വ്യാഴാഴ്‌ച, നവംബർ 25, 2010

വിണ്ടും ചിലത്.ഒരു പൊടി കനല്‍2/23/09


ഒരു തുടം നെയ്യ്

ഒരു ചെറു തിരി

ഒരു പൊടി കനല്‍

ഒരു കവിളൂത്ത്

പെരുകുന്ന കനലിന്

പൊരിയുന്ന ചൂട്....

ആടിയുലച്ച കാറ്റില്‍

ആകെ ചുമന്ന്

ആളി പടര്‍ന്ന്

കത്താന്‍ തുടങ്ങി.....

വെള്ളം പാര്‍ന്നപ്പോള്‍

വല്ലാത്ത നീറ്റം.

വെന്തു പോയിരിക്കുന്നു.

പുകഞ്ഞു കൊണ്ടിരിക്കുന്നു.

പുകയുടെ മണം

പൂ കൊണ്ട് മൂടി....

കനലിന്റെ തിളക്കം

ചിരി കൊണ്ട് തളര്‍ത്തി .....

ഇതു നീയറിയേണ്ടതല്ല....

എന്റെ നെഞ്ചിന്‍പൊരിച്ചില്‍

വേവലിന്റെ കടച്ചില്‍

എന്റെ മാത്രം സ്വന്തം....


മഴക്കോള്‍...2/24/09


'ഉറക്കത്തിലും നിന്റെ

കണ്ണുകളില്‍ മഴക്കോള്‍...'

കവിളിലൂടൊഴുകിയ

കൈകളാല്‍

നീയത് തിരിച്ചറിഞ്ഞു.....

നെഞ്ചിലെ വേനലില്‍

ആവിയായ് പൊങ്ങിയ

കനവുകള്‍

കണ്‍പോളകളില്‍

മേഘനിറവായ് തിങ്ങിയത്

അതുകണ്ട് മയിലുകള്‍

ഉറക്കെ കരഞ്ഞത്

അസമയത്തെ മൂടലില്‍

കിളികള്‍ കലപിലകൂട്ടി

ചേക്കേറിയത്

നീയുമറിഞ്ഞതല്ലേ.........

പെററുകൂട്ടിയ മോഹങ്ങള്‍ക്ക്

നെഞ്ചിന്‍ ചൂടില്‍

പൊരുന്നയിരുന്നപ്പോള്‍

പേര്‍ത്തും വന്ന പേററുനോവ്

നമ്മളറിഞ്ഞില്ല.....

പറക്കമുററിയ മോഹങ്ങള്‍

പറന്നകലാന്‍

ചിറകുവിരിക്കുമ്പോള്‍

ഇത്തിരി പതറും ഒത്തിരിപോറും

പിന്നെ എല്ലാം പഴയതുപോലെ...

മുട്ടുകാലിലിഴഞ്ഞ് വീണ്ടും

പതുക്കെ നടക്കാന്‍ പഠിക്കും....

അത് സ്വാഭാവികം മാത്രം ....


ചൊവ്വാഴ്ച, നവംബർ 23, 2010

വിണ്ടും ചിലത്.


ചിലന്തിവല........11/13/09


മടുപ്പിന്റെ കുത്തൊഴുക്കില്‍

കുടുങ്ങിപ്പോയ ചിലന്തിവലയില്‍

കെട്ടഴിക്കുന്ന വലക്കണ്ണികള്‍

എന്നത്തേയും പോലെ

ഊരാക്കുടുക്കാവുമെന്നറിഞ്ഞിട്ടും

ഒരിക്കലെങ്കിലും വലവിട്ട്

പുറത്തിറങ്ങണമെന്ന

വ്യാമോഹത്തില്‍ വീണ്ടും

കള്ളികള്‍ അങ്ങോട്ടുമിങ്ങോട്ടും

അടുക്കിപ്പെറുക്കുമ്പോള്‍

ഒരിക്കല്‍പോലും വലയില്‍

കുടുങ്ങില്ലെന്നു നടിക്കുന്നവരുടെ

പരിഹാസം കണ്ടില്ലെന്നു നടിച്ച്

വീണ്ടും തുടക്കത്തിലെത്തി

ആദ്യമെന്ന പോലെ

അടുക്കിത്തുടങ്ങുമ്പോള്‍

സെക്കന്റുകള്‍ പെറ്റുകൂട്ടിയ

നിമിഷങ്ങളും മണിക്കുറുകളും

വാശിയോടെ നെയ്തുമുറുക്കുന്നു

അഴിക്കാന്‍ പറ്റാത്ത മറ്റൊരു വല.


അക്കക്കളി................10/9/09


കലണ്ടറിലെ അക്കങ്ങളുടെ

ചതുരങ്ങള്‍ ചാടിചാടി

പിന്നോക്കം പോവാന്‍

നല്ല രസമാണ്....

ഇന്നലെയും മിനിയാന്നും

നാലാന്നാളും ചാടി

മുന്നോട്ടെത്തുമ്പോള്‍

ചില അക്കങ്ങളുടെ

പിറകില്‍ നിന്ന്

സ്നേഹത്തോടെ നീളുന്ന

എന്നോ കൈവിട്ട

ചില കൈകള്‍.....!

