ഞായറാഴ്‌ച, മാർച്ച് 20, 2011

ഹോളി ആശംസകള്‍ ...........നിറങ്ങളുടെ ഉത്സവമായ ഹോളിയെപ്പറ്റിയുള്ള കഥകള്‍ പണ്ടുതൊട്ടേ കേള്‍ക്കുമ്പോള്‍ വളരെരസകരമായി തോന്നിയിട്ടുണ്ട്. ഒരുപക്ഷേ രാധാകൃഷ്ണസങ്കല്‍പത്തിലെ തരളമനോഹരഭാവമാവാം, അല്ലെങ്കില്‍ കുട്ടിക്കാലം മുതലേയുള്ള
നിറങ്ങളോടുള്ള പറഞ്ഞറിയിക്കാനാവാത്ത ഇഷ്ടമാവാം അതിന്നു കാരണം. നമുക്കായി സമൂഹം എന്നു നമ്മള്‍ വിളിക്കുന്നനമ്മള്‍ തന്നെ കല്‍പ്പിച്ചുവെച്ചിരിക്കുന്ന അതിരുകളെ ലംഘിക്കാന്‍ സമൂഹം തന്നെ നമുക്ക് തന്നിരിക്കുന്ന ഒരു ദിവസം. അത് സഭ്യമായി മനസ്സിന്റെ നന്‍മയോടെ ആഘോഷിക്കുമ്പോള്‍ വ്യത്യസ്തതാല്പര്യങ്ങളുമായി ഓരോദ്വീപില്‍ ഒതുങ്ങുന്നവരെ ഒന്നിച്ചുകൊണ്ടുവന്ന് ഒരേ മാനസികാവസ്ഥയിലെത്തിച്ച് ഒന്നാക്കിത്തീര്‍ക്കാനുള്ള കഴിവ് ആഘോഷ
ത്തിനുണ്ട്.

ഹോളിയുടെ ഐതീഹ്യങ്ങളെ പറ്റി മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇത്തവണ ചിലയിടങ്ങളിലെ രസകരമായ ചില ആചാരങ്ങളെ പറ്റി പറയാം. പൊതുവേ കൃഷ്ണപൂജയോടെ തുടങ്ങി അയല്‍ക്കാരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശംസിക്കാനായി വീടിന് പുറത്തിറങ്ങുന്നതോടെ നിറം നമ്മിലേക്ക് തടയാനാവത്താവിധം ഒഴുകിത്തുടങ്ങും. വീട്ടില്‍ അടച്ചിരിക്കാമെന്നു കരുതിയാല്‍ ചിലപ്പോള്‍ വീട്ടിലും ഒഴുകിയെത്തിയെന്നുവരും . അതുഭയന്ന് എല്ലാവരും സ്വയമിറങ്ങിച്ചെല്ലാറാണ് പതിവ് . ഹിന്ദു കലണ്ടറിലെ അവസാന മാസമായ ഫാല്‍ഗുണത്തിലെ അവസാന ദിവസമാണ് ഹോളി ആഘോഷിക്കുന്നത്. പഴയ വര്‍ഷത്തെ യാത്രയയച്ച് പുതുവര്‍ഷത്തെ എല്ലാ നിറസമൃദ്ധിയോടെയും വരവേല്‍ക്കുകയെന്നതാണ് അല്ലങ്കില്‍ പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജീവിതം വര്‍ണ്ണശബളമാവട്ടേയെന്ന് ആശംസിക്കയാണ് നിറപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഉത്തര്‍പ്രദേശിനെ ചുറ്റിപ്പറ്റിയാണല്ലോ രാധാകൃഷ്ണകഥകള്‍ . യൂപിയിലെ മധുരയിലും വൃന്ദാവനിലുമൊക്കെ ഹോളി എല്ലാ ഭാവങ്ങളോടെയും നിറഞ്ഞു നില്‍ക്കുന്നെങ്കിലും ബര്‍സാനാജില്ലയിലെ ഹോളി ആഘോഷം വളരെ പേരുകേട്ടതാണ്‍. വിദേശത്തുനിന്നുപോലും ആളുകള്‍ ഇതില്‍ പങ്കെടുക്കാനായി എത്താറുണ്ട്. പുരുഷന്മാര്‍ സ്ത്രീകളെ പാട്ടുകള്‍ പാടി പ്രകോപിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ മുട്ടന്‍വടികളുമായി അവരുടെ പിന്നാലേ ചെന്നു തല്ലും. ലാഠ് മാരി ഹോളിയെന്നാണ് ഇതിന്നെ വിളിക്കുന്നത്. ബര്‍സാനയിലെ രാധാകൃഷ്ണമന്ദിറിന്‍റെ പരന്നുകിടക്കുന്ന അമ്പലപ്പറമ്പില്‍ ആയിരക്കണക്കിനാളുകള്‍ ഹോളിയുടെയന്നു തടിച്ചുകൂടുന്നു. സ്ത്രീകള്‍ പുരുഷന്മാരെ തല്ലാന്‍ തുടങ്ങുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ രാധേരാധേയെന്നു ഭ്രാന്തമായി ഉറക്കെ പാടികൊണ്ടേയിരിക്കും.തങ്ങളുടെ മുന്നില്‍ നടക്കുന്നത് രാധാകൃഷ്ണലീലകളാണെന്ന വിശ്വാസമാണ് ഇതിന്നു പിന്നില്‍. ബര്‍സാനയില്‍ മാത്രമായൊതുങ്ങാതെ ടീസ് ചെയ്യുന്നവരെ തല്ലാനുള്ള അധികാരം എല്ലായിടത്തും വ്യാപകമാക്കണമെന്നാണ് എന്റെ അഭിപ്രായം.

