ഞായറാഴ്‌ച, ഫെബ്രുവരി 28, 2010

ഹോളീ ഹേ................

ഹോളിക്ക് ഒരുപാട് ഐതിഹ്യങ്ങള്‍ ഉണ്ട്. ഹോളികാദഹനത്തിനുള്ള തെയ്യാറെടുപ്പ്


ഹോളിആഘോഷങ്ങള്‍ക്ക് രണ്ട് ഭാഗമുണ്ട്. ആദ്യത്തെ ദിവസം വൈകുന്നേരം നടക്കുന്ന ശിവപൂജക്ക് ശേഷം ഹോളികാദഹനം നടത്തുന്നു.ഹിരണ്യകശിപുവിന്റെയും പ്രഹ്ലാദന്റെയും കഥ അറിയുന്നതാണല്ലൊ. പ്രഹ്ലാദനെ കൊല്ലാന്‍ ഒരു വഴിയും കാണാതെ ഹിരണ്യകശിപു സഹോദരിയായ ഹോളികയെ ചെന്നു കണ്ടു.അഗ്നിക്ക് അവരെ നശിപ്പിക്കാന്‍ കഴിയില്ല എന്ന വരം
അവര്‍ നേടിയിരുന്നു. പ്രഹ്ലാദനെയും കൊണ്ട് തീകുണ്ഡത്തില്‍ പ്രവേശിച്ച ഹോളിക കത്തി നശിക്കുകയും(തനിയെ ആണെങ്കില്‍ മാത്രമെ വരം പ്രായോഗികമാവുള്ളു) പ്രഹ്ലാദന്‍ പൊള്ളലേല്‍ക്കാതെ തിരിച്ചുവരികയും ചെയ്തു എന്നാണ് കഥ.അതിന്റെ ആഘോഷമാണ് പിറ്റെ ദിവസം നടക്കുന്ന വര്‍ണ്ണച്ചൊരിച്ചില്‍.
വേറൊന്ന് പൃതു രാജാവിന്റെ കാലത്ത് ഉണ്ടായിരുന്ന ധുണ്ഡി എന്ന രാക്ഷസിയെ ആണ്‍കുട്ടികള്‍
കൂട്ടമായി ചെണ്ടകൊട്ടിയും കളിയാക്കിയും നാടുകടത്തിയതിന്റെ ഓര്‍മ്മക്കായും ഹോളി ആഘോഷിക്കുന്നുണ്ട്. അതു കാരണമാണ് കളി ഏതു തലത്തിലെത്തിയാലും ഹോളിദിവസം അതെല്ലാം കണ്ടില്ലെന്നു നടിക്കുന്നത്
വൃന്ദാവനത്തിലെ രാധാകൃഷ്ണ സങ്കല്പമാണ് മറ്റൊരു ഐതീഹ്യം.തന്റെ നിറത്തെ ചൊല്ലി കൃഷ്ണന്‍ യശോധയോട് സങ്കടം പറഞ്ഞപ്പോള്‍ രാധയുടെ ശരീരത്തില്‍ നിനക്ക് ഇഷ്ടമുള്ള നിറം തേച്ചുകൊള്ളാന്‍ യശോധ കൃഷ്ണനെ ഉപദേശിക്കുന്നു. അങ്ങിനെയാണ് വൃന്ദാവനത്തിലെ ഹോളിയുടെ തുടക്കം.
ചില ഹോളീ വിശേഷങ്ങള്‍
ഹോളിയുടെ പാനീയം ......... ഠണ്ടായി........പാലും മസാലകളും ചേര്‍ത്ത് ഉണ്ടാക്കുന്ന ഇതില്‍ ഭാംഗ് ചേര്‍ത്തും കുടിക്കുന്നു.

കാഞ്ചി.........ഹോളീ ദിവസം എല്ലാ വീടുകളിലും തെയ്യാറാവുന്ന മറ്റൊരു പാനീയം ...വയലറ്റ് കാരറ്റും മൂക്കാത്ത കടുകും ചേര്‍ത്ത് ഉണ്ടാക്കുന്ന ഉപ്പുരസമുള്ള പുളിവെള്ളം.

