വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2010

വെറുതെ.........?


ശത്രുവിന്റേതായാലും
പകയുരിഞ്ഞ ശരീരം
ആളുന്ന തീയിലേക്ക്
ഇറക്കുന്നതു കാണുമ്പോള്‍
വിശ്വാസമില്ലെങ്കിലും
ദൈവത്തെയൊന്നു
വിളിച്ചുപോവും.
വേദനിക്കുമോയെന്ന്
കണ്ണുകള്‍ തമ്മില്‍ തമ്മില്‍
അടക്കം പറയും.
കാല്‍ വിരല്‍തൊട്ട് നെടുന്തലവരെ
എന്തൊക്കയോ തരിച്ചുകേറും.
ഇനികാണില്ലല്ലൊ
എന്നൊരു തിക്കുമുട്ടല്‍
മനസ്സിലെവിടെയോ
കിടന്നു തിളക്കും.
തിരിഞ്ഞു നിന്ന്
ആരും കാണാതെ
പുറംകൈകൊണ്ട്
കണ്ണൊന്നു തുടച്ചുപോവും.

പിന്നെയെങ്ങിനെയാണവര്‍ക്ക്
വിശ്വാസങ്ങളുടെ പേരില്‍
ജീവനോടെ സ്വപ്നങ്ങളെ
ചുട്ടുകരിക്കാനാവുന്നത്?

തിങ്കളാഴ്‌ച, ഒക്‌ടോബർ 25, 2010

രാക്കിളിപ്പാട്ട്................


നിന്‍ നിഴല്‍ക്കൂത്തും
നിന്നിരുള്‍ക്കൂട്ടും
നിന്റെ വിമൂക
വിലോലമാം ഭാവവും
നിന്‍ വിരല്‍ത്തുമ്പിലെ
വിറയാര്‍ന്ന ശൈത്യവും
നിന്റെ ഗ്രീഷ്മത്തിന്‍
വ്യഗ്രമാമുഷ്ണവും
നിന്റെ നിശാപുഷ്പ
ഗന്ധിയാം പ്രണയവും
നിന്റെ മോഹത്തിന്‍
നിലാപ്പുതപ്പും പിന്നെ
നിന്‍സ്പര്‍ശ സ്ഫുരണത്തി-
നുല്‍ക്കവര്‍ഷങ്ങളും
നിന്റെയാരോഹവും
നിന്റെയവരോഹവും
നമ്മുടേതെന്നു ഞാന്‍
പാടിത്തുടങ്ങവേ
ഇന്നു ഞാനറിയുന്നു
നിന്നിരുള്‍ക്കൊമ്പിലെ
പാടാന്‍ പഠിക്കുന്ന
രാപ്പാടിയൊന്നു ഞാന്‍.

ബുധനാഴ്‌ച, ഒക്‌ടോബർ 20, 2010

"ന്റെ മഹാത്മാവേ..................."






ദാക്ഷായണിടീച്ചറുടെ ഭര്‍ത്താവ് ദാമോദരന്‍മാഷ് ഒരു തികഞ്ഞ ഗാന്ധിയനാണ്. കോണ്‍ഗ്രസ്സും ഖദറും കഴിഞ്ഞേ മൂപ്പര്ക്ക് എന്തും ഉള്ളു. സ്വയം നൂറ്റെടുത്ത നൂലുകൊണ്ടുണ്ടാക്കിയ വസ്ത്രം ധരിക്കണമെന്നുണ്ട്. പക്ഷെ ആ വിദ്യ അത്രക്കങ്ങ് വശമല്ലാത്തതുകൊണ്ട് റിബേറ്റിന് ഖാദിയ്ക്കായി ഒരു നല്ല തുക ചിലവാകും. ദാക്ഷായണിടീച്ചറോടൊരിക്കല്‍ ചോദിച്ചതാണ് മാഷ്..........

"നെനക്ക് ദാക്ഷായണി ആ വിദ്യൊന്നു വശാക്കിക്കൂടെ"

"ഏത്?"

