വ്യാഴാഴ്‌ച, ജൂൺ 25, 2009

രണ്ടാം ബാല്യം...



പത്രത്തില്‍ വന്ന കാണാതായ ഒരമ്മയെ കുറിച്ച് വായിച്ചപ്പോഴാണ് കുറച്ചുനാള്‍ മുന്‍പ് സ്റ്റേഷനില്‍ കണ്ടുമുട്ടിയ ഒരമ്മയുടെ കാര്യം ഓര്‍മ്മ വന്നത്. ഡിസംമ്പറില്‍ ചേച്ചി വന്നപ്പോഴായിരുന്നു ഞങ്ങള്‍ ഋഷികേശില്‍ പോകാന്‍ തീരുമാനിച്ചത്.നദികളില്‍ ഏറ്റവും ഭംഗി ഗംഗക്കാണെന്നും ഗംഗയുടെ ഏറ്റവും സുന്ദരമായ ഭാവം കാണാന്‍ ഋഷികേശില്‍ പോകണമെന്നും ഞാന്‍ വിശ്വസിക്കുന്നു.ഋഷികേശിലെ ഗംഗയോട് എനിക്കൊരുതരം പ്രണയമാണ്... അതിനാല്‍ ആരുവന്നാലും ഋഷികേശില്‍ കൊണ്ടുപോകാന്‍ ഞാന്‍ കിണഞ്ഞു ശ്രമിക്കും.
ഞാനും കുട്ടുവും ചേച്ചിയും രാവിലെ അഞ്ചുമണിക്ക് വീട്ടില്‍നിന്നിറങ്ങി.ആറ് മുപ്പതിന്നായിരുന്നു വണ്ടി.വഴിയിലെ ട്രാ‍ഫിക്കിനെ ഭയന്നാണ് നേരത്തെ ഇറങ്ങിയത്. സ്റ്റേഷനില്‍ എത്തിയപ്പോള്‍ അഞ്ച് നാലപ്പത്തിയഞ്ച്. ന‍ല്ല ഇരുട്ട്.... ഡിസംമ്പറിലെ മരം കോച്ചുന്ന തണുപ്പും.ഇതിനിടെ സ്റ്റേഷനിലെത്തിയോ ,വണ്ടിലേറ്റാണോ...തുടങ്ങി കൂടെ വരാഞ്ഞതിന്റെ കുറ്റബോധം അവന്‍ ഫോണ്‍ വിളിയിലൂടെ തീര്‍ത്തുകൊണ്ടിരുന്നു.
തണുപ്പില്‍ നിന്ന് രക്ഷപ്പെടാനാവും കുട്ടു കാപ്പിയന്വേഷിച്ചു പോയി.കാപ്പി ഒറ്റക്കു കൊണ്ടുവരാന്‍ പറ്റില്ലല്ലൊ എന്നുപറഞ്ഞ് ഞാനും കൂടെ കൂടി.ദില്ലിയില്‍ എല്ലാ സ്റ്റേഷനുകളിലും ഉള്ള കോമിസോമെന്ന സ്നാക്ബാര്‍ചെയ്നിന്റെ ഔട്ട്ലെറ്റായിരുന്നു അത്. കാപ്പി ഓര്‍ഡര്‍ ചെയ്ത് നില്‍ക്കുമ്പോഴാണ് ഒരു സ്ത്രീ അടുത്തു വന്നത്.മുഷിഞ്ഞ വേഷങ്ങളില്‍ വയസ്സ് ഒരറുപത് തോന്നുമെങ്കിലും അവരുടെ മുഖം എന്തൊക്കെയോ കഥകള്‍ പറയുന്നുണ്ടായിരുന്നു.ഭിക്ഷക്കാരിയാണെന്ന് തോന്നിയില്ല.
മുഖവുരയൊന്നുമില്ലാതെ അവര്‍ എന്നോട് പറഞ്ഞു.
"ബേട്ടീ മുഝെ ബിസ്ക്കൂട്ട് ചാഹിയെ....."ഒന്നുപകച്ച എനിക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു.


