ഞായറാഴ്‌ച, നവംബർ 30, 2008

അവസ്ഥാന്തരങ്ങള്‍

ഭയ്യാ ഇസ്മേം കീഡാ ക്യോം നഹീ ഹൈ?......
പച്ചക്കറിയ്ക്കാരനോട് കോളീഫ്ലവറില്‍ നിന്നും അപ്രത്യക്ഷമായ പുഴുക്കളെ കുറിച്ചു തിരയ്ക്കുകയായിരുന്നു അവള്‍.
മാഡം അതാണ് രാംസിംഗ്..എത്ര തിരഞ്ഞു പിടിച്ചാണെന്നൊ നിങ്ങള്‍ക്ക് വേണ്ടി ഇത്തരം സബ്ജി കൊണ്ടു വരുന്നത്.....
അവളോര്‍ത്തു... ശരിയാണ് ഇപ്പോള്‍ വരുന്ന കോളീഫ്ലവറിലൊന്നും പുഴുക്കളില്ല...!
'മാഡം ഞാന്‍ തൂക്കട്ടെ... യഹ് ലോബിയാ ദേഖോ..കിത് നാ സുന്ദ്ര്‍ ഹൈ'.നീണ്ടു മെലിഞ്ഞു വെളുത്ത പയര്‍ ‍കാണിച്ച് അവന്‍ പറഞ്ഞു.
'പക്ഷെ....ഭയ്യാ ഇതില്‍ ഒരു പുള്ളിക്കുത്തു പോലുമില്ലല്ലൊ.......'
'മാഡം അതാണ് രാംസിംഗ്....'
'പുഴുക്കള്‍ ഉള്ള പച്ചക്കറി എവിടെ കിട്ടും ഭയ്യ...?'
രാംസിംഗ് അവളെ തുറിച്ചു നോക്കി.'വഹ് സബ് ഗാവ് മേം മിലേഗെ....ഗരീബോം കെ ഖേത്ത് മേം.'
പാവങ്ങളുടെ വിളയിടത്തില്‍.....!ശരിയാണ് അവര്‍ക്കു വിഷം സ്വയം ചാവാനുള്ളതാണ്...
അല്ലാതെ പച്ചക്കറികളില്‍ തളിക്കാനുള്ളതല്ലല്ലൊ......
ഭാഭീജീ നിങ്ങള്‍ വാങ്ങുന്നില്ലെ? സ്നേഹ കോളിഫ്ലവര്‍ തിരയുകയാണ്.ശരിയാണു ഭാഭീജീ ഞങ്ങളുടെ ഗുരു മഹാവീര്‍ ബാബയുടെ കാരുണ്യമാണ്. മുന്‍പ് ഞങ്ങള്‍ കോളിഫ്ലവര്‍ കഴിക്കാറുണ്ടായിരുന്നില്ല!ശ്വാസത്തില്‍കൂടിപോലും ഒരു ജീവന്‍ അകത്തു കടന്നു കൂടാ...
ഒന്നും പറയാതെ അവളവിടെ നിന്നും നടന്നു.പിന്നില്‍ രാംസിംഗ് സ്നേഹയോട് ചോദിയ്ക്കുന്നതു കേട്ടു"ആഗ്രാ സെ ആയാ ഹൈ ക്യാ?"സ്നേഹ അതിനു മറുപടിയായി പതുങ്ങിയ ശബ്ദത്തില്‍ ചിരിച്ചുകാണും.
നമ്മുടെ ഊളം പാറയുടെയും കുതിരവട്ടത്തിന്റെയും പര്യായമാണു ആഗ്ര.
പുഴുവുള്ള കോളിഫ്ലവറും പയറും തേടി നടന്ന് ഒന്നും വാങ്ങാതെ അവള്‍ വീട്ടിലെത്തി.രാത്രി നിശാഗന്ധി കാണുന്നതിനിടയില്‍ ഇന്നലെ വാങ്ങിയ അമരയ്ക്കമുറിയ്ക്കുകയായിരുന്ന അവള്‍ അതു അറപ്പോടെ വലിച്ചെറിയ്ഞ്ഞു.
'എന്തു പറ്റി?.'..അച് ചനും മകനും ഒരേ ശ്ബ്ദത്തില്‍ ചോദിച്ചു.
'അമരയ്ക്കയില്‍ പുഴു...'അവള്‍ പറഞ്ഞു.
'നോക്കി വാങ്ങാഞ്ഞിട്ടല്ലെ....അതും ജീവനുള്ള പുഴു.......അയാളുടെ ശബ്ദത്തില്‍ ദ്വേഷ്യം.
'പക്ഷെ' ....അവള്‍ കൈ ഉടുപ്പില്‍ തുടച്ചു കൊണ്ടിരുന്നു.....'പെസ്റ്റിസൈഡില്ലെന്നുറപ്പയല്ലൊ.....'
പകച്ചുനോക്കിയ അയാള്‍ പറഞ്ഞു'നിനക്കു വട്ടാണ്.....'

