ബുധനാഴ്‌ച, ഒക്‌ടോബർ 28, 2009

ചുകന്ന് മിടിച്ച് ഒരു ചാര്‍ത്ത് .................


എന്തൊരു പശിമയായിരുന്നു....
തൊട്ടതെല്ലാം പറ്റിപ്പിടിച്ച്
ഇട്ടതെല്ലാം പൊട്ടിമുളച്ച്
കാടും പടലവുമായിരുന്നു...........

ഒന്നു തൊട്ടാല്‍ മതി
ഉറന്നൊലിച്ച് പരന്ന്
പുഴയും കടലും കഴിഞ്ഞും
ഒഴുകിക്കൊണ്ടേയിരിക്കും.

ഇടക്കെപ്പോഴാണാരോ
പശിമയില്‍ വിളവിറക്കിയത്
ഉറവയില്‍ മീന്‍ വളര്‍ത്തിയത്
കുഴച്ച് ബിംബങ്ങള്‍ തീര്‍ത്തത്.......

അതു മടുത്തപ്പോഴാണല്ലൊ
ഉറവും പശിമയും ചേര്‍ത്ത്
ഇടിച്ചിടിച്ച് കുഴച്ചെടുത്തത്....
ചതുരങ്ങളില്‍ വടിച്ചെടുത്തത്..........
വെയിലില്‍ ഉണക്കാനിട്ടത്
മഴയെപ്പറ്റിച്ച് ഓലമേഞ്ഞത്
ചൂളയില്‍ ചുട്ടെടുത്തത്
പടുത്ത് മതിലുകള്‍ തീര്‍ത്തത്....!

വല്ലാത്ത ഉറപ്പാണത്രെ
വീട്ടുകാരുടെ ആവലാതി.....
കല്ലില്‍ തൊട്ടപോലെയെന്ന്
കൂട്ടുകാരുടെ പരിഭവം.....
വേദനിച്ചെന്നു പിന്‍ വലിയുന്ന
കൈകള്‍... മനസ്സുകള്‍......
അതും കളഞ്ഞല്ലോ നീയെന്ന്
അമ്മയുടെ പതംപറച്ചില്‍.

അങ്ങിനെയാണൊരു ചാര്‍ത്തെഴുതിച്ചത്....
അതവിടെത്തന്നെയുണ്ടെന്ന്....
ഒഴുകിനിറയുന്നത് ചോരയാണെന്ന്
നിറമിപ്പൊഴും ചുവപ്പാണെന്ന്
താളം തെറ്റിയാണെങ്കിലും
മിടിപ്പിനിയും നിര്‍ത്തിയിട്ടില്ലെന്നും........

ശനിയാഴ്‌ച, ഒക്‌ടോബർ 24, 2009

നാളെയിന്നാവുമ്പോള്‍................
പൂരം കൊടിയേറുമ്പോള്‍
ആരും ഓര്‍കാറില്ല.....

ഉറങ്ങിക്കിടക്കുന്ന മണ്‍തരികള്‍
ഗതവേഗം കൊണ്ട് ചലിതങ്ങളാവുമ്പോള്‍
തിമില മദ്ദളങ്ങള്‍
പെരുക്കി പെരുകുമ്പോള്‍
നാളയെപ്പറ്റി ആരോര്‍ക്കാന്‍..............

നാളെ ഇന്നാവുമ്പോള്‍
ഇന്നലെയുടെ ഓര്‍മ്മകളുമായി
ഏതൊക്കെയോ ധ്വനിതങ്ങള്‍..........

പതിഞ്ഞ കുഴല്‍വിളികള്‍
ആടിത്തളര്‍ന്ന ചിലമ്പിന്റെ
ആലസ്സ്യ ചിണുക്കങ്ങള്‍
തിടമ്പിറക്കിയകലുന്ന
ചിന്നം
വിളികള്‍...............

