വെള്ളിയാഴ്‌ച, ജനുവരി 24, 2014

താമരപ്പൂക്കളുടെ വീട്


രാവിലത്തെ തിരക്കൊക്കെ കഴിഞ്ഞ് ഓര്‍മ്മകളുടെ ആകാശത്തു ചുമ്മാ ഒരു മേഘത്തുണ്ടായി അലഞ്ഞു നടന്നു പെരുകിക്കൊണ്ടിരിക്കുമ്പോഴാണ് കാളിങ്ങ്ബെല്‍ ശബ്ദിച്ചത്. വെറുതെയിരിക്കാനാണ് യമുനക്ക് അപ്പോള്‍ തോന്നിയിരുന്നത്... അതുകൊണ്ടുതന്നെ അങ്ങിനെയുള്ള സമയങ്ങളില്‍ ആദ്യത്തെ ബെല്‍ പലപ്പോഴും കേട്ടില്ലെന്ന് നടിക്കാറാണ് പതിവ്. ആവശ്യമുള്ളവരാണെങ്കില്‍ സ്വിച്ചില്‍നിന്നും കയ്യെടുക്കില്ലെന്ന തിയറിയില്‍ ധൈര്യപൂർവ്വം വിശ്വസിക്കുന്നു.  
തിരക്കുപിടിച്ച സ്ഥലങ്ങളില്‍ പോലും അങ്ങിനെ ഒറ്റപ്പെടാന്‍, ഒഴുകിനടക്കാന്‍ യമുനക്കാവുമായിരുന്നു. ഒന്നിച്ചുള്ള യാത്രകളില്‍ പലപ്പോഴും അവളോടുള്ള ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ തലയും താഴ്ത്തി മടങ്ങിയെത്തുമ്പോള്‍ യദുകൃഷ്ണന്  വല്ലാതെ ദ്വേഷ്യം വരാറുണ്ട്.
“നിനക്കീ പേര് നല്ലോണം ചേരുന്നുണ്ട്.. കൂടെയൊഴുകുന്നവരെപ്പറ്റിയോ  കരയില്‍ നില്‍ക്കുന്നവരെപ്പറ്റിയോ ഒരു ബോദറേഷനുമില്ലാതെ അങ്ങിനെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പുഴ ”
അത് പോലും യമുന കേട്ടിരിക്കില്ലെന്ന് അവനറിയാം. അവളപ്പോള്‍ സിഗ്നലില്‍ പൂ വില്‍ക്കാന്‍ വന്ന പെണ്‍കുട്ടിയുടെ കണ്ണിലെ ആഴങ്ങളില്‍ കിടന്നു ശ്വാസം മുട്ടി പിടയ്ക്കുകയാവും. തട്ടി തട്ടിയില്ലെന്ന മട്ടില്‍ കാറിനുമുന്നില്‍ പറന്നുകളിച്ച പൂമ്പാറ്റകളുടെ  പുറകെയോടുകയാവും. അല്ലെങ്കില്‍ ചക്രങ്ങള്‍ക്കിടയില്‍ പെടാതെ തെറ്റിപ്പറക്കുന്ന കരിയിലകളുടെ നൃത്തം കണ്ട് അന്തം വിട്ടിരിക്കയാവും. 