അക്കമ്പക്കം പറഞ്ഞ്

അക്കുത്തിക്കുത്ത് കളിച്ച്

നേരം വൈകുമ്പോള്‍

ഇന്ന് നീട്ടിവിളിക്കും......

മടിച്ച് മടിച്ച് തിരികെ

പോരുമ്പോഴും നീട്ടിയ

കൈകള്‍ അതേപോലെ......

ഒരു വിരല്‍സ്പര്‍ശത്തിന്റെ

ത്വരിത സാധ്യതയിലാണ്

ഇന്നലെ അച്ഛന്റെ

മടിയില്‍ കയറിയിരുന്നത്....!

ചേച്ചിയുടെ പുസ്തകം

കത്രികകൊണ്ട് വെട്ടിയത്......

അച്ഛന്‍ തല്ലാന്‍ വന്നപ്പോള്‍

അമ്മയുടെ വയറ്റിലൊളിച്ചത്

അവിടന്നു പുറത്തിറങ്ങാന്‍

വയ്യെന്ന് മടിച്ചിരുന്നപ്പോള്‍

ഇന്നുവന്ന് ചെവിക്കു പിടിച്ചത്....

നാളെയും പോകണം......

നാളെ, മറ്റന്നാള്‍,നാലാന്നാള്‍

അക്കക്കള്ളികളില്‍ ചാടി ചാടി

അക്കങ്ങള്‍ ഇല്ലാതാവുന്ന

ഒരു ദിവസം നോക്കി.........


സുഡോക്കു........9/9/09


അക്കങ്ങളെ നേര്‍രേഖയിലാക്കുന്ന

കളി കളിച്ചപ്പോഴാണറിഞ്ഞത്

ഓരോ അക്കത്തിനും കള്ളികള്‍ക്കും

അതിന്റേതായ സ്വകാര്യതയുണ്ട്....!

തലങ്ങനെയും വിലങ്ങനെയും

നീണ്ടുപോകുന്ന നേര്‍രേഖകളില്‍

ഒരെണ്ണം അസ്ഥാനത്തായാല്‍

ഒന്നാകെ അഴിച്ചുപണിയണം......!

ചില അക്കങ്ങള്‍ അവസ്ഥിതമായപ്പോള്‍

സ്വയം ചിലത് സമചതുരങ്ങളിലൊതുങ്ങി.

കൂട്ടാനും കിഴിക്കാനും നില്‍ക്കാതെ

സമവാക്യങ്ങളില്‍ മയങ്ങിവീഴാതെ

മറ്റുള്ളവരുടെ ഹരണഗുണനങ്ങളില്‍

ഒരു പങ്കുപറ്റാന്‍ മത്സരിക്കാതെ

തനതു ശാഠ്യത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍

ഭ്രാന്തമൗനം കലഹിച്ച കടല്‍ച്ചൊരുക്കില്‍


വെള്ളിയാഴ്‌ച, നവംബർ 19, 2010

വിണ്ടും ചിലത്.എന്റെ മനസ്സ്.....! 7/27/09വായിച്ചിട്ടും പേജുകള്‍
മറിയാതിരിക്കുമ്പോള്‍
വരക്കുന്ന ചിത്രങ്ങള്‍
മുഴുമിക്കാതിരിക്കുമ്പോള്‍
എഴുതുന്ന കവിതകള്‍
മുഖം തരാതിരിക്കുമ്പോള്‍
ഞാന്‍ തിരയുന്നു .....
എന്റെ മനസ്സ്.....!

ശവാസനത്തില്‍
കണ്ണുകളിറുകെയടച്ചിട്ടും
ആകാശത്തു പറക്കുന്ന
കൊറ്റിക്കുട്ടങ്ങളുടെ
പിറകെ പായുമ്പോള്‍
മൂക്കിന്‍ തുമ്പത്തെ
ഏകാഗ്രതയില്‍
തളച്ചിടാന്‍ നോക്കവെ
അടുക്കളപ്പാത്രങ്ങളുടെ
ആഴങ്ങളിലൊളിച്ചിരുന്ന്
വാങ്ങാന്‍ മറന്ന
കറിക്കുട്ടുകള്‍ക്കിടയില്‍
കളിയാക്കി ചിരിച്ച്
അലക്കാനിട്ട വസ്ത്രങ്ങളുടെ
മുഷിവുനാറ്റവുമായി
എന്റെ മനസ്സ്.....!

പുസ്തകം തുറന്നാല്‍
ചിത്രങ്ങളിലെ മഴവില്ലായി
ചിത്രങ്ങള്‍ക്കു മുന്നില്‍
കഥാപാത്രങ്ങളുടെ കൂടെ
ഊരുതെണ്ടാനിറങ്ങി
കവിതയുടെ ജീവതന്തുവില്‍
തൂങ്ങി ഊഞ്ഞാലാടി
വിളിച്ചാല്‍ വരാതെ
എന്നെപ്പോലും മറന്ന്.....!

