വെള്ളിയാഴ്‌ച, ജനുവരി 30, 2009

സുന്ദര ഭൂമി....ലോണാവല


ജ്യോതിര്‍മയം എന്ന ബ്ലോഗില്‍ ലോനാവ്ലയെപ്പഠഠി ഒരു പോസ്റ്റ് കണ്ടപ്പോള്‍ എന്റെ കയ്യിലുള്ള ഈ ഫോട്ടോസ് കൂടി ബുലോകം കാണട്ടെ എന്നു കരുതി .സുന്ദരമായ സ്ഥലമാണ്‍് ലോനവല.

മുംമ്പെ പൂനെ ഹൈവേയില്‍ കൂടി സുഖകരമായ ഒന്നര മണിക്കൂര്‍ യാത്ര
യാത്രക്കിടയില്‍ അകലെ കണ്ട വെള്ളച്ചാട്ടംപലരുവിക്കരയില്‍
വഴിയില്‍ സന്ദര്‍‍ശിച്ച ബയൊഡൈവേഴ്‍സിറ്റി പാര്‍ക്ക്ഇവിടെയും യന്ത്രങ്ങള്‍ മുടങ്ങാതെ പണിചെയ്യുന്നു
ഒരരുവിയിലൂടെ നടന്നു വേണം ഇവിടെയെത്താന്‍
മനുഷ്യന്‍ ഒരു ശല്യം തന്നെ
മലമുകളിലെ കിറുക്കന്‍ കാറ്റിന് കലിയിളകിയനേരം
ആത്തീ ക്യാ ഖണ്ടാല..ഖണ്ടാലയുടെ ദൂരക്കാഴ്ച്ച
മണവാളന്‍ പാറ ഇത് മണവാട്ടിപ്പാറ...ആകെക്കൂടെ ഒരു ദിവസത്തെക്ക് ന‍ല്ല വകയാണ്. കൂട്ടത്തില്‍ ലോണവല ചിക്കി ലോണാവല ചിഡ് വ ബാഗ് നിറഞ്ഞു

തിങ്കളാഴ്‌ച, ജനുവരി 26, 2009

"ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി."


''പിതോരക്ഷതി കൗമാരേ

ഭര്‍ത്തോ രക്ഷതി യൗവ്വനേ

പുത്രോ രക്ഷതി വാര്‍ദ്ധക്ക്യെ

ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി.''

ഞങ്ങള്‍ വാനരസേന....

സദാചാരത്തിന്റെ

കാവല്‍ ഭടന്മാര്‍.

നിങ്ങള്‍ സ്ത്രീകള്‍

പുരുഷനുവേണ്ടി മാത്രം

ജീവിക്കാന്‍,മരിക്കാനും

വിധിക്കപ്പെട്ടവര്‍....

സുഹൃത്തിനെപ്പോലെ?

ഭൃത്യയെ പോലെ

വേശ്യയെപ്പോലെ

പുരുഷനു സുഖം

തരേണ്ടവള്‍

നീ എന്തുടുക്കണം

എന്തു കുടിക്കണം

തീരുമാനിക്കേണ്ടത്

പുരുഷന്‍ മാത്രം...

നിന്റെ വികാരങ്ങള്‍

പുരുഷനെപ്രതി മാത്രം.

നീ പ്രസവിക്കുന്നത്

ആണ്‍കുഞ്ഞിനെ മാത്രം

ഞങ്ങള്‍ വാനരസേന....

സദാചാരത്തിന്റെ

കാവല്‍ ഭടന്മാര്‍.

നിങ്ങള്‍ സ്ത്രീകള്‍

പുരുഷനുവേണ്ടി മാത്രം

ജീവിക്കാന്‍,മരിക്കാനും

വിധിക്കപ്പെട്ടവര്‍....