ഒരിക്കല്‍ ‘താമരപ്പൂക്കളുടെ വീട്’ എന്ന അവളുടെ ഉറക്കെയുള്ള ആത്മഗതം കേട്ടു റിയര്‍ വ്യൂ  മിററിലൂടെ നോക്കിയപ്പോള്‍ യദുകൃഷ്ണനു കാണാന്‍ കഴിഞ്ഞത് പിന്നിലെ പരന്നു നിറഞ്ഞ വാഹനസമുദ്രവും റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന വീതിയുള്ള സിമിന്‍റ്പൈപ്പുകളും, അതു ട്രാഫിക് സിഗ്നലുകളില്‍ വില്‍ക്കാനുള്ള സാധനങ്ങളുടെ  ഗോഡൌണാക്കി ജീവിക്കുന്ന ഒരു പറ്റം നാടോടികളെയും മാത്രമാണ്. തിരക്കുപിടിച്ച ട്രാഫിക്കിനൊപ്പം ഓടുന്ന കാറിന്‍റെ വേഗത്തെയെന്നപോലെ മൊബൈല്‍ പകര്‍ത്തിയ ചിത്രത്തില്‍ പടര്‍ന്ന റോസ് നിറം കാട്ടി യമുന സങ്കടപ്പെട്ടു ‘ ആ പൈപ്പുകള്‍ക്കുള്ളില്‍ നിറയെ താമരയായിരുന്നു... ഫോട്ടോ എടുക്കുമ്പഴെങ്കിലും യദൂനിത്തിരി വേഗം കുറയ്ക്കാരുന്നു….’ 
മേഘത്തുണ്ട് പെരുകി നിറഞ്ഞു കനത്ത്  നനുത്ത ചാറ്റല്‍ മഴയാവാന്‍ തുടങ്ങിയപ്പോള്‍ ബെല്‍ പിന്നേയും ശബ്ദിച്ചു. യമുന വാതില്‍ തുറക്കാന്‍ തന്നെ തീരുമാനിച്ചു. കുറച്ചുകാലം മുമ്പ് വരെ അടുത്ത ബില്‍ഡിങ്ങില്‍  താമസിച്ചിരുന്ന ആന്റിയായിരുന്നു.   അടഞ്ഞ വാതിലിന് മുന്നില്‍ വഴിമുട്ടിനിന്ന കാറ്റെന്നപോലെ  തിരക്കിട്ട് അകത്തുകയറി അവര്‍ സെറ്റിയില്‍ ചെന്നിരുന്നു.

 ‘പാനി പിലാദോ ബേട്ടി’

 പെട്ടന്നുള്ള പകപ്പില്‍ നിന്നും അവരവളെ ഉണര്‍ത്തി. വെള്ളമെടുക്കാന്‍ പോകുമ്പോള്‍ മൂന്നുനാല് മാസമായി അവരെ കണ്ടിട്ടെന്ന് അവളോര്‍ത്തു. ഇടക്കെപ്പോഴോ ഒന്നു പോയിക്കണ്ടാലോ എന്ന്‍ ഓര്‍ക്കാതല്ല. അവരെവിടേക്കാണ് മാറിയതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു.
ഈ വയസ്സിലും ഇത്ര സൌന്ദര്യമോ എന്നൊരുതരം ആരാധനയോടെയാണ് യമുന അവരെ അറിഞ്ഞു തുടങ്ങിയത്.  ഏതോ സെമിഗവണ്മെന്റ് സ്ഥാപനത്തില്‍ നിന്നും നല്ല പൊസിഷനിലെത്തി റിട്ടയര്‍ ചെയ്ത അവരുടെ ശരീരം തളര്‍ന്ന  ഭര്‍ത്താവും, കൂടെയാണെങ്കിലും അച്ഛനമ്മമാരുടെ ഒരു കാര്യത്തിലും സഹായമാവാത്ത മകനും, അയാളുടെ കറുത്ത് തടിച്ച ഭാര്യയും രണ്ടു കുട്ടികളും, അവരുടെ രണ്ടു സര്‍വ്വ്ന്റ്സും സൊസൈറ്റിയില്‍ എല്ലാവര്‍ക്കുമിടയില്‍ ഒരു ചര്‍ച്ചാ വിഷയമായിരുന്നു. തളര്‍ന്നു  കിടക്കുന്ന ഭർത്താവിന്റെ എല്ലാകാര്യങ്ങളും പരസഹായമില്ലാതെ നോക്കിയിരുന്നത്... ഇടക്ക് മകന്റെ ഭാര്യ അടുക്കള പൂട്ടിപ്പോയെന്നും അയാള്‍ക്കു   കൊടുക്കാന്‍ എന്തെങ്കിലും തരണമെന്നും അയല്‍വീടുകളില്‍ ചെന്നു കെഞ്ചിയിരുന്നത്... അങ്ങിനെ പല കഥകളും അവരെപ്പറ്റി കേട്ടിരുന്നു.  മകന്റെ ഭാര്യയാണെങ്കില്‍ ഇതൊന്നും അറിയാത്തതോ കേള്‍ക്കാത്തതോ, പ്രത്യേകിച്ചൊന്നും സംഭവിക്കാത്തപ്പോലെ അവിടെയെല്ലാമുണ്ടായിരുന്നു.

