ചൊവ്വാഴ്ച, മേയ് 19, 2009

വിരുന്നുകാര്‍......


കുറച്ചു ദിവസമായി വിരുന്നുകാരുടെ (അല്ല വീട്ടുകാരുടെ)തിരക്ക് കാരണം ബഹളമായിരുന്നു ജീവിതം. കുട്ടികള്‍ പഠിത്തമെന്നൊക്കെ പറഞ്ഞ് ദൂരങ്ങളിലായതിനാല്‍ അവര്‍ വരുമ്പോഴോ ഇതുപോലെ അടുത്ത ആരെങ്കിലും വരുമ്പോഴോ ഉള്ള ഈ മാററം ഞങ്ങള്‍ വല്ലാതെ ഇഷ്ടപ്പെടുന്നു. എന്റെ വട്ടുകള്‍ സഹിച്ച് ബോറടിച്ചിരിക്കുന്ന ഒരാള്‍ക്ക്‌ രക്ഷപെടാനുള്ള ഒരു സന്ദര്‍ഭം കൂടിയാണ്.
അങ്ങിനെ എല്ലാരും പോയല്ലോ എന്ന് പറഞ്ഞ് മുഖത്തോട് മുഖം നോക്കിയിരിക്കുമ്പോഴാണ് ഒരു കു‌ട്ടര്‍ കേറിവരുന്നത്. ഒരു ചക്കിയും അതിനൊത്ത ഒരു ചങ്കരനും. അവര്‍ക്ക്‌ കുറച്ച് ദിവസം താമസിക്കാനൊരിടം വേണമത്രേ .ചക്കിയാണെങ്കില്‍ ഇന്നോ നാളെയോ എന്ന് തികഞ്ഞു നില്ക്കുന്നു.
നിങ്ങള്‍ ഒററക്കല്ലേ .....കുട്ടികളൊന്നും ഇവിടെയില്ലല്ലോ.....ഇത്രയും വലിയ വീട്ടില്‍ ഒരിത്തിരി സ്ഥലം .... തന്നാല്‍ എന്താ ....എന്നൊക്കെയാണ് നാട്യം .
ഞങ്ങളുടെ മുഖത്തെ സഹകരണ മനോഭാവം കണ്ടിട്ടാവാം രണ്ടാളും താമസത്തിന് വട്ടം കൂട്ടാനുളള ഉത്സാഹമായി. എല്ലാ വീടിനും ഒരു സ്പെഷ്യല്‍ കോര്‍ണര്‍ ഉണ്ടാവുമെന്നാണ് എന്റെ വിശ്വാസം.അതിനോട് ചേര്‍ന്നാണ് എന്റെ നിത്യഹരിത വനം. നമ്മുടെ കൂട്ടുകാര്‍ നേരെ അങ്ങോട്ടാണ് വെച്ചടിച്ചത്. അവിടെയുള്ള ഒരൊഴിഞ്ഞ ചട്ടിയില്‍ അവര്‍ ചുള്ളിക്കമ്പുകൊണ്ട് പെട്ടന്ന് കൂടൊരുക്കി. ചങ്കരനാണ് കമ്പു കൊണ്ടുവരനുള്ളയാള്‍. ഒരുക്കാനുള്ളയാള്‍ ചക്കിയും. സന്ധ്യക്ക് നോക്കിയപ്പോള്‍ ഒരു മുട്ടയുമിട്ടിരിക്കുന്നു. എനിക്കാണെങ്കില്‍ സന്തോഷം അടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഉറങ്ങുന്നതിനുമുമ്പ് ഒരു പത്തുതവണയെങ്കിലും ഞാന്‍ ചെന്നു നോക്കിയിട്ടുണ്ടാവും. പൊതുവെ പെറ്റുകള്‍ എനിക്കിഷ്ടമാണെങ്കിലും അവയെ അടച്ചിട്ടു വളര്‍ത്തുന്നത് എനിക്കിഷ്ടല്ല. അതുപോലെത്തന്നെയാണ് പൂവുകള്‍ പൊട്ടിക്കുന്നതും. എന്റടുത്ത് വന്നു കൂടുവെച്ച അരിപ്രാവുകളോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നി. രാവിലെ കണ്ണു തിരുമ്പി നോക്കിയപ്പോള്‍ ഒരു മുട്ട കൂടി.ഇപ്പോള്‍ ഇതാ ഒരാഴ്ചയായി.ദിവസം തുടങ്ങുന്നത് ഇപ്പോള്‍ പ്രാവുകളോടുള്ള പുന്നാരത്തിലാണ്..... അവസാനിക്കുന്നതും .കുഞ്ഞാവ വന്നോ കിളിയേ എന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട്.....രണ്ടുദിവസം കഴിഞ്ഞാല്‍ നാട്ടില്‍ പോവുകയാണ്.....അപ്പോഴേക്ക് മുട്ടവിരിയുമോ ആവോ...?പ്രസവ ശുശ്രൂഷക്ക് വേണ്ടി ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യേണ്ടിവരുമോ എന്നാണ് എന്റെ വട്ടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നയാള്‍ ചോദിക്കുന്നത്.ഞാനാണെങ്കില്‍ പറ്റുംച്ചാല്‍ എന്നും........

