ഞായറാഴ്‌ച, സെപ്റ്റംബർ 20, 2015

പണിഞ്ഞുപണിഞ്ഞൊരിക്കല്‍ പണി പഠിക്കുമായിരിക്കും...


പുഴ
മാനത്ത്കണ്ണിയെന്ന് ഉമ്മവെച്ചതാണ്
ഒഴുക്കന്‍ കൈകളാല്‍ തഴുകിയതാണ്
വിരിഞൊറികളില്‍ പുതച്ചുറക്കിയതാണ്
സ്വപ്നം കണ്ടുറങ്ങിപ്പോയതാണ്
കുടഞ്ഞു വിരിച്ചതാവും
പിരണ്ടുരുണ്ടെഴുന്നേറ്റ് പുഴയെത്തിരയുന്നുണ്ട്...

കടല്‍
താരാട്ടിയാട്ടിയുറങ്ങിപ്പോയതാവണം
ചിതറിത്തെറിച്ച ചിപ്പിയാവണം
ചിപ്പിയിലുറങ്ങുന്ന മുത്താവണം.
പതുക്കെയുറക്കമുണരുന്നുണ്ട് കടലെവിടെയെന്ന്...

ആകാശം
അതിരുകളെയകറ്റിയകറ്റി തുറന്നിട്ടിരുന്നതാണ്
കൊതിതീരെപ്പറക്കെന്ന് കൊതിപ്പിച്ചുവിട്ടതാണ്
നുഴഞ്ഞുകയറിയതാവണമൊരു മിന്നല്‍
ചിറകറ്റതറിയാതെ നീട്ടിതിരയുന്നുണ്ട് ആകാശമേയെന്ന്...

ഭൂമി
അമ്മയുടെ ഗര്‍ഭത്തിലേക്കെന്നപോലെ
ചേര്‍ന്നിരുന്നതാണ്
മുലഞെട്ടുകള്‍ തിരഞ്ഞു ചുണ്ടുകള്‍ വിറച്ചതാണ്
വാരിപ്പുതഞ്ഞൊരുമ്മ കൊതിച്ചതാണ്
മുലകള്‍ തുരന്നെടുത്തുപോയിരിക്കുന്നു 
മറവിയുടെ   വേലിയേറ്റത്തില്‍ മുങ്ങി  ജലസമാധിയടയുകയാണ്

ജീവിതം
അത്രയുടഞ്ഞതും ഒട്ടിച്ചൊട്ടിച്ചു വികൃതമായതുമാണ്
നമ്മളെന്ന് തിരിച്ചും മറിച്ചും ഒട്ടിച്ചുവെച്ചതിനാല്‍
ഒട്ടുഞെരമ്പുകള്‍ തെളിഞ്ഞതാണ്
മേല്‍ക്കുമേല്‍ പകര്‍ന്നാടിയ നിറങ്ങളാല്‍ സുതാര്യത നഷ്ടപ്പെട്ടതാണ്
വര്‍ണ്ണാന്ധനായൊരാള്‍ എച്ചിങ്ങ്  പഠിച്ചുകൊണ്ടിരിക്കുകയാണ്....

കാലം
പണിഞ്ഞുകൊണ്ടിരിക്കുന്നത് നിര്‍ത്താതെ തുടരും
ഉടഞ്ഞതുടച്ചുവാര്‍ത്തെന്ന്
അഴിഞ്ഞതഴിച്ചു മെടഞ്ഞെന്ന്
ഉതിര്‍ന്നതെല്ലാം കോര്‍ത്തെടുത്തെന്ന് ....
നീലംപാഞ്ഞതെല്ലാം നീറ്റുകക്കയിലിട്ട് വെളുപ്പിച്ചെന്ന്
പുറമേനിന്നു കാണുമ്പോഴെങ്കിലും എല്ലാമങ്ങിനെത്തന്നെയിരിക്കും.