ബുധനാഴ്‌ച, മാർച്ച് 17, 2010

യഥാ.............


സ്വപ്നമാണെന്നറിഞ്ഞിട്ടും മൃതപ്രായത്തില്‍ കിടക്കുമ്പോള്‍ കൊതിച്ചുപോയിട്ടുണ്ട് ആരെങ്കിലുമൊന്ന് വിളിച്ചുണര്‍ത്തിയെങ്കിലെന്ന്.കിടക്കയില്‍ നുരഞ്ഞു പുതയുന്ന ഒമരന്‍ പുഴുക്കള്‍ക്കിടയില്‍ ശരീരമനക്കാതെ എത്രനേരം കിടന്നു വിയര്‍ത്തിരിക്കുന്നു. പിന്നെയെപ്പോഴോ ഇരുളിന്റെ കൈകളിലേക്ക് സ്വയം എറിഞ്ഞുകൊടുത്ത് ആലത്തൂര് ഹനുമാനും അര്‍ജ്ജുനന്‍ ഫല്‍ഗുനനും വാരിവലിച്ചുചൊല്ലിത്തീരുമ്പോഴെക്കും നേരം വെളുത്തിട്ടുണ്ടാവും.

പുഴുക്കളെ കാണുന്നതുതന്നെ അറപ്പായിരുന്നു. കാലിന്നടിയിലും തൊലിപ്പുറത്തും ഇക്കിളിപോലെ എന്തൊക്കെയോ..........അതുകൊണ്ടാവണം അവ സ്വപ്നങ്ങളില്‍ പോലും വിടാതെയെത്തി പേടിപ്പിച്ചിരുന്നത്. ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാതെ നാലാം വയസ്സിന്റെ ആദ്യ സ്വപ്നത്തില്‍ നിറയെ പാമ്പുകളായിരുന്നു.തറവാട്ടില്‍നിന്നുമുള്ള വഴിയില്‍ കാലുകുത്താന്‍ സ്ഥലമില്ലാതെ നിറയെ ചെറുതും വലുതുമായി പാമ്പുകള്‍. ഇതൊന്നുമറിയാതെ മുന്നില്‍ നടന്നു നീങ്ങുന്ന അച്ഛനുമമ്മയും. തൊണ്ടയില്‍ കുരുങ്ങിയ കരച്ചിലിന്റെ വെപ്രാളവുമായി ഉണര്‍ന്നപ്പോള്‍ അടുത്ത് ശാന്തമായി ഉറങ്ങുന്ന അമ്മ. അമ്മയുടെ മാറില്‍ മുഖം പൂഴ്ത്തിയതിന്റെ സുരക്ഷിതത്വം ഇന്നും മനസ്സില്‍ മായാതെ.

രാവിലെത്തുടങ്ങിയ മഴ സന്ധ്യയായപ്പോഴേക്കും കുറഞ്ഞിരുന്നു. മുറ്റത്തെ മഴത്തണുപ്പ് കാലടികളെ എന്തൊക്കെയൊ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഗേറ്റിനു പുറത്ത് മഴവെള്ളത്തില്‍ കളിക്കുന്ന കുട്ടികളുടെ ബഹളം. മൊസാന്തകള്‍ക്കിടയില്‍ ചാമ്പമരം നിറയെ പഴുത്തുതുടുത്ത ചാമ്പക്കകള്‍. പൊട്ടിക്കാനായി അടുത്തെത്തിയപ്പോഴാണ് ആ കാഴ്ചകണ്ട് അനങ്ങാന്‍ പറ്റാതെ നിന്നുപോയത്. സ്വപ്നങ്ങളില്‍ വന്നു ഭയപ്പെടുത്തിയിരുന്ന വെളുത്തരോമവും ചുകന്ന കണ്ണുകളുമുള്ള ഒമരന്‍ പുഴുക്കള്‍ വരിവരിയായി ആയിരവും പതിനായിരവുമായി മൊസാന്തമരത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. താഴെ എവിടെയോ വെള്ളം കയറിയതിനാല്‍ ഉയരങ്ങളിലേക്ക് കുടിയേറിയതായിരിക്കണം. മരത്തിന്റെ കൊമ്പുകള്‍ വെല്‍വെറ്റുപോലെ രോമാവൃതം.