ഇവിടങ്ങളിലെ ഹോളിയോടനുബന്ധിച്ചുള്ള മയൂര നൃത്തവും വളരെ മനോഹരമാണ്.അതുമായി ബന്ധപ്പെട്ട് ഒരു കഥയുമുണ്ട്.ഒരു ഹോളിദിവസം മയിലുകള്‍ നിറഞ്ഞ മോര്‍കുടിയെന്ന ഗ്രാമത്തില്‍ രാധ കൃഷ്ണനെ തിരഞ്ഞെത്തുന്നു. ഒളിച്ചിരിക്കുന്ന കൃഷ്ണനെ കാണാഞ്ഞപ്പോള്‍ മയിലുകളുടെകൂടെ നൃത്തം വെക്കാനായി മയിലുകളെ തിരയുന്നു. അവയെയും കൃഷ്ണന്‍ ഒളിപ്പിക്കുന്നു. പിന്നീട് കോപിഷ്ടയായ രാധയുടെ മുന്നില്‍ കൃഷ്ണന്‍ മയിലായി എത്തുകയും രണ്ടുപേരും കൂടി നൃത്തം വെക്കുകയും ചെയ്യുന്നു. അതിന്റെ ഓര്‍മ്മയിലാണത്രെ നൃത്തം.

ഉത്തരഘണ്ഡിലെ കുമാവൂണില്‍ ആഘോഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് സംഗീതമാണ് . ബൈഥ്കി, ഖഡി,മഹിളാ തുടങ്ങി ഏതുതരം ആഘോഷമായാലും രസഭരിയും ഭക്തിസാന്ദ്രവുമായ ശുദ്ധസംഗീതത്തിനാണ് പ്രാധാന്യം. അതിന്നാല്‍ ഇതിന്നെ നിര്‍വ്വാണഹോളിയെന്നും പറയുന്നു.

