ശനിയാഴ്‌ച, ഒക്‌ടോബർ 13, 2012

നമ്മള്‍ അറിയാനിടയില്ലാത്തത്.......


അനാഥമെന്നൊരു തല തപ്പുന്നുണ്ടൊരു
വഴിയരുകില്‍ ഉരുണ്ടു പിരണ്ടൊരു ഹെല്‍മറ്റ് .
വലിഞ്ഞു നടന്നു കരഞ്ഞു വിളിക്കുന്നുണ്ട്
വാറുപൊട്ടിയൊരു ചെരിപ്പ് തന്റെ ഇണയെ.

കാറ്റ് വട്ടംചുറ്റി പറക്കുന്നുണ്ട് വെറുതെ
ഉരഞ്ഞുകരിഞ്ഞൊരു റബ്ബര്‍മണത്തിനുചുറ്റും.
കണക്കുകള്‍ പിന്നെയും കൂട്ടിക്കിഴിക്കുന്നുണ്ട്
കഴുത്തൊടിഞ്ഞൊരിരുചക്രവാഹനം.

ഉടല് പോയെന്നൊരു ജീവന്‍ വഴിമുട്ടി
തിരയുന്നുണ്ട് വഴിയിലിറങ്ങിയ ജീവിതത്തെ.
കഥമാറിയെന്ന കഥയറിയാതെ കാത്തിരിപ്പുണ്ടാ
ജീവന്റെ ജീവനെന്ന് കുറെ ജീവിതങ്ങള്‍ .

കഥ പറഞ്ഞുമടുത്തൊരു റോഡുമുത്തശ്ശി
കാലുനീട്ടി മുറുക്കിത്തുപ്പിയിരിക്കുമ്പോള്‍
കോട്ടുവായിട്ടൊരാകാശം നോക്കിയിരിപ്പുണ്ട്
തുപ്പല്‍ ചവിട്ടാതെന്നു പായുന്ന വണ്ടികളെ.

വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2012

അവന്‍ മാത്രമാണിപ്പോള്‍ .........


നിറങ്ങളെ കുളിക്കാന്‍ വിളിച്ചപ്പോഴാണ്
അവയെല്ലാം കടലുകാണാന്‍ പോയെന്ന്‍ .......

ശൂന്യമെന്ന് മനസ്സും!


കുടഞ്ഞുനോക്കിയപ്പോള്‍

തെറിച്ചുവീണതും

അവനുമിറങ്ങിനടന്നു.


കയ്യുപിന്നില്‍ കെട്ടി

കുനിഞ്ഞ മുതുകും ചുമന്ന്‍

എടുത്തുപിടിച്ച രോമങ്ങളുമായി

പുറകിലില്ലേ നീയെന്ന്

കണ്ണു കണ്ണില്‍ തട്ടാതെ

ചുമലിന് മുകളിലൂടെ നോക്കി.


അവന്‍ തന്നെയാണ്

ഓരോ വീടുകളിലും കയറിയിറങ്ങി

അമ്മമാരെ വിളിച്ചുണര്‍ത്തിയത്.

അവന്‍ മാത്രമാണിപ്പോള്‍

അവരുടെ കണ്ണുകളിലൂടെ

നമ്മിലേക്കെത്തിനോക്കുന്നത്.


തന്റെ കുഞ്ഞുങ്ങള്‍ക്കും

അവരുടെ കുഞ്ഞുങ്ങള്‍ക്കുമായി

കരുതിവെച്ച രണ്ടുതരി മണ്ണ്

വിഷലിപ്തമാവുമെന്ന


‘ഭയം’


അവന്‍ തന്നെയാണ്

അവരെ ഒന്നിപ്പിക്കുന്നത്.

പൊടിപ്പും തൊങ്ങലും ഏച്ചുകൂട്ടി

നിങ്ങള്‍ പിരിച്ചെടുത്ത

പഴകിയ ചരടുകള്‍

തപ്പിയെടുത്തവരെ

ചേര്‍ത്തു കെട്ടുമ്പോള്‍

അതെല്ലാം പൊട്ടിച്ചെറിഞ്ഞു

അവന്റെ കൈകളാല്‍

ചേര്‍ത്തു മുറുക്കുന്നുണ്ടവരെ

ഒരൊറ്റ ചങ്ങലക്കെട്ടെന്ന്.


ഓരോ അമ്മമാര്‍ക്കും

ചെര്‍ണൊബിലിലും

ഫുക്കുഷിമയിലും വിരിഞ്ഞ

കുറസോവയുടെ സ്വപ്നങ്ങള്‍

അവന്‍ കാഴ്ചവെക്കുന്നു. 
 
അവര്‍ അവന്‍റേത് മാത്രമാവുന്നു.


കുഞ്ഞ് കുഞ്ഞ് ഭയങ്ങളെ

ഒക്കത്തെടുത്ത അമ്മമാര്‍

ഒലിച്ചിറങ്ങിയൊരു കടലായി

വെന്തുതിളച്ച് ആകാശം നിറഞ്ഞ്

പെയ്തുനിറയുന്നുണ്ട്

ലോകത്തുള്ള അമ്മമാരിലെല്ലാം.