അമ്മേയെന്നു ഞാന്‍ വിളിച്ചിട്ടായിരിക്കണം അമ്മ ഓടിവന്നത്. അച്ഛനു വളരെ പ്രിയപ്പെട്ടതായിരുന്നു ആ മൊസാന്തമരം 'നീയാ മരുന്നെടുത്തൊന്നടിക്ക്' മൂക്കത്തു വിരല്‍ വെച്ച് അമ്മ പറഞ്ഞു. നിലത്തു വീണുകിടന്നുപിടയുന്ന പുഴുക്കളുടെ ഓര്‍മ്മതന്നെ എനിക്കു ധാരാളമായിരുന്നു. ഞാന്‍ പതുക്കെ അവിടെനിന്നും സ്ഥലം വിട്ടു. കുറച്ചുനേരം കൊണ്ട് മരണം ഗന്ധമായി ചുറ്റിലും പരന്നു.എല്ലായിടത്തും രോമം കരിഞ്ഞ മണം മാത്രം. അച്ഛന്റെ മൊസാന്തമരം അമ്മയ്ക്കും അത്രക്കുതന്നെ പ്രിയപ്പെട്ടതായിരുന്നിരിക്കണം.

കൈവിട്ടുപോയ മാസികകളെല്ലാം സംഘടിപ്പിച്ച് രാത്രിപകലാക്കുന്ന ശിലം നാട്ടിലെത്തിയാല്‍ പതിവാണ്. അന്നാണെങ്കില്‍ മനസ്സ് അപ്പോഴും വല്ലതെയിരുന്നു.നിര്‍ത്താതെയടിച്ച കാളിങ്ങ്ബെല്ലിന്റെ ശബ്ദം കേട്ടപ്പോഴാണ് സമയം നോക്കിയത്. രാത്രി പന്ത്രണ്ടുമണി.......... മാസിക വലിച്ചെറിഞ്ഞ് കോണി ഓടിയിറങ്ങിയെത്തിയപ്പോഴേക്കും അച്ഛന്‍ ഉമ്മറവാതില്‍ തുറന്നിരുന്നു. തറവാട്ടിലെ വല്യേട്ടന്റെ ഇടറിവീണ വാക്കുകളില്‍ പതുങ്ങിനിന്നിരുന്ന മരണഗന്ധം പൂര്‍ണ്ണരൂപം പ്രാപിച്ച് കറുത്തിരുണ്ട് പുകയായി ശ്വാസം മുട്ടിച്ചു. കണ്ണുകളില്‍ എരിവായിപടര്‍ന്നുകയറി.

ഏട്ടന്റെ ബലികര്‍മ്മങ്ങള്‍ക്കായി ചേച്ചിയെ കുളത്തില്‍ മുക്കി തിരിച്ചുകൊണ്ടുവരുമ്പോഴും നല്ല മഴയായിരുന്നു. നിര്‍ത്താതെ ചിണുങ്ങിക്കരയുന്ന ജൂണിലെ മഴ. പടവുകള്‍ കയറി മുകളിലെത്തിയപ്പോള്‍ കാലുകളിലൂടെ അതേതരിപ്പ് നെടുന്തലവരെ കയറിപടര്‍ന്നു. നാലുമണിക്കൂര്‍ ദൂരം താണ്ടി വന്ന് വെളുത്തരോമം നിറഞ്ഞ ശരീരവും ചുവന്നുതുടുത്തകണ്ണുകളുമായി അവസാനത്തെ കല്പടവില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു........ ഒരു ഒമരന്‍ പുഴു..........ഒറ്റക്ക്.