വേറുതെയിരിക്കാന്‍
പറഞ്ഞാല്‍ നേരെ
നാട്ടിലെത്തി അമ്മയുടെ
മടിയില്‍ മുഖം പൂഴ്ത്തി
മക്കളുടെ കളിക്കൊട്ടകള്‍ക്ക്
പിറകിലൊളിച്ച്
അവന്റെ മൂളിപ്പാട്ടുകള്‍ക്ക്
നിര്‍ത്താതെ ചുവടുവെച്ച്
എന്റെ മനസ്സ്.....
എനിക്ക് മാത്രം പിടി തരാതെ!

ബുധനാഴ്‌ച, നവംബർ 17, 2010

വിണ്ടും ചിലത്.മുലകളുടെ ഫോട്ടോസെഷന്‍
2/6/09

ഇന്ന് നിന്റെ മുലകളുടെ

ഫോട്ടോ സെഷന്‍

ഇന്നലെ ഒരുപാട്

അമര്‍ത്തിയും തടവിയും

കാലങ്ങളായി കാത്തുസൂക്ഷിച്ച

എന്റെ മാതൃത്വത്തിന്റെ

അവസാന നനവും

അവര്‍ പിഴിഞ്ഞെടുത്തു .

"നാളെ നിന്റെ വറ്റാത്ത

മാതൃത്വത്തിന്റെ ഫോട്ടോസെഷന്‍."

അവര്‍ കുറിച്ചു തന്നു....

രാത്രിയുടെ അയഞ്ഞ

നിശ്ശബ്ദതയില്‍

ഹൃദയങ്ങളുടെ ദ്രുതതാളങ്ങള്‍

പരസ്പരം അറിഞ്ഞിട്ടും

കണ്ണുകള്‍ ഉടക്കാതിരിക്കാന്‍

ഉറക്കം നടിച്ചപ്പോള്‍

പുലരി വഴിതെറ്റി ദൂരേക്ക്

പോയി കൊണ്ടിരുന്നു.

എപ്പോഴൊക്കെയോ

പൊട്ടക്കുളത്തിലെ

ഒറ്റമുലച്ചികള്‍ കണ്മുന്നില്‍

മുടിയഴിച്ചിട്ട് നൃത്തമാടി.....

ഫോട്ടോസെഷന്‍.....

ചാഞ്ഞും ചെരിഞ്ഞും

ഇരുത്തിയും കിടത്തിയും

മുകളില്‍ നിന്ന് താഴേക്കും

താഴെ നിന്ന് മുകളിലേക്കും

ഒരു ലോഞ്ച്റി ഷൂട്ടു പോലെ.....

കഴിഞ്ഞപ്പോള്‍ കണ്ണില്‍

നോക്കാതെ അവര്‍ പറഞ്ഞു

വൈകീട്ട് പറയാം....

വൈകുന്നേരം ഫലം

വെള്ളക്കടലാസില്‍

അച്ചടിച്ച് വന്നു...

മാമ്മൊഗ്രാഫി &യുഎസ്ജി

ആര്‍ നെഗറ്റീവ്.

പൊട്ടക്കുളത്തിന്റെ വക്കില്‍

മുടിചിക്കിയുണക്കിയിരുന്ന

ഒറ്റമുലച്ചികള്‍ കൂട്ടത്തോടെ

മുറുമുറുത്തുകൊണ്ട്

പായലിനടിയിലെ

സ്വകാര്യതയിലേക്ക്

ഊളിയിടുന്നത് ഞാനറിഞ്ഞു.

പോകുമ്പോള്‍ അവര്‍

വീണ്ടും കാണാമെന്ന് പറഞ്ഞോ.......


തോന്നിയതായിരിക്കും.....

ഞായറാഴ്‌ച, നവംബർ 14, 2010

വിണ്ടും ചിലത്.


പ്രണയം

1/21/09

പ്രണയം മഞ്ഞു കാലം പോലെ
കാണുന്നത് വെറും നിഴലുകള്‍ ....
പ്രണയം പടര്‍ന്നു കയറുമ്പോള്‍
നിറഞ്ഞ് പെയ്യുന്ന കോടമഞ്ഞ്....

പിന്നെ വെയില്‍ച്ചാര്‍ത്തില്‍
പാരസ്പര്യത്തിന്റെ മഞ്ഞുരുകുമ്പോള്‍
നിന്റെ ഗ്രീഷ്മവും എന്റെ വര്‍ഷവും
മഞ്ഞുറഞ്ഞ സമാന്തരങ്ങളില്‍.....

വീണ്ടും ഒരു വേനലറുതിയില്‍
ശരത്കാല വര്‍ണ്ണക്കാഴ്ച്ചയില്‍
മഞ്ഞുകാലമോഹം നമ്മില്‍
പറന്നുനിറയുന്ന മൂടല്‍മഞ്ഞ്

പ്രണയം മഞ്ഞു കാലം പോലെ
കാണുന്നത് വെറും നിഴലുകള്‍ ....
പ്രണയം പടര്‍ന്നു കയറുമ്പോള്‍
നിറഞ്ഞ് പെയ്യുന്ന കോടമഞ്ഞ്..