പ്രണയം-2

പ്രണയം വേനല്‍ പോലെ......
തൃഷ്ണമായ പ്രണയത്താല്‍
തീക്ഷ്ണമായ ജീവിതം....
പെരുകി നിറയുന്ന
വേനല്‍ത്തളര്‍ച്ചയില്‍
പ്രദീപ്തമായ മരീചിക...
കയ്യെത്തിക്കും തോറും
ഒരു ‍പ്രലോഭം പോലെ
ദുരേക്ക് വഴുതി മാറി...
കനക്കുന്ന വേനല്‍ച്ചൂടില്‍
വറ്റിയ കനവുകള്‍...
കരിഞ്ഞ നിനവുകള്‍
അന്ന് നമ്മളിലൊരാള്‍
വരണ്ട പുഴയിലെ
പരക്കുന്ന ചാരനിറം.....

ബുധനാഴ്‌ച, ജനുവരി 21, 2009

പ്രണയം


പ്രണയം മഞ്ഞു കാലം പോലെ
കാണുന്നത് വെറും നിഴലുകള്‍ ....
പ്രണയം പടര്‍ന്നു കയറുമ്പോള്‍
നിറഞ്ഞ് പെയ്യുന്ന കോടമഞ്ഞ്....

പിന്നെ വെയില്‍ച്ചാര്‍ത്തില്‍
പാരസ്പര്യത്തിന്റെ മഞ്ഞുരുകുമ്പോള്‍
നിന്റെ ഗ്രീഷ്മവും എന്റെ വര്‍ഷവും
മഞ്ഞുറഞ്ഞ സമാന്തരങ്ങളില്‍.....

വീണ്ടും ഒരു വേനലറുതിയില്‍
ശരത്കാല വര്‍ണ്ണക്കാഴ്ച്ചയില്‍
മഞ്ഞുകാലമോഹം നമ്മില്‍
പറന്നുനിറയുന്ന മൂടല്‍മഞ്ഞ്

പ്രണയം മഞ്ഞു കാലം പോലെ
കാണുന്നത് വെറും നിഴലുകള്‍ ....
പ്രണയം പടര്‍ന്നു കയറുമ്പോള്‍
നിറഞ്ഞ് പെയ്യുന്ന കോടമഞ്ഞ്....

വെള്ളിയാഴ്‌ച, ജനുവരി 16, 2009

രണ്ടു കവിതകള്‍


1-ദയാവധം

( സമര്‍ പറഞ്ഞ കഥ അല്ലെങ്കിലൊരു നടന്ന സംഭവം )
ഇവള്‍ എന്റെ അനിയത്തി 'അമര്‍'രണ്ട് വയസ്സ്
ഒരു പാവക്കുഞ്ഞിനെപ്പോലെ.......
അവള്‍ എനിക്ക് മൂത്തത് 'സൗദ്' എട്ടു വയസ്സ്
ഒരു വെള്ളരിപ്രാവിനെപ്പോലെ....
ഞാന്‍ സമ്ര്‍ ആറുവയസ്സ്
സ്നേഹമുള്ളവരെന്നെ സൊസൊ എന്നു വിളിച്ചു.
ഞങ്ങള്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു.
ഞങ്ങളുടെ വീട്ടുമുറ്റത്ത്....എന്നത്തേയും പോലെ.
ടാങ്കുകളും പീരങ്കികളുമായി വന്ന് അവര്‍
ഞങ്ങളുടെ വീട് തകര്‍‍ത്തു.
ഉമ്മ അടുക്കളയിലായിരുന്നു.ഉപ്പ ടീവിക്ക് മുന്നിലും.
അവരുടെ വെടിയുണ്ടകളേറ്റ് ഞങ്ങള്‍
മരിച്ചിരുന്നു.ഞങ്ങള്‍ മൂന്നുപേരും...
അമറും സൗദും സ്വര്‍ഗ്ഗത്തിലേക്ക് പോയി.
ഉപ്പയുടെയും ഉമ്മയുടെയും അടുത്തെക്ക്.
ഞാനിവിടെ ഈ ആശുപത്രിയില്‍
വെടിയുണ്ട എന്റെ നട്ടെല്ലു തകര്‍ത്തിരിക്കുന്നു.
എനിക്കു ചുറ്റും എന്നെപ്പോലുള്ള
നൂറായിരം കുട്ടികളുടെ കരച്ചില്‍ മാത്രം.
എനിക്കിഷ്ടമല്ലിവിടം...എനിക്ക് പോകണം
വീട്ടിലേക്കല്ല...അമറിന്റെയും സൗദിന്റെയുമടുത്ത്
സ്വര്‍ഗ്ഗത്തിന്റെ സുരക്ഷിതത്വത്തിലേക്ക്...