മേരെ പാസ് നഹീ ഹെ മാജീ....എന്ന് പറഞ്ഞ് ഒഴിയാനാണ് പെട്ടന്ന് തോന്നിയത്. സത്യമായും എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.പെട്ടന്ന് എന്നെ ഞെട്ടിച്ച് കൊണ്ട് അവര്‍ അഞ്ചു രൂപയെടുത്ത് നീട്ടി.

"തുമെ പൈസാ ചാഹിയേ? ....പൈസാ ലേകെ ബിസ്കൂട്ട് ദേനാ...."

കോമിസോമില്‍ ചായ കോഫി സ്നാക്സ് എന്നിവ മാത്രമെ ഉണ്ടായിരുന്നുള്ളു.ഞാന്‍ കടക്കാരനോട് ഒരു സമോസ അവര്‍ക്ക് കൊടുക്കാന്‍ പറഞ്ഞു.
"നഹീ ബേട്ടി മുഝെ മീഠാ ഘാനാ ഹെ....മുഝെ ബിസ്കൂട്ട് ഖിലാദോ...."
"ഫിര്‍ ആപ്പ് ചായ് പീജിയേ....."
"നഹീ മുഝെ ബിസ്ക്കൂട്ട് ചാഹിയെ...."ഇതെല്ലാം ക്ണ്ടുനിന്ന കുട്ടുവും വല്ലാതായി.എന്റെ അവസ്ഥ കണ്ട് സഹായിക്കാനാവാം കടക്കാരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു."ആപ്പ് കോഫീ ലീജിയേ ദീദി."എന്നിട്ട് തിരിഞ്ഞ് ആ സ്ത്രീയോട് പറഞ്ഞു... "യഹാം ബിസ്ക്കൂട്ട് വിസ്ക്കൂട്ട് നഹീ ഹെ ആപ്പ് ചലെ ജാവൊ..."

ഹിസ്റ്റീരിക്കായ പോലെ പെട്ടന്ന് ആ സ്ത്രീയുടെ ഭാവം മാറി. "ഗാലീ മത് ദേനാ....മേം ചലീ ജാവൂംഗീ. ...ഗാലീ മത് ദെ...ഗാലീ മത് ദെ...."അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു...

ഇതെല്ലാം കണ്ട് ഞാന്‍ തണുപ്പിലും വിയര്‍ക്കുകയായിരുന്നു.കുറച്ചു മുമ്പ് അവന്റെ ഒരോ ഫോണിലൂടെയുള്ള അന്വേഷണത്തിലും സുരക്ഷിതത്വമനുഭവിച്ച് ഇരുപത് വയസ്സയ മകന്റെ കൂടെ ഇങ്ങിനെ നില്‍ക്കുമ്പോള്‍ ഈ സ്ത്രീ...ചരടുപൊട്ടിയ പട്ടം പോലെ.....ഒരുപക്ഷെ പത്രത്തില്‍കണ്ടതു പോലെ ഒരു മകനോ ഭര്‍ത്താവോ ഇവരെ തേടി നടക്കുന്നുണ്ടാവുമോ....ഒരു നിമിഷത്തിന്റെ വിഭ്രാന്തിയില്‍ വീടു വിട്ടിറങ്ങി ചിതലരിച്ച ഓര്‍മ്മകള്‍ തിരിച്ചു പോവാനനുവദിക്കാതെ.......അവരും മോഹിക്കുന്നുണ്ടാവുമോ ആ സുരക്ഷിതത്വത്തിലേക്കൊരു ഒരു തിരിച്ചു പോക്ക്.....