മകന്‍ രാത്രിയില്‍ ചൂടാവുകയായിരുന്നു.'ഇപ്പോള്‍ ദിവസവും എന്താ കടലക്കറി തന്നെ? അമ്മയ്ക്കു വല്ലതും മാറിയുണ്ടാക്കരുതോ?....'.
'കോളി ഫ്ലവര്‍ വാങ്ങാത്തതെന്താ....സീസണാണല്ലൊ..?' അയാളുടെ ചോദ്യത്തിനു അവള്‍ മറുപടി പറഞ്ഞില്ല.
ഓഫീസില്‍ നിന്നും വരുമ്പോള്‍ കണ്ട കോളിഫ്ലവറിന്റെ ഭംഗി വിവരിയ്ക്കുകയായിരുന്നു അയാള്‍.അടുക്കിയൊതുക്കി വണ്ടിയില്‍ വെച്ചിരിയ്ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്.നാളെയും തിരയണം . പുഴുവുള്ള ഒരു കോളിഫ്ലവറെങ്കിലും കാണാതിരിയ്ക്കില്ല.....
മകന്‍ വെള്ളം കുടിയ്ക്കാന്‍ കിച്ചണില്‍ വന്നപ്പോള്‍ അവള്‍ അന്നു വാങ്ങിയ ആപ്പിള്‍ വെള്ളം നിറച്ച പാത്രത്തിലിടുകയായിരുന്നു.'ആപ്പിളെന്തിനാണ് വെള്ളത്തിലിടുന്നത്? എട്ടു മണിക്കൂര്‍ വെള്ളത്തില്‍ കിടന്നാല്‍ അലിഞ്ഞു പോകുന്ന ആപ്പിളിന്മേല്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള കീടനാശിനിയെ പറ്റി അവള്‍ വാചാലയായി....
ആര്‍ യൂ മാഡ്?... ആപ്പിളിലെ ന്യുട്രിയന്‍സ് മുഴുവന്‍ നശിയ്ക്കില്ലെ?...കൂടതെ വെള്ളത്തിലിട്ട ആപ്പിളിനെന്ത് സ്വാദാണുണ്ടാകുക.......
രാത്രി കിടക്കുന്നതിനു മുന്‍പ് മകളെ ഓര്‍മ്മിപ്പിയ്ക്കുകയായിരുന്നു അവള്‍ ....നാളെ കിറ്റിയുണ്ട് .ഗോയലാന്റി പ്രത്യേകം പറഞ്ഞിട്ടുണ്ട് നിന്നെ കൊണ്ട് ചെല്ലാന്‍.
അമ്മയുടെ ഒരു കിറ്റി.. ഞാനവിടെവന്നെന്തു ചെയ്യാനാണ് ?..മാസത്തിലൊരിയ്ക്കല്‍ ഞങ്ങള്‍ സ്ത്രീകള്‍ ഒത്തു കൂടും...പുതിയ സാരിയും വ്യത്യസ്തമായ ഭക്ഷണവും ...എല്ലാറ്റിലുമുപരിയായി നിറയെ ചിരിയുംനിറഞ്ഞ സദസ്സ്......
വീട്ടിലെത്തിയ മകള്‍ തുടങ്ങി...'എന്റെ വായ വേദനിയ്ക്കുന്നു'...അവളുടെ പകച്ച നോട്ടം കണ്ട് മകള്‍ പറഞ്ഞു ...'നിങ്ങളുടെ വിഡ്ഢിത്തമാശകള്‍ക്ക് ചിരി നടിച്ച് എന്റെ വായ വേദനിയ്ക്കുന്നു.'