2-ശിരോലിഖിതം

നിന്‍ ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്‍ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍ നീ
കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...

അലറിക്കരഞ്ഞുകൊണ്ടതു
പോല്‍കോപം കൊണ്ട്
കടലായ് കൊടുങ്കാറ്റായ്
ചിതറിതെറിച്ചു പിന്നി-
ടയില്‍തണുത്തുറഞ്ഞൊടുവില്‍
മനം വെന്ത മരു പോലചഞ്ചല
നിര്‍വീര്യയായ്നീയെന്നോ...

ഒന്നുരണ്ടല്ല ... നൂറ്റി
യെട്ടിലുമൊതുങ്ങാതി-
ന്നെണ്ണൂന്നു കബന്ധങ്ങള്‍
നിന്റെ മക്കളന്ന്യോന്ന്യം...
ഒരുവഴി ചെന്നെത്തുവാന്‍
കര്‍മ്മത്തിന്‍ഫലത്തേക്കാള്‍
ഒരുപിടി അവിലേ നല്ലൂ
എന്നല്ലോ നിനപ്പിവര്‍.....

കൊഞ്ചിച്ചു വഷളാക്കി
മക്കളെയെന്നോ
കാന്തന്‍ ചൊല്ലുന്നു കോപം
കൊണ്ടു തുടുത്ത നയനങ്ങളാല്‍.....
ഉയരുന്നൂഷ്മാവത്രെ
നിന്റെ നെഞ്ചിലെയഗ്നി
നിന്നുകത്തുകയാവാം
അതിഘോരമനുദിശം....

നിന്‍ ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്‍ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍
നീ കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...

തിങ്കളാഴ്‌ച, ജനുവരി 12, 2009

എരിവും പുളിയും


കല്ല്യാണം കഴിഞ്ഞു ഒരു മാസത്തിനു ശേഷം അവന്‍ മണല്‍ക്കാടുകളിലേക്ക് കെട്ടുകെട്ടി.കണ്ടു കൊതിക്കാന്‍ തന്റെ ഫോട്ടോകള്‍ നിറച്ച ഒരു മ്യൂസിക്കല്‍ ആല്‍ബവും സ്വയം പാടി നിറച്ച ഒരു പാട് കാസറ്റുകളും പിന്നെ വിസ വന്നാലുടനെ കൊണ്ടു പോകാമെന്നു തുടങ്ങി കുറെ വാഗ്ദാനങ്ങളും അവള്‍ക്ക് സമ്മാനിച്ചായിരുന്നു മടക്കം. മൊബൈല്‍ഫോണ്‍ എന്ന മഹാ സംഭവം അന്നുണ്ടായിരുന്നില്ല.


അതു വരെ പോറ്റി വളര്‍ത്തിയ വീട്ടുകാരെ മറന്ന് അവള്‍ തന്റെ വിരഹം വളരെ ഗ്രാന്റായി ആഘോഷിച്ചു.പത്താം ക്ലാസ്സ് കഴിഞ്ഞ് വീട് വിട്ട് ഹോസ്റ്റലില്‍ ചേക്കേറിയപ്പൊ തോന്നാത്തൊരു വെഷമം....കല്ല്യാണം കഴിഞ്ഞ് പിറ്റെ ദിവസം അവളെ അവന്റെ വീട്ടിലെത്തിച്ച് തിരിച്ചു പോകുമ്പോള്‍ ''കൂടെയാരെങ്കിലും നിക്കണോ മോളെ''യെന്ന അമ്മയുടെ ചോദ്യത്തിന് വേണ്ടെന്ന് നിസ്സംശയം മറുപടി പറഞ്ഞപ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞത് അവള്‍ കണ്ടില്ല.തിരിച്ചുള്ള യാത്രയില്‍ '' കുട്ടി ഒരു ദിവസം കൊണ്ട് വീട്ടുകാരെ മറന്നൂലോന്ന് ''ബന്ധുക്കള്‍ കളിയാക്കിയപ്പോള്‍ അമ്മയുടെ ഉള്ളം നുറുങ്ങിപ്പോയത്രെ. വെറുതെ അമ്മയെ ബുദ്ധിമുട്ടിക്കണ്ട എന്നെ അവള്‍ കരുതിയുള്ളു.പിന്നെ ചെറിയ റാഗിങ്ങൊക്കെ തരണം ചെയ്യാന്‍ ഹോസ്റ്റല്‍ ജീവിതം അവളെ പാകപ്പെടുത്തിയിരുന്നു.

