വ്യാഴാഴ്‌ച, ഡിസംബർ 30, 2010

ഒരു വര്‍ഷം കൂടി...........


വീണ്ടും ഒരു വര്‍ഷം കൂടി വിടപറയുന്നു. ഇനിയൊരു തിരിച്ചുവരവില്ലാത്ത നഷ്ട്ടപെടലുകളില്‍ ഒന്നുകൂടി. ഒരുപാട് സ്നേഹവും അതിലേറെ സന്തോഷവും മേമ്പൊടിയായി ഇത്തിരി സങ്കടങ്ങളും സമ്മാനിച്ച് ഞാനൊന്നും ചെയ്തിട്ടേയില്ലെന്ന മട്ടില്‍ നടന്നു മറയുന്ന ഒരു നല്ല സുഹൃത്തിനെപ്പോലെ ഈ വര്‍ഷവും ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം എനിക്ക് കൂട്ടായി.

ഒരുപാട് സൗഹൃദങ്ങളും അവ സമ്മാനിച്ച സ്നേഹവും അനുഭവിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായിരുന്നു ഇത്. ആദ്യമായി ഒരുബ്ലോഗ് മീറ്റില്‍ പങ്കെടുത്തതും ആ കൂട്ടായ്മയെ അടുത്തറിഞ്ഞതും അതു വളര്‍ന്ന് 'കൃതിപബ്ലിക്കേഷന്‍സ്' എന്ന പേരില്‍ പേരെടുത്തതും പുസ്തകമിറ്ക്കിയതും എല്ലാം ഈ വര്‍ഷമാണല്ലൊ. ഇതിനകം പലരുടേയും പ്രിയപ്പെട്ടതായി വളര്‍ന്ന 'വാക്കും' ഈ വര്‍ഷം എനിക്കു ഒരുപാട് സന്തോഷം തന്നിട്ടുണ്ട്. വാക്കില്‍ അംഗമല്ലായിരുന്നെങ്കില്‍ ഇടക്കുവെച്ച് ഞനൊരുപക്ഷെ എഴുത്തുതന്നെ നിര്‍ത്തുമായിരുന്നിരിക്കാം.

ചെറിയചെറിയ സങ്കടങ്ങള്‍ തന്നിട്ടുണ്ടെങ്കിലും ഈ വര്‍ഷത്തെ ഞാന്‍ ഒരുപാടൊരുപാടിഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ പുതിയ വര്‍ഷത്തിനെ വരവേല്‍ക്കാനായി ഒരുങ്ങുമ്പോഴും മനസ്സിലെവിടെയോ ഇത്തിരി വിഷമമുണ്ട്. അതു മാറ്റിയെടുക്കാന്‍ വരും വര്‍ഷത്തിനു കഴിയട്ടെയെന്ന
മോഹവുമായി ഈ ബ്ലോഗില്‍ വരാറുള്ളതും സ്നേഹത്തോടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തരാറുള്ളതും അല്ലാത്തതുമായ എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.

തിങ്കളാഴ്‌ച, ഡിസംബർ 20, 2010

ജാന്‍കി.


ജാന്‍കിയെ ഞാന്‍ പരിചയപ്പെടുന്നത് കുറച്ചു ദിവസം മുന്‍പാണ്. കഴിഞ്ഞ കഥയിലെ കഥാപാത്രത്തിനു ജാനകീമേനോന്‍ എന്നു പേരിടുമ്പോള്‍ ജാന്‍കി എന്ന പേരിലൊരാള്‍ തൊട്ടടുത്ത വീട്ടില്‍ ഉണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. നഗരം അങ്ങിനെയാണ്. എല്ലാവീടിനുമുന്നിലും അതിഗൂഢവും വ്യാജ്യവുമായ മൗനം കൊണ്ട് മതില്‍ തീര്‍ത്തിരിക്കും.