ഭര്‍ത്താവിന്റെ  തളരര്‍ന്ന ശരീരം താങ്ങിക്കൊണ്ടു നീങ്ങുന്ന അവരെ ഓര്‍ക്കുകമ്പോഴൊക്കെ അച്ഛനെ ഓര്‍മ്മവരും യമുനക്ക്; അച്ഛന്റെയും അമ്മയുടെയും കൂടെയിരുന്നൂണുകഴിച്ച  അവസാനത്തെ തിരുവോണ ദിവസവും. 
 “മോളെ ഓടിവാ ദേ അച്ഛന്‍” അമ്മയുടെ വിളി യമുനയുടെ ചെവിയില്‍ മുഴങ്ങി. ഊണു കഴിഞ്ഞ് അച്ഛനെ കൈ കഴുകിക്കുകയായിരുന്നു അമ്മ. താങ്ങിപ്പിടിച്ച അമ്മയുടെ കയ്യില്‍ നിന്നും അച്ഛന്റെ തളര്‍ന്നശരീരം  അവളുടെ കയ്യിലൂടെ വെള്ളം പോലെ നിലത്തേക്ക് ഒഴുകിയിറങ്ങി.  അച്ഛനെ കൂടെയിരുത്തി രാവിലെ അവളിട്ട പൂക്കളത്തിലേക്ക് ഉച്ചവെയിലപ്പോള്‍ കത്തിക്കയറുന്നുണ്ടായിരുന്നു. ആ ഒരോര്‍മ്മ പോലും അവളുടെ ഹൃദയമിടിപ്പുകൂട്ടി.
അതുകൊണ്ടു തന്നെയാവണം അവരോടു സഹതാപം കലര്‍ന്ന  ഒരു കരുതല്‍ തോന്നിയത്; ഇടയ്ക്കു കാണുമ്പോള്‍ അവര്‍ക്കു   മുന്നില്‍ നല്ലൊരു കേള്‍വിക്കാരിയാവാന്‍  ശ്രദ്ധിച്ചിരുന്നത്. അങ്ങിനെയൊരിക്കലാണവള്‍ ആയിടെ വന്ന സുപ്രീംകോര്‍ട്  വിധിപ്രകാരം മക്കള്‍ക്ക് അച്ഛനമ്മമാരുടെ ചിലവ് വഹിക്കാനുള്ള ബാദ്ധ്യതയുണ്ടെന്ന് പറഞ്ഞത്. മകന്റെ പേരില്‍ കേസുകൊടുക്കുമെന്നൊക്കെ പറഞ്ഞെങ്കിലും പിന്നെയെപ്പോഴോ ആരുമറിയാതെ അവര്‍ വീട്മാറിപ്പോയി. അതിന്നുശേഷം അവരെ കാണുന്നതപ്പോഴായിരുന്നു.

വെള്ളം കുടിച്ചതും അവര്‍ തിരക്കുപിടിച്ച് സംസാരിച്ച് തുടങ്ങി. "ബേട്ടി തും മുജ്ജെ ബാഗല്പൂര്‍ ഭേജോ...... നഹിതൊ കോയി വൃദ്ധാശ്രം മേം. വാപ്പസ് നഹി ജാനേ ഥക്ക് ഗയി ഹും മേം..." അവരോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞപ്പോള്‍ യമുനക്ക് ഭയമാണ് തോന്നിയത്. മൂന്നാമത്തെ നിലയില്‍ ടെറസിലെ ഒറ്റമുറിയിലാണവരെ മകന്‍ താമസിപ്പിച്ചിരിക്കുന്നതെന്നും ഭര്‍ത്താവിന് കുളിക്കാനുള്ള ചൂടുവെള്ളവും ഭക്ഷണവും അവര്‍തന്നെ ഏറ്റി മുകളിലെത്തിക്കണമെന്നും... അവര്‍ക്ക്  മതിയായെന്നും.