1/26/09

പ്രണയം വേനല്‍ പോലെ......
തൃഷ്ണമായ പ്രണയത്താല്‍
തീക്ഷ്ണമായ ജീവിതം....
പെരുകി നിറയുന്ന
വേനല്‍ത്തളര്‍ച്ചയില്‍
പ്രദീപ്തമായ മരീചിക...
കയ്യെത്തിക്കും തോറും
ഒരു ‍പ്രലോഭം പോലെ
ദുരേക്ക് വഴുതി മാറി...
കനക്കുന്ന വേനല്‍ച്ചൂടില്‍
വറ്റിയ കനവുകള്‍...
കരിഞ്ഞ നിനവുകള്‍
അന്ന് നമ്മളിലൊരാള്‍
വരണ്ട പുഴയിലെ
പരക്കുന്ന ചാരനിറം.....

5/15/09

എന്റെ കവിളിലെ കണ്ണീരിന്ന്
നിന്റെ വിരല്‍ സ്പര്ശത്തില്‍ സായു‌ജ്യം .
നിന്റെ വിരലിലൂടെ ഒലിച്ചിറങ്ങി
അത് നിന്നില്‍ അലിഞ്ഞു ചേര്ന്നു ...
കൂടെ എന്റെ നൊമ്പരങ്ങളും .....
ആകാശത്ത് പുതിയ
നക്ഷത്രങ്ങളെ
കാട്ടിത്തന്നപ്പോള്‍
നീയത് കണ്ടത്‌ എന്റെ
കണ്കളിലായിരുന്നു .
എന്റെ കണ്ണുകളിലമര്ന്ന
നിന്റെ ചുണ്ടുകളില്‍
നിന്റെ പ്രണയം കനക്കുന്നത്
കനവിലെന്നപോലെ ഞാനറിഞ്ഞു ....
പൊന്‍വെയില്‍ ചിരിയില്‍
നനുക്കെ പെയ്യുന്ന ആകാശം
എത്ര സുന്ദരമെന്ന്‍
നീ പറഞ്ഞപ്പോള്‍
ഞാനുമറിയാതെ ശരിവെച്ചു.
നമുക്കിന്നെന്തിനീ
കരിമേഘത്തള്ളലുകളും
ഇടിമിന്നല്‍ തേരോട്ടവും....

2/2/10

കഫെയില്‍ കോഫിമഗ്ഗുകള്‍ക്കപ്പുറമിപ്പുറം
മക്ഡൊനാള്‍സില്‍ അവസാനകഷ്ണം
ഫിംഗര്‍ചിപ്പ്സിനു തല്ലുകൂടി
നിരൂലാസിന്റെ തണുപ്പു നുണഞ്ഞ്
ജന്‍പഥിലെ സിഗ്നലില്‍ ബന്‍ജാരന്നു
ഒരു 'ദുഅ'ക്കായി കോഴ കൊടുത്ത്
നിന്റെ വിരല്‍ത്തുമ്പിന്റെ ബലത്തില്‍
റോഡു മുറിച്ചുകടക്കുമ്പോള്‍
ഹോണടിക്കുന്ന പഞ്ചാബിയോടുള്ള
നിന്റെ രോഷം വിരലാലമര്‍ത്തി
നിനക്കിഷ്ടമില്ലാത്ത തിരക്കിലൂടെ
നഗരത്തിന്റെ മായക്കാഴ്ചകളിലൂളിയിട്ട്
പുസ്തകക്കൂടാരങ്ങള്‍ ചിക്കിപ്പരത്തി
ചൂടിലും തണുപ്പിലും ഒന്നുപോലെ
തലനരച്ച നമ്മുടെ പ്രണയം.
ഔചിത്യമില്ലാതെ മുന്നിലെത്തുന്ന
ബ്ലാക്ക്ഹോളുകളുടെ ഓര്‍മ്മയില്‍
എന്റെ കയ്യില്‍ മുറുകുന്ന നിന്റെ കയ്യില്‍
നരപിഴുതെറിയുന്നു നമ്മുടെ പ്രണയം.

വെള്ളിയാഴ്‌ച, നവംബർ 12, 2010

വീണ്ടും ചിലത്.

കാക്ക 1/6/09കാക്കയ്ക്കിന്ന് ചോറു കൊടുക്കാന്‍ മറന്നു .

കണ്ണടക്കു മുകളിലൂടെ നോക്കി ചോറുമെടുത്ത്

അമ്മ കിഴക്ക്വോര്‍ത്തേക്ക് പാഞ്ഞു.

അറിയാതെ വന്നു പോയതാവം...

അമ്മയുടെ സ്വരത്തില്‍ കുറ്റബോധത്തിന്റെ

കഴുകിയാലും പോവാത്ത വഴുവഴുപ്പുകള്‍....

മുറ്റത്ത് തുണിയിടാന്‍ പോവുമ്പോഴൊക്കെ

അമ്മയുടെ കണ്ണ് തൈത്തെങ്ങിലാണ്.

വല്ലാത്തൊരു പ്രത്യാശയുള്ള നോട്ടം...

ആരെങ്കിലും കണ്ടാല്‍ തെറ്റു ചെയ്ത

സ്കൂള്‍ കുട്ടിയുടെ മുഖഭാവം...അല്ലെങ്കില്‍

ഞാനൊന്നുമറിഞ്ഞില്ലേയെന്ന്...