അല്ലെങ്കിലും ആ കഥാപാത്രത്തിന് ആദ്യം ജാനകിയെന്നായിരുന്നില്ലല്ലൊ പേരിട്ടിരുന്നത്. ആദ്യം ജയന്തിയും പിന്നീട് സൂസനും പിന്നീടെപ്പോഴോ ജാനകീമേനോനെന്ന ജാനിയും ആയി സ്വയം മാറുകയായിരുന്നു അവള്‍. കോളെജില്‍ എന്റെ വളരെ സീനിയറായിരുന്ന ഒരു കസിന്‍ ബ്ലോഗ് വായിച്ചപ്പോഴാണ് ആ പേര്‍ ശരിക്കും എന്നെ അതുഭുതപ്പെടുത്തിയത്. വായിക്കുന്നതിന്നിടയില്‍ "നിനക്കു ജാനിയെ അറിയുമായിരുന്നോ" എന്ന ചോദ്യം അപ്രതീക്ഷിതമായിരുന്നു. "ഏതു ജാനി " എന്നചോദ്യത്തിന് "എന്റെ സീനിയറായിരുന്ന ജാനി" എന്നായിരുന്നു ഉത്തരം. ഞാനെത്തും മുന്‍പ് കോളജിലുണ്ടായിരുന്ന അവരെപ്പറ്റി കേട്ടതായിപോലും ഓര്‍മ്മയില്ലായിരുന്നു. ചിലപ്പോള്‍ ഹോസ്റ്റലില്‍ റാഗിങ് കഥകളിലെ പൊടിപ്പിലും തൊങ്ങലിലും ഒരലുക്കായി ജാനിയും പെട്ടിരുന്നോയെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല.ആ കഥാപാത്രങ്ങള്‍ രണ്ടും ഹോസ്റ്റലിലെ കോറിഡോറിലൂടെ ചൂളം വിളിച്ചുനടന്നതിന്നു സിസ്റ്റര്‍മാരുടെ വഴക്കുകേട്ടിരുന്ന പെട്ടന്നു കടന്നുവന്ന മാറ്റങ്ങളില്‍ തീര്‍ത്തും മറ്റൊരാളായി മാറേണ്ടിവന്ന എന്റെ തന്നെ സ്വഭാവത്തിലെ വൈരുദ്ധ്യാത്മകതയെ ഇഴപിരിച്ചെടുത്ത് ഇത്തിരി നിറം കൊടുത്തതാണെന്നായിരുന്നു എന്റെ വിശ്വാസം. അല്‍ഭുതലോകത്തെ ആലിസിനെപ്പോലെ നിനച്ചിരിക്കാതെ റിയാലിറ്റിയിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴും കൂടെ തീരെ മാഡല്ലാത്ത ഒരു ഹാറ്ററുണ്ടായിരുന്നതിനാല്‍ പരീക്ഷണം പോലെവരുന്ന സങ്കടങ്ങള്‍ക്കിടയിലും ഒരു സ്വപ്നം പോലെ ജീവിച്ചുതീര്‍ക്കുന്നു ജീവിതം.
"ശരിക്കും ഇതിലെഴുതിയപോലെത്തന്നെയായിരുന്നു ജാനകീ മേനോന്‍, ഇപ്പോഴെവിടെയാണാവോ........" അവര്‍ പറ്ഞ്ഞുനിര്‍ത്തിയപ്പോള്‍ ഓര്‍മ്മ വന്നത് തോട്ടിലൂടെ ഒഴുകിയെത്തി എന്തെന്നറിയാതെ ചെവിയില്‍ പിറുപിറുത്ത കാറ്റിനെയായിരുന്നു. അത് ഒരുപക്ഷെ ഈ കഥ തന്നെയാവണം.

ഞാന്‍ പറഞ്ഞുവന്നത് ജാന്‍കിയെക്കുറിച്ചാണല്ലൊ. അവരെ ഞനാദ്യം പരിചയപ്പെട്ടത് കുറച്ചു നീരസത്തോടെയാണ്.രാവിലത്തെ തിരക്കിനിടയില്‍ ഗ്യാസ് തീര്‍ന്നെന്ന എന്റെ അലാം ഉയര്‍ന്നപ്പോള്‍ മാത്രമാണ് സ്പെയര്‍ സിലിണ്ടര്‍ പതിനഞ്ചു ദിവസം മുന്‍പ് ഞാനില്ലാത്തപ്പോള്‍ അയല്‍ വിട്ടുകാര്‍ കൊണ്ടുപോയ വിവരം കുട്ടു പറയുന്നത്. ആകെ പുകഞ്ഞുകൊണ്ടാണ് അയല്‍ വീട്ടില്‍ ചെന്നു ബെല്ലടിച്ചത്. പൊള്ളി വികൃതമായ മുഖമുള്ള പുതിയ വേലക്കാരി മാത്രമെ അവിടെയുണ്ടായിരുന്നുള്ളു. ആദ്യത്തെ കൂടിക്കാഴ്ചയുടെ ഷോക്കില്‍ പുതുതുതരാമെന്നു പറഞ്ഞിട്ടും പാതിതീര്‍ന്ന സിലിണ്ടര്‍ വാശിപിടിച്ച് അഴിച്ചെടുത്ത് കൊണ്ടുപോരുമ്പോള്‍ മനസ്സു വല്ലാതിരുന്നു.