"മ്മടെ ഗാന്ധിയൊക്കെ ചെയ്തില്ലെ ......ചര്‍ക്ക തിരിച്ച് നൂല്ണ്ടാക്കണ
വിദ്യ........."

നിഷ്ക്കളങ്കമായ ഒരു ചിരിയിലുത്തരമൊതുക്കിയപ്പോള്‍ ( പണ്ട്
മാഷ് വീണുപോയത് ഈ ചിരിയിലാണ്) ദാക്ഷായണിടീച്ചര്‍ മനസ്സില്‍ പറഞ്ഞു......

"ദേപ്പൊ നന്നായത്..... മനുഷ്യന് നിക്കാനും ഇരിക്കാനും വയ്യാണ്ട്
പണീള്ളപ്പഴാ ഇനി നൂല് നൂല്‍ക്കണ്ടത്"

റിട്ടയറ് ചെയ്തപ്പോള്‍ സുഖായീന്ന് കരുതിയതാണ് ടീച്ചറ്. പശൂം പറമ്പും ഒക്കെക്കൂടി നിന്നുതിരിയാന്‍ സമയമില്ലാത്ത അവസ്ഥയാണിപ്പോള്‍. മാഷ്ക്ക് പേപ്പറും വായിച്ച് മലര്‍ന്നു കെടന്നാല്‍ മതീലോ.ഒരു മോനുള്ളത് ബോംബേലാണ്. പഠിക്കുന്നകാലത്ത് അവന്‍ എസ്.എഫ്.ഐ. യില്‍ ചേര്‍ന്നത് മാഷ്ക്കൊരടിയായിരുന്നു. ഗാന്ധിസ്നേഹം മൂത്ത് മോഹന്‍ചന്ദ് എന്നാണവന്നു പേരുപോലുമിട്ടത്. ഇപ്പോഴവന്‍ ഒരമേരിക്കന്‍ കംമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗത്തിലാണ്.

മോള് പ്രിയദര്‍ശിനിയെ ഒരു പാര്‍ട്ടിക്കാരനെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നത് മാഷുടെ മോഹമായിരുന്നു. മോളും മോനും ടിച്ചറും കൂടി മാഷുടെ ആ സ്വപ്നം ഒരു ദയവുമില്ലാതെ പൊളിച്ച് കൂട്ടി അടുപ്പിലിട്ടു.

ദാക്ഷായണി ടീച്ചറുടെ വലം കയ്യാണ് പുഷ്പകുമാരി. അത്യാവശ്യം രാഷ്ട്രീയം മനസ്സിലാവുന്ന പുഷ്പകുമാരിയെ മാഷ്ക്കും ഇഷ്ടമാണ്. ഒരുദിവസം പുഷ്പ വന്നില്ലെങ്കില്‍ ടീച്ചറുടെ കാര്യം പറയാതിരിക്കയാവും ഭേദം. ഭക്ഷണം കഴിക്കാന്‍ പോലും സമയമുണ്ടാവില്ല. ഒരു തോണിപോലെയാണ് ടീച്ചര്‍ക്ക് പുഷ്പ. നിറഞ്ഞുകവിഞ്ഞ ഏതു പുഴയിലായാലും ടീച്ചറൊന്ന് കയറിയിരുന്ന് തുഴഞ്ഞുകൊടുത്താല്‍ മതി......... വേണ്ട കരയില്‍ ടീച്ചറെ എത്തിക്കുന്നകാര്യം പുഷ്പ ഏറ്റു. ടീച്ചര്‍ക്കും അങ്ങിനെത്തന്നെയാണ്........ തന്നെക്കാളും ഇത്തിരി സ്നേഹക്കൂടുതല്‍ അമ്മയ്ക്ക് അവളോടുണ്ടെന്ന് മോഹന്‍ ച്ന്ദിന്റെ ഭാര്യ ഇടക്കൊക്കെ കൊനുഷ്ട് പറയാറുണ്ട്.