ഗുജിയ ഹോളി ദിവസത്തെ പ്രധാന വിഭവമാണ്.

നിറങ്ങളില്ലാതെയെന്തു ഹോളി...............

പിച്ക്കാരിയില്ലാതെയെന്തിനു നിറങ്ങള്‍..................

നിറവെള്ളം നിറച്ച ബലൂണുകളില്‍ നിന്നു രക്ഷപ്പെടണമോ...വീട്ടില്‍നിന്നും പുറത്തിറങ്ങാതിരിക്കണം.
തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ആഘോഷമാണ്

ചൊവ്വാഴ്ച, ഫെബ്രുവരി 23, 2010

ഒരു പാവം അമ്മക്കഥ.........."തുന്നക്കാരന്റെ ഭാര്യക്കെന്തു സുഖാണ്.........അവളു പറേണേലപ്പുറം പോവില്ല തുന്നക്കാരന്‍. അവളു തലേക്കൂടി വെള്ളൊഴിച്ചുകൊടുത്താല്‍ ചെറിയ കുട്ട്യോളെ പോലെ ഇരുന്നുകൊടുത്തോളും അയാള്........"

അമ്മയുടെ ആവലാതിക്കുടം പിന്നേം നെറഞ്ഞു തുളുമ്പുകയാണ്.രണ്ടാമത്തെ അറ്റാക്കു കഴിഞ്ഞു അച്ഛനെ ഹോസ്പ്പിറ്റലില്‍ നിന്ന് നാലഞ്ചുദിവസം മുന്‍പാണ് കൊണ്ടുവന്നത്.കഠിനമായ ജോലികളൊന്നും ഒന്നും തന്നെ ചെയ്യരുതെന്ന ഡോക്ടറുടെ വിലക്ക് ഏതൊക്കെ വിധത്തില്‍ തെറ്റിക്കാമെന്ന് അച്ഛന്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കയാണ്. വീട്ടിലെത്തിയതും എല്ലാം പഴയപോലെ. ഇപ്പോള്‍ കുളിപ്പിക്കാന്‍ സമ്മതിക്കാത്തതിന്റെ സങ്കടമാണ് അമ്മക്ക്.

"ഒരാങ്കുട്ടില്യാത്തതിന്റെ കുഴപ്പാണ്............എല്ലാം കര്‍ശനായിട്ട് പറഞ്ഞ് ചെയ്യിക്കാനൊരാളില്ല്യാലൊ........."

അമ്മയോട് വല്ലാത്ത ദ്വേഷ്യം തോന്നി. പാവം അവനെയും മക്കളെയും ഒറ്റക്കുവിട്ട് ഒരുമാസമായി ഹോസ്പ്പിറ്റലും വീടുമായി ഇവിടെ. ബില്ലുകള്‍ സെറ്റില്‍ ചെയ്തു പുറത്തിറങ്ങുമ്പോള്‍ അച്ഛന്‍ പറഞ്ഞതുമാണ് "ആങ്കുട്ട്യോളില്ലാത്ത സങ്കടം എനിക്കിപ്പം ഇല്ല്യാട്ടൊ...അത്ര നന്നായി നീ കാര്യങ്ങളൊക്കെ ചെയ്തു" എന്ന്. അതുകേട്ടപ്പോഴുണ്ടായ സന്തോഷം മുഴുവന്‍ അമ്മയുടെ ആവലാതിയില്‍ ഒഴുകിപ്പോയി.

ഉച്ചക്കൊന്നു മയങ്ങാന്‍ കിടന്നപ്പോഴാണ് അടുത്തവീട്ടിലെ ലളിതേച്ചിയുടെ ഉറക്കെയുള്ള വിളി മതിലിന്നപ്പുറത്തുനിന്നും ഉയര്‍ന്നത്.

"ദേവ്യേടത്ത്യേ ...ദേ നിങ്ങടെ മാഷെന്താ ടെറസ്മ്മല് ചെയ്യണേന്നൊന്നു നോക്കു.........."