ഖടി
ഹോളിയുടെ വിശേഷം ഹോളികയുമായി ബന്ധപ്പെട്ടതാണ്. ഹോളിയുടെ പതിനഞ്ചു ദിവസം മുന്പ് ഹോളികയെ ഉണ്ടാക്കുന്നു. ഇതിന്നു ചീര്‍ (ഹോളിക) ബന്ധന്‍ എന്നാണ് പറയുക. ചീര്‍ എന്നു പറഞ്ഞാല്‍ വലിയ വിറകുകമ്പുകള്‍ കുത്തനെ കോണ്‍ആകൃതിയില്‍ ചേര്‍ത്തുനിര്‍ത്തി നടുവില്‍ പൈയ്യാവൃക്ഷത്തിന്റെ പച്ചക്കൊമ്പ് തിരുകി വെക്കുന്നതാണ്. പച്ചക്കൊമ്പ് അടുത്ത ഗ്രാമക്കാര്‍ കട്ടുകൊണ്ടുപോകാതെ നോക്കണം . അതിന്നു ഹോളികാദഹനം വരെ ഗംഭീര കാവലുകള്‍ ഉണ്ടായിരിക്കും.

ഫൂല്‍വാരി ഹോളിയിലൂടെ പണ്ടുമുതലേയുള്ള ഗോ ഗ്രീന്‍ ആറ്റിറ്റ്യൂഡ് ആണ് പ്രതിഫലിപ്പിക്കുന്നത്. കെമിക്കലുകളുടെ ഉപദ്രവം തുടങ്ങാത്തകാലത്ത് പ്രകൃതിദത്തമായ നിറങ്ങള്‍ മാത്രമാണല്ലൊ ഉപയോഗിച്ചിരുന്നത്. ഫൂല്‍വാരി ഹോളിക്ക് പൂക്കളുടെ ഇതളുകളാണ് നിറത്തിനുപകരം ഉപയോഗിക്കുന്നത്. കളിയുടെ അവസാനം രാധാകൃഷ്ണന്‍മാരേ പൂകൊണ്ട് മൂടുന്നു.ഗുജറാത്ത് മഹാരാഷ്ട്ര തുടങ്ങിയവിടങ്ങളിലെ ഹോളി ആഘോഷങ്ങളില്‍ വെണ്ണക്കള്ളനായ കണ്ണനോടുള്ള സ്നേഹവും ഗൃഹാതുരതയുമാണ് നിറഞ്ഞുനില്‍ക്കുന്നത്.തൈര്‍ക്കുടം ഉയരങ്ങളില്‍ കെട്ടിവെച്ച് മനുഷ്യഗോപുരം തീര്‍ത്ത് അതിന്നുമുകളില്‍ കയറി തൈര്‍ക്കുടം എത്തിപ്പിടിക്കുകയാണ് ഹോളിദിനത്തിലെ പ്രധാന ആഘോഷം.

ബംഗാളിലും രാധാകൃഷ്ണന്‍മാരോടുള്ള ആരാധനതന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത് . രാധാകൃഷ്ണന്മാരെ ഊഞ്ഞാലിലിരുത്തി അത് മെല്ലെ ആട്ടിക്കൊടുത്തുകൊണ്ടാണ് അവര്‍ തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുന്നത്. തെരുവുകളില്‍ കൂടി രാധാകൃഷ്ണന്‍മാരെ ഊഞ്ഞാലിലിരുത്തി എഴുന്നള്ളിക്കുന്ന പതിവുമുണ്ടത്രേ.
എന്തൊക്കെ ആചാരങ്ങളായാലും നിറംപൂശല്‍ ഹോളി ആഘോഷങ്ങളില്‍ എവിടെചെന്നാലും ഒഴിവാക്കാന്‍ പാറ്റാത്തൊരു സംഭവമാണ്.
ഒരു ഭാവനതന്നെയാണ് ആഘോഷത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.


