വ്യാഴാഴ്‌ച, ജൂൺ 24, 2010

ചൂട്....ചൂട്....ചൂട്
ചൂട്

കടുകോളം മഴ തേടി
കുന്നു കയറിയപ്പോള്‍
കടലോളം വെയില്‍ പെയ്ത്
കുന്നു കരിഞ്ഞിരിക്കുന്നു.............

ചൂട്

മഴ മഴയെന്നു നീ
പൊരിവെയിലെന്നു ഞാന്‍.........
ചൂട് ചൂടെന്നു ഞാന്‍
തണുത്തു വിറക്കുന്നെന്നു നീ........
പരസ്പരം പങ്കുവെക്കാനാവാത്ത
വിശേഷങ്ങള്‍ നമുക്കെന്തിന്

ചൂട്

കടലോളമല്ലെങ്കിലുമൊന്നു
പുകഞ്ഞാലെന്താണ്
മേഘമായി നിറയാലോ
മഴയായി പെയ്യാലോ.

ബുധനാഴ്‌ച, ജൂൺ 23, 2010

യാത്ര.........
ചൂണ്ടുവിരലിലെ പിടി മുറുകിയപ്പോഴാണ് അവള്‍ മയക്കത്തില്‍നിന്നുണര്‍ന്നത്. തുറന്ന കണ്ണിനൊപ്പം തിരിച്ചെത്താതിരുന്ന ബോധം വീണ്ടെടുത്തപ്പോള്‍ താനൊരു യാത്രയുടെ തുടക്കത്തിലാണെന്ന് അവള്‍ക്ക് ഓര്‍മ്മ വന്നു. തന്റെ വിരലുകളെ മുറുകെപിടിച്ചിരുന്ന കയ്യിലേക്ക് അവള്‍ കൗതുകത്തോടെ നോക്കി. ആദ്യമായിട്ടായിരുന്നു അവളുടെ വിരലില്‍ ആരെങ്കിലും ഇത്രയും ആത്മവിശ്വാസത്തോടെ പിടിക്കുന്നത്.

ഇത്രയുംകാലമുള്ള അവളുടെ ഓരോ യാത്രകളിലും അവള്‍ക്കു മുന്നില്‍ ആരുടെയെങ്കിലും ഒരു കൈ നീണ്ടുവരുമായിരുന്നു. അച്ഛന്റെ, അമ്മയുടെ, ചേച്ചിയുടെ, അവസാനം ഒരു നിമിത്തം പോലെ അവന്റെ. നോക്കിനടക്കൂ ....................... ശ്രദ്ധിക്കണേ ................ നിന്നെക്കൊണ്ട് പറ്റില്ലാ ........... എന്നിങ്ങിനെ നീണ്ടുവന്നിരുന്ന വിരലുകളില്‍ തൂങ്ങിമാത്രമെ അവള്‍ക്കു ശീലമുണ്ടായിരുന്നുള്ളു.

ചോരയുടെയും ഫിനോയിലിന്റെയും മണം നിറഞ്ഞ മുറിയില്‍ തലേദിവസം തുടങ്ങിയ വേദനയില്‍നിന്നും മുക്തിയായി ഒരു കുഞ്ഞുകരച്ചില്‍ മുഴങ്ങിയപ്പോഴേക്കും അവള്‍ തളര്‍ന്നു പോയിരുന്നു. ഒന്നു നോക്കാന്‍പോലുമാവാതെ മയക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ അവളുടെ മനസ്സ് ശൂന്യമായിരുന്നു. വളരെ വൈകിയെപ്പോഴോ ആണവള്‍ മയക്കമുണര്‍ന്നത്. മുറിഞ്ഞുപോയ പൊക്കിള്‍ക്കൊടി ബന്ധം വിളക്കിചേര്‍ക്കാനെന്നപോലെ തന്റെ വിരലില്‍ മുറുക്കിപിടിച്ച് അരികില്‍കിടന്നിരുന്ന കുഞ്ഞുമുഖം നോക്കിയിരുന്നപ്പോള്‍ എന്തിനെന്നറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇതുവരെയറിഞ്ഞിട്ടില്ലാത്ത മാതൃത്വത്തിന്റെ നനവ് ഉറഞ്ഞു ചുരത്താന്‍ തുടങ്ങിയപ്പോള്‍ അവളറിഞ്ഞു............ഇതൊരു യാത്രയുടെ തുടക്കമാണ്....ഒരു സുന്ദരമായ യാത്രയുടെ......................

ഞായറാഴ്‌ച, ജൂൺ 13, 2010

ദൈവവും ചെകുത്താനും................


