വെള്ളിയാഴ്‌ച, ഫെബ്രുവരി 24, 2012

കഥാവശേഷങ്ങള്‍ .........

 

വഴുതിന ചുട്ടെടുക്കുമ്പോള്‍ പെട്ടെന്ന്
ഓര്‍മ്മ വന്നത് ഒരു കലാപത്തിന്റെ
വാക്കുരിയപ്പെട്ട കഥാവശേഷമാണ്.
ദൈവനിന്ദയോ പ്രീണനമോ
പുറന്താളുകളിലെഴുതിപ്പിടിപ്പിക്കാത്ത
നിനക്കു വിരുന്നൊരുക്കാനെന്ന്
ജാഠുകളുടെ പാടങ്ങളില്‍ നിന്ന്
ഉന്തുവണ്ടി കയറിയെത്തിയ
പാവമൊരു പച്ചക്കറിമാത്രമാണത്.
ഏരിയിച്ച തീയ്ക്കുമുകളിലായി
കമ്പിവലയിലിട്ട്  ചുട്ടെടുക്കുമ്പോഴാണ്
എന്തുകൊണ്ടോ അങ്ങിനെയൊരു.....

വഴിതിനയുടെ നിറത്തെപ്പറ്റിയോ
അതുവിളഞ്ഞ വരണ്ട പാടമോ
വഴുതിനയുടെ മുരടിന്‍ ചുവട്ടില്‍
കുത്തിയിരുന്ന തടമെടുത്തിരുന്ന
ഇടയിലെപ്പോഴോ കണ്ണുവെച്ച
ജാഠിണിയുടെ തവിട്ടുനിറമുള്ള മുലകളോ
ഇളംനിറത്തിലുള്ള അതിന്റെ പൂവോ
ജനിതക വൈലക്ഷണ്യം പോലുമോ അല്ല!

പൊടുന്നനെ തീയിലേക്കിറക്കിവെക്കുമ്പോള്‍
കത്തിക്കരിയുന്ന മണത്തിനൊപ്പം
ഉറക്കേക്കരയുന്ന നിശ്ശബ്ദതയിലേക്ക്
പെരുകിനിറയുന്നൊരു നിസ്സഹായത........

കരിഞ്ഞ പുറംകാഴ്ചകള്‍ക്കപ്പുറം  വെന്ത ദശ
പതുക്കെ പാളികളായി അടര്‍ത്തിയെടുത്ത്
ഇരുണ്ട ഇടയോരങ്ങളില്‍ ചികയുമ്പോള്‍
ആവിയിനിയുമടങ്ങിയിട്ടില്ലാത്ത
ജീവനുള്ള വേവുകള്‍ക്കിടയില്‍ നിന്ന്
തിടുക്കപ്പെട്ട് പ്രത്യക്ഷപ്പെട്ടേക്കാവുന്ന
വെന്തു മലച്ച കണ്ണുകളിലെ 
തണുത്തുറഞ്ഞ നിസ്സംഗത 
അതില്‍  ഊറിനിറയുന്ന സാജാത്യം   
ദശ പൊടുന്നനെ തിരികെയമര്‍ത്തിവെച്ചിട്ടും
പിന്നാലെവന്ന് വിലപേശുന്ന  കുറ്റബോധം...

നിങ്ങള്‍ക്കും  തോന്നാറുണ്ടോയെന്നറിയില്ല.
വഴുതിന ചുട്ടെടുക്കുമ്പോള്‍ പെട്ടെന്ന്
എന്തുകൊണ്ടാണോ അങ്ങിനെയൊരു.....