക്കും മൃഗങ്ങളെ കണ്ടിവര്‍

തേടിയത്രെയീ പാതയില്‍ നീളെ
നേടിയില്ലൊരു ചെറുമുത്തു പോലും......
പതിരുമാത്രം നിറഞ്ഞൊരീചെപ്പില്‍
പവിഴമെങ്ങിനെ ഞാന്‍ നിറച്ചീടും?.......

ചൊവ്വാഴ്ച, ഫെബ്രുവരി 24, 2009

'മഴക്കോള്‍...''ഉറക്കത്തിലും നിന്റെ

കണ്ണുകളില്‍ മഴക്കോള്‍...'
Add Image

കവിളിലൂടൊഴുകിയ

കൈകളാല്‍

നീയത് തിരിച്ചറിഞ്ഞു.....

നെഞ്ചിലെ വേനലില്‍

ആവിയായ് പൊങ്ങിയ

കനവുകള്‍

കണ്‍പോളകളില്‍

മേഘനിറവായ് തിങ്ങിയത്

അതുകണ്ട് മയിലുകള്‍

ഉറക്കെ കരഞ്ഞത്

അസമയത്തെ മൂടലില്‍

കിളികള്‍ കലപിലകൂട്ടി

ചേക്കേറിയത്

നീയുമറിഞ്ഞതല്ലേ.........

പെററുകൂട്ടിയ മോഹങ്ങള്‍ക്ക്

നെഞ്ചിന്‍ ചൂടില്‍

പൊരുന്നയിരുന്നപ്പോള്‍

പേര്‍ത്തും വന്ന പേററുനോവ്

നമ്മളറിഞ്ഞില്ല.....

പറക്കമുററിയ മോഹങ്ങള്‍

പറന്നകലാന്‍

ിറകുവിരിക്കുമ്പോള്‍

ഇത്തിരി പതറും ഒത്തിരിപോറും

പിന്നെ എല്ലാം പഴയതുപോലെ...

മുട്ടുകാലിലിഴഞ്ഞ് വീണ്ടും

പതുക്കെ നടക്കാന്‍ പഠിക്കും....

അത് സ്വാഭാവികം മാത്രം ....തിങ്കളാഴ്‌ച, ഫെബ്രുവരി 23, 2009

ഒരു പൊടി കനല്‍


ഒരു തുടം നെയ്യ്
ഒരു ചെറു തിരി
ഒരു പൊടി കനല്‍
ഒരു കവിളൂത്ത്
പെരുകുന്ന കനലിന്
പൊരിയുന്ന ചൂട്....
ആടിയുലച്ച കാറ്റില്‍
ആകെ ചുമന്ന്
ആളി പടര്‍ന്ന്
കത്താന്‍ തുടങ്ങി.....
വെള്ളം പാര്‍ന്നപ്പോള്‍
വല്ലാത്ത നീറ്റം.
വെന്തു പോയിരിക്കുന്നു.
പുകഞ്ഞു കൊണ്ടിരിക്കുന്നു.
പുകയുടെ മണം
പൂ കൊണ്ട് മൂടി....
കനലിന്റെ തിളക്കം
ചിരി കൊണ്ട് തളര്‍ത്തി .....
ഇതു നീയറിയേണ്ടതല്ല....
എന്റെ നെഞ്ചിന്‍പൊരിച്ചില്‍
വേവലിന്റെ കടച്ചില്‍
എന്റെ മാത്രം സ്വന്തം....

ബുധനാഴ്‌ച, ഫെബ്രുവരി 18, 2009

പഴകിയ...(?).... അഞ്ച് ബിംബങ്ങള്‍


1
എന്റെ ദൃഷ്ടി പഥത്തിന്‍റെ
തെക്കേ കോണില്‍ ഒരു മരം

ഒരു പ്രസ്ഥാനമായി വളര്‍ന്ന്‍

ഇന്നലെ വരെ ജീവിച്ചതിന്

....തെളിവ് ഒരു വിരലടയാളം ...

2

പകല്‍ കാണാതൊടുങ്ങിയ

പാതിരാപ്പൂവിന്റെ കനവുകളുടെ

സാക്ഷിപത്രം പോലെ
കവിളുകളില്‍ പൊടിഞ്ഞു

..കിടന്നവിയര്‍പ്പു തുള്ളികള്‍...
3

ആരുടെയൊ ത്വരിതമായ

പാദ ലഹരിയില്‍

അമര്‍ന്നില്ലാതായ

ഒരു സംസ്കാരത്തിന്റെ

....കയ്യൊപ്പില്ലാത്ത വിതുമ്പലുകള്‍......
4


ആര്‍ത്തിരമ്പി വന്നിട്ടും

നുരച്ചു കിതച്ചിട്ടും

കരപൂകാന്‍ കഴിയാതെ

ഉള്‍ വലിഞ്ഞ തിരയുടെ

.....തെരുതെരുപ്പുകള്‍.....

