ഞായറാഴ്‌ച, ഫെബ്രുവരി 27, 2011

ചതുരംഗം.
നേര്‍ രേഖയിലായിരുന്നു നടത്തം
ചാടിക്കടക്കാനറിയില്ലായിരുന്നല്ലൊ.
കേട്ടതെല്ലാം കുഴിച്ചുമൂടി
കുതിരയെ ഒന്നും രണ്ടും
ചാടിക്കാനറിയാത്തവന്‍
ആനയും തേരും തിരിച്ചറിയാത്തവന്‍.
കളിയറിയാത്തവന്‍
കളത്തിലിറങ്ങരുതെന്ന്..
അവസാനം വരെ കളിച്ചത്
മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നു.
അവര്‍ക്കുവേണ്ടിത്തന്നെയാണ്
രാജാവിനു നേര്‍മുന്നില്‍ കെഞ്ചിയത്.
കാലുമടക്കി കാലാളെന്നൊരു തൊഴി.
വീണത് അടുത്ത കള്ളിയില്‍.
ഏങ്കോണിച്ചൊരു ചെക്ക്മേറ്റില്‍
പൊടിതട്ടി കളിയവസാനിപ്പിച്ചു.
ഇനിയാരും പറയില്ലല്ലൊ
കളിക്കാനറിയില്ലെന്ന്.........

ശനിയാഴ്‌ച, ഫെബ്രുവരി 19, 2011

തിരഞ്ഞ് പൊടിഞ്ഞ്........ഒന്നായ് പിരിച്ച്
അറ്റങ്ങള്‍ ചേര്‍ത്ത്
കടുംകുടുക്കിട്ടിട്ടും
നൂലിഴകള്‍ക്കിടയില്‍
വളരുന്ന വിള്ളലില്‍
വീര്‍പ്പുമുട്ടുന്നു
എന്തൊക്കെയോ.....

ഓരോ നൂലിഴയും
തമ്മിലറിഞ്ഞത്
ഓരോ പിരിയും
ഒന്നായ്ത്തീര്‍ന്നത്
എത്രയകന്നാലും
മായ്ക്കാനാവാതെ
പങ്കിടലിന്റെ
അവശേഷിപ്പുകളില്‍
കേറിയും ഇറങ്ങിയും
ചില അടയാളങ്ങള്‍ .

പങ്കുവെച്ച
ഉടലറിവുകള്‍
പകുത്തുതന്ന
ഉള്ളറിവുകള്‍
കുടഞ്ഞറിഞ്ഞ്
നീയും ഞാനുമെന്ന്
കറുത്തും വെളുത്തും
പിരികളഴിയുമ്പോള്‍
ചിതറിത്തെറിച്ച
നിറത്തൂളികള്‍
പിരിച്ചുകൂട്ടിയ
കയ്മുറുക്കത്തെ
അണിഞ്ഞറിഞ്ഞ
നിറപ്പെരുക്കത്തെ
പെരുവെയില്‍ച്ചൂടില്‍
കാക്കയെപ്പോലെ
കറുത്ത്കറുത്ത്
കൊറ്റിയെപ്പോലെ
നരച്ച് നരച്ച്
ഇടത്തും വലത്തും
ഞെളിഞ്ഞ് പിരിഞ്ഞ്
പിഞ്ഞിക്കീറിയ
പഴംപുരണങ്ങളില്‍
തിരഞ്ഞ് തിരഞ്ഞ്
പൊടിഞ്ഞ് പൊടിഞ്ഞ്
...............................
......................
.............
.........
...
..
.

ഞായറാഴ്‌ച, ഫെബ്രുവരി 13, 2011

നിങ്ങള്‍ക്കായി ഒരു പൂക്കാലം.........സെ ഇറ്റ് വിത്ത് ഫ്ലവേഴ്സ് എന്നല്ലെ......
ഇതാ ഒരു പൂക്കാലം തന്നെ നിങ്ങള്‍ക്കു മുന്നില്‍ഡല്‍ഹിയില്‍ വന്നപ്പോള്‍ തൊട്ടുള്ള മോഹമായിരുന്നു കോണാട്ട് പ്ലേസിലെ ഫൂല്‍മണ്ടി(പൂച്ചന്ത) കാണണമെന്നുള്ളത്. വെളുക്കും മുന്‍പെ എഴുന്നേറ്റു ഇരുപത്തഞ്ചു കി.മീ ഡ്രൈവുചെയ്ത് പോകാനുള്ളമടികാരണം അതങ്ങിനെ മോഹമായി കിടക്കുകയായിരുന്നു. ഇപ്പോഴാണ് മുഹൂര്‍ത്തമൊത്തുവന്നത്. ഒരു ഫ്രെന്റിനു പുഷ്പാലങ്കാരത്തിന്നു പൂക്കള്‍ വേണം. പിന്നെ സംശയിച്ചില്ല. തണുപ്പാണെന്നതൊക്കെ മറന്നു രണ്ടും കല്പിച്ച് എത്തിയതാണിവിടെ...........ഒരു പൂരത്തിനുള്ള ആളുകളുണ്ടിവിടെ. തൊട്ടടുത്തുള്ള നഗരങ്ങളിലേക്കുള്ള പൂവുകള്‍ പോലും ഇവിടെനിന്നുമാണിവര്‍ വാങ്ങുന്നത്.എവിടെ നോക്കിയാലും ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്ന പൂവുകളും അതു വാങ്ങാനെത്തിയ കച്ചവടക്കാരും.
ഉദിച്ചുയരുന്ന സൂര്യരശ്മിയില്‍ കുളിച്ച് നില്‍ക്കുന്ന പൂക്കളെ കാണാന്‍ നല്ല ഭംഗിയായിരുന്നു. പേരറിയുന്നതും അറിയത്തതുമായി നിരവധി പൂക്കള്‍


