ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011

അത്തം........


ചാണകം മെഴുകിയ നടുമിറ്റത്ത്
തുമ്പപ്പൂക്കളമിട്ട് നനഞ്ഞൊലിച്ച്
അത്തമിരുന്നു...അരികില്‍
ഗണപതിക്കിട്ട തേങ്ങ....
മേലടുക്കളയില്‍ അയ്യപ്പന്
അമ്മ നേര്‍ന്ന നെയ്പ്പായസം.....
ഓണം വെളുക്കണമത്രെ....
അതിനത്തം കറുക്കണം...!
ആദ്യം വന്നിട്ടും
അണിഞ്ഞിരുന്നിട്ടും
അത്തം കറുക്കണമത്രെ.....!
കാലങ്ങളായുള്ള പക്ഷഭേദം...
അത്തക്കൂറെന്ന പരിഹാസം
കറുക്കാതിരിക്കുന്നതെങ്ങിനെ...?
ഗണപതിക്കിട്ട തേങ്ങ,
അയ്യപ്പന് നെയ്പ്പായസം.
ഒറ്റപ്പൂക്കളത്തിനു നടുവിലിരുന്ന്
കണ്ണീരൊലിപ്പിച്ച് അത്തം കറുത്തു.
എത്രയായാലും തന്റെ
പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെ.....

ശനിയാഴ്‌ച, ഓഗസ്റ്റ് 27, 2011

ചില കുത്തൊഴുക്കുകള്‍ .......



'കാലങ്ങളായിത്തുടരുന്ന
അറുമുഷിപ്പന്‍
ജാലകക്കാഴ്ച്ചകള്‍
മായക്കാഴ്ച്ചയായത്
തിരക്കിട്ടോടിവന്നൊരു
കുത്തൊഴുക്കില്‍പ്പെട്ട്
അമ്മയുടെ കാത്തിരുപ്പും
അച്ഛന്റെ മടുപ്പും
ഒഴുകിയൊലിച്ചുപോയത്
വരണ്ട അടുക്കളമണങ്ങളില്‍
എരിവിന്റെയും പുളിയുടെയും
രസതന്ത്രം കൊതിമണമായി
നുരഞ്ഞു പുളഞ്ഞത്
നിഴല്‍വീണ ഇടനാഴികളില്‍
വെയില്‍നാളം പിച്ചവെച്ചത്
പതിഞ്ഞുപായുന്ന
കുഞ്ഞിക്കാലടികളില്‍
അകത്തളങ്ങള്‍ ഗൂഢം
കോരിത്തരിച്ചുണര്‍ന്നത് '
ഒരിത്തിരിപ്പോന്ന
ട്ഠാവട്ടത്തിലാണ്
നിമിഷലേശം കൊണ്ട്
ലോകം നിറഞ്ഞുതുളുമ്പിയത്!



വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2011

ഇര, ചരട് ,വേട്ടക്കാരന്‍


ഇരയുടെ പിഞ്ഞിക്കീറിയ
ശരീരത്തിനടുത്തൊരു ചരട്.........
തീക്ഷ്ണമായ ചുവപ്പും
ഉറഞ്ഞുറച്ച വെളുപ്പും
അഗാധമായ കറുപ്പും
ഇഴചേര്‍ത്തു പിരിച്ചത്.
സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാനാവാതെ
വേട്ടക്കാരന്റെ കയ്യില്‍നിന്നൂര്‍ന്നിറങ്ങിയതാവാം
ഇരയുടെ പിടച്ചിലില്‍ മനംനൊന്ത്
പുറംന്തിരിഞ്ഞ് നില്‍ക്കുന്നതാവാം
കയ്യിലങ്ങിനെ കിടക്കുന്നതിലെ
വ്യര്‍ത്ഥതയോര്‍ത്തുമാവാം
ഇരയോടുള്ള ഐക്യദാര്‍ഢ്യമോ
വേട്ടക്കാരനോടുള്ള പ്രതിഷേധമോ
എന്തുതന്നെയുമാവാം അല്ലെങ്കില്‍
ബന്ധങ്ങള്‍ക്കിടയിലെ ബന്ധനമാവില്ലെന്ന്
സ്വയംകല്പിച്ച് കുടഞ്ഞെറിഞ്ഞതാവാം
മുറുകുന്ന കുരുക്കുകളില്‍ കുടുങ്ങി
ശ്വാസംമുട്ടാതിരിക്കാന്‍ അഴിഞ്ഞുമാറിയതോ
ഇരയുടെ സ്വപ്നങ്ങളില്‍നിന്നും നിറങ്ങള്‍
ഇഴപിരിഞ്ഞിറങ്ങിയതോ ആവാം
അച്ഛന്‍ അമ്മ അമ്മാവന്‍ എന്നിങ്ങനെ
മുറുകാന്‍ മറന്നുപോകുന്ന കെട്ടുകളെ
മുറുക്കിയെടുക്കാന്‍ ഇനിയുമൊരു
കാഴ്ച്ചക്കെട്ട് തേടിയിറങ്ങിയതുമാവാം........
ഒരു ചരട് തന്റെ നഷ്ടപ്പെടുന്ന
പ്രസക്തിയില്‍ ആകുലതപൂണ്ട്
ഹൃദയം പൊട്ടി മരിച്ചതുമാവാം..........


ഇതുമായി ബന്ധപ്പെട്ട മറ്റ് പോസ്റ്റുകള്‍

രക്തബന്ധം.......?

രക്ഷാബന്ധന്‍




ശനിയാഴ്‌ച, ഓഗസ്റ്റ് 06, 2011

പ്രതിയാനം........


സിന്ദൂരപ്പൊട്ട് മായ്ച്ച്
സന്ധ്യയുടെ മുഖംമൂടി
അഴിച്ചുവെച്ച്
രാത്രി നെടുവീര്‍പ്പി ട്ടു .
ആകാശമോഹങ്ങള്‍ക്കൊപ്പം
മാറിമാറിയണിഞ്ഞ
പൊയ്മുഖങ്ങളില്‍ സ്വന്തം
മുഖം നഷ്ടമായിരിക്കുന്നു.
നിസ്സംഗതയോടെ ആകാശവും
ഇരുള്‍ വാരിപ്പുതച്ച് ഭൂമിയും
തണുത്തുറഞ്ഞ് രാത്രിയും.
പുലരിയുടെ സിന്ദൂര മണിഞ്ഞ
മുഖകവചവും കൊണ്ട്
വീണ്ടുമാകാശമെത്തും മുന്‍പ്
ആത്മസാല്‍ക്കരണത്തിനായി
ചിലയാമങ്ങള്‍ മാത്രം.
ഇരുള്‍പ്പുതപ്പിനുള്ളില്‍
ഭൂമിയുടെ ചൂടിലമരുമ്പോള്‍
രാത്രിയണിഞ്ഞ പൊയ്മുഖങ്ങള്‍
ഓരോന്നോരോന്നായ് തനിയെ
അടര്‍ന്ന് വീണുകൊണ്ടിരുന്നു.