ഞായറാഴ്‌ച, ഫെബ്രുവരി 08, 2015

ഇടയ്ക്കൊരു കവിത ഇറങ്ങി നടന്നത്


ഇനി വഴിയൊരു നേര്‍ രേഖയെന്ന്,
എഴുതിയ കാഴ്ചകളൂരിവെച്ച്
കാതും മണവും മൊഴികളും
ഇറക്കിവെച്ച്
കുളിച്ചുമടുത്ത തോടിനോട്
ഇനി കുളിക്കാനില്ലെന്ന്
കലുങ്കില്‍ മനസ്സിനെ
പരുഷമായി
ഒലുമ്പിപ്പിഴിഞ്ഞുണക്കാനിട്ട്
പച്ചയെന്ന്
നേരേക്കുത്തന്നെ നടന്നുതുടങ്ങും
പെട്ടന്നൊരു കവിത .

കാടില്ല കാട്ടാറില്ല
പുഴയില്ല പുളിനങ്ങളില്ല
വെയിലില്ല മഴയില്ല
രാവില്ല പകലില്ല
വെന്തുവെന്ത വേവുപുതച്ച്
തെറ്റെല്ലാം ചെയ്തു തിരുത്തേണ്ടതെന്ന്
പാഠമെല്ലാം കൊണ്ട് പഠിക്കേണ്ടതെന്ന്
ഉയിരെന്നോ ഉടലെന്നോയില്ലാതെ കുടഞ്ഞെറിഞ്ഞ
കണ്ണുകോര്‍ത്ത  ചൂണ്ടുകൂര്‍ത്ത
ചെവിയോര്‍ത്ത
മീന്‍പോലുള്ളം തുടിച്ചതെല്ലാം കഥയെന്ന്
താളവും മേളവുമഴിച്ചുവെച്ച്
തനിമയും പെരുമയും ഊരിവെച്ച്
നേരേക്കുതന്നെ നടന്നുതുടങ്ങും
തനിയേയെന്നൊരു കവിത.


കണ്ണുമറച്ച കുതിരയെന്ന്
കാലാളെന്ന്
ഇടം വലം
ചെരിഞ്ഞു നോക്കാതെ
തിരിഞ്ഞുനോക്കാതെ
നേരെയെന്നാല്‍ നേരേയെന്ന്..
മനസ്സിനെ
പരുഷമായി
ഒലുമ്പി പിഴിഞ്ഞുണക്കാനിട്ട്
ആയിടത്തൊരു കല്ല് നട്ട്
കരിമ്പച്ചയെന്ന്
നേരേക്കുതന്നെ നടന്നുതുടങ്ങും
കൂട്ടംതെറ്റിച്ചൊരു കവിത..

ഇടക്കെപ്പോഴോ വരമ്പുകളില്‍
ചോര വഴുതുമ്പോള്‍
ഹെയര്‍പ്പിന്‍ വളവുകള്‍
ശ്ശടേന്ന് ഒടിഞ്ഞു മടങ്ങുമ്പോള്‍
വഴി അപ്രതീക്ഷിതമായി
അവസാനിക്കുമ്പോള്‍
നേരേയെന്നില്ലാതാവുമ്പോള്‍
കണ്ണു കോര്‍ത്ത്
കാതോര്‍ത്ത്
ചുണ്ട് കൂര്‍ത്ത്
കലുങ്കിലുണങ്ങാനിട്ട
മനസ്സൊന്ന് പാളും.

പാളുന്ന കവിത
മുഖം മൂടിയില്ലാതെ എഴുതിനിറയുമ്പോള്‍
ആരും തിരിച്ചറിയില്ല...

നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത
പരിചയിച്ചിട്ടില്ലാത്ത
പരുഷമെന്ന് വിളിപ്പേരിടുന്ന
വളച്ചാല്‍ വളയാത്ത
നപുംസകമെന്ന് മുദ്രകുത്തപ്പെടുന്ന
ഒരു കവിത...
നപുംസകങ്ങളുടെ വികാരപ്രകടനങ്ങള്‍ക്ക്
മൌലികതയില്ലെന്നാവും
നപുംസകമെന്നതേ
കപടമാണെന്നാവുംപിന്നെ
ഒളിഞ്ഞും തെളിഞ്ഞും!