ഇന്നലെയുടെ വളക്കിലുക്കം
ഓര്‍മ്മച്ചിമിഴില്‍ അടുക്കിവെച്ചിട്ടും
ചങ്ങലക്കണ്ണികളാക്കി തളച്ചിട്ടിട്ടും
കേള്‍ക്കേണ്ടെന്ന് താഴ്പ്പൂട്ടിട്ടിട്ടും
കുതറിക്കുലുങ്ങി ഓടിയെത്തി
മഴവില്‍ തേരൊരുക്കുമ്പോള്‍
കയറിപ്പോവാതിരിക്കുന്നതെങ്ങനെ..........

ചൊവ്വാഴ്ച, ഒക്‌ടോബർ 20, 2009

കാറ്റ്......................


കാറ്റു പറഞ്ഞുകൊണ്ടേയിരുന്നു........

തഴുകിയൊതുക്കിയ

കുറുനിരകളെപ്പറ്റി........

ആട്ടിയുറക്കിയ

തൊട്ടിലിനെപ്പറ്റി.........

ആറ്റിയുണക്കിയ

കണ്ണുനീരിനെപ്പറ്റി..........

ഊഞ്ഞാലാട്ടിയ

അപ്പൂപ്പന്‍താടിയെപ്പറ്റി.....

മരത്തിനെ ഇക്കിളിയിട്ട്

വട്ടം ചുറ്റിയപ്പോള്‍

പറയാതൊളിപ്പിച്ച

പലതുമുണ്ടായിരുന്നു....!

പറത്തിയകറ്റിയ

മഴമേഘങ്ങളെപ്പറ്റി..........

തല്ലിക്കൊഴിച്ച

ഇലകളെപ്പറ്റി...........

വാടിക്കരിഞ്ഞ

പൂക്കളെപ്പറ്റി........

പിഴുതുമറിച്ചിട്ട

പടുമരങ്ങളെപ്പറ്റി.............

മരത്തിനെ ഇക്കിളിയിട്ട്

കാറ്റ് വട്ടം ചുറ്റി........

മരം വീഴുന്നത് നോക്കി

മരം വെട്ടിയും..........

തിങ്കളാഴ്‌ച, ഒക്‌ടോബർ 12, 2009

ഗുഡ്ഗാവ്
ഇത് ഗൂഡ്ഗാവ്....പണ്ട് ഗുരു ദ്രോണചാര്യര്‍ക്ക് ഗുരുദക്ഷിണയായി ലഭിച്ച ഇന്ന് പുതുപ്പണക്കാരിയായ നാട്ടിന്‍പുറത്തുകാരിയുടെ മുഖത്തിനിണങ്ങാത്ത വലിയ കൂളിങ്ങ്ഗ്ലാസ്പോലെ കണ്ണാടിമാളികകളാല്‍ അപഹാസ്യയായി അവക്കിടയില്‍ കുടുങ്ങിപ്പോയി താദാത്മ്യം പ്രാപിക്കാന്‍ കഷ്ടപ്പെടുന്ന ഗ്രാമങ്ങളുമായി നഗരവത്കരണത്തിന്റെ ഇര. ഹരിയാന ഡല്‍ഹിബോര്‍ഡറില്‍ ആര്‍ക്കും വേണ്ടാതെ 'ദ വൈറ്റ് ടൈഗറില്‍' അഡിഗ പറയുന്നപോലെ പണക്കാരായ ഡല്‍ഹിക്കാര്‍ ഉണ്ടാക്കിയ പാര്‍ക്കുകളില്ലാത്ത പുല്‍ത്തകിടികളില്ലാത്ത കളിസ്ഥലങ്ങങ്ങളില്ലാത്ത വെറും കെട്ടിടങ്ങള്‍...ഷോപ്പിങ്ങമോളുകള്‍
ഹോട്ടലുകള്‍, പിന്നെയും ഒരുപാടൊരുപാട് കെട്ടിടങ്ങള്‍......ഈ മാന്ദ്യത്തിന്റെ നടുവിലും വലിയവലിയ കോര്‍പ്പറെറ്റ്കെട്ടിടങ്ങള്‍ കണ്ണടച്ചുതുറക്കുന്നതിനുമുന്‍പ് പണിതുതീരുന്നത് ഇവിടെ മാത്രമായിരിക്കും.
റോഡുകള്‍.....അത്യാവശ്യ സൗകര്യങ്ങളായ റോഡുകള്‍ ,വാഹനസൗകര്യങ്ങള്‍, അഴുക്കുചാലുകള്‍, വൈദ്യുതി തുടങ്ങിയവയെല്ലാം നമുക്കിവിടെ ആര്‍ഭാടമാണ്.റോഡുകളുടെ സ്ഥിതി വളരെ പരിതാപകരം.ആകെ ഒരാഴ്ച്ച മാത്രമാണ് മഴ ലഭിക്കുന്നതെങ്കിലും റോഡ് കുണ്ടും കുഴിയുമാവാന്‍ ഒരു ദിവസത്തെ നല്ലമഴ മതി.വാഹനസൗകര്യങ്ങള്‍ വേണ്ടപോലെയില്ലാത്തതിന്നാല്‍ വാങ്ങിക്കാന്‍ കഴിവുള്ളവര്‍ സ്വന്തം വണ്ടിയില്‍ യാത്ര ചെയ്യുന്നു. ഇത് റോഡുകളില്‍ വാഹന ബാഹുല്യം കൂട്ടുന്നതിനാല്‍ ഓഫീസ് യാത്ര വളരെ ദുഷ്ക്കരമാക്കുന്നു.