കിഴക്ക്വോര്‍ത്ത് അമ്മ കാക്കയോട്

പായ്യാരം പറഞ്ഞു കൊണ്ടിരുന്നു

വൈകി പോയതിന്റെ ക്ഷമാപണം...

മക്കളെത്തിയതിന്റെ പണിത്തിരക്ക്...

അമ്പത് കൊല്ലം കൂട്ടിരുന്ന അച്ഛന്

അത് മനസ്സിലാവാതെ വയ്യല്ലോ ...


തനിയാവര്‍ത്ത‍നം 1/1/09


കുളിരിന്റെ കംബളം തലവഴി മൂടിയെന്‍

ഇരവിന്റെ ദൈര്‍ഘ്യം പെരുക്കാന്‍ തുടങ്ങവെ

അണയുന്നു വീണ്ടും പ്രഭാതമെന്‍ ജാലക

പ്പഴുതിലൂടൊരുകൊച്ചു തൂവെയില്‍ത്തുണ്ടായി....

അഞ്ചരയായെന്നുറക്കെ അലാറമെന്‍

അന്തികെനിന്നു കരഞ്ഞു വിളിക്കവെ

സൂര്യ കിരണങ്ങളാം സൂചിതാഗ്രികള്‍

പാരമെന്‍ കണ്‍കളെ കുത്തി നോവിക്കവേ

പഥ്യങ്ങളില്ലാതെ പതിവു തെറ്റാതെ

പാടും പരാതിയുമൊന്നുമുരിയാതെ

ആവര്‍ത്തനത്തിന്റെ തിക്തകം മോന്തുവാന്‍

ആകെ പിടഞ്ഞെഴുന്നേറ്റു ഞാനെത്തുന്നു....

ഞായറാഴ്‌ച, നവംബർ 07, 2010

യാഥാതഥ്യം...........


പാലകള്‍ പൂക്കുന്നില്ലി-
വിടെപാരിജാതവും
ഉള്ളതേതോ കൊടും
വിഷത്തിന്‍ ഗന്ധം തപ്തം!

പണ്ടുനിന്‍ പാദങ്ങളില്‍
മുത്തിയിക്കിളിയിട്ട
മീനുകളില്ലാ ജലം
മരിച്ച മണമെങ്ങും !

തിരഞ്ഞു വൃന്ദാവനം
മുഴുക്കെത്തിരഞ്ഞിട്ടും
അരികത്തണഞ്ഞില്ലാ
നിന്‍കുഴല്‍ച്ചെത്തം പോലും !

കൃഷ്ണാ നീ വരൂ വേഗം
യമുന മരിക്കുന്നു,
ശ്വാസം
കിട്ടാതെ നുരയുന്നു
നീയിതുകാണുന്നില്ലെ !

കാളിന്ദി തടത്തിലും
കടമ്പിന്‍ ചുവട്ടിലും
തേടിഞാന്‍ നിനക്കായി
നീയെന്തേയറിഞ്ഞില്ല !

വിധുരരാം ഗോപികള്‍
പതിനാറായിരത്തെട്ടും
വിരഹാഗ്നിയില്‍ വെന്തു
നീറുന്നു നിന്‍പേര്‍ ചൊല്ലി !

തൂവെള്ള വസ്ത്രങ്ങളും
ഭസ്മധൂളിയും ചാര്‍ത്തി
മധുവനമാകെയിവര്‍
ശുഭ്രതയുണക്കുന്നു !

നീയോ ഞാന്‍ കണ്ടൊരു
മണ്ഡപമതില്‍ കല്ലായ്
അതിലും ശൈത്യം നിന്റെ
കണ്‍കളിലുറയുന്നുവോ !

നിന്റെ താണ്ഡവത്താലന്നു
പത്തിതാഴ്ത്തിയ കാളിയന്‍
വിത്തുകളൊരായിരം
പെറ്റതു നീയോര്‍ത്തില്ല !

കാളിന്ദിയും പിന്നെ
യമുനയുമതുപോരാ-
തേതൊരു നദിയിലുമാ
കൊടും വിഷം തന്നെ !

കൃഷ്ണാ നീ വരൂ വേഗം
യമുന മരിക്കുന്നു ശ്വാസം
കിട്ടാതെ നുരയുന്നു
നീയെന്തെയറിയുന്നില്ലാ !

തിരിയെ നടക്കുമ്പോഴും
കൊതിക്കുന്നുണ്ടീമനമൊരു
മുളംതണ്ടിന്നീണം, ചുമലില്‍
ഒരു സാന്ത്വനസ്പര്‍ശം.

പണ്ടുനിന്‍ മുടിച്ചാര്‍ത്തില്‍
നിന്നൂര്‍ന്നമര്‍ന്നൊരു
സപ്തവര്‍ണ്ണത്തുണ്ടെന്റെ
നെഞ്ചില്‍നിന്നടര്‍ത്തിഞാന്‍
കാല്‍ക്കലര്‍പ്പിക്കുന്നു നിന്റെ
അതില്‍നിന്നാവില്ലെനി-
ക്കിനിയും ചായക്കൂട്ടു
ചാലിച്ചു നിറക്കുവാന്‍.