ഫോണിന്റെയും പോസ്റ്റ്മനുഷ്യന്റെയും സഹായത്തോടെ അവള്‍ വിരഹം പരമാവധി ആഘോഷിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിന് സഹകരണം പ്രഖ്യാപിച്ച് അച്ഛന്‍ "ആ ആല്‍ബമൊന്ന് താ മോളെ ഞാനൊന്ന് കാണട്ടേ" എന്ന്. അഞ്ച് കിലോ വരുന്ന ആല്‍ബം പുഷ്പം പോലെ മകള്‍ പൊക്കുന്നതു കണ്ട് അച്ഛന്‍ സന്തോഷിച്ചു. മകള്‍ ഭാരമേറ്റാന്‍ പഠിച്ചിരിക്കുന്നു.അച്ഛന്റെ കയ്യില്‍ ആല്‍ബം ഏല്‍പ്പിച്ച് അവള്‍ അവന്റെ പാട്ടിലേക്ക് തല്‍ക്കാലം മടങ്ങി.
ദേവി നിന്‍ ചിരിയും, പൂവാം കുഴലിയും കേട്ടപ്പോള്‍ അവള്‍ക്ക് അവനെ കാണാന്‍ വൈകി.കാസറ്റ് പാട്ട് നിര്‍ത്തിയപ്പോള്‍ വിണ്ടുമവള്‍ ആല്‍ബം തേടിയെത്തി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും അച്ഛന്‍ തിരിച്ചും മറിച്ചും നോക്കുകയാണ്."അച്ഛന് ചെക്കനെ വല്ലാതെയങ്ങ് പിടിച്ചു പോയീന്ന് തോന്നുണു"എന്നൊരു കമന്റും അവളവിടെയിട്ടു.


രാത്രി ഉണ്ണാനിരുന്നപ്പോള്‍ അച്ഛന്റെ മുഖം മൂടിക്കെട്ടിയിരുന്നു. ഊണു കഴിഞ്ഞ് അവള്‍ പതിവുപോലെ അവനെഴുതാനിരുന്നു. അമ്മയും അച്ഛനും ഉമ്മറക്കോലായില്‍ വന്നിരുന്നു.ഈ സമയമാണ് അച്ഛന്‍ അമ്മയുടെ മുന്നില്‍ പാരവശ്യങ്ങളുടെയും പരാധീനതകളുടെയും ഭാണ്ഡക്കെട്ടഴിക്കുന്നത്. അച്ഛന്‍ പറയുകയായിരുന്നു....."ആ ആല്‍ബത്തില്‍ നിറയെ അവന്‍ കൂട്ടുകാരോടൊത്ത് കള്ള് കുടിക്കുന്ന ഫോട്ടോയാണ്. ഇത് നേരത്തേക്കൂട്ടി അറിഞ്ഞിരുന്നൂച്ചാ അവളെ കൊട്ക്ക്വായിരുന്നില്ല അവന് .ഇനീപ്പൊന്താ ചെയ്യാ?"...

