വെള്ളിയാഴ്‌ച, മേയ് 28, 2010

വേവ്.........
വെറുതെ വെന്തു വെന്തു
വേവധികമാവുമ്പോള്‍
ചെമ്പ് നിറഞ്ഞു
കവിയുമെന്നാവുമ്പോള്‍
അടപലകപോലെ
മിഴികള്‍ പൂട്ടി
മലര്‍ന്നു കിടക്കണം.........
വാര്‍ന്നു വാര്‍ന്നു
വെള്ളം വറ്റും വരെക്കും.
കടവെട്ടിയ
അരിവാളിന്റെ മൂര്‍ച്ചയെയും
മെതിച്ചകാലിനെയും
തൊലിയുരിച്ച ഉലക്കയേയും
ശപിച്ചുതീരുംമ്പോഴേക്കും
വെള്ളം വറ്റിയിരിക്കും.
അതിന്നിടയില്‍
അമ്മയുടെ മാറിന്റെ
ചൂടുതൊട്ട്
അവന്റെ വിരലിന്റെ
തണുപ്പുവരെ
വേവു നോക്കി
കയറിയിറങ്ങിപ്പോകും.
അവസാനം
ആളിക്കത്തിയ
വിറകിനെ പഴിച്ച്
വേഗം വേവുന്ന
അരിയെ പഴിച്ച്
വാര്‍ക്കുന്തോറും ഉറഞ്ഞ
നീരിനെ പഴിച്ച്
കണ്ണുതുറക്കുമ്പോഴേക്കും
ചോറു വെറുങ്ങലിച്ചിട്ടുണ്ടാവും
വേവു പാകമായിട്ടുണ്ടാവും.
ഉണ്ണാന്‍ വൈകിയെന്നെല്ലാരും
തിരക്കു കൂട്ടുന്നുണ്ടാവും .

ഞായറാഴ്‌ച, മേയ് 23, 2010

വെള്ളിയാങ്കല്ലും...........


തുറന്നുകിടന്നിരുന്ന
ആകാശത്തുനിന്നും
നാലിറയത്ത് എന്നും
പറന്നിറങ്ങും ഒരു തുമ്പി..............

അവിടെത്തൊട്ടിവിടെത്തൊട്ട്
ശ്രീലകപ്പടിയിലിരുന്ന്
തെല്ലുനേരം നാമംജപിച്ച്
പതുങ്ങിയെത്തിയ കണ്ണന്റെ
നിറുകയില്‍ മുത്തി
നടുമുറ്റത്തെ മുല്ലത്തറയില്‍
വെയില്‍കായുന്നുണ്ടിപ്പോഴും..............

വെള്ളിയാങ്കല്ലും മുകുന്ദനും
മനസ്സിലുള്ളതുകൊണ്ടാവാം
മരിച്ചുപോയവരെയെല്ലാം
ഓര്‍മ്മിച്ചു പോയത്.
നിങ്ങള്‍ ആരാണെന്ന് അറിയാതെ
മനസ്സില്‍ ചോദിച്ചുപോയത്..............

സങ്കടം വന്നിട്ടാവണം
ആത്മാവ് ശരീരം വെടിയുമ്പോലെ
തുറന്നു കിടന്ന ആകാശത്തിലേക്ക്
പറന്നുയര്‍ന്നത്
അതുനോക്കിയിരുന്നപ്പോള്‍ തോന്നി
ചോദിക്കേണ്ടിയിരുന്നില്ല വെറുതെ..............


ചൊവ്വാഴ്ച, മേയ് 18, 2010

ഡെലീറ്റ്................


ഡെലീറ്റ് ചെയ്യണം എല്ലാം
ഓര്‍മ്മകളും സ്വപ്നങ്ങളും മോഹങ്ങളും
ബാക്ക് സ്പേസ് അടിച്ച്
ഒരു തീവണ്ടിയെന്നപോലെ............

കയറിയവരെ ഇറക്കി
ഇറക്കിയവരെ കയറ്റി
അവരെ കയറിയയിടത്ത് വീണ്ടുമിറക്കി
വാങ്ങിച്ച ചായ കാപ്പി
മുഷിഞ്ഞ ഉരുളക്കിഴങ്ങുവട
പാടിയ അന്താക്ഷരിയിലെ
നാലുവരിപ്പാട്ടുകള്‍
ഇടക്കുള്ള തമാശകള്‍
ആരും കാണാതെ ആരോ
സൂക്ഷിക്കാനേല്പ്പിച്ച ഒരു നോട്ടം
ഏതോകുഞ്ഞിന്റെ കരച്ചില്‍
അമ്മയുടെ താരാട്ട്
കളിച്ച ചതുരംഗങ്ങള്‍
കയറിയിറങ്ങിയ തുരംഗങ്ങള്‍
പാലത്തിനടിയിലെ വെള്ളം
കൂടെ ഓടിയെത്തിക്കിതച്ച സൂര്യന്‍
ഒളിഞ്ഞുനിന്നു ചിരിച്ച അമ്പിളിക്കല
കൈനീട്ടിവാങ്ങിയ മഴത്തുള്ളി
ടിക്കറ്റില്‍ പതിഞ്ഞ ടി.ടിയുടെ
വിരല്‍പ്പാടുകള്‍ എല്ലാം എല്ലാം.........
അവസാനം കയറിയ സ്റ്റേഷനില്‍
ലാഘവത്തോടെയിറങ്ങണം
ഇനിയുമിറങ്ങാന്‍ ബാക്കിയായവരെ നോക്കി
പ്ലാറ്റ്ഫോമില്‍നിന്ന് കൈവീശണം.

