തിങ്കളാഴ്‌ച, മാർച്ച് 26, 2012

അജന്താ ഗുഹകളിലൂടെ.....


പണ്ട് അതായത് ഏകദേശം ഇരുനൂറുവര്‍ഷങ്ങള്‍ക്കു മുന്‍പ് കൃത്യമായ് പറഞ്ഞാല്‍ 1819ല്‍ കടുവയെ വേട്ടയാടാന്‍ പോയ ഒരു ഇംഗ്ലീഷുപട്ടാളക്കാരനാണ് കാലങ്ങളായി നമുക്കജ്ഞാതമായി മറഞ്ഞു കിടന്നിരുന്ന ഒരുകാലത്തെ ഭാരതസംസ്കാരത്തിന്റെ നിര്‍ഭരതയിലേക്ക് വെളിച്ചം വീശിയ  അജന്താഗുഹയിലേക്കുള്ള വഴികാട്ടിയത്. ജോണ്സ്മിത്ത് എന്ന മദ്രാസ് ആര്‍മി ക്യാപ്റ്റന്‍ തന്റെ പേര്‍ അവിടത്തെ ഒരു തൂണില്‍ കോറിവരച്ചത് ഇപ്പോഴും മായാതെ നിലനില്‍ക്കുന്നു.

ബോംബെയില്‍ നിന്നും മുന്നൂറു കിലോമീറ്ററും ഔറംഗാബാദില്‍ നിന്നും നൂറുകിലോമീറ്ററും ദൂരെയായി ഡക്കാണ്‍ പീഠഭൂമിയുടെ ഉയരങ്ങളില്‍ ദുര്‍ഘടമായിത്തന്നെയാണ് അജന്താഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ഗുഹയുടെ താഴെവരെ വാഹന സൌകര്യമുണ്ടെന്നത്  യാത്ര എളുപ്പമാക്കുന്നു. അവിടെനിന്നും കുത്തനെയുള്ള കയറ്റമാണ്. കയറാന്‍ വിഷമമുള്ളവരുണ്ടെങ്കില്‍ അതിന്നും വഴിയുണ്ട്. നിങ്ങളെ ചുമലിലേറ്റി മുകളിലെത്തിക്കാന്‍ തെയ്യാറായി പല്ലക്കുകള്‍ നിരന്നു നില്‍ക്കു ന്നുണ്ട്.
   
കയറ്റത്തിന്റെ തുടക്കത്തില്‍ എങ്ങിനെയാണെന്നോ എവിടെയാണെന്നോ ഒരുസൂചനപോലും തരാതെ ഒളിച്ചിരിക്കുന്ന ഗുഹകള്‍ പകുതി മലകയറിയെത്തുമ്പോള്‍ നമ്മെ സ്തബ്ധരാക്കി  പൊടുന്നനെ പ്രത്യക്ഷമാവുന്നു. അതുകൊണ്ടുതന്നെ പെട്ടന്നുള്ള ഈ പുറക്കാഴ്ച്ചയില്‍ നമ്മള്‍ എന്തെന്നറിയാത്ത ഒരു ആത്മഹര്‍ഷത്തില്‍ പെട്ടുപോകുന്നു. വളരെ ഉയരത്തില്‍ കുതിരലാടത്തിന്റെ ആകൃതിയില്‍ കുത്തനെ തലയുയര്‍ത്തിനില്‍ക്കുന്ന പാറകളില്‍ മുപ്പത് ഗുഹകള്‍ . അവയെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് നീങ്ങുന്ന നടവഴിയില്‍ കയറ്റങ്ങളിലും