ചൊവ്വാഴ്ച, മാർച്ച് 09, 2010

ഗംഗ


  1. താജ് ബംഗാളിലെ ശീതീകരിച്ച മുറിയില്‍ അനുവിനു ശ്വാസം മുട്ടുന്നപോലെ തോന്നി. ഓഫീസാവശ്യത്തിനു കല്‍ക്കത്തയ്ക്കു പോകുന്ന അവന്റെ കൂടെ വാശിപിടിച്ച് ഇറങ്ങിത്തിരിച്ചത് ഇങ്ങിനെ റൂമില്‍ ചടഞ്ഞിരിക്കനായിരുന്നില്ലല്ലൊ. നിന്റെ കൂടെ കറങ്ങാനൊന്നും എനിക്കു സമയമുണ്ടാവില്ലെന്ന അവന്റെ മുന്‍കൂര്‍ ജാമ്യം അവളെ യാത്രയില്‍ നിന്നും പിന്തിരിപ്പിച്ചില്ല. കല്‍ക്കത്ത എന്നു കേട്ടതുമുതല്‍ അവളൊരു സ്വപ്നലോകത്തായിരുന്നു. രണ്ടാഴ്ച്ച മുന്‍പ് ഋഷികേശില്‍ അവളുടെ കാലുകളിലൂടെ പടര്‍ന്നുകയറി ശരീരമാകെ കോരിത്തരിപ്പിച്ച ഗംഗയുടെ തണുപ്പു വീണ്ടും അവളുടെ ശരീരത്തില്‍ വന്നു നിറഞ്ഞു. കാലിന്മേല്‍ ഇക്കിളിയിട്ട് ഓടിപ്പോകുന്ന വെള്ളത്തില്‍ നോക്കിയിരുന്നപ്പോഴാണ് ആനന്ദിന്റെ കവിതയിലെ "നിമിഷം തോറും മാറും പുഴകളോ?" എന്ന വരി ഓര്‍മ്മ വന്നത്. ഒരു ഉള്‍പ്രേരണയാലെന്ന പോലെ അനു പുഴയിലെ വെള്ളം കൈകൊണ്ട് തടുത്തുനിര്‍ത്താന്‍ കൊതിച്ചു. വിരലുകള്‍ക്കിടയിലൂടെ തെന്നിമാറിയ പുഴ കളിയാക്കിചിരിച്ച് ദൂരേക്ക് ദൂരേക്ക് ഒഴുകിമാറിക്കൊണ്ടിരുന്നു. പുഴയെക്കാള്‍ വേഗത്തിലോടി ആ ഒഴുക്കിനെ പിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അനു വെറുതെ മോഹിച്ചു. പിന്നീടുള്ള ദിവസങ്ങളിലാണ് അനുവും പുഴയും സ്വപ്നങ്ങളില്‍ സാറ്റ്കളിക്കാന്‍ തുടങ്ങിയത്. ഹരിദ്വാറിലെ കൈവഴികളില്‍ അലഹബാദിലെ മഹാകുംഭത്തിനിടയില്‍ കാശിയിലെ പകുതികരിഞ്ഞമര്‍ന്ന ചിതകള്‍ക്കിടയില്‍ അന്യോന്യം തിരഞ്ഞുനടന്ന് അനുവും പുഴയും മാറി മാറി കള്ളനും പോലീസുമായി കല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റില്‍ കറങ്ങിനടന്ന് കണ്ടതെല്ലാം വാങ്ങി ഹോട്ടലിലെത്തിയപ്പോഴേക്കും അവനും തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. ഡിന്നര്‍ടേബിളില്‍ അനുവിന്റെ മനസ്സു ഇവിടെയൊന്നുമല്ലെന്ന് അവന്നുതോന്നി. താന്‍ പറ്യുന്നതൊന്നും അവള്‍ ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായപ്പോള്‍ അയാള്‍ ചോദിച്ചു "എന്തുപറ്റി..........