ആര്‍ത്രൈറ്റിസ്സിന്റെ വേദനകളൊക്കെ മറന്ന് അമ്മ കാലങ്ങളായി കയറാത്ത കോണിഓടിക്കയറി.

" കുട്ടിയായിരുന്നൂച്ചാ രണ്ടടീം കൊടുത്ത് അവിടെ പിടിച്ചിരുത്താമായിരുന്നു............ഇതിപ്പം" കിതച്ച് കിതച്ച് അമ്മയുടെ ആവലാതിയും കൂടെ ഓടുന്നു.........
എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ എനിക്കും തോന്നി അമ്മയുടെ മോഹം പോലെ ഞാനൊരാങ്കുട്ടിയായിരുന്നെങ്കില്‍ ചിലപ്പോള്‍...........

ബുധനാഴ്‌ച, ഫെബ്രുവരി 17, 2010

ഒരു വാക്ക്...........


ഒരു വാക്ക്.........
അതിവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ട്.

അടുക്കളയില്‍ വന്നെത്തിനോക്കി
അടച്ചിട്ട കുളിമുറിവാതിലില്‍ ചാരി
ഉറങ്ങിക്കിടക്കുമ്പോള്‍ മുടിയിഴകള്‍
മാടിയൊതുക്കി, പുതുതായ്ത്തെളിഞ്ഞ
ചിരിവരകളില്‍ വിരലോടിച്ച്
ഉണരുമ്പോള്‍ അടുത്തുവരാന്‍ മടിച്ച്
ഒരു വാക്ക്.............

ഗൃഹാതുരത്വത്തിന്റെ പടവുകള്‍
കയറിയെത്തിയ
അച്ഛന്റെയോ അമ്മയുടെയോ
താരാട്ടാവാം..........
അവരുടെ കാത്തിരിപ്പിന്റെ
നെടുവീര്‍പ്പുമാവാം..........
കരയിപ്പിക്കേണ്ടെന്നുകരുതി
ഉരിയാടാത്തതാവാം
ഒരു വാക്ക്............

വഴിയിലേതോ മുള്ളില്‍ക്കുടുങ്ങിയ
മക്കളുടെ കരച്ചിലില്‍ നിന്നാവാം,
അവരുടെ ചിരിയുടെ
ചില്ലുകിലുക്കങ്ങളില്‍ നിന്നുമാവാം
ചിതറിത്തെറിച്ച് എന്നിലെത്താന്‍ മടിച്ച്
ഒരു വാക്ക്............

കൂട്ടിലടക്കാഞ്ഞിട്ടാവണം
പിണങ്ങിപ്പോയ മൈനയുടെ

യാത്രാമൊഴിയാവാം
കേട്ടിട്ടും മതിവരാതെ കാതോര്‍ക്കുന്ന
കുയിലിന്റെ മറുകൂവലാവാം..............

സ്വപ്നങ്ങളില്‍നിന്നും
എന്നെയുണര്‍ത്താതെ
യാഥാര്‍ത്ഥ്യങ്ങളിലേക്ക്
തിരിച്ചയക്കാന്‍ മടിച്ച്
ഇവിടെയെല്ലാം ചുറ്റിത്തിരിയുന്നുണ്ട്
ഒന്നും മിണ്ടാതെ
ഒരു വാക്ക്...........

ശനിയാഴ്‌ച, ഫെബ്രുവരി 06, 2010

പേരറിയാത്ത ബന്ധനങ്ങള്‍..............


അക്കാഡമിയുടെ ഡ്രൈവ് വേയില്‍ കാറ് പാര്‍ക്ക് ചെയ്ത് ഇറങ്ങുമ്പോഴാണ് നിലത്തു നിറയെ ഇലഞ്ഞിപ്പൂക്കള്‍. ആര്‍ത്തിയോടെ പെറുക്കിയെടുത്ത് മുഖത്തോടു ചേര്‍ത്തു കണ്ണടച്ചപ്പോള്‍ അവള്‍ പഴയ പാവാടക്കാരിയായി മാറുകയായിരുന്നു . തറവാട്ടിലെ പാമ്പുംങ്കാവിലെ ഇലഞ്ഞിമരവും നിറയെ കൊഴിഞ്ഞുകിടന്നിരുന്ന ഇലഞ്ഞിപ്പൂക്കളും അതുകൊരുത്തുണ്ടാക്കിയിരുന്ന മാലയും അവസാനം രവിയും അവളുടെ മനസ്സില്‍ ഒരു നൊമ്പരം പോലെ............