തിങ്കളാഴ്‌ച, നവംബർ 01, 2010

വൈപരീത്യംതലയിലെണ്ണയും തേച്ച് പതുക്കെ പടവുകളിറങ്ങിയപ്പോഴാണ് പിന്നില്‍നിന്നും കുഞ്ഞ്വാളമ്മ
"കുട്ടി തോട്ടിലിക്കാണോ......"എന്നൊരു ചോദ്യവുമായി പ്രത്യക്ഷപ്പെട്ടത്.

"അതേലോ......."എന്നൊരുത്തരത്തില്‍ ആ ചോദ്യം ഒതുങ്ങില്ലെന്ന് അവരുടെ മുഖം കണ്ടപ്പോള്‍ മനസ്സിലായി.


കുറച്ചുകാലമായി ഓരോ തവണ നാട്ടില്‍ വന്നു പോകുമ്പോഴും തോടിനെ ദൂരെനിന്നു നോക്കി ഞാന്‍ വന്നിട്ടുണ്ട്ട്ടൊ എന്നു പറയാനല്ലാതെ ഒന്നടുത്തുപോവാന്‍പോലും ഉമക്ക് സമയം കിട്ടിയിരുന്നില്ല. ഇത്തവണ അവള്‍ ആദ്യമേ കരുതിയിരുന്നു തോട്ടിലൊന്നു മുങ്ങാതെ ഒരു തിരിച്ചുപോക്കില്ലെന്ന്.

"പുഴയും കടലും തോടുമൊക്കെ ബൈസെക്ഷ്വലായിരിക്കണം........... ലിംഗഭേദമില്ലാതെ ആണീനേം പെണ്ണിനെം ഇങ്ങിനെ കെട്ടിപ്പുണര്‍ന്ന് സ്നേഹിക്കണമെങ്കില്‍ അല്ലാതെപിന്നെങ്ങിനെയാ.............."

ജാനിയുടേതായിരുന്നു ഈ കണ്ടുപിടുത്തം. ആണ്‍കുട്ടികളുടേത് പോലെ മുടിമുറിച്ച് ഇറുകിയ ജീന്‍സുമിട്ട് നടക്കുന്ന.... കവിതകളെഴുതിയിരുന്ന ജാനകി മേനോന്‍. നിലാവുള്ള രാത്രികളില്‍ ജനലില്‍ മുഖം ചേര്‍ത്ത് പ്രേതഗാനങ്ങള്‍ ചൂളം വിളിച്ചുപാടിയിരുന്ന ജാനി. രാവിലെ ഉറക്കച്ചടവുമായി മെസ്സ്ഹാളിലിരുന്ന് കുട്ടികള്‍ രാത്രികേട്ട ചൂളം വിളിയെക്കുറിച്ച് ഭയത്തോടെ പറയുമ്പോള്‍ ഒന്നുമറിയാത്തപോലെ സംഭാഷണങ്ങളില്‍ ഒളിപ്പിച്ചുവെച്ച കള്ളച്ചിരിയുമായി പങ്കുകൊണ്ടിരുന്ന ജാനി.

ഒരിക്കല്‍ ഹോസ്റ്റലില്‍നിന്നും എന്തോ കാരണം പറഞ്ഞ് പുറത്ത് ചാടിയ ദിവസം കടലില്‍ മുങ്ങിത്താഴാനൊരുങ്ങുന്ന സൂര്യനെ നോക്കിയിരിക്കുമ്പോഴാണ് ഉമയുടെ കഴുത്തിലൂടെ വിറക്കുന്ന വിരലുകള്‍ ചലിപ്പിച്ച് ജാനി അതു പറഞ്ഞത്. തണുത്ത കടല്‍ക്കാറ്റടിക്കുമ്പോഴും ജാനിയുടെ വിരലുകള്‍ വിയര്‍ത്തിരുന്നു. പുഴുവരിക്കുന്നപോലെയൊരിക്കിളി ഉമ പിന്‍ കഴുത്തില്‍ നിന്നും തട്ടിമാറ്റി.

"വേണ്ടാ........കുട്ടി കുളിമുറീല്‍ കുളിച്ചാമതീട്ടൊ"

"അതെന്തെ കുഞ്ഞ്വാളമ്മെ .......വെള്ളം കലങ്ങീട്ട്ണ്ടോ?" തെളിഞ്ഞ വെള്ളം മുറ്റത്തുനിന്നുതന്നെ ഉമക്ക് കാണാനുണ്ടായിരുന്നു.

"അതേയ് അക്കരെ പൊന്തേലേയ് ആരൊക്കെയോ ഉണ്ട്ന്നാണ് തോന്നണത്......"

"നിക്കൊന്നും കാണണില്ല്യ" ഉമക്ക് വല്ലാതെ ദ്വേഷ്യം വരുന്നുണ്ടായിരുന്നു.

"അതിന് ഒളിച്ചിരിക്കണോരെ കാണാന്‍ പറ്റ്വോ.......?കുട്ട്യെന്തായാലും കുളിമുറീല് കുളിച്ചാ മതി. അവറ്റോള് പിരുപിരാന്ന് പറേണത് നിക്കിവിടെ കേള്‍ക്കാന്‍ണ്ടേയ്"

"ക്ക് കേക്കാന്‍ല്ല്യാലോ കുഞ്ഞ്വാളമ്മേ............."ഉമക്ക് കാറ്റിന്റെ ശബ്ദം മാത്രമെ കേള്‍ക്കുന്നുണ്ടായിരുന്നുള്ളു.