പിന്നെ കുറച്ചുകാലം അവരെ കഴിയുന്നതും കാണാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എപ്പോഴാണെന്നറിയില്ല എന്റെ അറപ്പ് സഹതാപമായി മാറിയതും ഇടക്കൊക്കെ ഒന്നു ചിരിക്കാന്‍ തുടങ്ങിയതും. അപ്പോഴേക്കും ജാനകീമേനോനും ഒരു കഥാപാത്രമായി മാറിയിരുന്നു.

പതുക്കെ അടുത്തുതുടങ്ങിയ ദിവസങ്ങളിലെപ്പോഴോ ആണ് അവര്‍ സ്വന്തം കഥ പറഞ്ഞത്. സ്ത്രീയുടേതായി ബാഹ്യമായ ഒരു ശരീരം മാത്രമുള്ള പ്രസവിക്കാത്തതിനാല്‍ ഭര്‍ത്താവ് തിരിഞ്ഞുനോക്കാത്ത അവളുടെ പേരും ജാന്‍ കിയെന്നാണെന്ന അറിവ് എനിക്ക് അവരോടുള്ള സഹതാപം ഇരട്ടിപ്പിച്ചു. ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും കുറ്റപ്പെടുത്തലുകളില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ ഫലമാണത്രെ ഈ പൊള്ളലുകള്‍. ചെയ്തതുതെറ്റായിരുന്നെന്ന് അവര്‍ക്കിപ്പോള്‍ തോന്നുന്നുണ്ട്. പക്ഷെ ഇനിയൊന്നു മാറ്റിയെഴുതാന്‍ പറ്റാത്ത വിധം അവരുടെ ജീവിതം മാറിപ്പോയിരിക്കുന്നു.മദ്ധ്യപ്രദേശിലെ ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച അവര്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ടിവന്നതിനെക്കുറിച്ച് പറഞ്ഞ് ഒരുപാട് കരഞ്ഞു. വീടിനടുത്തുള്ള ഒരാശ്രമത്തില്‍ ചേരാനാണ് മോഹം. അതിനുമുന്‍പ് സ്വന്തം ആവശ്യങ്ങള്‍ക്കായി കുറച്ചു പണം സ്വരൂപിച്ചുവെക്കാനാണ് വീട്ടുജോലിചെയ്യുന്നതത്രെ. ആശ്രമത്തിലായാലും പണവുമായിചെന്നില്ലെങ്കില്‍ വേലക്കാരിയായിത്തന്നെ ജീവിക്കേണ്ടിവരും.കൂടാതെ ആശ്രമത്തില്‍ ചേരാന്‍ ഇനിയും ഭര്‍ത്താവ് സമ്മതം മൂളിയിട്ടില്ലത്രെ ! നിന്റെ കാര്യങ്ങള്‍ ഒട്ടും ശ്രദ്ധിക്കാത്ത ഭര്‍ത്താവിന്റെ സമ്മതമെന്തിനാണ് നിനക്ക് എന്ന എന്റെ ചോദ്യത്തിന്നു

"അദ്ദേഹം പറയുന്നതു അനുസരിക്കാതിരിക്കുന്നതെങ്ങിനെ... പാപം കിട്ടില്ലെ മേം സാബ്"

എന്ന മറുചോദ്യമാണ് ഉത്തരമായി കിട്ടിയത്. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായിട്ടും അവര്‍ക്കെങ്ങിനെ അങ്ങിനെ ചിന്തിക്കാന്‍ കഴിഞ്ഞു . നിങ്ങള്‍ക്കെന്തു തോന്നുന്നു? ചെറിയ അനിഷ്ടങ്ങളില്‍പോലും മുഖം വീര്‍പ്പിച്ച് മിണ്ടാതിരിക്കുന്ന എനിക്കു മനസ്സിലാവാത്ത കാര്യമാണിത്. ഒരു സ്ത്രീയായിരുന്നിട്ടുപോലും ചില സമയങ്ങളില്‍ അവരുടെ ചിന്താഗതികളെ ഉള്‍ക്കൊള്ളാന്‍ എനിക്കു കഴിയാറില്ല.

വെള്ളിയാഴ്‌ച, ഡിസംബർ 17, 2010

ഗൂഗിളില്‍ ..................