ലൈബ്രറിയില്‍ നിന്നും ഏട്ടന്‍ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ ഭ്രാന്തമായ ഒരാവേശത്തോടെ വായിച്ചുകൊണ്ടിരുന്ന ഒരു കാലത്താണ് അവള്‍ രവിയെ പരിചയപ്പെട്ടത്.ആ പരിചയം വളര്‍ന്ന് എന്തെന്നറിയാത്ത ഒരു നോവായപ്പോഴാണ് ഒരു പുനര്‍വായനക്കായി പുസ്തകം റീഷ്യൂ ചെയ്യാന്‍ ഏട്ടനെ നിര്‍ബ്ബന്ധിച്ചത്. ഏഴാം ക്ലാസ്സുകാരിയുടെ ഈ ഇതിഹാസപ്രണയം ഏട്ടനു തമാശയായിരുന്നു.

പാമ്പുംങ്കാവില്‍ ഇലഞ്ഞിപ്പൂമാല കോര്‍ത്ത് കൂമന്‍ കാവിലെ പാമ്പിനെ ആവഹിച്ച് കാത്തിരുന്ന് മയങ്ങിപ്പോയതും സന്ധ്യക്ക് വിളക്കു കൊളുത്താന്‍ വന്ന അമ്മ ഭയന്ന് ഉറക്കെ നിലവിളിച്ചതും അവളോര്‍ത്തു. രാത്രിയില്‍ അടുത്തുകിടത്തി മുടിയില്‍ വിരലോടിച്ച് ' നീ വലുതായീട്ടൊ അമ്മു.... ഇനി ആങ്കുട്ട്യോള്‍ടെ കൂടെ കളിച്ച് നടക്കാന്‍ പാടില്യാ' എന്ന് പറഞ്ഞപ്പോള്‍ എന്തോ കുഞ്ഞാമിനക്കുട്ടിയെപ്പോലെ അവള്‍ കൊതിച്ചത് രവിയുടെ സാമീപ്യമായിരുന്നു.

പിന്നിടുള്ള വായനകളില്‍ പലരും കടന്നുവന്നെങ്കിലും രവിയെ ആരുമറിയാതെ അവളെന്നും ഒരു രഹസ്യമായി കൂടെ കൊണ്ടുനടന്നിരുന്നു. കാണുന്നവരിലെല്ലാം രവിയെ തിരഞ്ഞുള്ള അവളുടെ യാത്രയിലെപ്പോഴോ ആണവള്‍ക്ക് ആ ബന്ധനത്തിനൊരു പേരിട്ടു വിളിക്കണമെന്നുതോന്നിയത്. അവളുടെ ഏറ്റവും നല്ല കൂട്ടുകാരനാണ് രവിയെന്ന തിരിച്ചറിവ് അവളെ അത്ഭുതപ്പെടുത്തിയില്ല. കാരണം അവള്‍ അവളുടെ രഹസ്യങ്ങളെല്ലാം പങ്കുവെച്ചിരുന്ന ഒരേയൊരാള്‍ രവി മാത്രമായിരുന്നല്ലൊ. സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു പാലക്കാട്ടുകാരനെത്തന്നെ  അവള്‍ക്കുവേണ്ടി ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതുപോലും രവിയായിരുന്നു.

