ഇത്തവണ നാട്ടില്‍പോയപ്പോള്‍ മാങ്ങാക്കാലമായിരുന്നല്ലോ. തോട്ടുവക്കിലെ നാട്ടുമാവില്‍ നെറയെ മാങ്ങ. വീഴുന്നത് പകുതി തോട്ടിലിക്കും ബാക്കി കാട്ടിലേക്കും. ഇപ്പോ നാട്ടിലുള്ള കുട്ടികള്‍ക്കാണെങ്കില്‍ നാട്ടുമാങ്ങ കടിച്ചുതിന്നുന്ന സ്വഭാവമേയില്ലല്ലോ. പുഴുണ്ടാവുമത്രേ. അവര്‍ക്ക് മാങ്ങയിഷ്ടമല്ലാന്നല്ല....... ചുരുങ്ങിയത് മൂവാണ്ടന്മാങ്ങയെങ്കിലും ആവണം . പിന്നെ തോലുചെത്തി പൂളി മുന്നില്‍ വെച്ചുകൊടുത്താല്‍ ഇരുന്നുതിന്നോളും. എന്തായാലും ഞങ്ങള്‍ രണ്ടു വയസ്സന്മാര്‍ ചെന്നപ്പോഴാണ് മാഞ്ചോടൊന്നുഷാറായത്. രാവിലെ നേര്‍ത്തേ ആളുകള്‍ തോട്ടില്‍ കുളിക്കാന്‍ വരും മുന്‍പുള്ള മാങ്ങപെറുക്കല്‍ എട്ടനും ഏറ്റെടുത്തപ്പോള്‍ സംഗതി കലക്കി.
"ന്റെ കുട്ട്യേ എടക്കെടയ്ക്ക് നോക്കിയ്ക്ക്വോളണ്ടുട്ടോ.. അല്ലാച്ചാ ഒരുവസ്തും കിട്ടില്ല്യേയ്.’’
“അതെന്തേ അമ്മിണ്യമ്മേ.”
ഇപ്പോ നിങ്ങള് വിചാരിക്കുന്നുണ്ടാവും ദേവൂട്ട്യേകാണാന്‍ വന്നപ്പോ ദ്പ്പാരാ അമ്മിണ്യമ്മാന്ന്..... അതല്ലേ കഷ്ടം ഇത്തവണ ദേവുട്ട്യേ കണ്ടില്യാന്നുള്ളതാണ് സത്യം. പാവം ഇലമുറിക്കാന്‍ പോയപ്പോ വഴുക്കിവീണ് കയ്യിന്റെ എല്ലുപോട്ടീത്രേ. നേര്യാവാന്‍ ചുരുങ്ങിയത് രണ്ടുമാസം പിടിക്കുന്നാ കേട്ടത്. പണ്ടേദുര്‍ബല പിന്നെ ഗര്‍ഭിണി എന്നു പറഞ്ഞ പോലെയായീന്നു പറഞ്ഞാല്‍ മതീലോ. .
അമ്മിണ്യമ്മക്കു കൊഴപ്പോന്നും ഇല്ല... പക്ഷേ തരം കിട്ട്യാ ദേവൂട്ട്യേ കുറ്റം പറയും ആത്രേയുള്ളൂ.
“നിക്കാ പെണ്ണുങ്ങളെ കണ്ണെടുത്താ കണ്ടൂടാട്ടോ.. വായിലനാവ് സാഹിക്കില്യേയ്”
ഇത് അമ്മിണ്യമ്മേടെ സ്ഥിരം ഡയലോഗാണ്. മാത്രല്ലാ മൂപ്പത്യാര്ക്ക് ദേവൂട്ടീടെ സ്ഥാനത്ത് വന്നാ കൊള്ളാംന്നുണ്ടെയ്. അതെന്തായാലും നടക്കില്ല. എട്ടനും എടത്ത്യമ്മേം പഴേ കമ്യൂണിസ്റ്റാണല്ലോ. അതോണ്ട് ദേവൂട്ടി ഇങ്ങോട്ട് വയ്യാന്നു പറയാതെ ജോലിയില്‍ നിന്നും പറഞ്ഞയക്കില്യാത്രേ . എടത്ത്യമ്മയാണെങ്കില്‍ ഞാനൊന്നും കേട്ടില്യേന്നുള്ള പോലെ നടക്കും. എനിക്കത് പറ്റില്യാലോ. എപ്പഴാ ഒരു കഥ പൊട്ടിമുളക്ക്യാന്നു വിചാരിച്ചു നടക്കുമ്പോ ഒന്നും കണ്ടില്ല്യാ കേട്ടില്യാന്നു നടിക്ക്യെങ്ങിന്യാ.......