ഗൂഗിളില്‍കയറി ആകാശത്തേക്കുനോക്കിയപ്പോള്‍
ഒരു കറുത്തമേഘം കനത്തു പതുങ്ങി..................
പുറംവാതിലിന്നടുത്ത് ഒളിച്ചിരുന്ന്
നടുവിലേക്കൊരൊറ്റച്ചാട്ടത്തിനാണവനെ പിടിച്ചത്.
തൃശൂരിലേക്കാണത്രെ !!!!!
അടുത്താഴ്ച്ച പെയ്യണം പോലും.
"നിനക്കു വരുമ്പോള്‍ കൊണ്ടുപോവാനാണ്........."
ഇന്നലെ വിളിച്ചപ്പോഴാണ് അമ്മ അടുത്താഴ്ച്ച
ഉണക്കാനുള്ള കൊണ്ടാട്ടത്തിന്റെ കാര്യം പറഞ്ഞത്.
അമ്മയോടുപറയണം
ഇനി ഗൂഗിളില്‍ കയറി ആകാശത്തേക്കുനോക്കി
രണ്ടാഴ്ച്ചദൂരത്തില്‍ അവനില്ലാത്തപ്പോള്‍
മുളകു വാങ്ങിയാല്‍ മതിയെന്ന്.
കാലം മാറിയതറിയാത്തവന്‍.

ചൊവ്വാഴ്ച, ഡിസംബർ 14, 2010

ദേവൂട്ടി


വടക്കുപുറത്ത് പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് ദേവൂട്ടി വന്നതറിഞ്ഞത്. പതിവു കുശലങ്ങളൊന്നുമില്ലാതെ പണി തുടങ്ങിയതു കണ്ടപ്പോഴെ തോന്നി എന്തോ കുഴപ്പമുണ്ടെന്ന്. തോട്ടിന്‍ കരയിലെ കുളക്കോഴിയും എന്നും ഇതേസമയത്ത് തോട്ടുവക്കത്തെ മാച്ചില്ലകള്‍ക്കിടയില്‍ പറന്നുനടക്കുന്ന മഞ്ഞക്കിളിയുംവാഴക്കുടപ്പനിലെ തേന്‍ കുടിക്കാനെത്തുന്ന അണ്ണാനും ഓലേഞ്ഞാലിയും ഒക്കെ ഇന്നും പതിവുതെറ്റാതെയെത്തി കലപില കൂട്ടുന്നുണ്ട്. വറ്റു കൊത്തിപ്പെറുക്കാന്‍ വരുന്ന കാക്കയുടെ മുന്നിലും തന്റെ ആവലാതി കെട്ടഴിക്കുന്ന ദേവൂട്ടി ഞാന്‍ അടുത്തു ചെന്നു നിന്നതുപോലും അറിയുന്നില്ലെന്നു തോന്നിയപ്പോള്‍ ചോദിച്ചുപോയി

"എന്തേ പറ്റ്യേ ദേവൂട്ടീ......."

"അതേയ്........ ആയമ്മ ചത്തൂട്ടോ........"വളരെ നിസ്സംഗമായ മറുപടി എന്നെയൊന്നു ഞെട്ടിച്ചു. ചത്തു എന്ന പ്രയോഗത്തില്‍ നിന്നും അവള്‍ക്കിഷ്ടമില്ലാത്ത ആരോ ആണ് മരിച്ചതെന്നു മനസ്സിലായെങ്കിലും ഈ ഗ്രാമത്തിലുള്ള എല്ലാരും ഞങ്ങള്‍ക്ക് അമ്മമാരാണെന്നത് ഇത്തിരി ടെന്‍ഷനുണ്ടാക്കി. . കുഞ്ഞ്വാളമ്മ , കുഞ്ചൂട്ട്യമ്മ, ജാന്വോമ്മ അങ്ങിനെ ഒരുപാടമ്മമാര്‍. ഇതിലേതമ്മയാണോ ആവോ...........

"ആരേ ദേവൂട്ട്യേ.........?"

"അവന്റെ തള്ളേയ്... ആ പട്ടാമ്പീലെ.........."

" അയ്യോ ദേവൂട്ടീ ...ന്ന്ട്ട് നീയ് അവിടെ പോകാതെ ഇങ്ങട്ട് പോര്വേ?" ദേവൂട്ടീടെ മകളുടെ അമ്മായിയമ്മയാണ് മരിച്ചത്.