ഇറക്കങ്ങളിലും പാറക്കല്ലുകള്‍ വെട്ടിയൊരുക്കി പടികളായി രൂപപ്പെടുത്തിയിരിക്കുന്നു. അവിടെനിന്നും എത്രയോ താഴെ, നോക്കുമ്പോള്‍ കാലുകളെ ഇക്കിളിപ്പെടുത്തുന്ന ആഴങ്ങളില്‍ പി.ടി. അബ്ദുറഹ്മാന്റെ  ‘ഇവിടെയൊരു പുഴയുണ്ടായിരുന്നു’ എന്ന കവിതയെ ഓര്‍മ്മിപ്പിച്ച്  ഒരു വരള്‍ച. ഇത്രയും കോരിത്തരിപ്പിച്ച വെറും പുറംകാഴ്ച്ച. ഒന്നാമത്തെ ഗുഹയില്‍ന്നിന്നു നോക്കുമ്പോള്‍ മുപ്പതാമത്തെ ഗുഹയിലേക്ക് പലനിറങ്ങളിലുള്ള കുഞ്ഞനുറുമ്പുകള്‍ കയറിയിറങ്ങിക്കൊണ്ടേയിരിക്കുന്നു. ഞങ്ങളും ആ ഒരു പരിണാമത്തിന്റെ പാതയിലൂടെ.....

ബി.സി. രണ്ടാംശതകത്തില്‍ ഭരണത്തിലിരുന്ന സത്വാഹന രാജവംശത്തിന്റെ അവശിഷ്ടങ്ങളെന്ന് കുഴിച്ചെടുത്തിട്ടുള്ള മണ്‍പാത്രങ്ങളില്‍നിന്നാണ് ഈ താഴവാരത്തിലെ വാഘോര നദിയുടെ കരയില്‍ പരന്നുകിടന്നിരുന്ന ഈ കലാഗ്രാമത്തിന്റെ പേര്‍ ‘അജന്ത ‘ എന്നായിരുന്നെന്ന് മനസ്സിലാക്കിയത്. ‘വാഘോര’യെന്നാല്‍ മറാഠിയില്‍ കടുവയെന്നാണ് അര്‍ത്ഥം . അവിടങ്ങളില്‍ ധാരാളമായുണ്ടായിരുന്ന കടുവകളില്‍നിന്നും രക്ഷപ്പെടാനാവണം വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചു ഇത്രയും ഉയരങ്ങളില്‍ ഈ ഗുഹകള്‍ കൊത്തിയെടുത്തത്. കര്‍ണ്ണാടക ഭരിച്ചിരുന്ന ‘കൃഷ്ണദേവരായര്‍ ’ അടക്കം പല രാജാക്കന്മാരുടേയും സാമ്പത്തിക സഹായത്തോടെയാണ് ഇവിടെ ഈ കലാഗ്രാമം നിലനിന്നിരുന്നത്.

കൊത്തിയെടുത്തത് എന്നുപറഞ്ഞതുകൊണ്ട്തന്നെ ഗുഹകള്‍ പ്രകൃതീദത്തമായിരുന്നില്ല്ലെന്നു മനസ്സിലായിരിക്കുമല്ലോ. ചെങ്കുത്തായ പാറകളുടെ മുകളില്‍ നിന്നും കയറില്‍ തൂങ്ങിയിറങ്ങി
അന്ന് ലഭ്യമായിരുന്ന തുച്ഛമായ ആയുധങ്ങളുപയോഗിച്ചാണ് പാറകളെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. മുകളില്‍നി്ന്ന്  താഴേക്കും, മുന്നില്‍നിന്ന് ഉള്ളിലേക്കും തുരന്ന്‍  വിസ്താരമേറിയ തൂണുകളും വിശാലമായ സഭാമണ്ഡപവും നടുവില്‍ ഗര്‍ഭഗൃഹവും ചുറ്റിലുമായി പ്രാര്‍ത്ഥനാമുറികളുമുള്ള മുപ്പത് ഗുഹകളും അതിലെ ബുദ്ധമത സ്വാധീനത്തിലുള്ള ചിത്രങ്ങളും  ശില്പങ്ങളും തീര്‍ത്തെടുക്കുതിനുള്ള അദ്ധ്വാനത്തെപ്പറ്റി സങ്കല്‍പ്പിക്കാവുന്നതിലുമപ്പുറമാണ്. അതുകൊണ്ടുതന്നെയാവണം വളരെഗംഭീരമെന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ഡല്‍ഹിയിലെ  അക്ഷര്‍ ധാം സന്ദര്‍ശിക്കാന്‍ ഇതുവരെ തോന്നാത്തത്തിന്റെ ഒരു കാരണം. അന്നത്തെ ആ കലാകാരന്മാരുടെ അതിനിപുണതയും സൌന്ദര്യബോധവും അജന്ത ഗുഹകളിലെ  ചുമര്‍ചിത്രങ്ങളിലും ശില്പങ്ങളിലും അംഗപ്രത്യഗം തെളിയുന്നുണ്ട്.

