ഞായറാഴ്‌ച, ഫെബ്രുവരി 16, 2014

ശ്ശ്യോ...എന്തൊരു തിരക്കാണ്!


നിശ്ശബ്ദതയെ
ചൂലെടുത്തടിക്കണം
കിളികളെ
പാട്ട് പഠിപ്പിക്കണം
കാറ്റിനെ മേയാന്‍ വിടണം
പുല്‍ നാമ്പുകളില്‍
മുത്തുകോര്‍ത്തെടുക്കണം
ഇലകളെ ഉണക്കാനിടണം
പൂമൊട്ടുകളെ ഉടുപ്പിടീക്കണം
രാപ്പൂക്കളെക്കൊണ്ടു
പൂക്കളംതീര്‍ക്കണം.
ആകാശത്തിനെ
അലക്കിവെളുപ്പിക്കണം
മഞ്ഞു പുതച്ചുറങ്ങുന്ന
മലകളെ
വിളിച്ചുണര്‍ത്തണം
കിഴക്കിന്‍റെ പേറെടുക്കണം
കുഞ്ഞു സൂര്യനെ
കുളിപ്പിച്ച് പൊട്ടുതൊടീച്ച്
തൊട്ടിലില്‍ കിടത്തണം
നിഴലിനെ
വിത്തുകുത്തിമുളപ്പിക്കണം
അമ്പലത്തിലെത്തി
പാട്ടുപെട്ടി തുറക്കണം
ഓടിക്കിതച്ച്
സ്റ്റേഷനിലെത്തണം
ചൂടാറും മുന്‍പ്
പാലും പത്രവുമിടണം
രാവിലെയാകുമ്പോഴീ
അഞ്ചരമണിക്കെന്തൊരു
തിരക്കാണ്.............


ചൊവ്വാഴ്ച, ഫെബ്രുവരി 11, 2014

കഥയാണ്ന്നോ... എയ്.........ആദ്യത്തെ വെട്ടില്ത്തന്നെ കണരേട്ടന്‍ വീണു.
രണ്ടാം വെട്ടില്‍
ഭൂമിയിലേക്കമര്‍ന്ന് മണ്ണിന്റെ മണം
മൂക്കിലേക്ക് വലിച്ചുകേറ്റി 
നെടുതായൊന്ന്നിശ്വസിച്ചു.
മൂന്നാം വെട്ടില്‍ തൊലിയടര്‍ന്നപ്പോള്‍ തെളിഞ്ഞ
ഇളംചുകപ്പുനിറത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ്
നാലാം നിലയിലേക്ക് വളര്‍ന്ന
തെങ്ങിന്‍റെ മണ്ടയിലേക്ക്
ജനലഴികള്‍ക്കിടയിലൂടെ നൂണ്ട്കയറി
ആര്‍ക്കും വേണ്ടാതെ ഉണങ്ങിയ തേങ്ങ
പറിച്ചു താഴേക്കിട്ടു മടുത്തപ്പോള്‍
ഓലത്തുമ്പിലൂടെ ഉരസിയിറങ്ങി
വീട്ടുവളപ്പിലെത്തി
നാലാം നിലയിലേക്ക് നീട്ടി വിളിച്ചു.

“ദാക്ഷായണ്യേയ് നീയ്യാ
പുളിച്ച മോരിത്തിരി എടുത്താളീ.....”

വടക്കേമുറ്റത്ത്ന്ന് രണ്ടു ചീരാപ്പറങ്കി പൊട്ടിച്ച്
ചാലിന്‍റെ വക്കത്ത് അടുക്കളയിലേക്ക്
കരിമ്പച്ചമണം കോരിയൊഴിച്ചുനിന്ന
കറ്യേപ്പില കൂട്ടി മോരില്‍ഞെരടി
കലത്തിന്ന് ഒരുന്നുള്ളുപ്പ് വാരിയിട്ടിളക്കി
കാലുപരത്തിച്ചവിട്ടി
തൊട്ടാവാടികളെ ഒറക്കിം
പുല്‍ച്ചാടികളെ പരക്കം പായിച്ചും
ഉറുമ്പുംകൂട് തട്ടിത്തെറിപ്പിച്ചും
കെഴങ്ങിന് കൂടം കൂട്ട്ന്നോരടുത്തേക്ക്
നേരെ വെച്ചുപിടിച്ചു.

‘എട്യായ്നൂ’

കുറ്റിച്ചെടികള്‍ സന്തോഷിച്ചുമ്മവെച്ചു

'ങ്ങളിന്യെങ്ങാട്ടിക്കും പോണ്ടപ്പാ'

വള്ളിത്തലപ്പുകള്‍ കെട്ടി പിടിച്ചു.