"കേള്‍ക്കര്തേന്ന് പ്രാര്‍ത്ഥിച്ചോളൂ............വല്ലാത്ത ത്വൈര്യക്കേടാണേയ്......... ചെവ്യങ്ങട്ട് കുത്തിപ്പൊട്ടിക്കാന്‍ തോന്ന്വാ...."

അവള്‍ക്ക് പാവം തോന്നി.

"ഇനിപ്പൊചെലപ്പൊ കുട്ടി കേക്കാതിരിക്കാന്‍ വല്ല കൂടോത്രോം ചെയ്തിട്ട്ണ്ടോ ആവോ............കുട്ട്യെന്തായാലും കുളിമുറീല് കുളിച്ചോളൂ...."
അതവസാന വാക്കായിരുന്നു. കുഞ്ഞ്വാളമ്മ ഉറപ്പിച്ച് പറഞ്ഞാല്‍ ആരും മറുത്തുപറയില്ല........... അമ്മപോലും.

തോട്ടിലെ വെള്ളം കണ്ടപ്പോള്‍ കയറിപ്പോരാന്‍ തോന്നിയില്ല ഉമക്ക്. വെള്ളത്തിലേക്ക് കാലും നീട്ടിയിരുന്നപ്പോള്‍ മീനുകള്‍ ഉമ്മവെച്ചുമ്മവെച്ച് സ്നേഹം കാട്ടാന്‍ തുടങ്ങി. ഈ മീനുകളെക്കൊണ്ടാവുമോ ഇപ്പൊ നഗരങ്ങളില്‍ ഫിഷ് പെഡിക്വര്‍ എന്നു പറഞ്ഞ് പണിചെയ്യിക്കുന്നത്. ശീതീകരിച്ച മുറികളിലേക്ക് കുടിയേറിയ തോടനുഭങ്ങളെപ്പറ്റി ഓര്‍ത്തപ്പോള്‍ അവള്‍ക്ക് തമാശതോന്നി. കാറ്റ് ചെറുതായി വീശുന്നുണ്ടായിരുന്നു. തുമ്പിച്ചിറകിനേക്കാള്‍ ഭാരം കുറഞ്ഞ നക്ഷത്രങ്ങള്‍ പോലെയുള്ള പുല്ലാനിപ്പൂക്കള്‍ കാറ്റില്‍ വട്ടം കറങ്ങി പാറിവീണൊഴുകിപ്പോയി.
മുട്ടനെ വളര്‍ന്ന തേക്കും പടുമരങ്ങളും മറച്ച ആകാശം കാണാന്‍ കുത്തിവളഞ്ഞു നടുവിലേക്കു വളര്‍ന്ന തെങ്ങുകള്‍. അവക്കിടയിലൂടെ ആകാശം മുകളില്‍ മറ്റൊരു തോടുപോലെ ഇത്തിരി മാത്രം. നഗരത്തിരക്കിലെ അവളുടെ ആകാശവും ഇതുപോലെ ഒരിത്തിരിത്തുണ്ടുമാത്രമായിരുന്നു.

" അതിലൊന്നും എറങ്ങണ്ടാട്ടോ " ശാരദേടത്തിം വടക്കേകോലായില്‍ നിന്നും വിളിച്ചു പറഞ്ഞു. " ഇപ്പൊ ആരും കുളിക്കാറില്ല്യ അവിടെ. ആ അങ്ങാടി മുഴുവനെ നെരങ്ങീട്ടല്ലെ ഇവിടെത്തണത്. എന്തൊക്കെയാണാവോ വൃത്തികേടുകള് കൂടെക്കൊണ്ടുവരണത്. പോരാഞ്ഞിട്ട് മൂന്നാലാശുപത്രീം........... മുറിച്ച്കളയണ കയ്യും മറ്റും തോട്ടിലിക്കാത്രെ ഇടണത്.മേലേക്കടവില്‍ വേനക്കാലത്ത് കെടക്കണ കാണാം സിറിഞ്ചും മറ്റും"

അവള്‍ വന്നകാലത്ത് ഈ കടവ് ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. അടുക്കളത്തിരക്കിനിടയില്‍ ശാരദേടത്തി നൂറുതവണ എത്തിനോക്കി നാട്ടുകാരെ ചീത്തപറയുമായിരുന്നു. "ഇവര്‍ക്കെല്ലാം കുളിക്കാന്‍ ഈയൊരു കടവുമാത്രമേയുള്ളു.........?"കുളിമുറിയില്‍ കുളിച്ചോളാന്‍ പറഞ്ഞാല്‍ ശരദേടത്തി കേള്‍ക്കില്ല. തോട്ടില്‍ തിരക്കൊഴിയുന്നവരെ കാത്തിരിക്കുമായിരുന്നു. ആ ശാരദേടത്തിയും........ഉമക്ക് അത്ഭുതം തോന്നി.