ചിരി നല്ലതാണു കുട്ടി... നിനക്കറിയില്ലെ ലാഫിങ്ങ് ക്ലബ്ബിനെപ്പറ്റി?...ഹൈപ്പര്‍ ടെന്‍ഷന്‍ കുറയും..
അതാവും അമ്മ രണ്ടു നേരം ഹൈപ്പര്‍ റ്റെന്‍ഷനു ടാബ്ലറ്റെടുക്കുന്നത്.....
മൗനം വിദ്വാനു ഭൂഷണം.....
ചിരി അവളുടെ കൂടപ്പിറപ്പാണ് . അച്ഛനതറിഞ്ഞാണവള്‍ക്കു പേരുപോലുമിട്ടിരിയ്ക്കുന്നത്.സുനിത പറഞ്ഞതോര്‍ക്കുന്നു...ഭാഭീജി നിങ്ങള്‍ എങ്ങിനെ എപ്പോഴും ചിരിക്കുന്നു?.. ദ്വേഷ്യം വന്നാല്‍ പോലും നിങ്ങള്‍ ചിരിയ്ക്കാറാണ് പതിവ്.....!മുന്നാഭായിലെ ബൊര്‍മ്മന്‍ ഇറാനിയെ പോലെ അല്ലെ.....അവള്‍ ചിരിച്ചു.
പണ്ട് താമസിച്ചിരുന്ന ഗലിയിലെ മുഖര്‍ജി അങ്കിള്‍ പറഞ്ഞതോര്‍മ്മ വന്നു' ബേട്ടീ നിന്നെ കാണുമ്പോഴെന്റെ മനസ്സിനൊരു സുഖമാണ്...നീ മാത്രമെ എന്നോട് ചിരിച്ചു സംസാരിയ്ക്കാറുള്ളു.അങ്കിളിനെ കാണുമ്പോള്‍ നാട്ടിലുള്ള അച്ഛനെ ഓര്‍മ്മ വരും...
'അമ്മയ്ക്ക് പ്രാന്താണ്'ഇന്നിന്റെ വക്താവായ മകള്‍ ഉറഞ്ഞു തുള്ളുകയാണ്!
'അമ്മയുടെ ക്രിയേറ്റിവിറ്റി ഇങ്ങിനെയുള്ള വിഡ്ഡിത്തങ്ങള്‍ക്കിടയില്‍ പെട്ട് നശിയ്ക്കുകയാണ്...'
'യൂ ആര്‍ എ വെയിസ്റ്റ്ഡ് ടാലന്റ്......'
'ജസ്റ്റ് റിമമ്പര്‍....ഐ വോണ്ട് ബി സൊ.......'കല്ല്യാണമേ വേണ്ടെന്നു പറഞ്ഞിരിയ്ക്കുകയാണവള്‍.
പോഗോ ചാനലിലെ തക്കേഷീസ് കാസില്‍ കാണുകയായിരുന്നു അവള്‍.ഓരോ നിമിഷവും നിറഞ്ഞു നില്‍ക്കുന്ന തമാശയാണത്.
'ആ ചാനലൊന്നു മാറ്റു..' അയാള്‍കുളി കഴിഞ്ഞു വന്നത് അവള്‍ അറിഞ്ഞിരുന്നില്ല.'നിന്റെ പിരി കുറച്ചു ലൂസാണെന്നാ തോന്നുന്നത്...അല്ലാതെ ഇങ്ങനത്തെ ചാനല്‍ വെച്ച് സമയം കളയുന്നതെങ്ങിനെ?...'
'ശരിയാണ്... നാളെ ഒരപ്പോയിന്റ്മെന്റ് എടുക്കണം...'
'എന്തിന്?'
'ഒരു സൈക്ക്യാട്രിസ്റ്റിനെ കാണണം......