ഇടക്കെപ്പോഴോ
അയ്മൂട്ടീന്‍റെ
കടേല് കുപ്പിഗ്ലാസുകള്‍
തിരിച്ചെത്തിയ ഉശിരന്‍ സംവാദങ്ങളിലേക്ക്
ചായ പാര്‍ന്നു...
ഇന്നത്തെ സ്പെഷ്യല്‍
വിയ്യൂരും ഗ്വാണ്ടനാമായും ജസീറയും ചിറ്റിലപ്പള്ളിയും.
നാലാം നിലയിലെ മോന്‍റെ ഫ്ലാറ്റില്‍
മണ്ണ് മണം നിറഞ്ഞപ്പോള്‍
ദാക്ഷായാണി തലയുയര്‍ത്തി.
കെഴങ്ങിന് കൂടംകൂട്ടി
വിയര്‍ത്തൊലിച്ച്
മണ്ണില്‍കുളിച്ച് കാണാരേട്ടന്‍
സന്തോഷച്ചിരിയുമായി ജനലിറങ്ങിവരുന്നു.

“എണേ
ചോന്നുള്ളി തേങ്ങീംമോളകുംകറ്യേപ്പീലേംകൂംട്ടി
ചതുക്കിട്ട പുഴുക്ക് മതീട്ടോ
വെളിച്ചെണ്ണ നാല്ലോണം പാര്‍ന്നോ ......
അയ്മൂട്ടീന്‍റെ കടേലെ പോലെ
നല്ല ഉഷാറാക്കണം."

ഞാള്ണ്ടല്ലോ വടക്കേമലബാറ്കാര്
പൂളക്കേങ്ങ് കണ്ടാപ്പിന്നെ
വായില്‍ കപ്പലെറക്കും
മനസ്സില് വിമാനം പറത്തും
കാലത്തെ മുഴ്വോനെ ബാക്ക് ഗിയറിലിട്ട്
പൊരേന്‍റെ കോലാമ്മലേക്ക് പറപ്പിക്കും
എന്ന്ട്ട് ര്ന്ന്‍ട്ടങ്ങ്നെ ഞൊട്ടി നുണയും.

തിങ്കളാഴ്‌ച, ഫെബ്രുവരി 03, 2014

രക്തസാക്ഷിയുടെ അമ്മ...


പത്തുമാസം ചുമന്നതിന്‍ തെറ്റിനായ്
പെറ്റു പാലൂട്ടിയെന്നതിന്‍ ചിറ്റമായ്
രക്തസാക്ഷിതന്നമ്മതന്‍ നെഞ്ചില്‍
പട്ടുപോയൊരു ചോരയെയറിയുമോ...

 തമ്മിലുള്ള വെറുപ്പിന്‍റെ നാമ്പുകള്‍
തമ്മിലേ വെട്ടി വെട്ടി മരിച്ചവന്‍
മുന്നിലെത്തിയോയെന്നഭയത്തിനാല്‍
പിന്നിലായ് വെട്ടുകൊണ്ട് മരിച്ചവന്‍
സ്വന്തമായതും ചൊല്ലിയെന്നോതിയാ
ചൊല്ലുനുള്ളിയ കയ്യാല്‍ പിടഞ്ഞവന്‍
രക്തസാക്ഷിതാനെന്നറിയും മുന്‍പ്
മണ്ണില്‍ വീണ് പിടഞ്ഞുമരിച്ചവന്‍
പത്തുമാസം ചുമന്നതിന്‍ തെറ്റിനായ്
പെറ്റു പാലൂട്ടിയെന്നതിന്‍ ചിറ്റമായ്
രക്തസാക്ഷിതന്നമ്മയാം തായ്മരം
പച്ചകത്തിപ്പുകയുന്നതറിയുമോ...

ഉളളുമുഴുവന്‍ ചുരണ്ടിയെടുത്തതില്‍
രക്തശോണിമ കൂട്ടിക്കുറച്ചിന്നു
വെച്ചുനീട്ടുന്ന ചാനല്‍ക്കഥയിലെ
ഉള്ളു പൊള്ളയാം നോവുകളല്ലാതെ
വെന്തുപൊള്ളുന്ന രാവിന്നിറമ്പിലായ്
നിന്നുകത്തുമിരുളിന്‍ തിരള്‍ച്ചയില്‍
പന്തമാളുന്ന കണ്ണിലെ നാളത്തില്‍
മച്ച്കനലൊക്കെ ചുട്ടുപഴുത്തതും
പിന്നെ തോരാമഴയിലാനെഞ്ചകം
മഞ്ഞുപോലങ്ങുറഞ്ഞു തണുത്തതും
പത്തുമാസം ചുമന്നതിന്‍ തെറ്റിനായ്
പെറ്റു പാലൂട്ടിയെന്നതിന്‍ ചിറ്റമായ്
രക്തസാക്ഷിതന്നമ്മതന്‍ ഉള്ളിലായ്
ചത്തുപോയ താരാട്ടിനെയറിയുമോ....