“ബുഡേ കോ മര്‍നെദോ... കിസ്കേലിയെ ജിന്താ രഹ്നാ ഹേ” അവര്‍ പറഞ്ഞുകൊണ്ടിരുന്നു...

“ആരാ മോളെ കരയണത്...  എനിക്കൊന്നും പറ്റിയില്ലെന്ന് അമ്മയോട് പറയ്... കരഞ്ഞ് കരഞ്ഞ് അത് വെറുതെ അസുഖം വരുത്തിവെക്കണ്ട...” തളര്‍ച്ചയില്‍ കോടിപ്പോയ വായില്‍ നിന്നു വന്ന അച്ഛന്റെ വാക്കുകള്‍ വേര്‍തിരിച്ചെടുക്കാന്‍ യമുന വല്ലാതെ വിഷമിച്ചു. യമുനയുടെ മനസ്സപ്പോള്‍  പൊള്ളുന്നുണ്ടായിരുന്നു.

ഇപ്പോഴവരുടെ മകന്‍ എന്തു ചെയ്യുകയായിരിക്കും... അവള്‍ വെറുതെ ആലോചിച്ചു നോക്കി. അമ്മ ഇറങ്ങിപ്പോന്നത് അയാള്‍ അറിഞ്ഞിരിക്കുമോ? അമ്മയെ കാണാതെ ആ മകന്‍ സങ്കടപ്പെടുന്നുണ്ടാവുമോ.. അതോ പ്രശ്നക്കാരിയായ അമ്മ പോയിക്കിട്ടിയെന്നു സന്തോഷിക്കുന്നുണ്ടാവുമോ? യമുനയ്ക്ക് പെട്ടന്ന് അവരുടെ ഭര്‍ത്താവിനെ ഓര്‍മ്മ വന്നു. ഇത്രയും നേരമായിട്ട് അയാള്‍ വല്ലതും കഴിച്ചു കാണുമോ എന്തോ... ഇവരെ കാണാതെ അയാള്‍ ഭയപ്പെടാന്‍ തുടങ്ങിയിരിക്കും. എടുത്തുനടക്കാന്‍ പറ്റാത്ത ശരീരത്തിനെ സമാധാനിപ്പിക്കാന്‍  കണ്ണ് മാത്രം ഇടക്കിടെ വാതില്‍ വരെ പോയി ഉമ്മറപ്പടിമേല്‍ കുറച്ചുനേരം ചാരിയിരുന്ന് പടിയ്ക്കപ്പുറം കടക്കാനാവാതെ തിരിച്ചുപോരുന്നുണ്ടാവണം. 
“ബാഗല്‍പൂരിലെനിക്കു വലിയൊരു വീടും തൊടിയുമുണ്ട്. അവനത് വില്‍ക്കണമത്രേ. ഞാന്‍ സമ്മതിക്കില്ല. നീയെന്നെ അങ്ങോട്ട് വണ്ടി കേറ്റി വിട്ടാല്‍ മതി. അവിടെ എനിക്കു നിറയെ ബന്ധുക്കളുണ്ട്...എന്റെ പെണ്‍കുട്ടികള്‍ ഉണ്ട്”
പെണ്മക്കളുടെ നമ്പര്‍ അവര്‍ ഓര്‍മ്മകളില്‍ നിന്നും തപ്പിയെടുത്തപ്പോള്‍ യമുനക്കു സമാധാനമായി. പക്ഷേ നിന്നുതിരിയാന്‍ സമയമില്ലെന്ന്... ഈ ലോകത്തിലെ തിരക്കുകള്‍ മുഴുവന്‍ രണ്ടുമിനിറ്റുകൊണ്ട് അവരിലൂടൊഴുകുകയായിരുന്നു. അമ്മയോടൊന്നു സംസാരിക്കാന്‍ പോലും മനസ്സ് വെക്കാതിരുന്ന അവരുടെ തിരക്കുകളില്‍ നിന്നും അവള്‍ മകന്റെ  നമ്പര്‍ ചോര്‍ത്തിയെടുത്തു. 