വെള്ളം.... ഗവണ്മെന്റ് ആവശ്യാനുസരണം വിതരണം നടത്താത്തതിനാല്‍ പലരും ഭൂഗര്‍ഭജലത്തെയാണ് ആശ്രയിക്കുന്നത്.കെട്ടിടനിര്‍മ്മാണത്തിന് അനുമതിയില്ലാതെ ഉപയോഗിച്ച്
ഗുഡ്ഗാവിലെ ഭൂഗര്‍ഭജലനിരക്ക് അപായകരമാം വിധം താണതായി കണക്കുകള്‍ കാണിക്കുന്നു.

വൈദ്യുതി....നാട്ടില്‍ അരമണിക്കുര്‍ പ്രഖ്യാപിതകറന്റുകട്ടിന് വളരെ വാര്‍ത്താപ്രാധാന്യം ലഭിക്കുമ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെടാറുണ്ട്. ഇവിടെ നല്ലചൂടിലും നല്ല തണുപ്പിലും പന്ത്രണ്ടുമണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്.അതായത് പന്ത്രണ്ടുമണിക്കൂര്‍ അപ്രഖ്യാപിത കറന്റുകട്ട്.സ്വന്തമായി ജനറേറ്ററുകളെ ആശ്രയിച്ചാണ് ഇവിടെ എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.കത്തിത്തീരുന്ന ഡീസലിന്റെ കണക്ക് പറയാതിരിക്കുകയാണ് ഭേദം.
ഇതു ഞങ്ങളുടെ ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ കാണുന്ന ദൃശ്യം.എത്ര സുന്ദരമാണ്.... കുളവും, കരയിലെപുല്ലും, അതില്‍ തിമിര്‍ക്കുന്ന എരുമകളും.ഹരിയാന പശുക്കളും എരുമകളും ധാരാളമുള്ള സ്ഥലമാണ്. നാടുവിട്ടശേഷം ആദ്യമായി പശു പുല്ലുതിന്നുന്നത് കാണുന്നത് ഇവിടെയാണ്. നോയിഡയിലും ദല്‍ഹിയിലും ഗാര്‍ബേജാണ് പശുത്തീറ്റ.
പക്ഷെ ഈ കാണുന്നത് കുളമല്ല ... അഴുക്കു ചാലുകള്‍ എങ്ങോട്ടു പോകണമെന്നറിയാതെ നിന്നു പരുങ്ങുന്നതാണ്.എരുമകള്‍ക്കെന്തറിയാം.....അവക്ക് ശരീരത്തിന്റെ ഉഷ്ണം തണുപ്പിക്കണം അത്രമാത്രം....പശുക്കള്‍ക്ക് അറിയാ....അവ ഇതിനടുത്ത് വന്ന് മണപ്പിച്ച് തിരിച്ച്പോകും.