ബുധനാഴ്‌ച, മേയ് 12, 2010

നീ..........


തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കിടയിലിത്തിരി
ആകാശം തിരഞ്ഞ് രാത്രിമുഴുവന്‍ നമ്മള്‍
ഒഴുക്കിവിട്ട നിന്റെ പ്രണയത്തെക്കുറിച്ച്
പിറക്കാന്‍ കൊതിക്കാത്ത നിന്റെ കുഞ്ഞിനെക്കുറിച്ച്
പൂക്കളെക്കുറിച്ച് പുഴകളെക്കുറിച്ച് പിന്നെ
എല്ലാത്തിനെയും എല്ലാത്തിനെയും കുറിച്ച്
കളിയുംകാര്യവും പറഞ്ഞ് കാടുകയറിയതിന്നലെ..........

നിന്റെ കവിത മഞ്ഞുപോലെ പെയ്യുമ്പോഴും
നിന്റെ നെഞ്ച് വെന്ത് പുകമണം പരന്നതും
നീപോലുമറിയാതെ നിന്നില്‍നിന്നൊരാരവമുയര്‍ന്നതും
നിന്റെ കവിളിലെ വെറുംതുടിപ്പ്
കുരുതിച്ചുവപ്പായി മാറിയതിന്നും
വിളറിയ ആകാശവും ഞാനും സാക്ഷി...........

തുടുത്ത ആകാശം കണ്ട് ഭ്രമിച്ച്
നീ ഇറങ്ങിനടന്നതും
നമ്മള്‍ രണ്ടുകല്ലുകള്‍ ഉരഞ്ഞ്
തീപ്പൊരികള്‍ ചിതറിയതുമിന്നലെ ...........

നീയണിഞ്ഞ കുരുതിച്ചുവപ്പിലെ
നൂറും മഞ്ഞളും അടര്‍ന്നുമാറി
വിളറി വിറച്ചുനീ നീയല്ലാതാവുന്നത്
കാണേണ്ടെന്ന് കണ്ണടച്ചിരിക്കയാണിന്നു ഞാന്‍...........
....

ബുധനാഴ്‌ച, മേയ് 05, 2010

മുത്തശ്ശി


തറവാട്ടു കുളത്തിനു ചുറ്റും
പൊന്തക്കാട്ടിലൊരു പൊന്തയായി
നടുനിവരാതൊരു മുത്തശ്ശി
മരുന്നു പറിച്ചുകൊണ്ടിരുന്നു.
മുത്തശ്ശി മുതുകൂനിയെന്നു കൂവി
പിന്നാലെയെത്തിയ ഞങ്ങളുടെ
കൗതുകത്തെ വടികാട്ടിയകറ്റി
കുട്ടികളുടെ കുന്നായ്മയെയും
മഴയുടെ പെയ്യായ്മയെയും
വാതോരാതെ ശകാരിച്ച്
കഞ്ഞുണ്ണിയും തഴുതാമയും തൂടങ്ങി
കണ്ടാലും കൊണ്ടാലുമറിയാത്ത
മണമായി നടന്നുമറഞ്ഞതിന്നുപോലെ..............

മച്ചിന്റെ വാതിലടച്ചിട്ടും
തറിച്ച മറരുന്നിന്റെ മണത്തില്‍
തറവാടു നിറഞ്ഞു.
വടക്കോറത്തെ അമ്മിയുടെ താളത്തില്‍
തറവാടു കൂര്‍ക്കംവലിച്ചു.
തിളച്ചു കുറുകിയ എണ്ണമണം
ഉറങ്ങുന്നവരുടെ മൂക്കില്‍
കയറിയിറങ്ങി ഒളിച്ചുകളിച്ചു.
രാവിലെ മച്ചിലെയിരുട്ടില്‍ മുത്തശ്ശി
ഒറ്റക്കിരുന്ന് തലമറന്നെണ്ണ തേച്ചു.

മുത്തശ്ശിയുടെ എണ്ണയില്ലാഞ്ഞും
തഴച്ചുവളര്‍ന്ന മുടിമുന്നിലേക്കിട്ട്
ഞങ്ങളതു കണ്ടില്ലെന്നു നടിച്ചു.
തെക്കിണിത്തറയില്‍
മരിച്ചുകിടക്കുമ്പോഴും
മുത്തശ്ശിയുടെ കറുത്തമുടി
ഓരിഴ നരച്ച ഞങ്ങളെ നോക്കി
കളിയാക്കി ചിരിച്ചു.

ഇന്നും തറവാട്ടിലെ നാലിറയത്തിരുന്ന്
ഞങ്ങള്‍ മുത്തശ്ശിയെ ഓര്‍ക്കാറുണ്ട്.
പാടെനരച്ച ഞങ്ങളുടെ മുടി കണ്ട്
കറുത്തമുടി ചിക്കിപ്പരത്തി മുത്തശ്ശി
വേളുത്ത മേഘങ്ങള്‍ക്കിടയിലിരുന്ന്
ഉറക്കെയുറക്കെ ചിരിക്കുന്നുണ്ടാവും
വാതോരാതെ ശകാരിക്കുന്നുണ്ടാവും.