ബുധനാഴ്‌ച, നവംബർ 19, 2008

ഞാനിനിപാടുന്നത്

ഞാനിനിപാടുന്നത് ഭൂപാളിയില്‍ മാത്രം.....

മനസ്സിന്‍ താളില്‍ നിന്നും പെറാത്ത പീലിത്തുണ്ട്
പെറുക്കി ലാഘവം പുറത്തേയ്ക്കെറിയവെ
പറയുന്നിതു നിങ്ങള്‍ക്കറിയാന്‍ മാത്രം വേണ്ടി
ഞാനിനി പാടുന്നത് ഭൂപാളിയില്‍ മാത്രം......

അറിയാമെനിയ്ക്കതിന്‍ സ്വരമഞ്ചെണ്ണം മാത്രം
അതു പോലുമെനിയ്ക്കൊരുപാടായ് തീര്‍ന്നേയ്ക്കാം
ആരഭി പാടാമതിന്‍ ഗതിവിഗതികള്‍ വേറെ
ആവതില്ലെനിയ്ക്കതിന്‍ പിറകേ അലയുവാന്‍.....

ഞാനിനി പാടുന്നത് ഭൂപാളിയില്‍ മാത്രം

ചൊവ്വാഴ്ച, നവംബർ 18, 2008

കര്‍മഫലം

തട്ടിന്‍പുറം നിറയെ കടവാതിലുകള്‍...
തല കീഴായ് തൂങ്ങി കിടക്കുന്ന കടവാതിലുകള്‍.....
തള്ള പറഞ്ഞതു കേള്‍ക്കാഞ്ഞിട്ടാണത്രെ-
തല കീഴ്കണാംപാടായി തൂങ്ങുന്നത്.....

പണ്ട് പറഞ്ഞതു കേള്‍ക്കാഞ്ഞപ്പോള്‍ അമ്മ പറഞ്ഞു-
കണ്ടില്ലേ കടവാതിലുകള്‍ പറഞ്ഞതു കേള്‍ക്കാഞ്ഞാല്‍ നീയും.......
പാവം കടവാതിലുകള്‍ .....എന്നാലും
നമ്മുടെ അമ്മമാര്‍ക്കത്ര ക്രൂരമായ് ശപിയ്ക്കാന്‍ കഴിയില്ല്ലല്ലൊ.....

എന്റെ മനസ്സ് നിറയെ കടവാതിലുകളാണ്.....
ഏകാന്തതയില്‍ ഒരു ശബ്ദം ,ഒരു ചലനം, ഒരു ഗന്ധം
ചിറകുകളാഞ്ഞടിച്ചവ പറന്നുയരുന്നു....
ശാന്തസ്മുദ്രത്തില്‍ ആഞ്ഞടിയ്ക്കുന്ന കൊടുങ്കാറ്റ്.

ഇരുള്‍ നിറഞ്ഞ കുടുസ്സുമുറികളാണത്രെ കടവാതിലുകള്‍ക്കിഷ്ടം...
അപ്പോള്‍ ഇരുണ്ടൊരു കുടുസ്സു മുറിയാണെന്നോയെന്‍ മനം..
ആയിരം സൂര്യന്മാര്‍ക്ക് തേരോട്ടാന്‍
ഞാനതിന്‍ വാതായനം തുറന്നിടട്ടെ.....
ഇനിയും കടവാതിലുകള്‍ ചേക്കേറാതിരിയ്ക്കാനായ്.