അമ്മ വിളിച്ചിരുന്നോ? അമ്മയുമായി സംസാരിച്ചാല്‍ അവള്‍ പിന്നെ പഴയ മൂഡിലേക്കു തിരിച്ചുവരാന്‍ ഒരുപാട് സമയമെടുക്കും." നമുക്ക് നാളെ കാളീഘട്ടില്‍ പോകാമോ " ഭക്തി തീരെയില്ലാത്ത അനുവില്‍നിന്നും ഇങ്ങിനെയൊരാവശ്യം അയാള്‍ തീരെപ്രതീക്ഷിച്ചിരുന്നില്ല. എന്നാലും അവളുടെ മുഖത്തെ ഭാവപ്പകര്‍ച്ച കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും അവനെ വിലക്കി. "നാളെ ഓഫീസില്‍ നിന്നും വേഗമിറങ്ങാന്‍ നോക്കട്ടെ..... വൈകുന്നേരം നമുക്ക് പോകാം. "ഒരു നിമിഷം കൊണ്ട് പഴയ അനുവിനെ അയാള്‍ക്കു തിരിച്ചുകിട്ടി. ഇപ്പോള്‍ അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ന്യൂമാര്‍ക്കറ്റിലെ വിശേഷങ്ങള്‍, വിലപേശിയതിനെപ്പറ്റി , വാങ്ങിയസാരികളിലെ ഇതുവരെ കാണാത്ത നിറങ്ങളെപ്പറ്റി.........പക്ഷെ അവളെ കാളിഘട്ടിലേക്ക് പിടിച്ചുവലിക്കുന്നതെന്താണെന്നായിരുന്നു അവന്റെ മനസ്സുനിറയെ.അന്നു രാത്രി അനുവും പുഴയും കാളീഘട്ടിലെ പടവുകളിലിരുന്ന് തങ്ങളുടെ ഒളിച്ചുകളികളെപ്പറ്റിപറഞ്ഞ് ഒരുപാട് ചിരിച്ചു. ഋഷികേശില്‍ അവളുടെ കൈകളില്‍നിന്നും കുതറിയോടിയ പുഴ അവളുടെ കാലുകളെ തഴുകിത്തലോടി അരികത്തു തന്നെ നിന്നു.അവള്‍ക്കു കുറച്ചുക്കൂടി പക്വത വന്നപോലെ തോന്നി അനുവിന്. കഥപറച്ചിലിന്നിടയിലെപ്പോഴോ ഉറങ്ങിപ്പോയതറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ അവന്‍ ഓഫീസില്‍ പോകാന്‍ റെഡിയായി നില്‍ക്കുന്നു.വരുമ്പോഴേക്ക് റെഡിയാവണമെന്നു പറഞ്ഞ് അവന്‍ പോയി.അനുവും കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്കിറങ്ങി. ടോസ്റ്റും ജ്യൂസുമായി ടേബിളിന്നു മുന്നില്‍ കുറെനേരം വെറുതെയിരുന്നു. അടുത്ത ടേബിളിലിരിക്കുന്നവരെ അവരറിയാതെ ശ്രദ്ധിക്കുന്നത് അവള്‍ക്കിഷ്ടമുള്ള കാര്യമാണ്. ഇന്ന് അതും അവള്‍ക്കാസ്വദിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരുപാടുനാളായി കണ്ടിട്ടില്ലാത്ത പ്രിയപ്പെട്ടവരെയാരെയോ കാണാന്‍ പോകുന്ന പോലെ അവളുടെ മനസ്സു തുടിച്ചുകൊണ്ടിരുന്നു.