നാലു കിലോമീറ്റര്‍ ദൂരത്ത്നിന്ന് സാരിയൊക്കെ പത്രാസിലുടുത്ത് ടൗണിലെ ഒരാഫീസില്‍ ജോലിക്ക് പോണെന്നും പറഞ്ഞാണ് പുഷ്പ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. അതുകൊണ്ട്തന്നെ ഞായറാഴ്ച്ചയും പിന്നെ ഹര്ത്താല്‍ ദിവസങ്ങളിലും പുഷ്പയെ കാത്തിരിക്കണ്ട. സത്യാഗ്രഹവും സമരവുമൊക്കെ ഗാന്ധിമാര്‍ഗ്ഗമാണെന്നു സമാധാനിക്കുമ്പോഴും മാഷ്ക്ക് ടിച്ചറുടെ വെഷമം കാണുമ്പോള്‍ ഹര്‍ത്താല്കാരോട് ദ്വേഷ്യം വരാറുണ്ട്.... ഒരു ഗ്ലാസ്സ് വെള്ളം പോലും കൈകൊണ്ടെടുത്ത് കുടിക്കാത്ത മാഷിന്റെതലയില്‍ അല്ലറ ചില്ലറ പണിയും വന്നു വീഴും. അതിനാല്‍ മാഷ് ഹര്‍ത്താല്‍ ദിവസം രാവിലെ വീട്ടില്‍നിന്നിറങ്ങി അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ ചെന്നിരിക്കും. അവിടെ മാഷെപ്പോലയുള്ള ചിലരെല്ലാം നേരത്തെക്കൂട്ടി വന്നിരിക്കുന്നുണ്ടാവും. പിന്നെ രാഷ്ട്രീയത്തിലെ ഇന്നത്തെ അവസ്ഥയും ഇന്നത്തെ ചെറുപ്പക്കാരുടെ ഉത്തരവാദിത്വമില്ലായ്മയും ട്രഷറിയില്‍ പെന്‍ഷന്‍ എത്താന്‍ വൈകിയതും തുടങ്ങി പലചര്‍ച്ചകളും നടക്കും. ചര്‍ച്ച ചൂടുപിടിച്ചുവരുമ്പോഴാണ് ഷാരത്ത് പപ്പടം കാച്ചുന്ന്തിന്റേം മുളകു വറുക്കുന്നതിന്റേം മണം പിന്നിലൂടെ വന്ന് തൊട്ട് വിളിക്കുക. പിന്നെ വിശപ്പിന്റെ കയ്യും പിടിച്ച് ഓരോരുത്തരായി ഇറങ്ങിനടക്കും

ഒക്ടോബര്‍ രണ്ട് മാഷ് സ്വന്തം ആരുടേയോ പിറന്നാള്‍ പോലെയാണ് ആഘോഷിക്കാറ്. അന്ന് രാവിലെ കുളിച്ച് അമ്പലത്തില്പോകാന്‍ പറ്റിയില്ലെങ്കില്‍ വല്ലാത്ത വിഷമമാണ്. രാവിലെത്തന്നെ വന്ന മോഹന്‍ ചന്ദിന്റെ ഫോണായിരുന്നു ടീച്ചറേയും മാഷെയും വല്ലാതെ സങ്കടപ്പെടുത്തിയത്. അവന്റെ മോന് പ്ലസ് ടൂവിന് നല്ലമാര്‍ക്കും പ്രവേശനപരീക്ഷക്ക് നല്ല് റാങ്കുമുണ്ടായിട്ടും ബോംബെ ഐ. ഐ. ടിയില്‍ കിട്ടിയില്ലത്രെ.......... ഇനിയിപ്പൊ എവിടെയാണോ ആവോ കിട്ടാന്‍ പോണത്. രണ്ടുപേര്‍ക്കും വല്ലാതെ വിഷമം തോന്നി. പുഷ്പ വന്നപ്പോള്‍ മാഷ് നീര്‍ത്തിപ്പിടിച്ച പേപ്പറിന്നുള്ളിലേക്ക് ചുരുണ്ടു മടങ്ങി. ടീച്ചര്‍ പിന്നേം പുഷ്പയുടെമുന്നില്‍ സങ്കടം നീര്‍ത്താന്‍ തുടങ്ങി.