ഇനി ഗുഹകളെപ്പറ്റി ചെറുതായൊന്ന് പറയാന്‍ ശ്രമിക്കാം.200 ബി.സി. മുതല്‍ 650 ഏ.ഡി വരെയാണ് ഇതിന്റെ നിര്‍മ്മാണ കാലം. ഇതില്‍ എല്ലാ ഗുഹകളും മുഴുവനാക്കപ്പെട്ടിട്ടില്ല. ഏറ്റവും സുന്ദരമായ ചുമര്‍ചിത്രങ്ങള്‍ 1,2,16,17,19എന്നീ ഗുഹകളില്‍ കാണാവുന്നതാണ്. അതുപോലെ 1,4,17,19,24,26 എന്നീ ഗുഹകളില്‍ മനോഹരമായ  ശില്പങ്ങളും കാണാം. ബുദ്ധമതത്തില്‍ രണ്ടു വിഭാഗങ്ങളാണുള്ളത്. ബുദ്ധന്റെ ബിംബാരാധനയില്‍ വിശ്വസിക്കുന്ന മഹായാനയും വടവൃക്ഷം, കാല്‍പ്പാദം,ഭൌതികാവശിഷ്ടങ്ങള്‍ തുടങ്ങിയവയെ  ആരാധിക്കുന്ന ഹീനായാനയും.

1-ആദ്യത്തെ ഗുഹ ബുദ്ധമതത്തിലെ ‘മഹായാന’ വിഭാഗത്തിന്റെ ‘വിഹാര’മാണ് .ആയിരത്തോളം വിദ്ധ്യാര്‍ത്ഥികള്‍ ജ്ഞാനികളായ ഗുരുക്കാന്മാ’രില്‍നിന്നും ശിക്ഷ അഭ്യസിച്ചിരുന്ന സ്ഥലമാണ് വിഹാരങ്ങള്‍ . കൊച്ചു സിദ്ധാര്‍ത്ഥന്‍ ഭൂമിയിലെ നൊമ്പരങ്ങളെ തിരിച്ചറിഞ്ഞു
വജ്രപണി
ബോധിസത്വനാവുന്നത് മനോഹരമായ ചുമര്‍ചിത്രങ്ങളിലൂടെ പറയുന്നു ഇവിടെ. കാലപ്പഴക്കവും ആദ്യകാലങ്ങളില്‍ നിര്‍ലോഭം ഉപയോഗിച്ചിരുന്ന വെളിച്ചം തട്ടി നരച്ചും അധികവും നശിച്ചുപോയിരിക്കുന്നു. ഇപ്പോള്‍ ചെറിയ ടോര്‍ച്ച്  വെളിച്ചം മാത്രമേ അകത്തു ഉപയോഗിക്കാന്‍ പാടുള്ളൂ. ക്യാമറയുടെ ഫ്ളാഷുകള്‍പോലും നിഷിദ്ധമാണ്. ഗര്‍ഭ ഗൃഹത്തില്‍ ധര്‍മ ചാരകമുദ്രയുമായി പദ്മാസനത്തിലിരുന്ന് മാനുകളെ അഭിസംബോധനചെയ്യുന്ന ബുദ്ധവിഗ്രഹമാണ് മറ്റൊരു പ്രധാനകാഴ്ച.ജാതക കഥകളിലെ ശിബിരാജാവും ചുമര്‍ച്ചിത്രങ്ങളിലെ ഒരു കഥാപാത്രമാണ്. ലോകപ്രശസ്ത ബുദ്ധചിത്രങ്ങളായ പദ്മപാണിയും വജ്രപാണിയും ഇവിടെയാണ്.2- ഇതും മഹായാന വിഭാഗത്തിന്റേതുതന്നെ. ഇവിടെ ബുദ്ധന്റെ ജനനത്തെപ്പറ്റിയുള്ള കഥയാണ് ചിത്രീകരിച്ചിട്ടുള്ളത്. സഭാമണ്ഡപത്തിന്റെ മുകള്‍ത്തട്ട് സുന്ദരമായ ചിത്രങ്ങളാല്‍ അലംകൃതമാണ്. അകത്തേക്ക് വെളിച്ചം കടക്കാതിരുന്നനാല്‍  വെള്ളം നിറച്ചപാത്രങ്ങള്‍ വെച്ച് സൂര്യരശ്മികളെ  വ്യതിചലിപ്പിച്ചിട്ടായിരുന്നു  വെളിച്ചം എത്തിച്ചിരുന്നത്.. ഗര്‍ഭ ഗൃഹത്തിലെ ബുദ്ധപ്രതിമയും ഇരുവശങ്ങളിലുമുള്ള ഹരിതി പഞ്ചിക് ,നാഗരാജ റാണി മൂര്‍ത്തികളും വളരെ സുന്ദരമാണ്. പഴയ രീതിയിലുള്ള ആഭരണങ്ങളുടെ വൈവിധ്യങ്ങള്‍ നമുക്കിവിടെ ചുമര്‍ചിത്രങ്ങളിലൂടെ പരിചയപ്പെടാം.