ജ്യൂസ്മാത്രം കുടിച്ച് അവള്‍ എഴുന്നേറ്റു. റെസ്റ്റൊറന്റിനും റിസപ്ഷനും ഇടയ്ക്കുള്ള ഓപ്പണ്‍ ഏരിയയില്‍ ഒരു പെയിന്റിങ്ങ് എക്സിബിഷന്‍ നടക്കുന്നുണ്ടായിരുന്നു. കേട്ടിട്ടില്ലാത്ത ഒരു ബംഗാളി ആര്‍ട്ടിസ്റ്റാണ്. ബുദ്ധന്റെ പലഭാവത്തിലുള്ള ചിത്രങ്ങളെപ്പറ്റി അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ലെങ്കിലും എല്ലാം ശ്രദ്ധിക്കുന്നപോലെ നടിച്ചപ്പോള്‍ ഒരു കണ്ണാടിയില്‍ സ്വയം കാണുന്നപോലെ അനുവിന്നു തോന്നി.തിരിച്ചു റൂമിലെത്തിയ അനു വീണ്ടും തന്റെ സ്വപ്നങ്ങളില്‍ ചേക്കേറി. നാട്ടിലെത്തിയിട്ടും കാണാന്‍ വൈകുന്നതിനെ ചൊല്ലി , തനിയെവരാത്തതിനെച്ചൊല്ലി പുഴ പരിഭവിച്ചു കൊണ്ടേയിരുന്നു.അവനു മുന്നില്‍ നമ്മളെങ്ങിനെ ഇതുപോലെ മനസ്സു തുറക്കും.അവനൊരു പാവമാണ് ....അനു പുഴയുടെ മടിയില്‍ തലചയ്ച്ചുറങ്ങി.അവന്‍ വന്നു ബെല്ലടിച്ചപ്പോഴാണ് അനു ഉണര്‍ന്നത്. സെക്കന്റുകള്‍ക്കുള്ളിലവള്‍ റെഡിയായി . അവളുടെ ഈ ഉത്സാഹം അവന്നു മനസ്സിലാവുന്നുണ്ടായിരുന്നില്ല."ഏതായാലും ഇറങ്ങിയില്ലെ നമുക്ക് ഹൗറാബ്രിഡ്ജ് കൂടി കണ്ടിട്ടുപോകാം സാബ്. "ഡ്രൈവര്‍ പരിചയക്കാരനാണ്."വൈകില്ലെ?" അവള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യായിരുന്നു. "കോയി നഹി മാഡം സിര്‍ഫ് ദസ് മിനുട്ട് ജ്യാദാ ലെംഗെ.." പഴയ ഹൗറാപാലത്തിനു മുകളില്‍ കൂടെ അപ്പുറം കടന്ന് പുതിയ പാലത്തിലൂടെ തിരിച്ചുവരുമ്പോള്‍ താഴെക്കൂടെ ഒഴുകുന്ന പുഴയെ ഓര്‍ത്ത്അനുവിന്നു ചിരി വന്നു. വീണ്ടുമൊരൊളിച്ചുകളി...........ഓരോതവണ പുഴ മുന്നിലെത്തുമ്പോഴും അനു സാറ്റ് പറഞ്ഞുകൊണ്ടിരുന്നു.കാളിഘട്ടില്‍ നല്ല തിരക്കായിരുന്നു. വണ്ടി പാര്‍ക്കുചെയ്ത് ഡ്രൈവറും കൂടെവന്നു. ഇവിടെ പാണ്ഡകള്‍ വലിയ ശല്യക്കാരാണത്രെ. വഴിയോരങ്ങളിലെ ടെറാക്കോട്ടകള്‍ കണ്ടപ്പോള്‍ അവന്നുതോന്നി ഇതാവാം അനുവിനെ ഇവിടെക്കു കൊണ്ടുവന്നത്. അനുവിന്റെ കൈകളില്‍ ടെറക്കോട്ടയില്‍ വസന്തങ്ങള്‍ പൂക്കുന്നത് അവന്‍ കണ്ടിട്ടുണ്ട്.പക്ഷെ അവളതൊന്നും കണ്ടഭാവമില്ല.തിരക്കിലൂടെ അനുവിന്റെ കയ്യും പിടിച്ച് ഡ്രൈവറുടെ പിന്നാലെ നടക്കുമ്പോള്‍ ഒരു കടല്‍ നീന്തിക്കടക്കുന്നപോലെ തോന്നി അയാള്‍ക്ക്. സാധാരണ യാത്രകളില്‍ ഒഴിവാക്കാറുള്ള വൃത്തികെട്ട ഒരു തീര്‍ത്ഥാടങ്കേന്ദ്രമെന്നതിലുപരിയായി ഒന്നുമുണ്ടായിരുന്നില്ല അവിടെ. അമ്പലത്തിന്നു മുന്നില്‍ നിന്നുതന്നെ ക്യൂ തുടങ്ങുന്നുണ്ടായിരുന്നു." ദോ ഖണ്ഡെ ലഗേംഗെ ദര്‍ശന്‍ കേലിയേ.........."