5

പരന്നുനിറഞ്ഞിട്ടും

പെയ്തുതിമിര്‍ക്കാനാവതെ

കാറ്റാല്‍ തുരത്തപ്പെട്ട

മേഘങ്ങളുതിര്‍ത്ത
....ഒരു തുള്ളി കണ്ണുനീര്‍....


കണ്ടു പഴകിയതും

കേട്ടുമടുത്തതുമായ

പ്രതിബിംബങ്ങള്‍..പക്ഷെ

ഇന്നും എന്റെ ഉറക്കം കെടുത്താന്‍
....ഇതിലൊന്നു ധാരാളം....

വ്യാഴാഴ്‌ച, ഫെബ്രുവരി 12, 2009

ചില്ലുകൊട്ടാരം


ഒരു തകര്‍ച്ചയുടെ
ശബ്ദകോലാഹല‍മാണ്
അവളുടെയടുത്ത്
എന്നെയെത്തിച്ചത്.
ഞാനെത്തുമ്പോള്‍
ചിതറിക്കിടക്കുന്ന
ചില്ല് പാളികളില്‍
മിഴിയുടക്കി
താടിക്ക് കൈ കൊടുത്ത്
ഒരു സാധുവിന്റെ
നിസ്സംഗതയോടെ
അവളിരിക്കുന്നുണ്ടായിരുന്നു.
എനിക്ക് ഭയം തോന്നി...
അത്രയും സുന്ദരമായിരുന്നു
ആ ഉടഞ്ഞ പൂപാത്രം.
വളരെ അപൂര്‍വമായ
നിറങ്ങളിലുള്ള ചില്ലുകള്‍...
തന്മയത്വത്തോടെ
ചേര്‍ത്തു വെച്ച്
ഇടക്ക് മുത്തുകള്‍ കൊണ്ട്
സുന്ദരമാക്കിയ അതിനെ
സുന്ദരിയും സുഗന്ധിയുമായ
ചുകന്ന റോസാപ്പൂക്കള്‍ കൊണ്ട്
മാത്രം അവളലങ്കരിച്ചിരുന്നു.
ഞങ്ങള്‍ ഒന്നും പറയാതെ
എത്ര നേരമിരുന്നു എന്നറിയില്ല.
അവള്‍ സൂഷ്മതയോടെ
തകര്‍ന്ന ചില്ലുകള്‍
ഓരോന്നായി പെറുക്കിയെടുത്തു.
ഓരോ നിറങ്ങളിലും
അവള്‍ എന്തൊക്കെയോ
തിരയുന്നതായി തോന്നി .
ചില്ലുകളില്‍ നിന്ന് ചോര
ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
അവസാനത്തെ ചില്ലും
പെറുക്കി അവള്‍
എന്നെ നോക്കി.
'കളയണ്ട നമുക്കൊട്ടിക്കാം.'
ഞാന്‍ പറഞ്ഞു.
'ബുദ്ധിമുട്ടാണ്....'
അവള്‍ചില്ലുകള്‍
ദൂരേക്ക് വലിച്ചെറിഞ്ഞ്
ചിതറിക്കിടന്ന മുത്തുകള്‍
മുഴുവനും ശ്രദ്ധയോടെ
പെറുക്കിയെടുത്തു.
പിന്നെ പതുക്കെ അവ
നെഞ്ചോട് ചേര്‍ത്തു.
അവളുടെ കണ്ണുകള്‍
ആയിരം മുത്തുകളുടെ
പേറ്റുനോവില്‍ പിടയുന്നത്
അപ്പോള്‍ ഞാനറിഞ്ഞു....

വെള്ളിയാഴ്‌ച, ഫെബ്രുവരി 06, 2009

മുലകളുടെ ഫോട്ടോ സെഷന്‍.......
ഇന്ന് നിന്റെ മുലകളുടെ

ഫോട്ടോ സെഷന്‍

ഇന്നലെ ഒരുപാട്

അമര്‍ത്തിയും തടവിയും

കാലങ്ങളായി കാത്തുസൂക്ഷിച്ച

എന്റെ മാതൃത്വത്തിന്റെ

അവസാന നനവും

അവര്‍ പിഴിഞ്ഞെടുത്തു .

"നാളെ നിന്റെ വറ്റാത്ത

മാതൃത്വത്തിന്റെ ഫോട്ടോസെഷന്‍."

അവര്‍ കുറിച്ചു തന്നു....

രാത്രിയുടെ അയഞ്ഞ

നിശ്ശബ്ദതയില്‍

ഹൃദയങ്ങളുടെ ദ്രുതതാളങ്ങള്‍

പരസ്പരം അറിഞ്ഞിട്ടും

കണ്ണുകള്‍ ഉടക്കാതിരിക്കാന്‍

ഉറക്കം നടിച്ചപ്പോള്‍

പുലരി വഴിതെറ്റി ദൂരേക്ക്

പോയി കൊണ്ടിരുന്നു.