അങ്ങിനെയിരിക്കുമ്പോ ഒരുച്ചക്കാണ്, ഉച്ചയെന്ന് പറഞ്ഞാല്‍ ഏകദേശം പന്ത്രണ്ടു മണിയായിട്ടുണ്ടാവും, ആയമ്മ വന്നത്. പത്തറുപത്തഞ്ച് വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ.
“കുഞ്ചാത്താലേ ത്തിരി മാങ്ങപെറുക്ക്ണ്ണ്ട്ട്ടൊ “എന്നു പറഞ്ഞു അവര്‍ മാഞ്ചോട്ടിലേക്ക് നടന്നു.
ആരാണെന്ന് ഞാന്‍ അമ്മിണ്യമ്മേടെ മോത്തേക്കൊന്നു കണ്ണുകാട്ടി. “കുട്ടിക്കറീല്യേ അമ്മ്വോമ്മേ“ അമ്മിണ്യമ്മ അടക്കിയ ശബ്ദത്തില്‍ വിവരിച്ചു. “ മ്മടെ കൊച്ചുട്ട്യമ്മേടെ ഹോം നര്‍സാത്രേ...... പാടത്തിന്റെ അക്കരേ വീട്. എപ്പഴും ഇവിടത്തെ മാഞ്ചോട്ടിലാ”
മാവിന്റെ ചോട്ടില്‍ നിന്നും കിട്ടിയ മൂന്നാലു മാങ്ങേംകൊണ്ട് ആയമ്മ വടക്ക്വോറത്തേക്ക് വന്നു. മാങ്ങ കുറഞ്ഞതിന്റെ നീരസം മുഖത്ത് കാണാനുണ്ടായിരുന്നു.
“അതേയ് കൊച്ചൂട്ട്യമ്മക്ക് ത്തിരി മാമ്പഴക്കൂട്ടാന്‍ ണ്ടാക്കി കൊടുക്കാന്ന്ച്ചിട്ടെ.. ആയമ്മക്ക് മോഹാണ്ത്രെ... ഇന്ന്‍ രാവിലെ പറയ്യേ.... “
കൊച്ചൂട്ട്യമ്മേ ഓര്‍മ്മയില്യേ.... കുട്ട്യോള്‍ടെ കൂടെ പോകാന്‍ ഇഷ്ടല്യാഞ്ഞിട്ട് ഒറ്റക്കു താമസിക്കണ, ദേവൂടീടെ സങ്കടമായിരുന്ന ,ചക്കയും മാങ്ങയും കൊണ്ട്, നാട്ടിലെത്തുന്ന ഞങ്ങളെ കാണാന്‍ വന്നിരുന്ന നമ്മുടെ കൊച്ചുട്ട്യമ്മേയ്......
അതോണ്ടുതന്നെ ആ ഒരു മോഹത്തില്‍ ഞങ്ങളെല്ലാം വീണു. കൂടുതല്‍ പഴുത്തതും ചെറുതായി പൊട്ടിയതുമായ മാങ്ങകളെല്ലാം ഏടത്തിയമ്മ അമ്മ്വോമ്മക്കു സമ്മാനിച്ചു. കൂടെ
“ നേരംത്രെയായില്ലേ ഇനിയെവിട്യാ പുളിശ്ശേരി വെക്കാന്‍ സമയം “ എന്നും പറഞ്ഞു ഇത്തിരി മാമ്പഴപ്പുളിശ്ശേരിയും കൊടുത്തു. ആയമ്മയുടെ മുഖത്ത് സന്തോഷത്തിന്റെ പൂര്‍ണ്ണുചന്ദ്രന്‍ ഉദിച്ചുയരുന്നത് ഞങ്ങള്‍ ചാരിതാര്‍ത്ഥ്യത്തോടെ നോക്കിയിരുന്നു.
