ചൊവ്വാഴ്ച, നവംബർ 22, 2011

ഏറെ നരച്ചെന്ന്.....
ഇരുളും വെളിച്ചവുമിണചേര്‍ന്നൊരീ വഴി
അരികിലൊരു നിഴലായ് തെളിഞ്ഞുമാഞ്ഞും
നീളുന്നു കുറുകുന്നു നേര്‍ത്തു ചുരുങ്ങുന്നു -
ണ്ടോര്‍മ്മതന്‍ നൂല്‍വഴിപ്പാലമെന്നും.
നീണ്ടു പടിഞ്ഞാട്ടു ചാഞ്ഞുനിന്നോര്‍മ്മകള്‍
ചാഞ്ചാടും തുമ്പിലെ തളിര്‍വെറ്റില
നോവിന്‍ ഞരമ്പുകള്‍ നുള്ളി നിവര്‍ന്നൊരു
നേരിന്റെ ചുണ്ണാമ്പു തേച്ചൊരുക്കി
നേരെ കിഴക്കിണിക്കോണിലിരുള്‍പ്പുറെ
നീരില്‍ നീറുന്നോരു കളിയടക്ക
ചേലില്‍ ചുരുട്ടിയെടുത്ത് ചവച്ചിട്ടു
ചെഞ്ചോര തുപ്പുന്ന സായന്തനം
പുതയുമൊരോര്‍മ്മതന്‍ നൂലിഴവേര്‍പിരി-
ച്ചിരവിന്റെ കൊമ്പിലായ് വലയൊരുക്കെ
ഇനിയും മുഖംതരാതൊരുനിഴല്‍ ചാരെ
വന്നിരുളിന്‍ പുതപ്പ് വലിച്ചിടുമ്പോള്‍
അരുതെന്ന് പറയാന്‍ മുഖംതിരിക്കെ
ചിരിച്ചകലേക്ക് പായും പദസ്വനങ്ങള്‍
കേട്ടിതേറെ നരച്ചെന്നു കാലം ചിരിപ്പൂ
പ്രദീപ്തമാം ഓര്‍മ്മകള്‍ക്കൊപ്പമെത്താന്‍.

വ്യാഴാഴ്‌ച, നവംബർ 17, 2011

പരികല്‍പനം.........
പരിണാമസിദ്ധാന്തത്തിന്റെ
പാരമ്പര്യവാദത്തിനടിയില്‍
നഗ്നമാക്കപ്പെട്ട കാലത്തിന്റെ
നെഞ്ചളവളന്ന് തിണര്‍ത്ത്
ഇടുപ്പളവുകളില്‍ മയങ്ങിമറന്ന്
രോമക്കാടുകളില്‍ വഴിതെറ്റി
സന്ധ്യനേരം വീടണഞ്ഞ്
നിലക്കണ്ണാടിക്കുമുന്നില്‍
ഉടുപ്പുകളഴിച്ചുമാറ്റി
സ്വന്തം അളവുകള്‍
താരതമ്യം ചെയ്തവര്‍
ഞെളിഞ്ഞു തുളുമ്പുമ്പോള്‍
ഉടലളവുകളില്‍ വെറുതേ
വഴുതിവീഴാനായിനി
മക്കളെ പെറേണ്ടെന്ന്
പ്രതിജ്ഞയെടുക്കുന്നുണ്ട്
ഒരുകൂട്ടം അമ്മമാര്‍ ..........

വെള്ളിയാഴ്‌ച, നവംബർ 04, 2011

തുലാമഴക്കുളിരില്‍.......


പൊടുന്നനെയൊരു തുലാമഴയില്‍
നനഞ്ഞുകുതിര്‍ന്നപ്പോള്‍
നിന്നെയാണോര്‍മ്മവന്നത്.
നിന്റെ പ്രണയവും....
കൊടും വേനലിലേക്ക്
നിനച്ചിരിക്കാതെയൊരു
പെയ്തുനിറയലാണല്ലൊ അതും.
മഴപെയ്തുതോരുമ്പോള്‍
വറ്റിവരളുന്നുണ്ട് ഭൂമി
ഒടുങ്ങാത്ത ദാഹവുമായി...

അങ്ങിനെയൊരു മഴക്കുളിരില്‍
നുരഞ്ഞുപതഞ്ഞ് മയങ്ങുമ്പോഴും
മനസ്സില്‍ നീറിയെരിഞ്ഞു നിറഞ്ഞത്
ജ്വലിച്ചുനില്‍ക്കുന്ന സൂര്യനായിരുന്നു.
വ്യര്‍ത്ഥമായൊരഹംബോധത്തെ
ചുട്ടുകരിച്ചൊരാ സൂര്യനെ...

ഒരു തലോടലില്‍ മഞ്ഞുപോലെ സ്വയം
ഉരുകിയൊലിക്കാന്‍വേണ്ടിമാത്രം വീണ്ടും
ഉരുക്കെന്ന് തണുത്തുറയുന്നുണ്ട് ഞാന്‍
എന്നെയും നിന്നെയും ഉപേക്ഷിച്ച്
നമ്മള്‍ നമ്മളാവുമെന്ന മോഹത്തില്‍.