ഈ സുന്ദരിയാണ് കാര്‍നേഷന്‍ . ഇത്രയും നിറങ്ങളില്‍ കാര്‍നേഷന്‍ ഉണ്ടാവുമെന്നറിയാന്‍ ഇവിടെ വരണം. നമ്മുടെ തുമ്പിപ്പുവിന്റെ ഒരു വകഭേദം.ഇതു ഗ്ലാഡിയോളയും ജെര്‍ബറയും ........പേരുകേട്ടു പേടിക്കണ്ട. പാവങ്ങള്‍ ഇവിടെ വീട്ടില്‍ ചട്ടിയിലും വേണമെങ്കില്‍ ഉണ്ടാവും.ഇവളെയറിയില്ലെ .......ഹൈഡ്രാഞ്ചിയ..........നാട്ടില്‍ കാണറുണ്ട്. പക്ഷെ ഇവന്റെ വിലകെട്ടപ്പോള്‍ ഞങ്ങളുടെ കണ്ണു തള്ളി. ആയിരത്തെഴുനൂറുറു രൂപയാണത്രെ ബഞ്ചിന്. പിറ്റെ ദിവസം പുഷ്പാലങ്കാരത്തിന് ആരോ വെച്ചുകണ്ടു . വാടി കരിഞ്ഞ്. പാവം.


ഇതു നമ്മുടെ കൃസാന്തമം (ഡാലിയ) . എന്തൊക്കെ നിറങ്ങളാണെന്നോ.ഇയാളെ കണ്ടു പരിചയമുണ്ടോ? നമ്മുടെ നാട്ടില്‍ നിന്നും എത്തിയതാണത്രെ. ഹെലിക്കോണിയ.
ഒരു സ്റ്റിക്കിന് 20-30


ഇതും നാട്ടില്‍ നിന്നുതന്നെ ..........ആന്തൂറിയം. നിറങ്ങളില്‍ ഒട്ടും പിറകിലല്ല.


ഇതു ലില്ലിപ്പൂക്കള്‍ ........ഇതാണ് സിംബീഡിയം .ഓര്‍ക്കിഡ് ഫാമിലിയിലെ ഒരു വെറൈറ്റിയാണ്. പലനിറങ്ങളില്‍ ഓര്‍ക്കിഡുകളുണ്ട്, പ്ലാസ്റ്റിക്ക് കവറുകളില്പൊതിഞ്ഞു വെച്ചിരിക്കുന്നു. അതിന്റെ ഫോട്ടോയെടുക്കാന്‍ രസം തോന്നിയില്ല. ഇതു ഞാന്‍ കട്ടെടുത്തതാണ് (ഫോട്ടോ).....:)ഇവരെല്ലാം വിദേശികളാണ്.......... മുകളില്‍ വയലറ്റു നിറത്തിലുള്ള സുന്ദരിപ്പൂവാണ് 'അരിസ്ട്രോവ്മെറിയ' സൗത്ത് അമേരിക്കക്കാരിയാണത്രെ. ഓറഞ്ചു നിറത്തിലുള്ളത് റ്റ്യൂലിപ്പ് , ഹോളണ്ടുകാരിയാണ്. പിന്നെയുള്ള ഈ ചുകന്ന താമരപ്പു പോലുള്ള പൂവാണത്രെ പ്രോട്ടിയ സിനാറോയിഡ്സ്. ആളിത്തിരി കേമത്തിയാണ്. സൗത്താഫ്രിക്കന്‍ നാഷണല്‍ ഫ്ലവര്‍ ആണത്രെ. രണ്ടുപൂവിന്നു എഴുനൂറുവരെ പോകും. പക്ഷെ സത്യം പറയാലോ ....... അതിന്റെ അഹങ്കാരമൊന്നുമില്ല ആര്‍ക്കും. അല്ലെങ്കിലും വിലപറഞ്ഞ് മുന്നില്‍ കിടക്കുമ്പോള്‍ എന്തഹങ്കരിക്കാന്‍ അല്ലെ........