ധര്‍മചക്ര പ്രവര്‍ത്തന മുദ്ര
4-ഇതാണ് ഇവിടത്തെ ഏറ്റവും വലിയ ഗുഹ. 28 തൂണുകളുള്ള ഇതിന്റെ സഭാമണ്ഡപം പണിതീരാത്ത അവസ്ഥയിലാണ്. ഗര്‍ഭഗൃഹത്തിലെ ധര്‍മചക്ര പ്രവര്‍ത്തന മുദ്രയില്‍ ബുദ്ധപ്രതിമയും വരാന്തയില്‍ വലതുവശത്തെ ലോകപ്രസിദ്ധ അവലോകിതേശ്വരപ്രതിമയും പ്രാധാന്യമര്‍ഹിക്കുന്നു.

5- മുഴുമിപ്പിക്കാത്ത ഈ ഗുഹ മിഥുനങ്ങളെയും സുന്ദരികളായ സാലഭഞ്ജികകളേയും സാലവൃക്ഷങ്ങളേയും കൊണ്ടു സുന്ദരമായിരിക്കുന്നു.

അഭയമുദ്ര

6-നാലുവരിയിലായി പതിനാറ്  ഒക്ടോഗണല്‍ തൂണുകളില്‍ രണ്ടുനിലകളുള്ള ഒരേയൊരു മഹായാന വിഹാരമാണിത്. സംഗീതം പൊഴിക്കുന്ന തൂണുകളാണിവ.
ചൈത്യഗൃഹം

9-ഈ പ്രാര്‍ത്ഥനാഗൃഹം ബുദ്ധമതത്തിലെ മറ്റൊരു വിഭാഗമായ ഹീനയാന യുടേതാണ്. ഒരുപോലെയുള്ള 23  തൂണുകളും നടുവില്‍ പ്രാര്‍ത്ഥനക്കായുള്ള സ്തൂപവുമാണ് ഈ പ്രാര്‍ത്ഥനാമുറി (ചൈത്യമന്ദിരം)യിലുള്ളത്. മുന്നിലെ കുതിരലാടത്തിന്റെ ആകൃതിയിലുള്ള ജനല്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടും. ബുദ്ധരൂപത്തിന്നു പ്രാധാന്യമില്ലാത്ത ഈ ചൈത്യമന്ദിരത്തിന്നു മുന്നിലെ ബുദ്ധപ്രതിമ കൌതുകം ജനിപ്പിക്കുന്നതാണ്.