ചിലയിടങ്ങളില്‍ അങ്ങിനെയാണ്
പട്ടണം വളരുന്തോറും
വഴികള്‍ ഇടുങ്ങിവരും.
വീടുകള്‍ വലുതാവുന്തോറും
മതിലുകള്‍ ഉയര്‍ന്നുപൊങ്ങും.
വളവുതിരിഞ്ഞുവരുന്ന വാഹനം
എന്തെന്നു തിരിച്ചറിയും മുന്‍പ്
നമ്മുടെ ശരീരത്തില്‍ മുട്ടിയുരുമ്മി
കടന്നുപോയിട്ടുണ്ടാവും.
വല്ലാത്ത ഒറ്റപ്പെടലിന്റെ ഭൂതം
കോര്‍മ്പല്ലു കോര്‍ക്കാന്‍ തുടങ്ങുമ്പോഴാകും
ഒരു സൈക്കിള്‍ ചത്തുപോയ ആവോലിയുടെ
തൊണ്ടയില്‍ക്കുരുങ്ങിയ കൂവലായി
ചുകന്നു മലച്ച ഉണ്ടക്കണ്ണായി
തുരുമ്പ് പിടിച്ച കത്തിയുടെ മൂര്‍ച്ചയായി
ചിലപ്പോള്‍ വെറുമൊരു മൂളിപ്പാട്ടായി
വളവുതിരിഞ്ഞെത്തുന്നത്.
അവനും അങ്ങിനെയായിരുന്നു
പതിനാറിന്റെ കൗതുകമായി
വളവുതിരിഞ്ഞെത്തിയത്.
ഇന്നും ഉറക്കത്തിന്റെ
കുണ്ടനിടവഴികളില്‍ ഇടക്കിടക്ക്
അവന്റെ മൂളിപ്പാട്ടു കേള്‍ക്കുമ്പോള്‍
ചുന്നിയൊന്നുകൂടി വലിച്ചിടണമെന്നുതോന്നും.
അവനടുത്തെത്തുമ്പോള്‍
ചെവിയൊന്നു പിടിക്കണമെന്നും
അവന്‍ കുടിച്ചമുലകള്‍ക്കുമുന്നില്‍
കൂട്ടി കൊണ്ടുപോകണമെന്നും
അമ്മയിലെ അന്തസ്സാരം
കാട്ടിക്കൊടുക്കണമെന്നും തോന്നും.
വളവുതിരിഞ്ഞ് അവന്‍
വരുന്നതും നോക്കിയിരിക്കും ..........പക്ഷെ
വിചാരിക്കുന്നതിലും വേഗത്തിലാണല്ലൊ
ദൈവം ചെകുത്താനായി മാറുന്നത്.

ഞായറാഴ്‌ച, ജൂൺ 06, 2010

നാട്ടുവള്ളം.


ഇനിയുമെന്റെ നാട്ടുവള്ളം
കരയ്ക്കണഞ്ഞില്ലെന്ന്
ഇനിയുമെന്റെ നെഞ്ചിലെ
നാട്ടുപച്ച കരിഞ്ഞില്ലെന്ന് നീ!
കാച്ചെണ്ണ തേയ്ക്കാഞ്ഞും
കുളിപ്പിന്നു പിന്നാഞ്ഞും
ചാന്തുപൊട്ടിന്റെ മണം മറന്നിട്ടും
കഥകളിച്ചുവപ്പിലും
പഞ്ചാരിത്തിമിര്‍പ്പിലും
തളിര്‍ത്തു തഴച്ച്
ആകാശത്തോളം വളര്‍ന്ന്
ആര്‍ക്കും വേണ്ടാത്ത
നാട്ടുമാഞ്ചോട്ടില്‍
നാടുണരും മുന്‍പേചെന്ന്
മാമ്പഴം പെറുക്കിക്കൂട്ടി
നെല്ലിക്കാച്ചവര്‍പ്പില്‍
തുടിയുടെ താളത്തില്‍
എന്നോ കൊഴിഞ്ഞ
പാദസരക്കിലുക്കങ്ങള്‍
തേടിയലഞ്ഞ്
നെല്ലിക്കാത്തളത്തിന്റെ
വക്കിലൂടെ വഴുതിയിറങ്ങിയത്രെ
എന്റെ നാട്ടുവള്ളം....

നിന്നില്‍ പൂത്ത ഗുല്‍മോഹറും
അതുവീണു തുടുത്ത വഴികളും
അതിലൂടെ നിന്റെ ലക്ഷ്യവും
കൊടും വേനലിലെ ഒരു പൂക്കാലം .
തളിര്‍ത്ത ഇലകള്‍ക്കിടയിലൂടെ
ആകാശംകണ്ട് നീയും കോരിത്തരിക്കും
അന്നു നമുക്കു തുഴയാം നമ്മുടെ നാട്ടുവള്ളം.