അങ്ങിനെയിരിക്കെ നീണ്ട മൂന്നുമാസം കഴിഞ്ഞ് വിസ വന്നു. പോകുന്നതിന് തലേ ദിവസം അച്ഛന്‍ വിളിച്ചു.ഉപദേശിക്കാനാണെന്നവള്‍ക്കറിയാമായിരുന്നു.അച്ഛന്‍ പറഞ്ഞു"മോളെ അവന്റെ കുടി നീ പ്രോത്സാഹിപ്പിക്കരുത്
..അതപകടമാണ്"....അവള്‍ക്ക് നേരിയ ഭയം തോന്നി.അവള്‍ക്കറിയുന്ന ഒരേയൊരു കുടിയന്‍ ചാപ്പന്‍മൂപ്പരായിരുന്നു.സന്ധ്യക്ക് ഒര‍നുഷ്ഠാനം പോലെ വിറ്റുതീരാത്ത നെയ്ത്തുതുണിക്കെട്ട് തലയില്‍ ബാലന്‍സ് ചെയ്ത് ശരീരത്തിന് യാതൊരു ബാലന്‍സുമില്ലാതെ കൈകള്‍ കൊണ്ട് താളം പിടിച്ച് പാട്ടും പാടി ആടിയാടി നടന്നുപോകുന്ന ചാപ്പന്‍ മൂപ്പര് ഒരു കാഴ്ച്ചയായിരുന്നു.
"ചാപ്പന്‍ വരുന്ന വരവ് കണ്ട് ബയിക്കലീ കുയ്യ് കുയിച്ചതാരാ....."
കാറ്റിലൊഴുകിവന്ന് കള്ളിന്റെ മണം അവിടെ മുഴുവന്‍ പരക്കുന്നതായി അവള്‍ക്ക് തോന്നി.

അത് കഴിഞ്ഞ് കാലം ഒരുപാട് കഴിഞ്ഞു.ഇന്ന് എപ്പോഴെങ്കിലും അവനൊഴിച്ചു തരുന്ന ബ്ലഡ്ഡിമേരിയുടെ എരിവും പുളിയും നുകരുമ്പോള്‍ അവള്‍ അച്ഛനെ ഓര്‍ക്കും.അച്ഛന്‍ ക്ഷമിക്കുമോ എന്തോ.....

ശനിയാഴ്‌ച, ജനുവരി 10, 2009

നിറങ്ങള്‍ തന്‍ നൃത്തം മനാലിയില്‍


സ്വപ്ന ലോകത്തിന്റെ ജാലകപാളിയിലൂടെ കണ്ട നിഴലും വെളിച്ചവും കളിച്ച അതെ വഴിയില്‍ നിറം കോരിയൊഴിച്ച് പ്രകൃതി തന്റെ വികൃതി ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു .......
റോ റിക്കിന്റെ ദേവിക
റോ റിക് ഗാലറി

വെള്ളിയാഴ്‌ച, ജനുവരി 09, 2009

നിഴലും വെളിച്ചവും മനാലിയില്‍

നിഴലും വെളിച്ചവും വെളിച്ചം ഭൂമിയെ
അഗ്നിയായ് പുണരവെ സാന്ദ്രമാം ഇരുള്‍ മങ്ങി
നിഴലിന്‍ അഴല്‍ നീങ്ങി
ഉണരും തന്‍ ചേതന
തീക്ഷ്ണമാം പ്രണയത്തില്‍ ഉലയായ് ജ്വലിച്ചാകെ
ഉര്‍വരയായ് തീരുന്നു ഞാനും വെളിച്ചവുംമഞ്ഞു കുസൃതികളുടെ കുഞ്ഞു കവിതകളുമായി ഇനിയുമുയരങ്ങളിലേക്ക്





























































ചൊവ്വാഴ്ച, ജനുവരി 06, 2009

കാക്ക......?


കാക്കയ്ക്കിന്ന് ചോറു കൊടുക്കാന്‍ മറന്നു ....

കണ്ണടക്കു മുകളിലൂടെ നോക്കി ചോറുമെടുത്ത്

അമ്മ കിഴക്ക്വോര്‍ത്തേക്ക്..പാഞ്ഞു.

അറിയാതെ വന്നു പോയതാവം.. .

അമ്മയുടെ സ്വരത്തില്‍ കുറ്റബോധത്തിന്റെ

കഴുകിയാലും പോവാത്ത വഴുവഴുപ്പുകള്‍....

മുറ്റത്ത് തുണിയിടാന്‍ പോവുമ്പോഴൊക്കെ

അമ്മയുടെ കണ്ണ് തൈത്തെങ്ങിലാണ്.