യദുകൃഷ്ണന്‍ വരും മുന്‍പ് എങ്ങിനെയെങ്കിലും അവരെ തിരികെ അയച്ചില്ലെങ്കില്‍ പ്രശ്നമാകുമെന്ന് യമുനക്കറിയാമായിരുന്നു. അനാവശ്യമായ വയ്യാവേലികള്‍ വലിച്ചുതലയിലിടുന്ന അവളുടെ സ്വഭാവത്തിന്ന് യദുവില്‍നിന്ന് പലപ്പോഴായി വാണിങ്ങ് കിട്ടിയിട്ടുള്ളതാണ്. ലോകത്തിലെ സകലമാനചരാചരങ്ങളും പെറ്റുപെരുകിയ വയ്യാവേലികളുടെ ആക്രികള്‍ക്കിടയില്‍ അവളുടെ ഹൃദയത്തില്‍ ഇത്തിരി ഇടമുണ്ടാക്കാന്‍ പെടുന്ന പാട് യദുവിനേ അറിയുള്ളൂ. ആ വിശാലതയിലേക്കൊന്നു ചാരിയിരിക്കുമ്പോഴാവും ഒരു പുഴ നുരഞ്ഞു പതഞ്ഞു ശ്വാസംമുട്ടി ഒഴുകി പ്രളയം തീർക്കുക. കണ്മുന്നിലിട്ട് ഒരു ജെ‌ സി‌ ബി മലയെ ബലാല്‍സംഗം ചെയ്യുന്നത്.  ഒരു തെരുവുനായുടെ സ്നേഹപ്രകടനം.
“ഞാന്‍ നിങ്ങളുടെ മകനെ വിളിക്കട്ടെ...” അവരുടെ സങ്കടം ദ്വേഷ്യത്തിന് വഴിമാറുന്നത് യമുന ഭയത്തോടെ നോക്കിക്കണ്ടു. “വേണ്ട... ബാഗല്‍പ്പൂരിലേക്ക് അയക്കാന്‍ പറ്റില്ലെങ്കില്‍ ഏതെങ്കിലും വൃദ്ധാശ്രമത്തില്‍ പൊയ്ക്കൊളാം ഞാന്‍” അവര്‍ തീർത്ത് പറഞ്ഞു
 “നിങ്ങളുടെ മകന്‍ നിങ്ങളെകാണാതെ ടെന്‍ഷനടിക്കുന്നുണ്ടാവില്ലെ.... ഞാനൊന്നു വിളിച്ച് പറയട്ടെ ഇവിടുണ്ടെന്ന്...?”
“ടെന്‍ഷനടിക്കട്ടെ അവനും അവന്റെ ശൂദ്രച്ചി ഭാര്യയും.. അവളുടെ കൈതൊട്ട ഭക്ഷണവും കഴിച്ചെനിക്കവിടെ കഴിയണ്ട...”  അടുത്ത സെക്കന്റില്‍ തകര്‍ന്നിടിഞ്ഞത് എന്തിന്റെയൊക്കെയൊ അസ്ഥിവാരമാണ്... അത്രയും വേഗത്തിലാണ് യമുനക്ക് അവരോടുള്ള സെന്റിമെന്റ്സ്  നിലം പൊത്തിയത്!