ഇവിടെ പക്ഷെ മുന്‍പ് സുന്ദരമായ ഒരു കുളമുണ്ടായിരുന്നു. ഈ കെട്ടിടത്തിന്റെ പണിനടന്നിരുന്ന കാലത്ത് ഇവിടെ വന്നിരുന്ന് ഒരുപാട്നേരം നോക്കിയിരുന്നിട്ടുണ്ട്. കുളക്കോഴിയെയും സ്നെയ്ക്ക് ബേഡിനേയും ഒരുപാട് നോക്കിയിരുന്നിട്ടുമുണ്ട്. വീട് ഈകോര്‍ണറില്‍ കിട്ടണെയെന്ന് പ്രാര്‍ഥിച്ചിട്ടുമുണ്ട്. കിട്ടിയെങ്കിലും കുളം നഷ്ടപ്പെട്ടു. ഉറവ സിമന്റുവെച്ചടച്ച് ഒരു പ്ലോട്ടാക്കിമാറ്റിയത്രെ....
പറയാന്‍ വന്നത് ഇതൊന്നുമല്ല ഗുഡ്ഗാവില്‍ മര്യാദക്കുള്ള ഡ്രൈനേജ് സൗകര്യം ഇല്ല. കഴിഞ്ഞവര്‍ഷം ന്റെ ഒരു പ്രധാന അപ്പര്‍ട്ടുമെന്റ് കെട്ടിടത്തിന്റെ ഗ്രൗണ്ട്പ്ഫ്ലോറില്‍ മഴയില്‍ മുട്ടറ്റം വെള്ളം നിറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
നാളെ ഇവിടെ ഇലക്ഷനാണ്. എല്ലാവരും ഉണ്ട് മത്സരത്തിന് . പക്ഷെ ഇവിടെയുള്ളവര്‍ക്ക് ആരെയും അറിയില്ല.ആരും ഇവിടെ വന്നില്ലെന്നതാണ് സത്യം.ഗുഡ്ഗാവ് പൊതുവെ രണ്ടുഭാഗമാണ്പുതിയ ഗുഡ്ഗാവും പഴയ ഗുഡുഗാവും.വോട്ടന്വേഷിച്ചുപോകുന്നവര്‍ പഴയ ഗുഡ്ഗാവന്വേഷിച്ചെ പോവാറുള്ളു.പുതിയ ഗുഡ്ഗാവില്‍ വോട്ടുചെയ്യുന്നവരുടെ എണ്ണം തുച്ഛമാണ്. കേമമായ അപ്പാര്‍ട്ട്മെന്റുകളില്‍ താമസിച്ച് വിലക്കൂടിയ കാറുകളില്‍സഞ്ചരിച്ച് പേരുകേട്ട ഓഫീസുകളില്‍ രണ്ടുമൂന്നുലക്ഷം മാസശമ്പളം വാങ്ങുന്നവരായിട്ടാണ് പുതിയ ഗുഡുഗാവുകാരെ വിലയിരുത്തുന്നത്. മുഴുവന്‍പേര്‍ അങ്ങിനെയല്ലെങ്കിലും കുറച്ചൊക്കെ സത്യമുണ്ട്.അവരെ വോട്ടിന്നായി വിലപേശാന്‍ കിട്ടില്ല എന്ന തോന്നകലാവാം ഇതിന്നു കാരണം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കു പ്രകാരം വെറും 6947 വോട്ടര്‍മാരാണ് ഗുഡ്ഗാവ് പാര്‍ലിമെന്ററി കോണ്‍സ്റ്റിറ്റ്യുവന്‍സിയില്‍ പുതുതായി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇത് ഒരു മാസം ഈ പട്ടണത്തിലേക്ക് മാറിവരുന്ന ആളുകളുടെ അത്രയും പോരില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 1230949 വോട്ടര്‍മാരില്‍ 166000 പേര്‍ മാത്രമെ അര്‍ബന്‍ ഗുഡ്ഗാവില്‍നിന്നുള്ളു. ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായ R. .W .A പ്രസിഡന്റ് 'R. S രാത്തി'ക്ക് വേണ്ടി ഗംഭീര പ്രചരണം D.L.F ന്റെ വക പുതിയ ഗുഡ്ഗാവില്‍ നടക്കുന്നുണ്ട്. എങ്കിലും എത്ര പേര്‍ വോട്ടുചെയ്യാനെത്തുമെന്ന് കണ്ടറിയണം..