10- 39 ഒക്ടോഗണല്‍ തൂണൂകളും നടുവില്‍ വലിയ
സ്തൂപം

നിറം ചാലിച്ചിരുന്ന പാലറ്റ്
സ്തൂപവുമുള്ള ഈ ആദ്യകാല ഹീനയാന
പ്രാര്‍ത്ഥനാഗൃഹത്തിന്റെ ഉയരം 45അടി ആണ്.
മേല്‍ത്തട്ടില്‍ മരവും ഉപയോഗിച്ചിരുന്നു..

 16-A.D 475-500 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ‘വകടക ‘ രാജാവായ ‘ഹരിസേന ‘ബുദ്ധസാന്യാസികള്‍ക്ക്  ഈ ഗുഹ സമര്‍പ്പിച്ചതായി ഗുഹയുടെ വരാന്തയിലെ ചുവരില്‍
പറക്കുന്ന രൂപങ്ങള്‍

കൊത്തിവെക്കപ്പെട്ടിരിക്കുന്നു. മുകള്‍ത്തട്ടില്‍ നിറയെ കുറിയമനുഷ്യരുടെയും ഗന്ധര്‍വ്വന്മാരുടെയും അപ്സരസുകളുടേയും ശില്പങ്ങളാല്‍ അലംകൃതമാണ്. ഈ ഗുഹയിലുള്ള ‘ഡിയിങ് പ്രിന്‍സെ‍സ്’ എന്ന ചിത്രം വിശ്വപ്രസിദ്ധമാണ്. പ്രസംഗീഭാവത്തിലുള്ള ബുദ്ധന്റെ വളരെ വലിയൊരു ശില്പവും ഈ ഗുഹയിലുണ്ട്. ഹീനജാതിയില്‍ ജനിച്ച സുജാത ബുദ്ധന് ഭക്ഷണം നല്‍കുന്നതായ കഥാചിത്രമാണ് മറ്റൊന്ന്. ബുദ്ധദേവന്റെ വിദ്യാഭ്യാസകാലവും ഇവിടത്തെ ചുമര്‍ചിത്രങ്ങളിലുണ്ട്.

സിംഹളരാജസൈന്യം

17- അജന്ത ഗുഹകളില്‍ ഏറ്റവും വലുത് എന്നത്കൊണ്ടുതന്നെ ദൂരെനിന്നും ജോണ്‍സ്മിത്തിന്റെ കണ്ണില്‍ ആദ്യം പെട്ടതും നടുവിലുള്ള ഈ ഗുഹ തന്നെ. വളരെ സുന്ദരങ്ങളായ കൂടുതല്‍ കേടുപാടുകള്‍ പാറ്റാത്ത  ധാരാളം ചുമര്‍ചിത്രങ്ങളാല്‍ വിശേഷപ്പെട്ടതാണ് ഈ ഗുഹ. കവാടത്തിന്റെ മുകളിലെ ഏഴു ബുദ്ധപ്രതിമകളും താഴെയുള്ള എട്ട് മിഥുനങ്ങളുടെ പ്രതിമകളും ഈ ഗുഹയുടെ പ്രത്യേകതയാണ്. ‘
കാവിയുടുത്ത ബുദ്ധന്‍
വീല്‍ ഓഫ് ലൈഫ്’ എന്ന ചിത്രം മനുഷ്യജീവിതത്തിന്റെ വിവിധദശകളെ സൂചിപ്പിക്കുന്നു. ബുദ്ധനെ വണങ്ങാനെത്തുന്ന ഇന്ദ്രനും അപ്സരസ്സുകളും വൈന്‍ കുടിക്കുന്ന രാജദമ്പതികള്‍ സിംഹളരാജകുമാരന്റെ ശ്രീലങ്കയാത്ര ജാതക കഥകള്‍ കണ്ണാടിനോക്കുന്ന രാജസുന്ദരി  തുടങ്ങി ബഹുവിധചിത്രങ്ങളും ഇവിടെ കാണാം. മേല്‍ത്തട്ടിലെ കാറ്റടിച്ചിളകുന്നുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്ന  ഷാമിയാനയുടെ മനോഹരമായ ചിത്രാവിഷ്ക്കാരം പറയാതിരിക്കാന്‍ പറ്റില്ല.