“മത്സ്യമാംസം കഴിക്കണ  വീട്ടിലെ കുട്ടീന്യേ നിനക്കു കിട്ടിള്ളൂ" ....  തെക്കിണിപ്പടിയിലിരുന്ന്  താമരപ്പൂവിന്റെ വള്ളിയൊടിച്ച് കൃഷ്ണന് ചാര്‍ത്താന്‍ മാലയുണ്ടാക്കുകയായിരുന്നു യമുന.  അച്ഛന്‍ പൂമഖത്ത് ചാരുകസേരയില്‍ കണ്ണടച്ച് കിടന്നു. "അവളെങ്ങട്ട് കേറ്റ്യാ പിന്നെ എന്നെ നോക്കണ്ട.” അമ്മയുടെ കടുംപിടുത്തത്തിന് മുന്നില്‍ തലയും താഴ്ത്തി ഇറങ്ങിപ്പോയ ഏട്ടന്‍ പിന്നെ വന്നത് താടിയും മുടിയുമൊക്കെ നീട്ടി പാതി ബോധത്തിലായിരുന്നു. പിന്നീടൊരിക്കലും ആ കുട്ടിയെപ്പറ്റി ഏട്ടന്‍ പറഞ്ഞില്ലെങ്കിലും ആ കുട്ടി ഏട്ടന്റെ് ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ പഴയ എട്ടനെ തിരിച്ചു കിട്ടുമായിരുന്നെന്നവള്‍ പലപ്പോഴും വ്യാമോഹിച്ചിട്ടുണ്ട്...
ആദ്യമായി കോളേജിലേക്കിറങ്ങുമ്പോള്‍ ബസ്റ്റോപ്പ് വരെ പതിവില്ലാതെ ഏട്ടന്‍ കൂടെ വന്നു.. “ആര്‍ക്കും  മനസ്സ് കൊടുത്തുപോകരുതേ മോളൂട്ടി... മനസ്സു കൈമോശപ്പെടുത്തിയവര്‍ക്ക് പിന്നെ ജീവിക്കാനവകാശമില്ല.” ബസുകാത്തുനില്‍ക്കുമ്പോള്‍ മുടിയിലൂടെ വിരലോടിച്ച് ഏട്ടന്‍ പറഞ്ഞു. അതുപറയുമ്പോള്‍ ഏട്ടന്റെ കണ്ണിലുണ്ടായിരുന്ന തിളക്കം കണ്ണീരായിരുന്നോ എന്ന്‍ അവള്‍ പലപ്പോഴും ഓര്‍ത്തു നോക്കിയിട്ടുണ്ട്... താമരപ്പൂക്കളുടെ വീട്ടിലേക്കുള്ള വഴിയറിയാത്ത ചോദ്യമായി അവളില്‍ തന്നെ അവശേഷിക്കാനായിരുന്നു അതിന്നു യോഗം.
“നിങ്ങളെന്തെങ്കിലും കഴിച്ചതാണോ?” ഭൂമിയോളം താണ മുഖത്തുനിന്നും അവളാവശ്യത്തില്‍ കൂടുതല്‍ വായിച്ചെടുത്തു. അവള്‍ക്ക്   ഉച്ചക്ക് കഴിക്കാനായുണ്ടാക്കിയ ഭക്ഷണം അവര്‍ ആര്‍ത്തിയോടെ വലിച്ചു വാരി തിന്നുന്നത് കണ്ടുകൊണ്ട് യമുന പതുക്കെ ബാല്‍ക്കണിയിലേക്ക് വലിഞ്ഞു. ഫോണില്‍ക്കൂടെ കേട്ട മകന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. രാവിലെതൊട്ട് അമ്മയെ കാണാതെയും എവിടെ തിരയണമെന്നറിയാതെയും വിഷമിച്ചിരിക്കയാണെന്നും  ഉടനെ വരാമെന്നും പറഞ്ഞു  ധൃതിയില്‍ അയാള്‍ ഫോണ്‍ കട്ടുചെയ്തു.   
വീട് അടുത്തായിരുന്നിരിക്കണം, അഞ്ചു മിനുറ്റ് തികയും മുമ്പയാള്‍ വിയര്‍ത്തൊലിച്ച് കയറി വന്നു. അവര്‍ നീരസത്തോടെ അവളെയും അയാളെയും നോക്കിക്കൊണ്ടിരുന്നു. അവള്‍ക്കൊന്നും പറയേണ്ടിവന്നില്ല. 