വല്ലാത്തൊരു പ്രത്യാശയുള്ള നോട്ടം...

ആരെങ്കിലും കണ്ടാല്‍ തെറ്റു ചെയ്ത

സ്കൂള്‍ കുട്ടിയുടെ മുഖഭാവം...അല്ലെങ്കില്‍

ഞാനൊന്നുമറിഞ്ഞില്ലേയെന്ന്.. .

കിഴക്ക്വോര്‍ത്ത് അമ്മ കാക്കയോട്

പായ്യാരം പറഞ്ഞു കൊണ്ടിരുന്നു

വൈകി പോയതിന്റെ ക്ഷമാപണം....

മക്കളെത്തിയതിന്റെ പണിത്തിരക്ക്.....

അമ്പത് കൊല്ലം കൂട്ടിരുന്ന അച്ഛന്

അത് മനസ്സിലാവാതെ വയ്യല്ലോ ....

ഞായറാഴ്‌ച, ജനുവരി 04, 2009

ഒരമ്മയുടെ വേവലാതികള്‍





ഉച്ച വെയിലിന്റെ ചൂടില്‍ തളര്‍ന്നു ഞാന്‍

ഉള്‍ത്തളം തന്നിലൊളിച്ചിരിക്കെ

എന്നുണ്ണിയോടി വന്നുമ്മവെച്ചീടുവാന്‍

എന്മുഖം മെല്ലെയുയര്‍ത്തിയപ്പോള്‍

തെല്ലുനേരം കണ്ണിലുറ്റുനോക്കി ചൊല്ലി

എന്തമ്മ തന്‍ കണ്ണില്‍ വെള്ളമയ്യേ!.....

സുന്ദരമാം മുഖം തെല്ലിട കൊണ്ടൊരു

ചെമ്പനീര്‍ പോലെ തുടുത്തു വന്നു .

എന്താണു വേണ്ടതെന്നമ്മയ്ക്ക് ഞാന്‍ തരാം

അമ്പിളിമാമനെ കൊണ്ടരണോ......?

അല്ലഞാന്‍ ചേച്ചിയുമായ് വഴക്കിട്ടതോ

അച്ഛന്‍ വഴക്കു പറഞ്ഞതിന്നോ ......?

എന്തു ഞാന്‍ ചൊല്ലേണ്ടു എന്നുണ്ണിക്കുട്ടനോ-

ടെന്റെ ദുഖത്തിന്റെ കാരണമായ്.....

ചൊല്ലിത്തന്നാലും നിനക്കതിന്‍ വ്യാപ്തിയെ

തെല്ലുമുള്‍ക്കൊള്ളാന്‍ കഴിയില്ലല്ലൊ... .

വിപ്ലവത്തീയില്‍ കരിയും യുവത്വമോ

വിദ്യ മടുത്ത വിദ്യാര്‍ത്ഥികളോ.....

വിണ്ണിന്റെയാഴമളപ്പിക്കും വീര്യങ്ങ-

ളുള്ളില്‍ കടത്തി നശിപ്പവരോ...

അമ്മതന്‍ ദുഖവും പെങ്ങള്‍തന്‍ മോഹവും

ഒന്നുമുള്‍ക്കൊള്ളാത്തലമുറയോ....

ജാതിതന്‍ വീര്യം മുതലെടുത്തന്ന്യോന്ന്യം

പോരടിപ്പിക്കും കഴുകന്മാരോ....

തമ്മിലടിച്ചു മരിക്കുന്ന മക്കളാല്‍

ഉള്ളം കലങ്ങിയ മാതൃഭൂവോ

വാടിത്തളര്‍ന്നൊരു വള്ളികളോ കൊടും

വേനലില്‍ ശോഷിച്ചൊരാറുകളോ....

കത്തും വിളക്കിന്‍ പ്രഭയില്‍ തിളങ്ങുന്ന

കണ്ണന്റെ കണ്ണിലെ ശൂന്യതയോ...