19- ഈ ചൈത്യമന്ദിരവും  റോമാന്‍ ശൈലിയെ അനുസ്മരിപ്പിക്കുന്ന ആര്‍ച്ച് രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുറം ചുമരുകള്‍ നിറയെ വിവിധങ്ങളായ ബുദ്ധപ്രതിമകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഉള്ളിലെ ചിത്രങ്ങളും ശില്പങ്ങളും അലങ്കാരങ്ങള്‍ നിറഞ്ഞ സ്തൂപവും സുന്ദരം തന്നെ.

24- അജന്താഗുഹകളില്‍ രണ്ടാമത്തെ വലിയ ഗുഹയാണ് ഇത്. മുഴുവനാക്കപ്പെട്ടിട്ടില്ല.


26-ഈ ചൈത്യ മന്ദിരത്തിലെ സ്തൂപം കാലുതാഴ്ത്തിയിരിക്കുന്ന ബുദ്ധപ്രതിമയാല്‍ അലംങ്കൃതമാണ്. ഇവിടെ നമ്മളെത്തുന്നത് മോക്ഷപ്രാപ്തനാവാന്‍ തെയ്യാറെടുക്കുന്ന ബുദ്ധന്റെ മുന്നിലാണ്. ഒരു ദിവസം മുഴുവന്‍ ബോധിസത്വന്മാരുടെ കൂടെ ചിലവഴിച്ച് അവരിലൊരാളായിമാറി അവസാനം നിര്‍വ്വാണപ്രായനായ ഈ ബുദ്ധദേവന്റെ (റിക്ലൈനിങ്ങ്ബുദ്ധ) മുന്നില്‍ എത്തിനില്‍ക്കുമ്പോള്‍ മനസ്സ് ചെറുതായൊന്ന് പിടക്കും. ഏഴു മീറ്റര്‍ നീളത്തിലുള്ള ഈ ശില്പവും നമ്മുടെ മനസ്സറിഞ്ഞു കൊത്തിയെടുത്തതുതന്നെ. ചാഞ്ഞുകിടക്കുന്ന ബുദ്ധന്റെ താഴെയായി ഭൂമിയിലെ സകാലചാരാചരങ്ങളും ദു:ഖിതരായി കാണപ്പെടുന്നു. മുകളില്‍ ഒരു മഹാപുരുഷന്റെ ദേവലോകത്തിലേക്കുള്ള വരവ്  ദേവലോകം ആഹ്ളാദചിത്തരായി ആഘോഷിക്കുന്നു.


ഇത്രയും അനുഭവിച്ചുകഴിയുമ്പോഴേക്കും നമ്മള്‍ ചെറുതായി അഹങ്കാരികളായി മാറിയിട്ടുണ്ടാവും. വിലമതിക്കാനാവാത്ത നമ്മുടെ സംസ്കാരത്തെ ഓര്‍ത്ത്.....കൂട്ടത്തില്‍  കൈവിട്ടുപോയ കാലത്തെയോര്‍ത്ത് ഇത്തിരി സങ്കടവും ബാക്കിയാവും.

മുപ്പാതാമത്തെ ഗുഹയില്‍നി്ന്നും നോക്കുമ്പോള്‍ ഒന്നാമത്തെ ഗുഹയിലേക്ക് വരിവരിയായി കയറിപ്പോകുന്നുണ്ട് പലനിറത്തിലുള്ള കുഞ്ഞനുറുമ്പുകള്‍ . ഇനിയൊരു മഴക്കാലത്ത് താഴെ വാഘോരനദിയുടെ നിറവിലേക്ക് മുകളിലെ പാറക്കൂട്ടം ഉരുകിയൊലിച്ചിറങ്ങുന്നതു കാണാന്‍ തിരിച്ചുവരണമെന്ന മോഹം മാത്രം ഇനി ബാക്കി വെക്കുന്നു.