വെള്ളിയാഴ്‌ച, മേയ് 15, 2009

പ്രണയം......


എന്റെ കവിളിലെ കണ്ണീരിന്ന്
നിന്റെ വിരല്‍ സ്പര്ശത്തില്‍ സായു‌ജ്യം .
നിന്റെ വിരലിലൂടെ ഒലിച്ചിറങ്ങി
അത് നിന്നില്‍ അലിഞ്ഞു ചേര്ന്നു ...
കൂടെ എന്റെ നൊമ്പരങ്ങളും .....
ആകാശത്ത് പുതിയ
നക്ഷത്രങ്ങളെ
കാട്ടിത്തന്നപ്പോള്‍
നീയത് കണ്ടത്‌ എന്റെ
കണ്കളിലായിരുന്നു .
എന്റെ കണ്ണുകളിലമര്ന്ന
നിന്റെ ചുണ്ടുകളില്‍
നിന്റെ പ്രണയം കനക്കുന്നത്
കനവിലെന്നപോലെ ഞാനറിഞ്ഞു ....
പൊന്‍വെയില്‍ ചിരിയില്‍
നനുക്കെ പെയ്യുന്ന ആകാശം
എത്ര സുന്ദരമെന്ന്‍
നീ പറഞ്ഞപ്പോള്‍
ഞാനുമറിയാതെ ശരിവെച്ചു.
നമുക്കിന്നെന്തിനീ
കരിമേഘത്തള്ളലുകളും
ഇടിമിന്നല്‍ തേരോട്ടവും....


ശനിയാഴ്‌ച, മേയ് 09, 2009

മറ്റൊരു ലോകത്ത്


ഹസ്റത്ത് നിസ്സാമുദ്ദീനിലെ
വഴികളിലൂടെ
ഇനിയത്ത് ഘാന്റെ ദര്‍ഗ
തേടിയെത്തിയപ്പോള്‍
കവാലി പാടുന്ന വൃദ്ധന്റെ
കണ്ണുകളില്‍ കണ്ട
സ്നേഹത്തിന്റെ തിളക്കം.....
ദേശില്‍ തെളിഞ്ഞ ഗാംഭീര്യം...
അതിശയിപ്പിച്ച മീരാഭജന്‍...
കബീറിന്റെ രാമഭജന്‍.....
താളം മുറുകിയ തില്ലാനകള്‍
ആദാം ചൊല്ലിയപ്പോള്‍
പരന്ന നിശബ്ദത
പിന്നെ പുറത്ത് ഗലികളില്‍
മറ്റൊരു ലോകത്ത്
വെളുത്ത വസ്ത്രമണിഞ്ഞ
പുരുഷന്മാര്‍ക്കിടയില്‍
കറുപ്പില്‍ മുങ്ങിയ
സ്ത്രീകള്‍ക്കിടയില്‍
സുറുമയും അത്തറും വാങ്ങി
വഴിയില്‍ കെട്ടിയ ആടുകളോട്
നിങ്ങള്‍ക്കിനി ചിന്തിക്കാന്‍
നാളെയോ മറ്റന്നാളോ
എന്നു മാത്രം
എന്ന് പാടിനിര്‍ത്തിയപ്പോള്‍
അതുമാത്രമല്ലെന്ന് മറ്റൊരാള്‍
ഇനി നീ പിറക്കുന്നത്
കബാബായോ കുറുമയായോയെന്നും
നി പോകുന്നത് മിന്റ്മണക്കുന്ന
സുന്ദരിയുടെ വായിലേക്കോ
വയസന്റെ തൊണ്ണിന്റെ
ഇക്കിളിയിലേക്കൊ എന്നും...
പൂരിക്കപ്പെട്ട സമസ്യകള്‍...
രാത്രി പത്തരക്കും
പകലിന്റെ തിളക്കം.
ഇത് ജീവിതത്തില്‍ ഒരിക്കല്‍
കനവുപോലെ കിട്ടുന്ന രാത്രി.
വീണ്ടൂം വീണ്ടും കിട്ടാന്‍
കൊതിക്കുന്ന രാത്രി.....