ഇത്രയും ഇന്നലെ എഴുതിവെച്ച് ഫോട്ടോകള്‍ക്കെവിടെപ്പോകുമെന്നു കരുതിയിരിക്കുമ്പോഴാണ് ഇന്നു രാവിലെ ഒരു ഫ്രെന്റ് വിളിച്ചത് വൈകുന്നേരം ഇന്ത്യ ഹാബിറ്റാറ്റ് സെന്റെറില്‍ ഹോളി ആഘോഷം കാണാന്‍ പോകാമെന്നു പറഞ്ഞ്. ശുഭാമുഡുഗലിന്റെ ഹോളിഗാനങ്ങളായിരുന്നു നോട്ടം. അവിടെച്ചെന്നപ്പോള്‍ അതുമാത്രമല്ല ബര്‍സാനയിലെ ഹോളി മൊത്തം മുന്നിലെടുത്തുവെച്ചുതന്നു. ലാഠ്മാരിയും ,ഫൂല്‍വാരിയും , ഹോളീസ്പെഷ്യല്‍ ഭക്ഷ്ണസാധനങ്ങളും ഒക്കെകൂടെ ഒരു നല്ല ആഘോഷം. മുന്നില്‍ചെന്നിരുന്ന ആണുങ്ങള്‍ക്കൊക്കെ ഒരുവിധം നല്ല തല്ലുകൊണ്ടു.

10 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജീവിതം വര്‍ണ്ണശബളമാവട്ടേ......... happy holi.........

രമേശ്‌ അരൂര്‍ പറഞ്ഞു...

ഹോളി ആഘോഷത്തിലെ വൈവിധ്യത്തെ ക്കുറിച്ചുള്ള ഈ പോസ്റ്റ് വിജ്ഞാനപ്രദമായി ,ഒപ്പം കൌതുകവും ഉണ്ടാക്കി ..:)

മനു കുന്നത്ത് പറഞ്ഞു...

നന്നായി ചേച്ചി.............!!!!
വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്.......!
നിറങ്ങളുടെ ഉത്സവമായ ഹോളിയോടൊപ്പം ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്ക്കാരിക്കപ്പെടാനും..അവയുടെ നിറങ്ങള്‍ക്ക് ചാരുത അല്പം പോലും കുറയാതെയുള്ള വര്‍ണ്ണമഴ* പെയ്യുവാനും ഈ കുഞ്ഞനിയന്‍ ആശംസിക്കുന്നു..!

നീര്‍വിളാകന്‍ പറഞ്ഞു...

ഒന്നും അറിയില്ലെങ്കിലും ഹോളി ഞാനും മൂന്നു നാലു വര്‍ഷം ആഘോഷിച്ചിട്ടുണ്ട്.... ഈ പോസ്റ്റ് വിജ്ഞാനപ്രദമായി..... ന്‍അല്ല ചിത്രങ്ങളും....

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

വിത്യസ്തമായ ഒന്നാണല്ലോ ഇത്തവണ.
ഒത്തിരി നന്നായി. അവതരണവും പറഞ്ഞ കാര്യങ്ങളും.
ഞാനിത് വരെ ഒരു ഹോളി ആഘോഷത്തിലും ചെന്ന് ചാടിയിട്ടില്ല.
വര്‍ണ്ണങ്ങളുടെ ഈ ഉത്സവം അടുത്തറിയാന്‍ താല്പര്യം.
ഈ ലേഖനം ആ ധര്‍മ്മം നിറവേറ്റി.

Unknown പറഞ്ഞു...

ഹോളിയെ കുറിച്ച് ഇത്ര മാത്രം കാര്യങ്ങള്‍ ഉണ്ടായിരുന്നു അല്ലെ ?
നന്ദി ഉപകാര പ്രദമായ ഈ പോസ്റ്റിനു
ഹാപ്പി ഹോളി

അജ്ഞാതന്‍ പറഞ്ഞു...

colorful holy wishes....
vijish kakkat

ente lokam പറഞ്ഞു...

ഹാപ്പി ഹോളി ...

വിജ്ഞാന പ്രദമായ ഒരു ഹോളി ചുളുവില്‍ ആഘോഷിച്ചു ..നന്ദി ..

the man to walk with പറഞ്ഞു...

Happy Holy

Echmukutty പറഞ്ഞു...

ethryo kaalam holi kalichu, ee paranjathellam arivaai thannathinu othiri nandi. pinne IHC athoru nalla ormmayumaanu.

abhnandanagal.