" ന്നാലും പുഷ്പേ നെന്നെപ്പോലെ ഒരു ഹരിജനായാ മത്യാരുന്നു.
ഹരിജനങ്ങള്ക്കൊക്കെ എന്തൊക്കെ ആനുകൂല്യാ ഇപ്പം...."




" ടീച്ചറെന്താ വിളിച്ചേ.........ഹരിജനംന്നു വിളിച്ചതിന്ന് നിക്ക് നിങ്ങടെ
പേരില്‍ കേസ് കൊടുക്കാം അറിയ്യോ"

പുഷ്പകുമാരി നിന്നു വിറച്ചു...... താന്‍ പറഞ്ഞതിലെ തെറ്റെന്തെന്നു മനസ്സിലാവാതെ ടീച്ചറും നിന്നു വിറച്ചു.
പൂജാമുറിയിലെ വിളക്കിനുമുന്നില്‍ മറ്റുദൈവങ്ങളോടൊപ്പം ഒരു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ ചിരിച്ചിരിക്കുന്ന ഗാന്ധിയെനോക്കി മാഷ് അറിയാതെ വിളിച്ചുപോയി "ന്റെ മഹാത്മാവേ..................."

ബുധനാഴ്‌ച, ഒക്‌ടോബർ 13, 2010

ദേവൂട്ടി

"ന്നാലും ന്റെ കുഞ്ചാത്തലേ..........." "ഞാമ്പറഞ്ഞതല്ലെ ദേവൂട്ട്യേ ന്നെങ്ങനെ വിളിക്കണ്ടാന്ന്..........."

"അതല്ലാന്നേയ്.......കഷ്ടായിട്ടൊ ന്ങ്ങള് ചെയ്തത്......."

"ഞാന്പ്പൊ എന്താ ചെയ്തേ.....?"

"കുഞ്ചാത്തല് ന്റെ കഥ എഴുതീല്ല്യേ.......?"

"അതെവിടുന്നാ ദേവൂട്ടിയറിഞ്ഞത്..........നീയെന്റെ ബ്ലോഗ് വായിച്ചോ" ഒരു വായനക്കാരിയെ കിട്ടിയതിന്റെ സന്തോഷം എനിക്കടക്കാന്‍ പറ്റിയില്ല.

"നിക്കങ്ങിനത്തെ ദുശ്ശീലങ്ങളൊന്നുംല്ല്യ........നല്ല കുടുമ്മത്തിലാണേയ് ഞാന്‍ ജനിച്ചത്.
ജീവിക്കാനിത്തിരി കഷ്ടായ്തോണ്ടാ ഈപ്പണി ചെയ്യണത്...."

"അപ്പൊ നീയെവിടുന്നാ ഇതറിഞ്ഞേ........" നിരാശ പുറത്തുകാട്ടാതെ ഞാന്‍ ചോദിച്ചു.

" ഇവിടത്തെ കുട്ട്യാത്തോലാ ന്നോട് പറഞ്ഞത്........"അതുശരി . അപ്പോള്‍ അമ്മു പറ്റിച്ച പണിയാണ്.

"ന്നാലും കഷ്ടംണ്ട്ട്ടൊ.......... ന്റെ കുട്ടിക്ക് ആലോചനകള് വര്ന്ന്ണ്ടേയ്..........."

" അതിനിപ്പം ഞാനെന്താ ചെയ്തേ ദേവൂട്ട്യേ........?"

"ന്ങ്ങള് ന്റെ നാറാണേട്ടനെ കള്ളൂടിയന്‍ന്ന് വിളിച്ചില്ലെ.........അതോറ്റെ വായിച്ചട്ട് ആലോചന വേണ്ടാന്ന് വെയ്ക്കോന്നാ ന്റെ പേടി........"

"കള്ളും കുടിച്ച് അങ്ങാടീക്കൂടി നാലുകാലില്‍ നടക്കുന്ന നിന്റെ നാറാണേട്ടന്‍
കള്ളുകുടിയനാന്നറിയാന്‍ ന്റെ ബ്ലോഗ് വായിക്കണോ ദേവൂട്ടീ......?"