ബുധനാഴ്‌ച, മേയ് 06, 2009

അവള്‍ക്ക് വേണ്ടി.....


അവള്‍ ഇങ്ങിനെ മരിക്കണമായിരുന്നോ...അല്ലെങ്കിലും അത് നമ്മുടെ കയ്യിലല്ലല്ലൊ.പിന്നെ ആരുടെ കയ്യിലാണ്.
....ദൈവത്തിന്റെയൊ.?എങ്കില്‍.... അവള്‍‍ക്ക് ഇങ്ങിനെയൊരു മരണം കൊടുത്ത ദൈവം ഇല്ലതിരിക്കുന്നതാണ് നല്ലത്.
അവളെ ഞാന്‍ പരിചയപ്പെടുന്നത് കോളെജിലെ ആദ്യദിവസങ്ങളിലാണ്. ആദ്യമായി വീട്ടില്‍നിന്നും വിട്ടുനില്‍ക്കുന്നതിന്റെ വിഷമവും റാഗിംങിന്റെ ബഹളവും എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. സീനിയേഴ്സ് ആ വര്‍ഷത്തെ ഒന്നാം നമ്പര്‍ ഇരയായി എന്നെ പ്രഖ്യാപിച്ചപ്പോള്‍ പാട്ട് എന്നൊരയുധം കയ്യിലുണ്ടായിരുന്നത് കൊണ്ട് മാത്രം പിടിച്ചു നിന്നതാണ്. രാത്രി ഉറങ്ങാറവുമ്പോഴേക്ക് ശബ്ദമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകുമായിരുന്നു. സീനിയേഴ്സിന്റെ മുഖത്തു നോക്കാന്‍ കൂടി പേടിയായിരുന്നു.
അപ്പോളാണ് മാലാഖയുടെ മുഖവുമായി അവള്‍...പിന്നില്‍നിന്നും പേരു വിളിച്ചു കേട്ടപ്പോഴെ റാഗിങ്ങിനല്ലെന്നു മനസ്സിലായി.അത്രക്ക് മൃദുലമായിരുന്നു ആ ശബ്ദം. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് സ്നേഹം തുളുമ്പുന്ന സുന്ദരമായ ഒരു നാടന്‍ മുഖം.ആദ്യമായി കാണുകയാണെങ്കിലും ജന്മങ്ങളായുള്ള പരിചയം പോലെ അവള്‍ക്കെന്നെ അറിയാമായിരുന്നു.എന്റെ കസിന്റെ ബന്ധുവായിരുന്നു അവള്‍.
പിന്നെ പലപ്പോഴും കോളെജിലെ പൂമര‍ച്ചോട്ടിലെ ബഞ്ചില്‍ ഞങ്ങള്‍ കാണുമായിരുന്നു.എന്നും അവള്‍ക്കൊരേ ഭാവമായിരുന്നു....
പിന്നെ ഞങ്ങള്‍ രണ്ടുപേരും കോളെജ് മാറിയപ്പോഴും വിവരങ്ങള്‍ അറിഞ്ഞുകൊണ്ടേയിരുന്നു.അവള്‍ ക്ക് ജോലിയായതും കല്യാണം കഴിഞ്ഞതും എല്ലാം...പക്ഷെ പിന്നെ ഞങ്ങള്‍ കണ്ടിട്ടില്ല. എന്നാലും എന്തൊ ഒരു ബന്ധം ഞങ്ങള്‍തമ്മില്‍ നിലനില്‍ക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ച അമ്മ വിളിച്ചപ്പോഴാണ് പറഞ്ഞ്ത്...അവള്‍ ഒരാക്സിഡന്റില്‍ മരിച്ചൂത്രെ...കൂടെ അവളുടെ ഭര്‍ത്താവും.മകളുടെ വീട്ടിന്ന് വരികയായിരുന്നു..... ബസ്സിടിച്ച്....നെനക്കറിയാലോ കോഴിക്കോട് മലപ്പുറം റൂട്ടിലെ ബസ്സ്വോള്‍ടെ മരണപ്പാച്ചില്‍...കണ്ടാ തിരിച്ചറിയാത്തപോലായീത്രെ അവള്‍ടെ മുഖം...
കാലിലൂടെ പതഞ്ഞുകയറിയ തരിപ്പ് തലയില്‍ നിന്നിറങ്ങാതെ.....അവളുടെ സ്നേഹം തുളുമ്പുന്ന മുഖം മാത്രമായിരുന്നു മനസ്സില്‍.
മരണത്തെ എനിക്ക് ഭയമില്ല.അച്ഛന്റെ അവസാന ശ്വാസത്തിന് അടുത്താരുമില്ലാതെ ഒറ്റക്ക് കാവലിരിക്കേണ്ടി വന്നിട്ടുണ്ട്.പക്ഷെ ഒരുറുമ്പിനെ പോലും നോവിക്കാത്ത ഇവള്‍ക്ക് ഇങ്ങിനെയൊരു മരണം...അവളുടെ അപ്പ്വേട്ടന്‍ ഒരിക്കല്‍ തമാശക്ക് പറഞ്ഞുവത്രെ ഞങ്ങളെ രണ്ടു പേരേം ഒരിടത്ത് സംസ്കരിക്കണം എന്ന്. അവളെ അത്രക്ക് സ്നേഹിക്കതിരിക്കാന്‍ പറ്റില്ലായിരുന്നു.
ചേച്ചി വിളിച്ചപ്പോള്‍ പറഞ്ഞു.....രണ്ടുപേരേം കൂടി ഒരു ചിത കൂട്ടി അതില്‍ ദഹിപ്പിച്ചു.അത്രൊക്കല്ലെ നമുക്ക് ചെയ്യാന്‍ പറ്റു....

