ഞായറാഴ്‌ച, മേയ് 10, 2015

കീര്‍ത്തിമുഖന്‍

 

 പണിതീരാത്ത വീടുകള്‍ക്കുമുന്നിലും മറ്റും ആകെയുള്ള തുറിച്ച വലിയ കണ്ണുകള്‍ തുറന്നുപിടിച്ച്  തിന്മക്ക് കാവല്‍നില്‍ക്കുന്ന ഈ രൂപത്തെക്കാണുമ്പോള്‍ എന്തുകൊണ്ടിങ്ങിനെയൊരു രൂപം എന്ന്‍ ആലോചിച്ചിട്ടുണ്ടോ? ഇത്തവണ ഖജുരാഹോ രതിശില്‍പങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോഴും അവയെക്കാളൊക്കെ മനസ്സിനെ സ്പര്‍ശിച്ച ചില ശില്‍പങ്ങളുണ്ട്. അവയിലൊന്നാണിത്.

ചെറുതുംവലുതുമായ ഓരോ അമ്പലത്തിലും ഈ രൂപത്തിലുള്ള ശില്പങ്ങളുണ്ടായിരുന്നു.കീര്‍ത്തിമുഖ് എന്നാണത്രേ ഈ രൂപത്തിന്റെ പേര്.  എല്ലായിടങ്ങളില്‍ നിന്നും ഈ രൂപത്തെപ്പറ്റി പറഞ്ഞുകേട്ടത് ഒരേ കാര്യവും. ഒരു പാവം സന്യാസിയായിരുന്നത്രെ കീര്‍ത്തിമുഖ്. വിശപ്പടക്കാന്‍ ഒന്നുമില്ലാതായപ്പോള്‍ സ്വന്തം ശരീരം ഭക്ഷിച്ചുതുടങ്ങിയ സന്യാസിയുടെ കണ്ണുമാത്രം ബാക്കിയായത്രേ. സഹതാപം തോന്നാന്‍ വേറേ വല്ല കാരണവും വേണോ...ആ സഹതാപം മനസ്സില്‍ കിടന്നതുകൊണ്ടാവാം കൂടുതലറിയാനായി നെറ്റില്‍ തപ്പിയത്. അപ്പോഴല്ലെ മുഴുവന്‍ പുകിലും അറിയുന്നത്.

അസുരരാജാവായ ജലന്ധരന്‍ ലോകത്തിന്റെ ഭൂരിഭാഗവും പിടിച്ചടക്കിയത്രേ. വിചാരിക്കുന്നതെല്ലാം കൈക്കലാക്കാമെന്ന തോന്നലുവന്നപ്പോ മൂപ്പര്‍ക്ക് ശിവന്‍റെ സുന്ദരിയായ ഭാര്യ പാര്‍വ്വതിയെ കിട്ടിയാല്‍ക്കൊള്ളാമെന്നായി. അതിനായി 'രാഹു' വിനെ ദല്ലാളായിവിട്ടു. (രാഹുവിന്റെ കഥയും നല്ല രസമുണ്ട്. രാഹുവിന് തലമാത്രമേയുള്ളൂ. അത് ചന്ദ്രനെ കാണുമ്പോഴൊക്കെ പിടിച്ചുവിഴുങ്ങും. ഇവിടെ ചന്ദ്രന്‍ പെണ്ണായിട്ടാണ് സങ്കല്‍പ്പം. രാഹുവിന് വയറില്ലാത്തതുകൊണ്ട് വിഴുങ്ങിയ ഉടനെ അപ്പുറത്തുകൂടെ ചന്ദ്രന്‍ രക്ഷപ്പെടും. അതാണത്രേ ചന്ദ്രഗ്രഹണം.) ശ്മശാനത്തില്‍ ജീവിക്കുന്ന ശിവനെക്കാള്‍ സര്‍വ്വൈശര്യങ്ങളുമുള്ള ജലന്ധരനാണ് പാര്‍വ്വതിക്ക് ചേര്‍ച്ചയെന്ന് രാഹു പറഞ്ഞതും ശിവന്‍ തൃക്കണ്ണ് തുറന്നു. അതില്‍ നിന്നും ആളുന്ന തീപോലെ ഒരു രൂപം പുറത്തുവന്നു. ഭീകരമായ ഒടുങ്ങാത്ത വിശപ്പായിരുന്നത്രെ അത്. ആ വിശപ്പും കൊണ്ട് അത് രാഹുവിന് പുറകെ ഓടുകയും രക്ഷയില്ലെന്നുകണ്ട് രാഹു ശിവന്റെ കാല്‍ക്കല്‍ വീഴുകയും ശിവന്‍ മനസ്സ് മാറ്റുകയും വിശപ്പ് ആളിക്കത്തുകയും ചെയ്തപ്പോള്‍ ഇനിയെന്ത് എന്നായി വിശപ്പ്. പാവം തോന്നിയ ശിവന്‍ അതിനോടു അതിന്റെ തന്നെ വിരലുകള്‍ തിന്നുകൊള്ളാന്‍ പറഞ്ഞത്രേ. ശിവനല്ലേ പറഞ്ഞതല്ലെ , വിരലുകള്‍ തിന്നുതുടങ്ങിയ വിശപ്പ് തിന്നുതിന്നു രസംപിടിച്ച് കണ്ണൊഴിച്ചെല്ലാം തിന്നുതീര്‍ത്തെന്നും അതുകണ്ട് ശിവന്‍ ഉറക്കെച്ചിരിച്ചെന്നും അതിനെ കാളിദാസന്‍ ഹിമാലയഹാസമെന്ന് എഴുതിവെച്ചെന്നും 'ചരിത്രം'.  എന്തായാലും ആയാളാണ് ഇയാള്‍. തന്‍റെ ഏറ്റവും മഹത്തരമായ സൃഷ്ടിയായി ശിവന്‍ അതിനെ പ്രഖ്യാപിക്കുകയും അതിനെ കീര്‍ത്തിമുഖ എന്നു വിളിക്കുകയും തന്‍റെ വാതിലിന്നു മുകളില്‍ മരണമില്ലാത്തവനെന്ന് സ്ഥിരമായി കുടിയിരുത്തുകയും  ചെയ്തുവത്രെ. ആലയങ്ങളുടെ കാവല്‍ക്കാരന്‍, വനസ്പതി, മരങ്ങളുടെ ആത്മാവ്, വന്യതയുടെ രക്ഷകന്‍ പച്ചപ്പിന്റെ രാജാവ്, പച്ചമനുഷ്യന്‍ തുടങ്ങി പലപേരുകളില്‍ കീര്‍ത്തിമുഖ് ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു