തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2012

മഴവഴികള്‍ ..........


 മഴ നാം തനിച്ചു നടക്കുന്ന വഴികളാണ്
ഇരുപുറവും നമ്മുടെ ഒരു നോട്ടത്തില്‍ വിരിയാനായി
കൂമ്പിനില്‍ക്കുന്നുണ്ടാവും ഓര്‍മ്മകള്‍ ...
ഒരു കണ്‍ ചാര്‍ത്തിനുമുന്നിലേക്ക് പൊട്ടിമലരും
ജീവിതം നമ്മില്‍നിന്നും തട്ടിത്തെറിപ്പിച്ച നിറങ്ങള്‍
 
ഒരു കാറ്റില്‍ ഭ്രമിച്ച് ഒഴുകിയിറങ്ങിപ്പോയ മണങ്ങള്‍
തിരിച്ചെത്തി ചുറ്റിലും മൂളിപ്പറന്നുകൊണ്ടേയിരിക്കും
ഇനിയുമിനിയുമെന്തൊക്കെയോ മറന്നുവെച്ചിട്ടുണ്ടെന്ന്
നമ്മള്‍ മഴവഴിയിലൂടെ നടന്നുകൊണ്ടേയിരിക്കും.........


തനിച്ചുനടക്കുന്ന വഴികള്‍ക്കുമീതെ കനത്തു നിറയുന്ന
മേഘങ്ങളില്‍നിന്നും കുതറിയിറങ്ങിയ മഴത്തുള്ളികള്‍
കുടത്തുമ്പിലിരുന്നു  നമ്മുടെ ഭാവങ്ങള്‍ ഒപ്പിയെടുക്കും.
ഇറ്റുവീഴുന്ന ഓരോ തുള്ളിക്കുമൊപ്പം നമ്മുടെ മുഖംമൂടികള്‍
ഓരോന്നോരോന്നായി കൊഴിഞ്ഞുവീണുകൊണ്ടേയിരിക്കും.
ഒടുവിലൊരു കുഞ്ഞിന്റെ നിഷ്ക്കളങ്കതയോടെ നമ്മള്‍
മഴയുടെ ചടുലതാളത്തിനൊത്ത് അറിയാതെ നൃത്തം ചവിട്ടും.........
ഇനിയും കാത്തിരിക്കുന്ന വേഷപ്പകര്‍ച്ചകളപ്പോള്‍
മഴച്ചാര്‍ത്തില്‍ അലിഞ്ഞില്ലാതായെങ്കിലെന്ന് കൊതിച്ചുപോകും..........