വെള്ളിയാഴ്‌ച, ഒക്‌ടോബർ 09, 2009

അക്കക്കളി................


കലണ്ടറിലെ അക്കങ്ങളുടെ
ചതുരങ്ങള്‍ ചാടിചാടി
പിന്നോക്കം പോവാന്‍
നല്ല രസമാണ്....
ഇന്നലെയും മിനിയാന്നും
നാലാന്നാളും ചാടി
മുന്നോട്ടെത്തുമ്പോള്‍

ചില അക്കങ്ങളുടെ
പിറകില്‍ നിന്ന്
സ്നേഹത്തോടെ നീളുന്ന
എന്നോ കൈവിട്ട
ചില കൈകള്‍.....!
അക്കമ്പക്കം പറഞ്ഞ്
അക്കുത്തിക്കുത്ത് കളിച്ച്
നേരം വൈകുമ്പോള്‍
ഇന്ന് നീട്ടിവിളിക്കും......
മടിച്ച് മടിച്ച് തിരികെ
പോരുമ്പോഴും നീട്ടിയ
കൈകള്‍ അതേപോലെ......
ഒരു വിരല്‍സ്പര്‍ശത്തിന്റെ
ത്വരിത സാധ്യതയിലാണ്
ഇന്നലെ അച്ഛന്റെ
മടിയില്‍ കയറിയിരുന്നത്....!
ചേച്ചിയുടെ പുസ്തകം
കത്രികകൊണ്ട് വെട്ടിയത്......
അച്ഛന്‍ തല്ലാന്‍ വന്നപ്പോള്‍
അമ്മയുടെ വയറ്റിലൊളിച്ചത്
അവിടന്നു പുറത്തിറങ്ങാന്‍
വയ്യെന്ന് മടിച്ചിരുന്നപ്പോള്‍
ഇന്നുവന്ന് ചെവിക്കു പിടിച്ചത്....
നാളെയും പോകണം......
നാളെ, മറ്റന്നാള്‍,നാലാന്നാള്‍
അക്കക്കള്ളികളില്‍ ചാടി ചാടി
അക്കങ്ങള്‍ ഇല്ലാതാവുന്ന
ഒരു ദിവസം നോക്കി.........

വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2009

ഡെല്‍ഹി.....