കഴിഞ്ഞ കുറച്ചുനേരം ശ്വാസമടക്കി ഞാനവരെ നോക്കിയിരിക്കയാണെന്ന് എന്റെ ശരീരം എന്നെ ഓര്‍മ്മപ്പെടുത്തി.കടക്കാരനും വല്ലാതായെന്ന് തോന്നുന്നു. അത് ബിസ്ക്കറ്റ് കിട്ടുന്ന കടയല്ലെന്നും സമോസയുടെ കൂടെ ധാരാളം സോസിട്ട് അതിന് നല്ലമധുരമാണെന്നും പറഞ്ഞ് അയാള്‍ അവരെ സമാധാനിപ്പിച്ചു.അവസാനം മനസ്സില്ലാ മനസ്സോടെ അവരതു കയ്യില്‍ വാങ്ങി.ഞാന്‍ പണം കൊടുക്കുമ്പോള്‍ അവര്‍ വീണ്ടും ചോദിച്ചു. "തുംഹേ പൈസാ ചാഹിയേ?..ലോ..."ആ അഞ്ചു രൂപ അവര്‍ നീട്ടിക്കൊണ്ടിരുന്നു."ആപ്പ് ഖായിയേ... "എന്നു പറഞ്ഞ് ചുമലില്‍ തട്ടിയപ്പോള്‍ അവര്‍ പതുക്കെ നടന്നു പോയി.

അപ്പോഴേക്ക് സമയമായിരുന്നു. ചേച്ചിയേയും കൂട്ടി പ്ലാറ്റുഫോമിന്റെ നിശ്ചിതസ്ഥാനതേക്ക് നടക്കുമ്പോള്‍ വീണ്ടും ഫോണ്‍ അടിക്കാന്‍ തുടങ്ങി. എല്‍ സി ഡിയില്‍ അവന്റെ പെര്‍ തെളിഞ്ഞപ്പോള്‍ വല്ലതൊരു ആശ്വാസം തോന്നി. ഫോണ്‍ ചെവിയോടടുപ്പിക്കുമ്പോളാണ് മുന്നില്‍ ഒരു ബിസ്ക്കറ്റ് കട. ഫോണ്‍ കൂട്ടുവിന് കൊടുത്ത് ഞാന്‍ കടക്ക് നേരെ നടന്നു.

"ആര്‍ക്കാണ്...."കുട്ടുവിന്റെ ശബ്ദം.
"അവര്‍ക്ക്"
"അതിനവരെവിടെ...?"ശരിയാണ് കണ്ണെത്തുന്ന ദൂരത്തൊന്നും അവരുണ്ടായിരുന്നില്ല.ഞങ്ങള്‍ക്ക് പോകാന്‍ സമയമായെന്നു പറഞ്ഞ് ദൂരേനിന്ന് വണ്ടി കണ്ണുരുട്ടിക്കാണിച്ച് കൊണ്ട് ഓടി വരുന്നുണ്ടായിരുന്നു.

ഇപ്പോഴും ഓരോ തവണ ബിസ്ക്കറ്റ് പാക്കറ്റ് തുറക്കുമ്പോഴും അവരുടെ ശബ്ദം ഓടിയെത്തും.

"മുഝേ ബിസ്കൂട്ട് ചാഹിയേ ബേട്ടി"

ജീവിതത്തിന്റെ നൂല്പാലത്തിലൂടെ വഴുതി വീഴാതെ നടന്നൊപ്പിക്കുമ്പോള്‍ ഈ ജീവിതസുഖങ്ങളുടെ ക്ഷണികത ഇത്രയും നന്നായി മനസ്സിലാക്കിത്തന്ന അവര്‍ ഓര്‍മ്മകളില്‍ എന്നും ജീവിച്ചിരിക്കണമെന്നു ഞാന്‍ മോഹിക്കുന്നു.