എപ്പോഴൊക്കെയോ

പൊട്ടക്കുളത്തിലെ

ഒറ്റമുലച്ചികള്‍ കണ്മുന്നില്‍

മുടിയഴിച്ചിട്ട് നൃത്തമാടി.....

ഫോട്ടോസെഷന്‍.....

ചാഞ്ഞും ചെരിഞ്ഞും

ഇരുത്തിയും കിടത്തിയും

മുകളില്‍ നിന്ന് താഴേക്കും

താഴെ നിന്ന് മുകളിലേക്കും

ഒരു ലോഞ്ച്റി ഷൂട്ടു പോലെ.....

കഴിഞ്ഞപ്പോള്‍ കണ്ണില്‍

നോക്കാതെ അവര്‍ പറഞ്ഞു

വൈകീട്ട് പറയാം....

വൈകുന്നേരം ഫലം

വെള്ളക്കടലാസില്‍

അച്ചടിച്ച് വന്നു...

മാമ്മൊഗ്രാഫി &യുഎസ്ജി

ആര്‍ നെഗറ്റീവ്.

പൊട്ടക്കുളത്തിന്റെ വക്കില്‍

മുടിചിക്കിയുണക്കിയിരുന്ന

ഒറ്റമുലച്ചികള്‍ കൂട്ടത്തോടെ

മുറുമുറുത്തുകൊണ്ട്

പായലിനടിയിലെ

സ്വകാര്യതയിലേക്ക്

ഊളിയിടുന്നത് ഞാനറിഞ്ഞു.

പോകുമ്പോള്‍ അവര്‍

വീണ്ടും കാണാമെന്ന് പറഞ്ഞോ.......

തോന്നിയതായിരിക്കും.....

തിങ്കളാഴ്‌ച, ഫെബ്രുവരി 02, 2009

രക്തബന്ധം.......?


ഉത്തരേന്ത്യക്കാരുടെ

രാഖി കളിയെപ്പറ്റി

ഒരു തമാശപോലെയാണ്

ഞാന്‍ കളിപറഞ്ഞത്

രക്തബന്ധം സ്വയം

അറിയേണ്ടതാണെന്നും

ഒരു ചരടില്‍ ‍കോര്‍ത്തു

കെട്ടാനാവില്ലെന്നും....

നാം പഠിച്ച നീതിസാരം.

ഇതില്ലാതെ തന്നെ

എല്ലം തിരിച്ചറിയുന്ന

നമ്മുടെ കാലാകാലമായ

സംസ്കാരത്തെപ്പറ്റി

പറഞ്ഞു നിര്‍ത്തും മുമ്പ്

എന്റെ പെണ്മനസ്സറിഞ്ഞ

നീതിസാരത്തിനടിയില്‍

രക്തബന്ധത്തിന്റെ വിലയ-

റിയാത്ത ഒരുവിരലടയാളം.

ഞാനിന്ന് നിറനൂലുകള്‍

ചേര്‍ത്ത് രാഖികള്‍

ഉണ്ടാക്കി കൊണ്ടിരിക്കുന്നു....

രക്തത്തിന്റെ നിറം മറന്ന്

നീളുന്ന കൈകള്‍ക്ക്

വിലങ്ങു തീര്‍ക്കാന്‍

പെണ്‍ കുരുന്നുകള്‍ക്കിനി

രാഖികള്‍ തികയാതെ വരരുത്.

മഴ.....


ആദ്യത്തെ മഴ.....

മെയ് നനയാതെ

കുളിരുണരാതെ

മഴവില്ലവശേഷിപ്പിച്ച്

ചാറി മറഞ്ഞു.

പിന്നെ മലമുകളില്‍നിന്ന്

പതിനാറുകാരിയുടെ

ചടുലതയോടെ

പാഞ്ഞുവന്ന ചെറുമഴ

പുതുമണ്ണിന്‍ ഗന്ധം

കാറ്റില്‍ പറത്തി മുറ്റം

അടിച്ചുതളിച്ച്

ചിണുങ്ങി നിന്നു.

ചിന്നം പിന്നം പറഞ്ഞ്

ചെറുത് വലുതായി

ചളപള ചിലച്ച്

ആകെ നനഞ്ഞ്

തകര്‍ത്ത് പെയ്ത

ഓരോ തുള്ളിയിലും

പതഞ്ഞുണര്‍ന്ന കുമിളകള്‍.....

ജന്മവാദം അറിയാതെ

പിറവിക്കു മുന്‍പേ

തകര്‍ന്ന് പൊലിഞ്ഞു .