സിഗ്നല്‍ പച്ചയായിട്ടും മുന്നിലെ കാര്‍ നീങ്ങാതിരുന്നപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, ശരീരത്തിലെ മറ്റൊരവയവം പോലെ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന കുഞ്ഞിന് യഥേഷ്ടം പാലുകുടിക്കാന്‍ തുറന്നിട്ടിരിക്കുന്ന ഭിക്ഷക്കാരിയുടെ കുര്‍ത്തയിലൂടെ തുറന്നുകാണുന്ന മാറിടം ആസ്വദിക്കുകയാണ് ഡ്രൈവര്‍.ഒരു പത്ത് തവണ തുടര്‍ച്ചയായി ഹോണടിച്ച് ഞാനെന്റെ ദ്വേഷ്യം തീര്‍ത്തു.റിയര്‍ വ്യൂ മിററിലൂടെ ഒന്നു തറച്ചുനോക്കി ചമ്മലിനെ ദ്വേഷ്യമാക്കി ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു.എന്റെ സ്റ്റിയറിങ്ങിനു പിന്നിലെ തെറിവിളി ഇതിലൊതുങ്ങുന്നു.കൂടിവന്നാല്‍ ഒരു സ്റ്റുപ്പിഡ് കൂടി മേമ്പൊടി ചേര്‍ക്കും.കണ്ട ഉറുമ്പിനെയും പൂച്ചയെയും കൂടെ മനുഷ്യനെയും സ്നേഹത്തൊടെ ശകാരിക്കുമ്പോഴും ഈ വാക്കു തന്നെയാണ് വിളിക്കുന്നത് എന്നതുകൊണ്ട് ഇതൊന്ന് അപ്ഗ്രേഡ് ചെയ്യണമെന്ന് കുറെ ദിവസമായി വിചാരിക്കുന്നു.ഇതുതന്നെ പത്തുതവണ ദ്വേഷ്യത്തോടെവിളിച്ച് ബിരുദമെടുത്താല്‍
പോസ്റ്റ്ഗ്രജ്വേഷന് ട്യൂഷന്‍ തരാമെന്ന് മോള്‍ ഏറ്റിട്ടുണ്ട്.അവള്‍ വളര്‍ന്നത് ഡെല്‍ഹിയിലാണേയ്.........

എന്തായാലും ഡെല്‍ഹിയില്‍ വണ്ടിയോടിക്കണമെങ്കില്‍ ആദ്യം പഠിക്കേണ്ടത് നാലു നല്ല തെറിവിളിക്കാനാണെന്ന് ലൈസന്‍സ് എടുത്ത ശേഷമാണ് അറിഞ്ഞത്. അവനാണെങ്കില്‍ കാറെടുത്താല്‍ ആകെ ജപിക്കാനറിയുന്ന ഒരെയൊരു നാമം ബാസ്റ്റാര്‍ഡ് എന്നുമാത്രമാണ്.

എങ്ങിനെ വിളിക്കാതിരിക്കും...? നമുക്ക് പച്ചയാണെങ്കില്‍ ഇവിടെയുള്ളവര്‍ക്ക് ചുവപ്പാണ് പഥ്യം. വലത്തോട്ട് തിരിയേണ്ടയാള്‍ ഇടത്തേയറ്റത്തുള്ള ലെയിനില്‍ വന്ന്നില്‍ക്കും. എന്നിട്ട് മുന്നിലൂടെ നിങ്ങളൊക്കെ അവിടെ നില്‍ക്ക് ഞാനൊന്നു പോട്ടെ എന്ന മട്ടിലൊരു പോക്കും. നമ്മള്‍ മുന്നിലോട്ടെടുത്താല്‍ വണ്ടി ഇടിക്കും . ഇടിച്ചാല്‍ അവന്മാരുടെ കയ്യില്‍നിന്നു പുറത്തുവരുന്നത്
ഒരു തോക്കോ ചുരുങ്ങിയത് ഒരു ക്രിക്കറ്റ്ബാറ്റോ ആയിരിക്കും.ഇനിയും കുറച്ചുകാലം കൂടി ജീവിക്കാന്‍ മോഹമുള്ളവര്‍ ഇതെല്ലാം കണ്ട് കാറിലിരുന്ന് പുതിയ പുതിയ നാമങ്ങള്‍ കണ്ടുപിടിച്ച് ജപിച്ചുകൊണ്ടിരിക്കുന്നു.

വലതുവശത്ത ഫാസ്റ്റ് ട്രാക്കിലൂടെ മൊബൈലില്‍ സംസാരിച്ച് പതുക്കെ ഓടിക്കാന്‍ ഇവര്‍ക്ക് നല്ല ഇഷ്ടമാണ്. ഓവര്‍ടേക്ക് ചെയ്യാന്‍ പിന്നില്‍നിന്ന് ഹോണടിച്ചാലും ലൈറ്റ് ഫ്ലാഷ് ചെയ്താലും അവിടെ നിക്കെടേ ഞനൊന്ന് പറഞ്ഞുതീര്‍ക്കട്ടെ .....എന്ന് ഭാവം മുന്നിലുള്ളവന്. അവസാനം മടുക്കുമ്പോള്‍ നാലുതെറിയുടെ അകമ്പടിയോടെ ഇടതുവശത്തുകൂടെ ഓവര്‍ടേക്ക് ചെയ്യ്ന്നു.പാവം മുന്നിലുള്ളവന്‍ ഒരുപക്ഷെ N.R.Iആയിരുന്നിരിക്കും.