ഇനി ഇതൊക്കെ അലങ്കരിച്ചുവെക്കാന്‍ നിങ്ങളുടെ വീട്ടില്‍ പൂപ്പാത്രങ്ങള്‍ ഇല്ലെങ്കില്‍ വിഷമിക്കണ്ട.
ഒക്കെ ഇവിടെത്തന്നെ കിട്ടും.


ഇതു ദല്‍ഹി WWF ല്‍ നടന്ന ഇക്ബാന അലങ്കാരപ്രദര്‍ശനത്തില്‍ നിന്നു ചിലത്. ഇതിലെന്റേതേതെന്നാവുമല്ലെ ചോദ്യം. ഞാനിതൊക്കെ എന്നോ നിര്‍ത്തി. പണ്ടൊരിക്കല്‍ പങ്കെടുത്ത ഓര്‍മ്മ തന്നെ ധാരാളമാണ്. കണ്ടവരൊക്കെ വന്ന് വളരെ നന്നായിട്ടുണ്ട് പ്രൈസ് നിനക്കുതന്നെയെന്നെല്ലാം പറഞ്ഞതുകേട്ട് സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ വയ്യാതിരിക്കുമ്പോഴാണ് ജഡ്ജ് സ്റ്റേജിലേക്ക് വിളിച്ചത്. സമ്മാനം തരാനാണെന്നു വിചാരിച്ച് കേറിച്ചെന്നപ്പോള്‍ അവര്‍ പറയുകയാണ് ഞാന്‍ നടുവില്‍ വെച്ച ലില്ലിക്ക് രണ്ടിഞ്ചു നീളം കൂടുതലായതിനാല്‍ സമ്മാനം തരാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്ന്. രണ്ടിഞ്ചു നീളം മൂന്നിഞ്ചു നീളം അളന്നിട്ടാണ് പ്രകൃതി പൂക്കളെ ഇത്ര ഭംഗിയില്‍ ഒരുക്കി നിര്‍ത്തുന്നതെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.

എന്റെ ഫ്രെന്റ് പ്ങ്കെടുത്തിരുന്നു ഇതില്‍ . ദുബായ്ക്കാര്‍ക്ക് ആര്‍ക്കെങ്കിലും പഠിക്കണമെങ്കില്‍ അവര്‍ വരുന്നുണ്ട് മാര്‍ച്ചില്‍ . ഒരു വര്‍ക്ക് ഷോപ്പ് നടത്താനുദ്ദേശിക്കുന്നുണ്ടെന്നു പറഞ്ഞു.


എല്ലാത്തിനും നിയമങ്ങളുണ്ടെന്ന് പോകെ പോകെ പഠിച്ചു വരുന്നു. വെളുത്ത റോസ് സമാധാനത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും അടയാളമാണത്രെ.


മഞ്ഞ സൗഹൃദത്തിന്റെ


ചുകന്ന റോസാപ്പൂക്കള്‍ പ്രണയത്തിന്റെ

എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ വാലന്റൈന്‍സ് ഡേ ആശംസകള്‍


ചൊവ്വാഴ്ച, ഫെബ്രുവരി 08, 2011

നിങ്ങള്‍ ....!അഴുകിയ സദാചാരത്തിന്റെ
ഊടു പിഞ്ഞിയചരടില്‍ കെട്ടിയിട്ട്
കാരമുള്‍വാക്കുകള്‍ കൊണ്ട്
നിങ്ങളെന്നെ പ്രഹരിച്ചപ്പോള്‍
എനിക്ക് നിങ്ങളോട്
തോന്നിയത് പുച്ഛമായിരുന്നു.
കാരണം നിങ്ങളുടെ കണ്‍കളില്‍
അപ്പോഴും ഞാന്‍ കണ്ടത്
നിങ്ങള്‍ക്ക് എന്നോടുള്ള
വെറിച്ച കാമത്തിന്റെ
കാക്ക നോട്ടമായിരുന്നു.
അവര്‍ കൊത്തിക്കീറുമ്പോള്‍
അവരോട് തോന്നിയതിനെക്കാള്‍
വെറുപ്പ് നിങ്ങളോട് തോന്നിയത്
അവരോടുള്ള മോഹം കൊണ്ടല്ല....
അവര്‍ ചെയ്തത് തെറ്റാണെന്ന
തിരിച്ചറിവ് നിഷേധിച്ചവരാണ്
ഈ നിങ്ങളോ.....
അവര്‍ക്കെതിരെ കവലകളില്‍
പ്രക്ഷോഭങ്ങള്‍ നടത്തി മടങ്ങുമ്പോള്‍
നിങ്ങള്‍ പരസ്പരം പറഞ്ഞുചിരിച്ചത്
അവരുടെ ഭാഗ്യത്തെ കുറിച്ചായിരുന്നു.
ഇന്ന് അവരുടെയും നിങ്ങളുടെയുമിടയില്‍
ജീവിതത്തില്‍ പകച്ചു നില്‍ക്കുമ്പോള്‍
ഒരു വികര്‍ണ്ണനെ തിരയുകയാണ്
വെറുതെയാണെന്നറിയാമെങ്കിലും.....