ഞായറാഴ്‌ച, ജൂൺ 21, 2009

ടെലിവിഷനു മുന്നില്‍‍


നെല്‍ വിത്തിനെ മണ്ണില്‍ കുഴിച്ചിട്ട്
മന്ത്രി ചെയ്ത ബലികര്‍മ്മത്തിന്
വരമ്പത്തുനിന്ന നാട്ടുകാര്‍
ക്യാമറയ്ക്ക് വേണ്ടി കയ്യടിച്ച്
ബലിക്കാക്കയെ വിളിച്ചു...
വൈകുന്നേരം ടെലിവിഷനില്‍
തങ്ങളുടെ കൈകൊട്ടലിന്റെ
പോസും ശബ്ദഗാംഭീര്യവും
വീട്ടുകാരോടൊത്തിരുന്നാസ്വദിച്ചു.
അന്നുരാത്രി സുഖമായുറങ്ങുമ്പോള്‍
വഴക്കടിക്കുന്ന നേതാക്കന്മാരോ
ലാല്‍ഗഡോ മാവോയിസ്റ്റുകളോ
അവരെ തെല്ലുപോലുമലട്ടിയില്ല.
ആ നേരം ലാല്‍ഗഡിലെ ജനങ്ങളും
ടെലിവിഷന്റെ മുന്നിലായിരുന്നു.
സാല്‍മരങ്ങളില്‍ കുരുത്തസ്വപ്നം
താഴെയിരുന്ന് കൊതിക്കാന്‍ പഠിച്ചവര്‍...
വിശപ്പ് ഒരസുഖമല്ലാത്ത
വെള്ളം അതിരുകളില്ലാതെ
തങ്ങളിലേക്ക് ഒഴുകിയെത്തുന്ന
തങ്ങളാല്‍ തങ്ങള്‍ക്ക് വേണ്ടി
പണിത ഗ്രാമം സ്വപ്നം കാണാന്‍
പഠിപ്പിച്ചവര്‍ക്ക് എതിരെ
സര്‍ക്കാരിന്റെ കാവല്‍ക്കാര്‍ തീര്‍‍ക്കുന്ന
ചക്രവ്യൂഹം പാടെ തകര്‍ക്കാന്‍
വിരിക്കേണ്ട മൈനുകളെപ്പറ്റി
അവര്‍ക്ക് അടായാളം കൊടുക്കാന്‍
സ്ത്രീകളെ ഒരുക്കുന്നതിനെപ്പറ്റി
പദ്ധതിയിടാന്‍ ഒരുപാടുറക്കം
അവര്‍ക്ക് കളയേണ്ടതുണ്ടായിരുന്നു.

ബുധനാഴ്‌ച, ജൂൺ 17, 2009

ആഴക്കണക്ക്......




സൂര്യ കിരണങ്ങളുടെ വ്യാമോഹം,

കടലിന്റെ നീലിമ വെട്ടിമുറിച്ച്

അതിരും ആകലനവുമില്ലാതെ

ആഴങ്ങളിലേക്ക് അളന്നിറങ്ങാമെന്ന്.....


ജലപാളികളില്‍ തൊട്ടനിമിഷം

നേര്‍ രേഖയില്‍ നിന്ന് വ്യതിചലിച്ച്

വിഘടിതമായ യാത്രക്കവസാനം

അനിയത വിദൂരങ്ങളില്‍....


ആഴിപ്പെരുക്കങ്ങളിലൊളിച്ചിരുന്ന്

അടക്കം പറഞ്ഞ് കടലു ചിരിക്കും.....

കടലിനു പോലുമറിയാത്ത നെഞ്ചിലെ

ഭൂതത്താന്‍ പൊത്തുകളുടെ ആഴക്കണക്ക്.





ചൊവ്വാഴ്ച, ജൂൺ 09, 2009

അന്ന്.....ഇന്നും.