മാറിമാറി വന്ന നഗരവാസങ്ങളിലൊന്നും തോന്നാത്ത എന്തോ ഒന്നാണ് ഒരു നിമിത്തം പോലെ ഈ മഹാനഗരത്തിലെത്തിയപ്പോള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്.......... രവി ഇവിടെയെവിടെയോ ഉണ്ടെന്നൊരു തോന്നല്‍............ഇവിടെയെവിടെയോവെച്ച് അവനെ കണ്ടുമുട്ടാനുള്ളതാണെന്നൊരു തോന്നല്‍..........കേരള കഫെയിലേക്കുള്ള ഇടുങ്ങിയ ഗോവണിപ്പടികളില്‍, കഫെയിലെ പഴകിയ പ്ലാസ്റ്റിക് വിരികളിട്ട മേശക്കു ചുറ്റും കൂടിയിരുന്ന് രാഷ്ട്രീയം പറയുന്നവരില്‍, അക്കാഡമിലൈബ്രറിയിലെ പുസ്തകഷെല്‍ഫുകള്‍ക്കിടയില്‍, ആര്‍ട്ട് ഗാലറികളില്‍, സാന്ധ്യരാഗാലപനത്താല്‍ സ്വര്‍ഗ്ഗതുല്യമാവുന്ന നെഹ്റുപാര്‍ക്കിലെ സന്ധ്യകളില്‍.......... രവിയെ പോലൊരാള്‍.......അല്ല രവിതന്നെ.

ചൊവ്വാഴ്ച, ഫെബ്രുവരി 02, 2010

ദില്ലിയില്‍ നമ്മുടെ..........


പ്രണയം

കഫെയില്‍ കോഫിമഗ്ഗുകള്‍ക്കപ്പുറമിപ്പുറം
മക്ഡൊനാള്‍സില്‍ അവസാനകഷ്ണം
ഫിംഗര്‍ചിപ്പ്സിനു തല്ലുകൂടി
നിരൂലാസിന്റെ തണുപ്പു നുണഞ്ഞ്
ജന്‍പഥിലെ സിഗ്നലില്‍ ബന്‍ജാരന്നു
ഒരു 'ദുഅ'ക്കായി കോഴ കൊടുത്ത്
നിന്റെ വിരല്‍ത്തുമ്പിന്റെ ബലത്തില്‍
റോഡു മുറിച്ചുകടക്കുമ്പോള്‍
ഹോണടിക്കുന്ന പഞ്ചാബിയോടുള്ള
നിന്റെ രോഷം വിരലാലമര്‍ത്തി
നിനക്കിഷ്ടമില്ലാത്ത തിരക്കിലൂടെ
നഗരത്തിന്റെ മായക്കാഴ്ചകളിലൂളിയിട്ട്
പുസ്തകക്കൂടാരങ്ങള്‍ ചിക്കിപ്പരത്തി
ചൂടിലും തണുപ്പിലും ഒന്നുപോലെ
തലനരച്ച നമ്മുടെ പ്രണയം.
ഔചിത്യമില്ലാതെ മുന്നിലെത്തുന്ന
ബ്ലാക്ക്ഹോളുകളുടെ ഓര്‍മ്മയില്‍
എന്റെ കയ്യില്‍ മുറുകുന്ന നിന്റെ കയ്യില്‍
നരപിഴുതെറിയുന്നു നമ്മുടെ പ്രണയം.

പൂക്കാലം

കാരീബാഗുകളരുതെന്നു വിലക്കിയ
സെന്‍ട്രല്‍ പാര്‍ക്കിലെ കാവല്‍ക്കാരനോടുള്ള
എന്റെ രോഷം നിന്റെ നോട്ടത്തിലൊതുങ്ങെ
നമ്മളോര്‍ത്തത് ഇവിടെ പൊടുന്നനെ
പൊട്ടിവിരിഞ്ഞ ഒരു പൂക്കാലം...........
എവിടെയോനിന്നും സ്തബ്ദത വാരിനിറച്ച
മാറാപ്പുമായി ഇനിയും വരല്ലേയെന്ന്
ദില്ലിയിലെ ഓരോ തെരുവുകളും പ്രാര്‍ത്ഥിക്കുന്ന
ചോരയുടെ നിറവും ഗന്ധകത്തിന്റെ മണവുമുള്ള
പൂക്കാതെ കൊഴിഞ്ഞ ഒരു പൂക്കാലം.