ഇനിയൊരു തമാശ ലെയിന്‍ ഡ്രൈവിങ്ങാണ്. നിര്‍ത്താതെ ഹോണടിച്ച് ഒരുലെയിനില്‍നിന്ന് മറ്റേതിലേക്കും അവിടെനിന്നും അടുത്തതിലേക്കും ചാടിക്കൊണ്ടേയിരിക്കും.നമ്മള്‍ പോട്ടെടാ പാവം വായുഗുളിക വാങ്ങിക്കാന്‍ പോണതാണെന്നാ തോന്നുന്നത് എന്ന മൂഡിലിരിക്കുമ്പോള്‍ സിഗ്നലില്‍ അവനതാ നമ്മുടെ തൊട്ടടുത്ത്....... എങ്ങിനെ തെറിപറയാതിരിക്കും......ഇത്ര്യൊക്കെ ചാടിയിട്ടും ഇവിടെയെ എത്തിയുള്ളു വണ്ടിയോടിക്കാനറിയാത്ത മരമണ്ടൂസെ എന്നെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉറക്കം വരുമോ......

പിന്നെ മറ്റെവിടെയും കാണാത്ത ഒരുകൂട്ടരുണ്ട് ......റിക്ഷാക്കാര്‍.....വെറും റിക്ഷയല്ല സൈക്കിള്‍ റിക്ഷ.കണ്ണ് ചെവി തലച്ചോറ് തുടങ്ങി പറ്റുന്നതെല്ലാം നാട്ടിലുള്ള ജന്മിക്ക് പണയം വെച്ച് മുടിഞ്ഞ ഇവിടെ വോട്ട്ബാങ്ക് സ്റ്റാറ്റസ്സുള്ള ഇവര്‍ക്ക്, റോഡ് തീറെഴുതിക്കൊടുത്തിരിക്കയാണ്.

ഇവിടെ പറഞ്ഞതും പറയാത്തതുമായ ഒരുപാടുകാരണങ്ങള്‍ എന്റെ തെറിയുടെ വൊക്കാബുലറി അപ്പ്ഗ്രേഡുചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.ഈ കാര്യത്തില്‍ ബൂലോകം അടുത്തകാലത്ത് വളരെ സഹായം ചെയ്യുന്നുണ്ട്. പല ബ്ലോഗുകളില്‍ നിന്നുമായി ആവരേജ് പത്തുതെറിയെങ്കിലും പെറുക്കിക്കൂട്ടാന്‍ കഴിയുന്നുണ്ട് ദിവസവും.പക്ഷെ അധികവും മലയാളത്തിലുള്ളതായതിനാല്‍ വലിയ ഉപയോഗമില്ല. ഇനി കുറച്ച് ഹിന്ദിയിലും ആംഗലേയത്തിലുമാവട്ടെ. ആത്മസംതൃപ്തിക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്രദമായാല്‍ സ്വര്‍ഗ്ഗവാതില്‍ നിങ്ങള്‍ക്കുമുന്നില്‍ തനിയെ തുറക്കും.