"ന്നാലും ന്ങ്ങള് എഴുത്യേത് വായിച്ചാ വിശ്വാസാവില്ലെ ............."

" ന്റെ ദേവൂട്ടീ അതു കഥയല്ലെ............"

" വായിക്കണോര്‍ക്ക് അത് കഥന്നെ.....ന്നെ അറീണോര്‍ക്ക് അത് ന്റെ കഥല്ലെ കുഞ്ചാത്തലേ....." "ന്റെ ബ്ലോഗൊന്നും ആരും വായിക്കാറില്ല്യട്ടൊ .....നിയ്യ് പേടിക്കണ്ടാ......."

"ന്നാലും ഇന്യെഴുതുമ്പൊ നാറാണേട്ടനെപ്പറ്റി നന്നായി എഴുതണം ട്ടൊ...... ന്ങ്ങളെഴുതീത് വെറും കഥ്യാണ്ന്നും സത്യത്തില് ഓര് നല്ലോരാന്നും എഴുത്യാ മതി...... ന്റെ മോളെപ്പറ്റീം എഴ്തണം.......... ഓളിപ്പം സൊപ്നൊന്നും കാണാറില്ല്യാത്രേ..........."

"ഇന്നന്നെ എഴുതിക്കോളൂട്ടോ ........ദേവൂട്ടിപെണങ്ങിപ്പോയാ നെന്നെ ഞാന്‍ ഡെല്‍ഹിക്ക് വിടില്ല്യ.........നിക്ക് വയ്യ ഒറ്റക്ക് പണ്യൊക്കെ ചിയ്യാന്‍........" ഏടത്ത്യമ്മ ദേവൂട്ടീടെ ഭാഗം പറയാന്‍ വന്നു.

"അതെന്താ വല്ല്യാത്തല് അങ്ങിനെ പറേണേ....... ഇതേപ്പം നന്നായത്
..... ന്റെ കഥ്യെഴുതീച്ച്ട്ട് അയിനെ ഡെല്ലീല്‍ക്കയക്കാണ്ടിക്ക്യേ........ മൂപ്പരെന്താ നിരീക്ക്യാ.............. കുഞ്ചാത്തലെഴുതിക്കൊളൂട്ടൊ..... ന്നേം ന്റെ നാറാണേട്ടനേം മോളേം ഒക്കെപ്പറ്റി എഴുതിക്കോളൂ............. ന്നാലും ത്തിരി നന്നാക്കിയെഴുത്യാ മതീട്ടൊ.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 08, 2010

അയനം............



പടുവേരുകളില്‍ തട്ടിത്തടയാതെ
ഇരുകരകളുടെ അനുനയങ്ങളില്‍
വഴുതിവീഴാതെ ഒഴുകുന്ന
തോടിനെനോക്കി അസൂയപ്പെട്ടിട്ടുണ്ട്
ചെന്നു ചേരുന്ന പുഴയെ
നോക്കി ആശ്ചര്യപ്പെട്ടിട്ടുണ്ട്.
തോടിന്റെയും പുഴയുടേയും സംഗമം
നോക്കിയിരുന്ന് കൊതിച്ചിട്ടുമുണ്ട്.
ഒരു തോടായി ഒഴുകുന്നത്
പുഴയില്‍ ചെന്നു ചേരുന്നത്
ഒന്നുമറിയാതെ പുഴയുടെ
ഒഴുക്കിനൊപ്പം ഒഴുകിനീങ്ങുന്നത്
കടലില്‍ ചെന്നു നിറയുന്നത്
സ്വപ്നവും കണ്ടിട്ടുണ്ട്............