എഴുത്തിന്റെ മൂലയിലിരുന്ന്
അടുത്ത വീട്ടിലെ പൂച്ച
വീട്ടിലെ അടുക്കളയില്‍
പാല് കട്ടുകുടിച്ച് ഏമ്പക്കമിട്ടു.....
പശു പെറ്റെഴുന്നേറ്റ്,
നെറ്റിയില്‍ ചുട്ടിയുള്ള
മഷിയെഴുതിയ കണ്ണുകളുള്ള
പശുക്കുട്ടി വരികള്‍ക്കിടയിലൂടെ
നീണ്ട വാലുപൊക്കി
നിര്‍ത്താതെ ഓടിക്കളിച്ചു.....
പിന്നെ ആരുടെയോ
കല്യാണ സദ്യയുടെ
മെനുകാര്‍ഡ്...
പെണ്ണിന്റെ കഴുത്തിലെ
ആഭരണങ്ങളുടെ കനം,
സാരിയുടെ നിറം,
തോട് അഴുകിയിട്ടും
കുളിക്കാന്‍ വന്ന
പെണ്ണുങ്ങളുടെ കലപില
തെങ്ങിലെ തേങ്ങയിട്ടത്
നാലും അഞ്ചും പേജില്‍
ഒതുങ്ങാതെ ഒഴുകുന്ന
അമ്മയുടെ തിരക്കഥയില്‍
സംഭാഷണമില്ലാത്ത
ഒരു അവാര്‍ഡ് സിനിമ
കണ്ട സുഖം......
അതൊക്കെ പണ്ട്...
ഇന്ന് ഫോണിലൂടെയും
ഇതൊക്കെത്തന്നെ....പക്ഷെ
റസൂല്‍ പൂക്കുറ്റിയുടെ
ശബ്ദ സംയോജനത്തോടെ
ഒരു സെക്കന്റ് പാഴാക്കാത്ത
മുഴുനീളന്‍ സംഭാഷണം
അരമുക്കാല്‍ മണിക്കൂര്‍...
അച്ഛനുണ്ടായിരുന്നെങ്കില്‍
പറയുമായിരുന്നു...
അഞ്ചുരൂപയുടെ
ഒരെഴുത്തിനു പകരം
അന്‍പതുരൂപയുടെ
ഒരു ഫോണ്‍ വിളി.
അമ്മ പിണങ്ങി ഫോണ്‍ വിളി
പിന്നെ ഒരാഴ്ച്ചക്ക്
നീട്ടിവെക്കും.







വ്യാഴാഴ്‌ച, ജൂൺ 04, 2009

പാവം തോട്......


ഇന്നീ തോട്ടുവക്കത്ത്
തണുപ്പായ് പുതയുന്ന
ജലത്തിമിര്‍പ്പിന്
പാദസരങ്ങള്‍
തിടുക്കം കൂട്ടുമ്പോള്‍
തെന്നിയൊളിച്ച
മീനുകളുടെ മുത്തം കൊതിച്ച്
കാല്‍ വിരലുകള്‍
തരിച്ചുനില്‍ക്കുമ്പോള്‍
കൈവിരല്‍ത്തുമ്പില്‍
തെറ്റിത്തെറിക്കുന്ന
നീര്‍മുത്തുകള്‍ക്കായി
മുഖം തുടിക്കുമ്പോള്‍
എല്ലാരും വിലക്കുന്നു.....
അടിച്ചേല്‍പ്പിക്കപ്പെട്ട,
ആശുപത്രിയിലെ
പൊട്ടിയൊലിച്ച
അഴുക്കുചാലുകള്‍,
വല്ലാതെ വളര്‍ന്ന
പട്ടണത്തിലെ
ചണ്ടിപണ്ടാരങ്ങള്‍,
നിറഞ്ഞ വിടുകളില്‍നിന്നും
ഒലിച്ചിറങ്ങിയ
വൃത്തികേടുകള്‍
അവയെ മൂകമായ്
സ്വീകരിച്ച് ഭ്രഷ്ടമായ
ഈ പാവം തോടിനെ........