ശനിയാഴ്‌ച, ഫെബ്രുവരി 06, 2010

പേരറിയാത്ത ബന്ധനങ്ങള്‍..............


അക്കാഡമിയുടെ ഡ്രൈവ് വേയില്‍ കാറ് പാര്‍ക്ക് ചെയ്ത് ഇറങ്ങുമ്പോഴാണ് നിലത്തു നിറയെ ഇലഞ്ഞിപ്പൂക്കള്‍. ആര്‍ത്തിയോടെ പെറുക്കിയെടുത്ത് മുഖത്തോടു ചേര്‍ത്തു കണ്ണടച്ചപ്പോള്‍ അവള്‍ പഴയ പാവാടക്കാരിയായി മാറുകയായിരുന്നു . തറവാട്ടിലെ പാമ്പുംങ്കാവിലെ ഇലഞ്ഞിമരവും നിറയെ കൊഴിഞ്ഞുകിടന്നിരുന്ന ഇലഞ്ഞിപ്പൂക്കളും അതുകൊരുത്തുണ്ടാക്കിയിരുന്ന മാലയും അവസാനം രവിയും അവളുടെ മനസ്സില്‍ ഒരു നൊമ്പരം പോലെ............

ലൈബ്രറിയില്‍ നിന്നും ഏട്ടന്‍ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ ഭ്രാന്തമായ ഒരാവേശത്തോടെ വായിച്ചുകൊണ്ടിരുന്ന ഒരു കാലത്താണ് അവള്‍ രവിയെ പരിചയപ്പെട്ടത്.ആ പരിചയം വളര്‍ന്ന് എന്തെന്നറിയാത്ത ഒരു നോവായപ്പോഴാണ് ഒരു പുനര്‍വായനക്കായി പുസ്തകം റീഷ്യൂ ചെയ്യാന്‍ ഏട്ടനെ നിര്‍ബ്ബന്ധിച്ചത്. ഏഴാം ക്ലാസ്സുകാരിയുടെ ഈ ഇതിഹാസപ്രണയം ഏട്ടനു തമാശയായിരുന്നു.

പാമ്പുംങ്കാവില്‍ ഇലഞ്ഞിപ്പൂമാല കോര്‍ത്ത് കൂമന്‍ കാവിലെ പാമ്പിനെ ആവഹിച്ച് കാത്തിരുന്ന് മയങ്ങിപ്പോയതും സന്ധ്യക്ക് വിളക്കു കൊളുത്താന്‍ വന്ന അമ്മ ഭയന്ന് ഉറക്കെ നിലവിളിച്ചതും അവളോര്‍ത്തു. രാത്രിയില്‍ അടുത്തുകിടത്തി മുടിയില്‍ വിരലോടിച്ച് ' നീ വലുതായീട്ടൊ അമ്മു.... ഇനി ആങ്കുട്ട്യോള്‍ടെ കൂടെ കളിച്ച് നടക്കാന്‍ പാടില്യാ' എന്ന് പറഞ്ഞപ്പോള്‍ എന്തോ കുഞ്ഞാമിനക്കുട്ടിയെപ്പോലെ അവള്‍ കൊതിച്ചത് രവിയുടെ സാമീപ്യമായിരുന്നു.

പിന്നിടുള്ള വായനകളില്‍ പലരും കടന്നുവന്നെങ്കിലും രവിയെ ആരുമറിയാതെ അവളെന്നും ഒരു രഹസ്യമായി കൂടെ കൊണ്ടുനടന്നിരുന്നു. കാണുന്നവരിലെല്ലാം രവിയെ തിരഞ്ഞുള്ള അവളുടെ യാത്രയിലെപ്പോഴോ ആണവള്‍ക്ക് ആ ബന്ധനത്തിനൊരു പേരിട്ടു വിളിക്കണമെന്നുതോന്നിയത്. അവളുടെ ഏറ്റവും നല്ല കൂട്ടുകാരനാണ് രവിയെന്ന തിരിച്ചറിവ് അവളെ അത്ഭുതപ്പെടുത്തിയില്ല. കാരണം അവള്‍ അവളുടെ രഹസ്യങ്ങളെല്ലാം പങ്കുവെച്ചിരുന്ന ഒരേയൊരാള്‍ രവി മാത്രമായിരുന്നല്ലൊ. സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു പാലക്കാട്ടുകാരനെത്തന്നെ  അവള്‍ക്കുവേണ്ടി ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതുപോലും രവിയായിരുന്നു.