“അമ്മ.. ആജാവോ, പപ്പ ആപ്കാ ഇന്തസാര്‍ കര്‍ രാഹാഹേ”
“ഇല്ലഞാന്‍ വരുന്നില്ല” അവര്‍ തീര്‍ത്തു പറഞ്ഞു. അവര്‍ക്കിടയിലെ മഞ്ഞുരുകാന്‍ വിട്ടു അവള്‍  മാറിനിന്നു. പറഞ്ഞു തീര്‍ക്കട്ടെ അമ്മയും മകനും.  അമ്മായിയമ്മയല്ലാതെ  അവരും, ഭര്‍ത്താവോ അച്ഛനോ അല്ലാതെ അവനും മനസ്സ് തുറക്കട്ടെ... അവരിപ്പോള്‍ അമ്മയും മകനും മാത്രമാണ്. ഇടയിലേക്ക് കടന്നു വരാന്‍ ആരുമില്ലാത്തപ്പോള്‍ ഉരുകിയൊലിക്കാനുളളതെ ഒരമ്മയ്ക്കും  മകനുമിടയില്‍ ഉണ്ടാവുള്ളു. എന്നിട്ടും പറഞ്ഞു മടുത്ത മകന്‍ അവസാനം അമ്മയെ ബാഗല്‍പൂരിലേക്ക് കയറ്റി അയക്കാമെന്ന് വാക്ക് കൊടുത്തു. പക്ഷേ അങ്ങിനെയൊന്നും സംഭവിക്കില്ലെന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് അവിടെയുള്ളിടത്തോളം അവര്‍ അവിടെത്തന്നെയുണ്ടാവും. എന്തൊക്കെ പറഞ്ഞാലും അയാളെ വിട്ടവരെങ്ങിനെ പോകും....
“കുട്ട്യേ ഈ അമ്മയോടൊന്നു സംസാരിക്ക്... എനിക്കു പറഞ്ഞു മടുത്തു.” ദേവേടത്തിയുടെ ശബ്ദം വല്ലാതെ ക്ഷീണിച്ചിരുന്നു..
ഫോണിലൂടെ അമ്മ മൂക്ക് വലിച്ചു.....” മോളെ അച്ഛന്‍”
“അച്ഛന്‍ മരിച്ചിട്ടു പത്തു വര്‍ഷമായില്ലെ അമ്മേ... അതിനിപ്പെന്തിനാ കരയുന്നത്...”
“നിങ്ങക്കൊക്കെ എന്താ പറ്റ്യേ.....ഞാനിന്നലേം കൂടികണ്ടൂലോ.. ഉണ്ണീണ്ടായിരുന്നു കൂടെ.” 
“എവിട്യാ കണ്ടേ?“
“എവിട്യോ ഉണ്ട്... എന്നെക്കാണാതെപ്പൊ  വെഷമിക്ക്ണുണ്ടാവും”
സങ്കടം കൊണ്ട് മരവിച്ച തലച്ചോറിലെ ഓര്‍മ്മകളുടെ നേര്‍ത്ത  നൂല്‍ വരമ്പുകളെ  മറവിയുടെ മഞ്ഞുപുക എത്ര സമര്‍ത്ഥമായാണൊളിപ്പിച്ചു വെക്കുന്നത്...  നനുത്തചാറ്റല്‍മഴ  ഒരു പെരുമഴക്കാലത്തിന് വഴിമാറുന്നതറിഞ്ഞ് യമുന കണ്ണുകളടച്ചു. മനസ്സില്‍ പടര്‍ന്ന്  നിറയുന്ന ഇരുളിന് മൊബൈല്‍ പകര്‍ത്തിയെഴുതിയ  വേഗത്തിന്റെ നിറം..... താമരപ്പൂക്കളുടെ ഗന്ധം.
Prasanna Aryan