"അതേപ്പൊ നന്നായത്........ ന്റെ പട്ടി പോവും....... " ആയമ്മ കാരണമാണ് മകള്‍ വീട്ടില്‍ വന്നു നില്‍ക്കുന്നതെന്നാണ് ദേവൂട്ടി വിശ്വസിക്കുന്നത്.

"ന്നാലും ദേവൂട്ടി ഒന്നു പോയ്ക്കോളൂ ട്ടോ....ഇനിപ്പൊ അവന്‍ മനസ്സുമാറി മോളെ വിളിച്ചുകൊണ്ടുപോയാലോ.........."

"അതൊന്നും നടക്കില്ല്യ കുഞ്ചാത്തലെ.."

" അതെന്തേ...?"

"ഓള്‍ക്ക് ജാതകത്തില് രണ്ടാം കെട്ടിന് യോഗംണ്ട്ത്രേ ..........."

"രണ്ടാംകെട്ടോ........!"
ഒരു കെട്ടു കഴഞ്ഞതിന്റെ ഭാരംകൊണ്ട് തളര്‍ന്ന ദേവൂട്ടി ഇനിയും നിവര്‍ന്നു നിന്നിട്ടില്ല. അപ്പോഴാണ് അടുത്ത കെട്ടിന്റെ കാര്യം.

" അതേന്നേയ് ആ പണിക്കര് ഗണിച്ച് പറഞ്ഞതാണേയ്......."

" അതൊക്കെ പണം തട്ടാന്‍ വേണ്ടീട്ട് അയ്യാള് വെറുതെ പറയ്യാവും ദേവൂട്ടീ ........... കുറച്ചു ദെവസായില്ല്യേ അവളിവിടെ വന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട്.......... ചിലപ്പൊ അവന്റെ കൂടെ വീണ്ടും പോകാനാവും അവളുടെ യോഗം.."

"അതല്ലാന്നെ ........ഇവനല്ലാതെ വേറൊരാളെ മംഗലം കഴിക്കാന്‍ യോഗണ്ട്ത്രെ ന്റെ കുട്ടീടെ ജാതകത്തില്....... പിന്നെന്തിനാ വെറ്തേ ഓന്റെ പിന്നാലെ നടക്ക്ണത്.... മാലാറമ്പിലെ പണിക്കര് പറഞ്ഞാ അച്ചട്ടാ...."

ഇതെല്ലാം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ നില്‍ക്കുമ്പോള്‍ ഒന്നുറപ്പായിരുന്നു.........ആ പണിക്കര്ക്കിട്ട് ഒന്നു കൊടുക്കാന്‍ വൈകിയിരിക്കുന്നു.

ബുധനാഴ്‌ച, ഡിസംബർ 08, 2010

ഒരു നിഴല്‍ ..........






ഒരു നിഴല്‍
നെഞ്ചിന്റെയാഴങ്ങളില്‍
കിടന്നുഴലുന്നു പിടയുന്നു
ചില്ലുചുമരോരത്ത്
വന്നെത്തിനോക്കുന്നു
നാമം ജപിക്കുന്നു
പിന്നെയും തിരിയെപോയ്
വീണ്ടും തിരിച്ചെത്തി
ഒരു നിഴല്‍ ..........

ഒരു തിരി നീണ്ടതോ
ഒരു തിരി താണതോ
ഒരുകനല്‍ വെന്തതോ
ഒരുകരിപടര്‍ന്നതോ
ഒരുനാളമോര്‍ത്തോര്‍ത്ത്
നെടുവീര്‍പ്പിടുന്നതോ
ഒരു നിഴല്‍ ..........

ഒരുപക്ഷെയൊരുവെയില്‍
ചിമ്മിച്ചിരിച്ചതാം
ഒരുമഴക്കാറിങ്ങു
വഴിതെറ്റി വന്നതാം
ഒരു കടല്‍ക്കാറ്റിന്റെ
മണവുമായൊരുതുമ്പി
തെന്നിപ്പറന്നതാം
ഒരു നിഴല്‍ ............


ഒരുവേളനീയിന്നു
പടിയിറങ്ങുമ്പോള്‍
ഒരുവട്ടമൊന്നു
തിരിഞ്ഞുനോക്കാതെ
പുകയുന്നനെഞ്ചിലെ
ആളലും തീയും
നിറയുന്ന കണ്ണിലെ
ഓളത്തിളക്കവും
ഒരുകുടനീര്‍ത്തി
മറച്ചുപിടിക്കെ
അതുകൊണ്ടനിഴലാവാം
ഒരു നിഴല്‍ ...........