മാറിമാറി വന്ന നഗരവാസങ്ങളിലൊന്നും തോന്നാത്ത എന്തോ ഒന്നാണ് ഒരു നിമിത്തം പോലെ ഈ മഹാനഗരത്തിലെത്തിയപ്പോള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്.......... രവി ഇവിടെയെവിടെയോ ഉണ്ടെന്നൊരു തോന്നല്‍............ഇവിടെയെവിടെയോവെച്ച് അവനെ കണ്ടുമുട്ടാനുള്ളതാണെന്നൊരു തോന്നല്‍..........കേരള കഫെയിലേക്കുള്ള ഇടുങ്ങിയ ഗോവണിപ്പടികളില്‍, കഫെയിലെ പഴകിയ പ്ലാസ്റ്റിക് വിരികളിട്ട മേശക്കു ചുറ്റും കൂടിയിരുന്ന് രാഷ്ട്രീയം പറയുന്നവരില്‍, അക്കാഡമിലൈബ്രറിയിലെ പുസ്തകഷെല്‍ഫുകള്‍ക്കിടയില്‍, ആര്‍ട്ട് ഗാലറികളില്‍, സാന്ധ്യരാഗാലപനത്താല്‍ സ്വര്‍ഗ്ഗതുല്യമാവുന്ന നെഹ്റുപാര്‍ക്കിലെ സന്ധ്യകളില്‍.......... രവിയെ പോലൊരാള്‍.......അല്ല രവിതന്നെ.

6 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

വാക്കില്‍ ജിഗീഷിന്റെ ഡിസ്ക്കില്‍ ഖസാക്കിന്റെ ഇതിഹാസത്തിലെ രവിയെ തിരഞ്ഞുള്ള യാത്രയില്‍ നിന്നും.

വയനാടന്‍ പറഞ്ഞു...

ഓർമ്മ വരുന്നു ഒരു കാലം, തസറാക്കിൽ രവിയെയും അള്ളാപ്പിച്ച മൊല്ലാക്കയേയും അപ്പുക്കിളിയേയും തേടി അലഞ്ഞത്‌.... നന്ദി

Typist | എഴുത്തുകാരി പറഞ്ഞു...

അതു ശരി, ആ രവിയാണല്ലേ, ഞാനോര്‍ത്തു..... :):)

പ്രയാണ്‍ പറഞ്ഞു...

വയനാടന്‍ വാക്കില്‍ ഉണ്ടല്ലൊ അപ്പോള്‍ ഈ ഡിസ്ക്കിലൊരുപോസ്റ്റിട്ടൂടെ........ഈയൊരു കമന്റില്‍നിന്നുമാത്രം ഖസാക്കിന്റെ ഇതിഹാസംഎത്രമാത്രം സ്വധീനിച്ചിട്ടുണ്ടെന്നു മനസ്സിലാവുന്നുണ്ട്.
എഴുത്തുകാരി ജീവിതത്തില്‍ അങ്ങിനെയൊരു നല്ല ഫ്രെന്റ്ഷിപ്പ്........ ഒരു പ്രതീക്ഷയുമില്ല........:)

the man to walk with പറഞ്ഞു...

ravi..kooman kaavu ..choodunashtapetta veyilu..
mandarathinte ilakal kondu theertha janimrithiyude koodu..angine angine...

nannayi..ishtaayi

Anil cheleri kumaran പറഞ്ഞു...

നല്ല എഴുത്താണ്.