ഇപ്പോഴിപ്പോഴുള്ള
സ്വപ്നങ്ങളില്‍ തോട്
പുറകോട്ടാണൊഴുകാറ്.
കാട്ടുവഴികളും പാറക്കൂട്ടങ്ങളും
ഓടിക്കയറി ക്ഷീണിക്കുമ്പോള്‍
ഉറവകള്‍ കിനിയുന്ന
അരിമ്പുകളിലൂടെ
ഭൂമിയുടെ ഗര്‍ഭങ്ങളിലേക്ക്
നുഴഞ്ഞുകയറുന്ന
സ്വപ്നത്തെയും താലോലിച്ചാണ്
ഞാനിപ്പോഴുറങ്ങാറ്....................

ഞായറാഴ്‌ച, ഒക്‌ടോബർ 03, 2010

ഒരു ദേശത്തിന്റെ രസതന്ത്രം.




സരോയിന്യേടത്തീ ങ്ങളേടായിനൂ..........

എത്രേരായീന്നറിയൊ ബാപ്പ കടേലിക്ക് വിളിക്ക്ന്ന്............

അതെന്തിനാ വാപ്പുട്ട്യേ............

പണീണ്ടോലെ..........ങ്ങളൊന്ന് വേം ചെന്നോളീ........ഉപ്പാന്‍റെ കൂട്ടം കേക്കണ്ടാച്ചാല്.............

സരോജിനിക്ക് ഞങ്ങടെ നാട്ടില്‍ വലിയ ഡിമാന്റായിരുന്നു. എല്ലാവരും സരോജിനി പോകുമ്പോള്‍ ഇത്തിരി ബഹുമാനത്തോടെയാണ് നോക്കിയിരുന്നത്. കാരണം മറ്റൊന്നുമല്ല ...........വാപ്പുട്ടീടെ ഉപ്പേന്‍റെ കടേലെ പുട്ടിന്‍റെ രുചിതന്നെ.


സരോജിനി പുട്ടിനു വറുത്താല്‍ നാടുമുഴുവനറിയും. അരി വറവുകേറി കേറി പാകമാവുന്നതുനോക്കി കാറ്റ് ഒളിച്ചങ്ങിനെ നില്‍ക്കും. അടുത്തു ചെന്നാല്‍ തീ പാളിയാലോ.... കനലുകെട്ടാലോ.... സരോജിനിയുടെ വറവു തെറ്റിയാലോ. മണം വരാന്‍ തുടങ്ങിയാല്‍ സരോജിനിപോലുമറിയാതെ അതെടുത്തൊരോട്ടമാണ്.......... നാടുമുഴുവന്‍ പിന്നെ സരോജിനിയുടെ വറവുമാഹാത്മ്യം നിറഞ്ഞു നില്‍ക്കും.
വേലിക്കല്‍ നിന്ന് കുശുമ്പ് പറഞ്ഞ പെണ്ണുങ്ങള്‍ മൂക്കുവിടര്‍ത്തും.

"മ്മളെ സരോയിന്യല്ലെ പിട്ടിനു വറ്ക്ക്ന്നെ............... "

"ഓള് പിട്ട്ന് വറക്ക്ന്ന കാണാന്തന്നെ ഒരു ചേലാ..........."

"ചട്ട്കോം ഓളും ഒന്നിച്ചല്ലെ എളക്വാ.............."

"ബാധ കേറ്യേ മായിര്യല്ലെ ഓള് കെടന്ന് തുള്ള്വോളീ................." അങ്ങിനെ പോവും വിവരണങ്ങള്‍ ആണുങ്ങളാണെങ്കില്‍

" എണേ ഞാനൊന്ന് റേഷങ്കടേല് പോയി അരി വന്നിനോന്ന് നോക്കട്ടെ"

എന്നു പറഞ്ഞിറങ്ങും. പോണ വഴിയിലാണല്ലൊ നമ്മുടെ വാപ്പൂട്ടിന്‍റെ ഉപ്പാന്‍റെ കട. അല്ലാച്ചാലും ഠാ വട്ടത്തിലൊരു നാട്ടുമ്പൊറത്ത് വലിയ ദൂരെമൊന്നും നടക്കാനില്ലല്ലൊ. എന്തായാലും മണം മൂക്കില്‍ കേറ്യാപിന്നെ അകത്തേക്കിത്തിരി ചെന്നില്ലേല് കൊടല് കത്തണ മാതിരിയാണ്. പെണ്ണ്ങ്ങളണേല്‍ അതറിഞ്ഞാലും കണ്ണടച്ച് കൊടുക്കും . അല്ലാതെ അവരെക്കൊണ്ടാവില്ലല്ലൊ സരോജിനിയെപ്പോലെ ഇള‍കിമറിഞ്ഞ് പിട്ടിനു വറക്കാന്‍.