18 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഒരു യാത്രാവിശേഷം.......

Unknown പറഞ്ഞു...

അഹങ്കാരികളായി മാറിയിട്ടുണ്ടാവും. വിലമതിക്കാനാവാത്ത നമ്മുടെ സംസ്കാരത്തെ ഓര്‍ത്ത്.. കൂട്ടത്തില്‍ കൈവിട്ടുപോയ കാലത്തെയോര്‍ത്ത് ഇത്തിരി സങ്കടവും ബാക്കിയാവും.
--
തീര്‍ത്തും ശരിയാണ്, മുമ്പ് താജ് മഹല്‍ കണ്ടപ്പോള്‍ തൊന്നിയിരുന്നു ഇതേ വികാരം..

നമുക്ക് തലയുയര്‍ത്തി നില്‍ക്കാന്‍ ഒരുപാടൊരുപാട്..

യാത്രാ വിശേഷത്തിന് നീളം കുറവാണ് ട്ടാ.. അജന്തയെപ്പറ്റി ആദ്യമായാണ് ഇത്രയെങ്കിലും വായിക്കുന്നത്, പറ്റിയാല്‍ പോകാം അല്ലെ..? മ്..

നന്ദി. :)

Unknown പറഞ്ഞു...

അജന്താ ഗുഹകളിലേക്ക് വെള്ളിച്ചം വീശുന്ന ഈ യാത്ര വിവരണം ഒരുപാട് പുതിയ അറിവിനെ പ്രദാനം ചെയുന്നു ..

പിന്നെ ആ കവിത "ഇവടെ ഒരു പുഴ ഉണ്ടായിരുന്നു " ഇത് വരെ വായിച്ചില്ല ....അത് ഇവടെ ചേര്‍ത്താല്‍ വലിയ ഉപകാരമായിരിക്കും

Echmukutty പറഞ്ഞു...

വളരെച്ചെറിയ ഒരു വിവരണം എഴുതീട്ട് ഒരു നെടുനീളൻന്ന് പറഞ്ഞ് പേടിപ്പിയ്ക്കുന്നോ?

കുറച്ചും കൂടി വിശദമായി എഴുതുക.

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

nalla vivaranam.. thanks

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

nalla vivaranam.. thanks

ജന്മസുകൃതം പറഞ്ഞു...

നെടു നീളന്‍ എന്ന് കേട്ടിട്ട് നാളെ വായിക്കാമെന്ന് കരുതിയതാണ് .എന്നാലും വെറുതെ ഒന്ന് നോക്കി പ്പോകാമെന്ന് വച്ചു കേറി ദേ....മുപ്പതു ഗുഹയിലും കയറിയിറങ്ങി ഞാനിതാ ആത്മ ഹര്‍ഷത്തോടെ പോകുന്നു ....നന്ദി പ്രസന്ന....

krishnakumar513 പറഞ്ഞു...

അജന്താ വിശേഷങ്ങള്‍ക്കു വളരെ നന്ദി...

ente lokam പറഞ്ഞു...

ഒരല്പം അഹങ്കരിക്കാന്‍ അവസരം തന്നല്ലോ
നന്ദി പ്രയാണ്‍ ‍ ‍ ...
സ്വന്തം നാടിനെപ്പറ്റി ഓര്‍ത്തു പല സ്ഥലത്തും
തല കുനിക്കേണ്ട ഗതി കേടുള്ളപ്പോള്‍ പ്രത്യേകിച്ചും...
ആശംസകള്‍
ഈ വിവരണത്തിന്...

ശ്രീനാഥന്‍ പറഞ്ഞു...