ഡ്രൈവര്‍ പറഞ്ഞു " ഹം പാഞ്ച് മിനുട്ട് മേം കര്‍വായേംഗെ മാഡം "ഒരു പാണ്ഡ സഹായത്തിനെത്തി. " നഹീ ചാഹിയേ..." പകച്ചുനില്‍ക്കുന്ന പാണ്ഡെക്കു മുന്നിലൂടെ അനു പുറത്തേക്കുള്ള വഴി തേടി." മുത്സെ കാളിഘട്ട് ലേ ചലോ....." അനു കാളിഘട്ടിലേക്കുള്ള വഴിതിരയുകയഅയിരുന്നു. കാളിഘട്ട് ഇതുതന്നെയാണെന്ന ഡ്രൈവറുടെ വിശദീകരണം അനുവിനു വിശ്വാസമായില്ല. ഇത് അമ്പലമാണെന്നും തനിക്കു കാണേണ്ടത് കാളീഘട്ടാണെന്നും അവള്‍ വാശിപിടിച്ചുകൊണ്ടേയിരുന്നു. മുന്നിലൂടൊഴുകുന്ന തിരക്കിന്റെ പുഴ ചൂണ്ടി ഡ്രൈവര്‍ പറഞ്ഞു. "അങ്ങുദൂരെ ഈ പുഴ ഒഴുകിയെത്തുന്നിടത്താണ് ഘ്ട്ട്. ഈ തിരക്കില്‍ നിങ്ങളെക്കൊണ്ടാവില്ല അവിടം വരെ നടക്കാന്‍." അയാള്‍ തുടര്‍ന്നു "ഗംഗാജലം സ്പര്‍ശിച്ച് പുണ്യം നേടാനാണെങ്കില്‍ പത്തുരൂപ കൊടുത്താല്‍ ക്യാനുകളില്‍ വെള്ളം കിട്ടും". ശരിയായിരുന്നു കടകളില്‍ അട്ടിയായി നിറച്ചുവെച്ചിരിക്കുന്നു ഗംഗജലം. "അതല്ല"........ അനുവിന്റെ തൊണ്ടയിറുന്നത് അവരറിഞ്ഞു. "മുത്സെ.......ഗംഗാ സെ മില്‍നാ ഹൈ........." "ആപ്പ് ഉധര്‍ മത് ജായിയേ മാഡം........." ഡ്രൈവറുടെ മുഖം വലിഞ്ഞുമുറുകുന്നത് അനു കണ്ടു." നിങ്ങള്‍ കാണാനുദ്ദേശിക്കുന്ന ഗംഗ അവിടെയില്ല.........മരിച്ചുകിടക്കുന്ന ഗംഗയുടെ മുഖം മാത്രമെ നിങ്ങളക്കവിടെ കാണാന്‍ കഴിയുള്ളു. നിങ്ങള്‍ക്കൊരുപക്ഷെ അതു സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഞാന്‍ പറയുന്നത് വിശ്വസിക്കു. " തരിച്ചു നില്‍ക്കുന്ന അനുവിനെ സഹതാപത്തോടെ നോക്കി അയാള്‍ പറഞ്ഞു. " നമുക്ക് തിരിച്ചു പോകാം അനു" ഇവിടെയെത്തിച്ച തിരമാലകളില്‍ എതിര്‍ദിശയില്‍ തുഴഞ്ഞുനീങ്ങുമ്പോള്‍ അനുവിന്റെ മനസ്സു ശൂന്യമായിരുന്നു.അവന്റെ കണ്ണുകള്‍ക്ക് പിടികൊടുക്കാതെ കാറില്‍ കയറുമ്പോള്‍ അവളറിഞ്ഞു കണ്ണുകളുടെ ഒരു ഏറ്റുമുട്ടലില്‍ തകര്‍ന്നുവീഴുന്നത് കാലങ്ങളായി അവള്‍ അണകെട്ടിനിര്‍ത്തിയ പുഴയാവുമെന്ന്.