വൈകുന്നേരം ഇളിച്ചിക്കോതയായിനില്‍ക്കുന്ന മുല്ലയോടും ഉറക്കം തൂങ്ങിത്തുടങ്ങിയ മന്ദാരത്തിനോടുമൊക്കെ പതിവു വിശേഷം ചോദിച്ചുനില്‍ക്കണ സമയത്താണ് പത്മാവതി വന്നത്. ആരാപ്പഴീപുതിയ കഥാപാത്രംന്നല്ലേ ചോദ്യം. ശരിക്കും ഒരുപാട് കഥേള്ള ഒരു അക്ഷയപാത്രം തന്നെയാണ് ഈ കഥാപാത്രം. പത്തറുപത്തഞ്ച് വയസ്സുവരും പ്രായംവരും. ചെവി ഒട്ടും കേള്‍ക്കില്യ. കല്ല്യാണോം കഴിച്ചിട്ടില്ല. എന്നാലും ആയമ്മേ ചിരിച്ചിട്ടല്ലാതെ കാണില്യ. എന്താന്നറിയില്ല അവരോടു സംസാരിച്ചുനില്‍ക്കാന്‍ ഒരുരസാണ്‍. സംസാരിക്കുമ്പോ കൈകള്കൊണ്ട്ള്ള ആംഗ്യങ്ങളും മുഖത്തെഗോഷ്ടികളും ഒന്നു കാണേണ്ടതുതന്നെയാണ്.. അതിലെ കുട്ടിത്തം കൊണ്ടാവും പ്രായം നോക്കാതെ എല്ലാരും അവരെ പേരെ വിളിക്കാറുള്ളൂ. .പക്ഷേ അമ്മ്വോമ്മെം പത്മാവതീം തമ്മില്‍ മുട്ടന്‍ വാഴക്കാത്രേ ..അമ്മിണ്യമ്മ പറയ്യേ. ഇപ്പോള്‍ കൊച്ചൂട്ട്യമ്മേടവിടെ സഹായത്തിനാണ്.
“മാമ്പഴപ്പുശ്ശേരി കിട്ട്യോ പത്മാവത്യേ?”
“മാമ്പഴപ്പുളിശ്ശേരിയോ? അതിന്പ്പാരേവിടെ മാമ്പഴ്പ്പുളിശ്ശേരിണ്ടാക്യേ കുട്ട്യേ?” പത്മാവതിയുടെ കണ്ണുകള്‍ വലുതായി.... വാക്കുകള്‍ക്കൊപ്പം രണ്ടുകൈകളും നൃത്തം വെച്ചു.
“അമ്മ്വോമ്മേടെ കയ്യില് കൊടുത്തയച്ചിരുന്നല്ലോ.കൊച്ചൂട്ട്യമ്മക്ക് കൊടുക്കാന്‍....’
“അതേപ്പോ നന്നായ്യേ......... ആയമ്മ ഉച്ചക്ക് നുംമ്പേ മോള്ടാടക്ക്ന്നും പറഞ്ഞ് എറങ്ങീതാണല്ലോ.....
“ഏയ്..കൊച്ചുട്ട്യമ്മക്ക് മോഹാന്ന് പറഞ്ഞിട്ടല്ലെ അമ്മ്വോമ്മ കൊണ്ടുപോയ്യേ”
“പാവം കൊച്ചൂട്ട്യമ്മേടടുത്തേക്കൊന്നും എത്തീട്ടില്യാട്ടോ അത്. ഇവറ്റോള്ന്റെ കുട്ട്യേ വായതൊറന്നാ നൊണേ പറയൂ...നൂപ്പത്ത്യാരത് മോള്ക്ക് കാഴ്ച്യായിട്ട് കൊണ്ടോയിട്ട്ണ്ടാവും. “
പിന്നെ പിടിച്ച് നിര്‍ത്തി അമ്മ്വോമ്മേടെ ഗുണവതികാരം നെരത്താന്തുടങ്ങിയ പത്മാവതീടെ മുഖത്തും സന്തോഷത്തിന്റെ പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുയരുന്നത് നോക്കിയിരിക്കുമ്പോള്‍ എന്താന്നറിയില്ല മനസ്സിലൊരു വൈക്ലബ്യം പോലെ........
ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........