ചൊവ്വാഴ്ച, മേയ് 05, 2009

വിരലടയാളങ്ങള്‍...


ഹൃദയം പൊതിഞ്ഞ്
വിരലടയാളങ്ങള്‍...
ചിലത് തൂവല്‍ പോലെ
ചിലത് നിലാവ് പോലെ
പിന്നെച്ചിലത്...
ഉരത്തില പോലെ
ചോര പൊടിപ്പിച്ച്
പുതിയവ പതിയാനായ്
തിരക്ക് കൂട്ടുമ്പോള്‍
പഴയവ പതുക്കെ
ഇളക്കി നോക്കി.
ചിലത് തൊട്ടപ്പോഴേ
ഇളകിപ്പോന്നു.മറ്റു ചിലതിന്
മധുരമുള്ള നൊമ്പരം...!
ചിലത് മുറിവേല്‍പ്പിച്ച്
വേരാഴ്ന്ന്......
അലിഞ്ഞുചേരും മുന്‍പ്
എടുത്തുമാറ്റാതെ വയ്യ..
ഇടക്ക് രുചിക്കാന്‍
സ്ഫടികഭരണിയില്‍
ഉപ്പിലിടാതെ വയ്യ...
അല്ലെങ്കില്‍ നാളെ
ഒരു പണിമുടക്കുണ്ടായാല്‍
ഇവ നിങ്ങളുടെ നേര്‍ക്ക്
വിരല്‍ ചൂണ്ടിയാലോ....