തിങ്കളാഴ്‌ച, മാർച്ച് 08, 2010

രോഷം

വനിതാദിനത്തിന്റെ നൂറാം വാര്‍ഷികത്തിലും പറയാനുള്ളത്....................

(ജന്തര്‍ മന്തറില്‍ നിന്നും ഇന്നു കിട്ടിയ ചില ചിത്രങ്ങള്‍)









വെള്ളിയാഴ്‌ച, മാർച്ച് 05, 2010

ആല്‍മരം


വീട്ടുമുറ്റത്തൊരാല്‍മരം
പാടില്ലെന്നു പറഞ്ഞത്
മുതിര്‍ന്നവരാരോ.
ജീവിതത്തില്‍ താളും തകരയും
നുള്ളേണ്ടി വന്നവര്‍.
അല്ലെങ്കിലൊരു കേട്ടുകേള്‍വി.
വീട്ടുമുറ്റത്താല്‍മരം പാടില്ലത്രെ.

കൊതിച്ചുപോയതാണ്
പടരുന്ന ചില്ലകളില്‍
ചേക്കേറുന്ന കിളികളും
വീടിനും വീട്ടാര്‍ക്കും
വിയര്‍പ്പാറ്റാനൊരു തണലും.

പക്ഷെ വേരുകള്‍
അസ്തിവാരമിളക്കി
ഉമ്മറത്തെത്തുമ്പോള്‍
ചുമരില്‍ വിള്ളലുണ്ടാക്കി
വീടിനെ തളര്‍ത്തി
വീടിനെക്കാള്‍ വലുതായി
വീടു തലകുനിക്കുമ്പോള്‍
ആല്‍മരമായാലും
തണലുണ്ടായാലും
എന്തുകാര്യം............

എന്നാലും കൊതിച്ചതാണ്
വീട്ടുമുറ്റത്തൊരാല്‍മരം
തണല്‍, കിളികള്‍,
താളം പിടിക്കുന്ന ഇലകള്‍.

അവസാനമൊരുനാള്‍
സിമന്റില്‍ തീര്‍ത്ത
ആല്‍ത്തറയും
തുളയില്ലാത്ത ചട്ടിയും
അതിലൊരാല്‍മരവും
കൂട്ടിലെ കിളികളും
അലങ്കാരമായി വീട്ടുമുറ്റത്ത്.

ഇടക്ക് ഔചിത്യമില്ലാതെ
പരന്നു നിറയുന്ന ശാഖകള്‍
പടര്‍ന്നിറങ്ങുന്ന വേരുകള്‍
മുറിച്ചു നീക്കണമെന്നു മാത്രം.

ചൊവ്വാഴ്ച, മാർച്ച് 02, 2010

ഗ്രഹ സംക്രമം



സുമ അതു പറഞ്ഞപ്പോള്‍ നടുങ്ങിയതെന്തിനായിരുന്നു...............സുമയും ദേവനും ഒരുമിച്ചുജീവിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല.
മനസ്സുകൊണ്ട് യാതൊരു പൊരുത്തവുമില്ലാത്ത സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് അന്യ ഗ്രഹങ്ങള്‍ എന്നേ അവരുടെ കൂടെയിരിക്കുമ്പോള്‍ തോന്നിയിട്ടുള്ളു. മനസ്സുകൊണ്ടുള്ള അവളുടെ ഈ ആത്മഹത്യ എന്തിനായിരുന്നു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പുരോഗമനപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി എന്നോ വീടുവിട്ട് സ്വതന്ത്രയായ അവള്‍ വെറും തനി നാടന്‍ചിന്താഗതികളുമായി ജിവിക്കുന്ന ഒരു സാധാരണക്കാരനുമായി ഇങ്ങിനെയൊരു ബന്ധനത്തിന് എന്തിനു സമ്മതിച്ചു എന്ന ചോദ്യത്തിന് ഒരിക്കലും ഉത്തരം കിട്ടാറില്ല.സമൂഹത്തെ ഭയക്കുന്ന വീട്ടുകാരുടെ നിര്‍ബ്ബന്ധമെന്ന് കാരണം പറഞ്ഞാലും ന്യായീകരിക്കാന്‍ എന്തൊ മനസ്സു തെയ്യാറാവുന്നില്ല.
" നീയെന്തിനു ടെന്‍ഷനടിക്കുന്നു........അവളായിട്ടു വരുത്തിവെച്ചതല്ലെ "എന്ന് അവന്റെ വാദം കേട്ടപ്പോള്‍ എന്തോ അവനോടും ദ്വേഷ്യം തോന്നി."സ്വന്തമായി ജോലിയുള്ള പെണ്‍കുട്ടികള്‍ക്ക് കല്യാണം കഴിച്ചാലേ ജീവിക്കാന്‍ പറ്റുള്ളുവെന്നാരാണ് പറഞ്ഞത്....." അവന്‍ തുടക്കം മുതല്‍ ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. "ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു പറഞ്ഞിട്ടുള്ളതല്ല കുടുംബജീവിതം" . അവന്റെയും മോളുടെയും അഭിപ്രായസാദൃശ്യം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. "വെറുതെ അവന്റെ ജീവിതവും നശിപ്പിച്ചു".. പാവം....... അവന്റെ വളരെ അടുത്ത സുഹൃത്താണ് ദേവന്‍. വിവാഹത്തിനു ശേഷമാണ് സുമയെ ഞാന്‍ പരിചയപ്പെടുന്നതെങ്കിലും ഞങ്ങള്‍ തമ്മില്‍ ഒരുപാടുകാലത്തെ പരിചയമുള്ളപോലെയായിരുന്നു.
"അവളിങ്ങിനെയാണെന്നറിഞ്ഞുതന്നെയല്ലെ ഈ വിവാഹം നടന്നത്........വെറുതെ അവളെ മാത്രം കുറ്റം പറയണ്ട.........." എനിക്ക് അവളുടെ ഭാഗം പറയാതിരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കല്യാണം വേണ്ടെന്നുള്ള തീരുമാനത്തിലുറച്ചുനില്‍ക്കാഞ്ഞത് അവളുടെ തെറ്റാണെന്നു എന്റെ മനസ്സും പറഞ്ഞുകൊണ്ടിരുന്നു.കുറെ അനാഥക്കുട്ടികളെ ദത്തെടുത്ത് അവരുടെ അമ്മയായി ജീവിക്കാനായിരുന്നു അവളുടെ മോഹം .