ചിത്രങ്ങളോടും ശിൽപ്പങ്ങളോടും സ്നേഹമുള്ള, അവ ആസ്വദിക്കാൻ കഴിവുള്ള ഒരു സഞ്ചാരിയുടെ വളരെ നല്ലൊരു കുറിപ്പായി ഇത്. നന്ദി. ഇനിയും കുറച്ചുകൂടി ആകാം എന്നു തോന്നി.( ചെറിയ കവിതകൾ എഴുതിയുള്ള ശീലം കൊണ്ടാണ് ഇതൊക്കെ വലുതാണ് എന്നു തോന്നുന്നത്)

ശ്രീ പറഞ്ഞു...

ആദ്യമായിട്ടാണ് അജന്താ ഗുഹകളെ പറ്റിയുള്ള ഒരു വിവരണം ഇത്ര ഭംഗിയായി വായിയ്ക്കാന്‍ കഴിയുന്നത്.

നന്ദി ചേച്ചീ.

Manoraj പറഞ്ഞു...

അജന്ത എല്ലോറ ഗുഹകളെ പറ്റിയൊക്കെ പണ്ട് സാമൂഹ്യപാഠത്തില്‍ പഠിച്ചിട്ടുണ്ട്. അവയൊക്കെ കാണാന്‍ കഴിയുന്നത് വല്ലാത്ത ഭാഗ്യവുമാണ്. അസൂയയോടെ വായിച്ചു.

yousufpa പറഞ്ഞു...

അജന്തയെ കുറിച്ച് പരിമിതമായ പരിമിതമായ അറിവേ എനിയ്ക്കുണ്ടായിരുന്നുള്ളു. ഈ യാത്രാവിവരണം വായിച്ചപ്പോള്‍ ,അത് പോയി കണ്ടനുഭവിച്ച പ്രതീതി.

നിരക്ഷരൻ പറഞ്ഞു...

“ഇത്രയും അനുഭവിച്ചുകഴിയുമ്പോഴേക്കും നമ്മള്‍ ചെറുതായി അഹങ്കാരികളായി മാറിയിട്ടുണ്ടാവും. വിലമതിക്കാനാവാത്ത നമ്മുടെ സംസ്കാരത്തെ ഓര്‍ത്ത്... “ പരമമായ സത്യം.

പലരായി ഇതിങ്ങനെ അജന്തയെക്കാണിച്ച് കൊതിപ്പിച്ചുകൊണ്ടിരിക്കുന്നു. അവസാനകാലത്ത് പല്ലക്കുകളെത്തന്നെ ആശ്രയിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്.

Admin പറഞ്ഞു...

നമ്മുടെ സംസ്കാരത്തിന്റെ ചെറുബിംബങ്ങള്‍ പോലും അതിശയിപ്പിക്കുന്നതാ​ണ്. അതിന്റെ മനോഹാരിതയെയും ഗാംഭീര്യതയെയും എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല. നൂറ്റാണ്ടുകളോളം നിരവധി അധിനിവേശങ്ങളേയും വെല്ലുവിളികളേയും അതിജീവിച്ചാണിതെല്ലാം നിലനിന്നതെന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. അല്ലെങ്കില്‍ നശിപ്പിക്കപ്പെട്ടവയില്‍ അതിജീവിക്കപ്പെട്ടവ മാത്രമാണിവ. അനന്തസാഗരം പോലെ ഇതിന്റെ വിശേഷങ്ങള്‍ പറയാന്‍ നാവുകളായിരം വേണം.. അജന്ത കലാഗ്രാമത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞ, ബുദ്ധമതത്തിലെ വിശേഷങ്ങള്‍ പറഞ്ഞ പോസ്റ്റ് വളരെ പ്രശംസയര്‍ഹിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെപോകാൻ അടുത്തുള്ള റെയില്വേ സ്റ്റേഷനേതാണ്.പോകാൻ പറ്റുന്ന സമയം.കുറെ കേട്ടിട്ടുണ്ടന്നല്ലാതെ ഇതുപോലൊന്നു വായിക്കുന്നത് ആദ്യം.

Vp Ahmed പറഞ്ഞു...

വളരെയധികം മനസ്സിലാക്കാന്‍ കഴിഞ്ഞു.

the man to walk with പറഞ്ഞു...

Good One..

Best wishes