"ഭഗവതീ.........നിന്റെ സ്വന്തം തോടായിട്ടും....."അവളുടെ കണ്ണുകള്‍ നിറഞ്ഞു

ആരോടോ ഉള്ള ദ്വേഷ്യം തീര്‍ക്കാനെന്നോണം അവള്‍ അക്കരെപ്പൊന്തയിലേക്ക് വെറുതെ ഒരു കല്ല് വലിച്ചെറിഞ്ഞു ‍. പൊന്തയിലെത്താതെ കല്ല് കൈതക്കൂട്ടത്തിലാണ് ചെന്നുവീണത്. ഒരു കുളക്കോഴി കലപില ചീത്തപറഞ്ഞുകൊണ്ട് പറന്നുപോയി.

"ആയായ്.......എന്താ കുട്ടീ കാട്ടണത്........."കുഞ്ഞ്വാളമ്മ ഉമ പോയാലേ പോകുള്ളു എന്ന വാശിയുമായി അവിടെത്തന്നെയുണ്ടായിരുന്നു.

"പൊന്തേലാരേലും ഉണ്ടോന്ന് നോക്ക്യേതാണ്........കുഞ്ഞ്വാളമ്മ കണ്ടീട്ട്ണ്ടോ അവരെ......?"

"അതല്ലെ രസം ......... ഏതുനേരോം പിന്നാലെ നടന്ന് ചെവീല് പറയും. തിരിഞ്ഞ് നോക്ക്യാ കാറ്റ് മാത്രം. ന്നാളൊരൂസം ചോദിക്യാ ന്റെ കുട്ട്യേ കൊടുക്ക്വോന്ന്...."

"ന്നിട്ടെന്തെ മറുപടി പറഞ്ഞെ............"

"ഞാനൊരാട്ടാ ആട്ടി. ചൊവ്വ്ള്ള പെങ്കുട്ട്യേളെക്കണ്ടാ അവറ്റോള്‍ക്ക് ഒരെളക്കാണേയ്............"

കാറ്റ് ആഞ്ഞു വീശാന്‍ തുടങ്ങി . മുളങ്കൊമ്പുകള്‍ താണിറങ്ങി വെള്ളത്തിനെ ഇക്കിളിയിട്ടു. വെള്ളം കുണുങ്ങിച്ചിരിച്ചുകൊണ്ട് തെന്നിമറിയുന്നു.

ഉമക്ക് വീണ്ടും ജാനിയെ ഓര്‍മ്മവന്നു....... ഉറക്കത്തിന്റെ താഴ്വാരങ്ങളിലെവിടെയോനിന്നും തന്റെ ഉയര്‍ച്ചതാഴ്ച്ചകളില്‍ ഇഴഞ്ഞുനീങ്ങുന്ന ജാനിയുടെ വിരലുകള്‍.തട്ടിമാറ്റാനാഞ്ഞ ഇരുളിന്റെ ആഴങ്ങളില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ശ്വാസം കിട്ടാതെ വെളിച്ചത്തിനായി തിരയുമ്പോള്‍ പടവുകളില്‍നിന്നും താളം തെറ്റി ഉമ ഒന്നുരണ്ടു പടവുകള്‍ താഴേക്ക് തെന്നിയിറങ്ങി. മുകളില്‍നിന്നും പറന്നിറങ്ങുന്ന ഇലകളെ കാറ്റ് വട്ടം കറക്കി ദൂരങ്ങളിലേക്ക് പറത്തിക്കൊണ്ടിരുന്നു. ജാനിയിപ്പോള്‍ എവിടെയാണാവോ.

"ദേ അടയാളം കാട്ടണ കണ്ട്വോ.............അവരിവിടൊക്കെത്തന്നെണ്ട്. കുട്ടി മോളില്‍ക്ക് കേറിപ്പോരൂ..........."

"ഇപ്പൊ വല്ലതും കേള്‍ക്കാന്‍ണ്ടോ കുഞ്ഞ്വാളമ്മേ..........?"

" ഭൂന്നൊരു ശബ്ദം ...........ന്റെ ചെവി പൊട്ട്ണ പോലെ......"

ഉമ കാതോര്‍ത്തു.......... കിഴക്കന്മലകളിലെവിടെയോനിന്ന് പുറപ്പെട്ട് വഴിയിലെ മരങ്ങളുടെ, കരയിലെ പാറക്കൂട്ടങ്ങളുടെ, ആകാശത്തിന്റെ, ഭൂമിയുടെ എല്ലാം മനസ്സു കട്ടെടുത്ത്ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ തോട്ടിലൂടെ ഒഴുകിയെത്തിയ മലങ്കാറ്റിന്റെ മൂളിപ്പാട്ടല്ലാതെ ഒന്നും കേള്‍ക്കാനുണ്ടായിരുന്നില്ല അവള്‍ക്ക്.

ഒരു വാക്കെങ്കിലും ആ പാളികളില്‍നിന്നും അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.......... കുഞ്ഞ്വാളമ്മേടടുത്ത് പറയുന്ന പോലെ തന്നോട്
ഒരിക്കലെങ്കിലും കിന്നാരം പറയാന്‍ വരാത്ത കാറ്റിനോട് ഉമക്ക് വല്ലാത്ത ദ്വേഷ്യം തോന്നി.