ഈ സംസാരം ഞങ്ങളുടെ വഴക്കിലവസാനിക്കുമെന്ന് തോന്നിയതുകൊണ്ടാവം രണ്ടുപേരും പിന്നെയൊന്നും പറഞ്ഞില്ല.ഞങ്ങളുടേത് വളരെയധികം പൊരുത്തങ്ങളുള്ള ഒരു ദാമ്പത്യമായിരുന്നിട്ടും അവളുടെ സ്ഥാനത്തുനിന്നു ചിന്തിക്കാന്‍ എനിക്ക് ഒരു പെണ്ണിന്റെ മനസ്സു മാത്രം മതിയായിരുന്നു.അവനോട് പറയാതിരുന്ന പല കാര്യങ്ങളും എന്റെ മനസ്സില്‍ പതഞ്ഞു പൊങ്ങി. സാഹചര്യം മാറുന്നതിനനുസരിച്ച് ബന്ധങ്ങളെപ്പറ്റിയുള്ള നമ്മുടെ സങ്കല്പങ്ങള്‍ക്കും ഒരുപാട് മാറ്റം വന്നിരിക്കുന്നു.പക്ഷെ ഇതൊരൊറ്റപ്പെട്ട അനുഭവമാണെന്നു തോന്നിയില്ല. വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി വൈകിയ വേളയിലെ വിവാഹവും ഒരഡ്ജസ്റ്റ്മെന്റ് പോലെ ആര്‍ക്കോ വേണ്ടി മുന്നോട്ടു പോകുന്ന ജീവിതവും എത്ര മടുപ്പിക്കുന്നതായിരിക്കും. പാവം അവള്‍ക്കൊപ്പമെത്താന്‍ ദേവനും ദേവന്റെ കൂടെനില്‍ക്കാന്‍ അവളും ഓടിക്കിതച്ച് എവിടെയുമെത്താതെ തളര്‍ന്നു വീഴുന്നത് പറഞ്ഞ് അവള്‍ തന്നെ എന്റെ മുന്നില്‍ എത്ര കരഞ്ഞിട്ടുണ്ട്.
അങ്ങിനെയുള്ള യാത്രയിലെവിടെയോ തന്നെ മനസ്സിലാക്കാന്‍ പറ്റുന്ന തന്റെ മോഹങ്ങളെ ചിറകിലേറാന്‍ കെല്പ്പുള്ള ഒരു കൂട്ടുകാരനെ അവള്‍ കണ്ടെത്തിയെങ്കില്‍ കുറ്റം പറയാന്‍ തോന്നുന്നില്ല.
ദൂരെ കടലിന്റെ സ്നേഹത്തിനുനേരെ കുതിക്കുമ്പോള്‍ വഴിയില്‍ അരുവികളുടെ സമര്‍പ്പണത്തില്‍ തളരുന്ന പുഴ ആ മധുരം ആസ്വദിക്കാനാവാതെ ഉള്ളം കലങ്ങി മറിയുമ്പോഴും വേഗത വീണ്ടെടുത്ത് ശാന്തയായ് കടലിന്നു സമര്‍പ്പിതയാവുമ്പോള്‍ നഷ്ടബോധം തോന്നുന്നുണ്ടാവുമോ.............. 3/2/10
 (എല്ലാം സങ്കലപ്പ കഥാപാത്രങ്ങളാണെന്ന് മുങ്കൂര്‍ ജാമ്യം)