കരയുവാന്‍ മാത്രമായ് ഭൂമിയില്‍ വന്നൊരു

പിറവിതന്‍ ശാപത്തിന്‍ ശക്തിയോര്‍ത്തോ

അമ്മിഞ്ഞപാലിനെ നമ്പാനരുതാത്ത

നഞ്ഞാക്കി മാറ്റിയ ശാസ്ത്രമോര്‍ത്തോ...

നഷ്ടമായ് പോയൊരാ ബാല്യത്തിന്‍ സ്വപ്നങ്ങള്‍

എത്തില്ല നിന്മുന്നിലെന്നതോര്ത്തോ .....

എന്തുഞാന്‍ ചൊല്ലേണ്ടതെന്റെ കുട്ടാനിന്നോ-

ടിന്നിതിലേതെന്റെ കണ്നിറച്ചു ...!

പേടിച്ചു പോകുന്നു നീ വലുതാകുമ്പോള്‍

ഏതു ലോകത്തിലൊളിപ്പിക്കും ഞാന്‍...?

ഗര്‍ഭപാത്രത്തിന്റെ ഏതോ ഒരുകോണില്‍

കൊച്ചു മാംസത്തുണ്ടായ് നീയിരിക്കേ

വ്യര്‍ത്ഥമൗനങ്ങളെ തല്ലി തകര്‍ത്തെന്നില്‍

സൃഷ്ടിതന്‍ സത്യമായ് നീ കിളിര്‍ക്കെ

വേഗമീയമ്മതന്‍ കയ്യിലെത്താന്‍, വാരി

വാരിയെടുത്തുമ്മയില്‍ പൊതിയാന്‍

ഏറെ കൊതിച്ചപ്പോഴോര്‍ത്തില്ലയീക്കഥ

പേടി സ്വപ്നങ്ങള്‍ നടുക്കിയില്ല...

പറ്റില്ലൊരമ്മയ്ക്കുമീയുച്ചനേരത്ത്

സ്വച്ഛം സമാധാനമൊന്നുറങ്ങാന്‍.. .

കാണുന്ന പേടി സ്വപ്നങ്ങള്‍ നടുക്കുന്നു

തേങ്ങും മനസ്സു തളര്‍ന്നിടുന്നു...

എന്തു ഞാന്‍ ചൊല്ലേണമെന്നുണ്ണിക്കുട്ടനോ-

ടെന്റെ ദുഖത്തിന്റെ കാരണമായ്....

അമ്മതന്‍ കണ്ണില്‍ പൊടി പോയതാണിപ്പോള്‍

‍എന്നുണ്ണി പോയി കളിച്ചു കൊള്ളൂ.. .

ചൊല്ലിഞാന്‍ കണ്ണു തുടച്ചു കൊണ്ടല്ലാതെ

എന്തു ഞാന്‍ വേറെ പറഞ്ഞൊഴിയും ......?

വ്യാഴാഴ്‌ച, ജനുവരി 01, 2009

തനിയാവര്‍ത്ത‍നം


കുളിരിന്റെ കംബളം തലവഴി മൂടിയെന്‍


ഇരവിന്റെ ദൈര്‍ഘ്യം പെരുക്കാന്‍ തുടങ്ങവെ


അണയുന്നു വീണ്ടും പ്രഭാതമെന്‍ ജാലക


പ്പഴുതിലൂടൊരുകൊച്ചു തൂവെയില്‍ത്തുണ്ടായി....


അഞ്ചരയായെന്നുറക്കെ അലാറമെന്‍


അന്തികെനിന്നു കരഞ്ഞു വിളിക്കവെ


സൂര്യ കിരണങ്ങളാം സൂചിതാഗ്രികള്‍


പാരമെന്‍ കണ്‍കളെ കുത്തി നോവിക്കവേ


പഥ്യങ്ങളില്ലാതെ പതിവു തെറ്റാതെ


പാടും പരാതിയുമൊന്നുമുരിയാതെ


അഞ്ചരയായെന്നുറക്കെ അലാറമെന്‍


അന്തികെനിന്നു കരഞ്ഞു വിളിക്കവെ


ആവര്‍ത്തനത്തിന്റെ തിക്തകം മോന്തുവാന്‍


ആകെ പിടഞ്ഞെഴുന്നേറ്റു ഞാനെത്തുന്നു....