വാപ്പുട്ടീന്‍റെ ഉപ്പക്കിത് നല്ലോണം അറിയാം. അതുകൊണ്ട്തന്നെ കൂലിയായി അവള്‍ പറയുന്നതും കുറച്ചധികവും അയാള്‍ കൊടുക്കും . പക്ഷെ ഒരു കാര്യം ഒറപ്പാക്കിയിട്ടുണ്ട്.
" മാഷെ ബീടര് വിളിച്ചാലല്ലാണ്ടെ നീയ് വേറേടീം പിട്ട്ന് വറ്ത്ത് കൊടുക്കകര്ത്ട്ടാ സരോയിന്യേ "

മാഷും വാപ്പൂട്ടീടെ ഉപ്പയും തമ്മിലങ്ങിനെയാണ്. തിരുവോണത്തിന്‍റന്ന് മാഷിന്‍റെ ഉമ്മറത്തിരുന്ന് കഴിച്ചിരുന്ന ചായയുടെയും പഴനുറുക്കിന്‍റെയും സ്വാദ് കടയിലൊരിക്കലും അനുഭവപ്പെട്ടിട്ടില്ല എന്നത് അയാള്‍ക്ക് അത്ഭുതമായിരുന്നു. പെരുന്നാളിന്ന് മാഷെ വീട്ടില്‍ വിളിച്ച് വയറുനിറച്ച് ബിരിയാണികൊടുക്കണമെന്നത് ഒരു മോഹമായിന്നും അയാളില്‍ അവശേഷിക്കുന്നു. മാഷാണേല് പൊറത്ത്ന്നൊന്നും കഴിക്കില്ല എന്ന വ്രതക്കാരനുമാണ്.

സരോജിനിയും പറഞ്ഞതിലപ്പുറം ചെയ്യില്ല. എന്തെങ്കിലും അത്യാപത്ത് വന്നാല്‍ ചെന്ന് കൈനീട്ടാന്‍ വാപ്പൂട്ടീടെ ഉമ്മയും മാഷിന്‍റെ ബീടരും തന്നെയെ ഉള്ളു സരോജിനിക്ക്.

"യ്യേടെപ്പോയിക്കെടക്ക്വാ സരോയിന്യേ.....ഒന്നു വേഗത്തിരി പിട്ട്ന് വറ്ക്കാന്ള്ള നേരത്ത്........." വപ്പുട്ടീയുടെ ഉപ്പയൊന്നു ചീറ്റി.

"ഞാന്മ്ളെ മാഷിന്‍റാടേയ്നു മാപ്ലാരെ.....ആടത്തിരി തെരക്ക്ണ്ടെയ്നു........."

സരോജിനി ചായക്കടയുടെ പിന്നാമ്പുറ്ത്തൂടെ അടുക്കളയിലേക്ക് കേറിപ്പോയി. ഇനിയവിടെ കനല്പ്പുറത്തുകിടന്ന് അരിപ്പൊടിയും കനലില്‍ ചുകന്നു തുടുത്ത് തെയ്യം പോലെ സരോജിനിയും നൃത്തം വെക്കും. സരോജിനിയുടെ താളം മുറുകുന്നതിനൊപ്പം വറവുമൂക്കുന്നതും നോക്കി കാറ്റ് കാത്തിരിക്കുന്നുണ്ടാവും...... രുചിയുടെ അടരുകള്‍ കട്ടെടുത്തോടാന്‍........ഒരു ദേശത്തിന്‍റെ രസതന്ത്രങ്ങള്‍ അപ്പാടെ മാറ്റിമറിക്കാന്‍.