(കോമണ്‍വെല്‍ത്ത് ഗെയ്മിനു മുമ്പ് ഇവിടത്തുകാരുടെ സ്വഭാവം നന്നാക്കാനൊരു ശ്രമം തുടങ്ങിയിട്ടുണ്ട് ദില്ലിസര്‍ക്കാര്‍.... ചെല്ലാനടിക്കാതിരിക്കാന്‍ നൂറുരൂപനോട്ടുവാങ്ങി പൊയ്ക്കൊള്ളാന്‍ പറയുന്ന ഈ പോലീസുകാരുടെയിടയില്‍ എന്തൊക്കെ നടക്കും എന്നു നമുക്ക് നടക്കുമ്പോള്‍ കാണാം. )

തിങ്കളാഴ്‌ച, ഒക്‌ടോബർ 05, 2009

പട്ടം പറത്തുന്നവന്‍


എന്തൊരു ബഹളമായിരുന്നു
ചിരിയും കളിയും വാതുവെപ്പും......!
പറത്താനൊരു കൂട്ടര്‍
കണ്ടു രസിക്കാനൊരു കൂട്ടര്‍.....!
ഒന്ന് മുകളിലെത്തുമ്പോള്‍
മറ്റെല്ലാം അതിനുതാഴെ.....
ഒരുവനൊന്നാമനാകുമ്പോള്‍
വജ്രവും ചോരയും കൊണ്ട്
ചരടിനരംചേര്‍ത്ത്......
രണ്ടും മൂന്നും ഏറെ വാശിയില്‍.....!

അങ്ങിനെ ഒന്നും രണ്ടും മൂന്നും
കളിക്കുന്നതിനിടയിലാണൊരാള്‍
അവനൊന്നാമനാണോ...
അതോ രണ്ടാമനൊ....അതോ?
ഒന്നുമല്ല..ഇതൊക്കെ ചേര്‍ന്ന.......
അവരിലൊരാള്‍ മാത്രം
താഴേക്ക് വീണത്...........!

വീണു വീണു ആഴങ്ങളില്‍ മറയുമ്പോഴും
അവന്‍ ചിരിക്കുകയായിരുന്നു,
അവന്റെ പട്ടം ഉയരങ്ങളിലേക്ക്
പറക്കുകയായിരുന്നല്ലൊ.....
അവനില്ലാതിനി പട്ടം
പറപ്പിക്കാന്‍ വയ്യല്ലോയെന്ന്
അവന്റെ കൂട്ടുകാര്‍ കരയുന്നു......
അവനിതുവല്ലതും
അറിയുന്നുണ്ടോആവോ.......ഞായറാഴ്‌ച, ഒക്‌ടോബർ 04, 2009

ആര്‍ദ്രിതം.........


ഇന്നലെയും ഞാനവളെക്കണ്ടതെയുള്ളു,
കൊക്കിക്കുരച്ച് ഇതേ നടവഴിയില്‍
കീറിപ്പറിഞ്ഞ എങ്ങുമെത്താത്ത വസ്ത്രങ്ങളില്‍
ചവിട്ടുകിട്ടിയ പുഴുവിനെപ്പോലെ ചുരുണ്ടുകൂടി....

അവളുടെ മകളാണ് തൊട്ടുവിളിച്ചത്
വിശപ്പിന്റെ കടല്‍ വഴിയുന്ന കണ്ണുകള്‍കൊണ്ട്.
അവള്‍ തൊട്ടയിടം തൂവാലകൊണ്ട് തുടച്ച്
ഒരു നാണയമെടുത്ത് വലിച്ചെറിഞ്ഞ്
തിടുക്കത്തില്‍ നടന്നത് ഇന്നലെയായിരുന്നു.

ഇന്നും അവളുണ്ടിതേ നടവഴിയില്‍
ഇതുവരെ അണിഞ്ഞിട്ടില്ലാത്ത അലങ്കാരങ്ങളില്‍
കോടിവസ്ത്രങ്ങള്‍, നെറ്റിയില്‍ കുംങ്കുമം
സമൃദ്ധികവിയുന്ന പിച്ചപ്പാത്രം......
പറയാതെയെത്തിയ അതിഥികള്‍
പരന്നു നിറയുന്ന ചന്ദനസുഗന്ധം....!
അവളുടെ മുഖത്ത് നിന്നും ഈച്ചയെ മാറ്റുന്ന
മകളുടെ കണ്ണുകളിലിന്നും വിശപ്പിന്റെ ദൈന്യത.