വ്യാഴാഴ്‌ച, മാർച്ച് 31, 2011

നുരകള്‍ ......നുറുങ്ങുകള്‍ .....




നീ

മുറിയിൽ ഒരു മൂലയിലാണ്
ഞാനതുകൊളുത്തിവെച്ചത്
മുനിഞ്ഞു കത്തുമ്പോഴുമാ
വെളിച്ചമൊരുധൈര്യമായിരുന്നു.
കെടാതിരിക്കാൻ എണ്ണയൊഴിച്ചതും
അതുകൊണ്ടുതന്നെ...........
ആളിക്കത്താതിരിക്കാനാണ്
തിരിനീട്ടാതിരുന്നത്
എന്നിട്ടും
ആകെ പൊള്ളിയതെങ്ങിനെ..........!

നമ്മില്‍

ഞാനും നീയും അടുത്തടുത്തിരിക്കുമ്പോൾ
ഒരുതരി നീയും ഇരുതരിഞാനുമിട്ട്
വാക്കുകൾ കുന്നാകുമ്പോള്‍
നമുക്കിടയിൽ മതിലുകളുയരുമ്പോൾ
മൗനത്തിന്റെ പ്രളയവർദ്ധിയിൽ
നാമിരുവരും ഓരോ ദ്വീപില്‍
മടുപ്പിന്‍റെ മഞ്ഞുപെയ്ത്തിൽ
ഞാൻ നിന്നിലും നീയെന്നിലും
പെയ്തുനിറയുമ്പോള്‍ നമ്മള്‍
നമ്മിലേക്കൊഴുകിത്തുടങ്ങുമ്പോള്‍
നമുക്ക് കൂട്ടിനെത്തിയ വാക്കുകൾക്ക്
മൗനത്തിനോട് പ്രണയം.
നമ്മള്‍

മെഴുതിരി പോലെ
എരിഞ്ഞു തീരുമെന്ന
ഭയമെല്ലെ കൊടുംതീയെന്ന
നിന്‍റെയീ നാട്യം .....
ഒരു കൈക്കുടന്നയുടെ
സാന്ത്വനം കൊതിക്കുമ്പോഴും
നീയെരിച്ച കാടിനെപ്പറ്റിയെ
നിനക്കു പറയാനുള്ളു!
ഉലയായി തീയാളിക്കാന്‍
നീ കൊതിക്കുമ്പോള്‍
മഴയായ് പെയ്തതു
കെടുത്തുവാനാണെനിക്കിഷ്ടം.
ആളിക്കത്തുന്ന നിന്നെക്കാള്‍
ഇരുളിൽ വഴികാട്ടുന്ന
നിന്നിലെ മിന്നാമിനുങ്ങ്
ഞാനേറെ ഇഷ്ടപ്പെടുന്നു.

ഞാൻ

നിറക്കടയിലാണു ഞാൻ
ഇലകൾ തളിര്‍ക്കാന്‍ മടിക്കുന്ന
പൂക്കൾ നിറം ചുരത്താത്ത
ആകാശം ചുരുൾ നിവർത്താത്ത
ക്യാൻവാസിനെ ഉണർത്താൻ
ഏതുനിറംവേണെമന്നറിയാതെ
പഴയ നിറങ്ങളോരോന്നും
ഒഴുകിമറയുന്നതും നോക്കി.

ചൊവ്വാഴ്ച, മാർച്ച് 29, 2011

ഒരു പെണ്ണെഴുത്ത്........?



"ഈ പെണ്ണിനെന്തിന്റെ സൂക്കേടാണപ്പാ...... "

തലയില്‍ കൈവെച്ച് മാത്വേടത്തി കലമ്പി. കുറച്ചു ദെവസായി അവര്‍ക്ക് സീതൂട്ടീടെ ചില കളികള് പിടിക്കാണ്ടായിട്ട്. കളീം ചിരീം മറന്ന് രാവിലെത്തൊട്ടുള്ള അവളുടെയീ കുത്തിരിപ്പ് കാണുമ്പോ മാത്വേടത്തിക്ക് കലികയറും.

"ങ്ങളൊന്നു കൂട്ടംകൂടാണ്ടിരിക്ക്യോ..?"

സീതൂട്ടിക്ക് ദ്വേഷ്യം വരുന്നുണ്ടായിരുന്നു. രാവിലെത്തൊട്ടിരിക്കുന്നതാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി എത്ര കഷ്ടപ്പെട്ടിട്ടാണെന്നോ ദെവസവും ചോരവാരുന്ന ഒരു കഷ്ണം ഇറച്ചി ഹംസക്കാനെ സോപ്പിട്ട് സംഘടിപ്പിക്കുന്നത്. അവനെ എങ്ങിനെങ്കിലുമൊന്ന് മെരുക്കിക്കോണ്ടുവരുമ്പോഴാണ് അമ്മേന്റൊരു പായ്യാരം.

"നെന്റെ കോഴിക്കുട്ട്യോളെ റാഞ്ചിക്കൊണ്ട്വോയ്യോനല്ലെ അത്....? അയിനാ നിയ്യ് തീറ്റേം ഒരുക്കി കാത്തിരിക്ക്ന്നേ.....!നെനക്ക് വട്ടന്ന്യാ ."

" ങ്ങളോടൊന്ന് മുണ്ടാണ്ടിരിക്കാന്‍ പറഞ്ഞില്ല്യേന്ന്......" സീതൂട്ടി ചീറ്റി.

മാവിന്‍കൊമ്പിലിരുന്ന് പരിസരം ശ്രദ്ധിക്കുന്ന പ്രാപ്പിടിയന്‍ അമ്മയുടെ ശബ്ദംകേട്ട് പറന്നുപോയാലോന്നായിരുന്നു അവള്‍ടെ പേടി. ഊര്‍ന്നിറങ്ങി കൊള്ളിന്മേലിരുന്ന പ്രാപ്പിടിയനെക്കണ്ട് ടൈഗര്‍ ഒന്നിളകി. പിന്നെ ഞാനൊന്നും അറിഞ്ഞില്ലെന്നപോലെ മുഖം കാലിന്നിടയില്‍ പൂഴ്ത്തി ഉറക്കംനടിച്ചു. അവന്നും ഈ നാടകം ശീലമായിരിക്കുന്നു.

മുറ്റത്ത് ഇറച്ചിക്കഷ്ണം വെച്ച് സീതൂട്ടി അന്നും അവന്നുവേണ്ടി കാത്തിരുന്നു. അവന്‍ ചെരിഞ്ഞിറങ്ങുന്നത് അവള്‍ കൗതുകത്തോടെ നോക്കിയിരുന്നു.ഇറച്ചിക്കഷ്ണത്തില്‍ ഉടക്കിയ അവന്റെ കണ്ണുകള്‍ക്ക് എന്നും സ്കൂളില്‍ പോകുമ്പോള്‍ തെരുവോരത്ത് തുടയും ചൊറിഞ്ഞ് പല്ലിടയില്‍കുത്തി തുറിച്ചുനോക്കിനില്‍ക്കാറുള്ള തല്ലുവാസൂന്റെ കണ്ണുകളോട് നല്ല സാമ്യം തോന്നി അവള്‍ക്ക്.

ആശാരിച്ചെക്കനെക്കൊണ്ടുണ്ടാക്കിച്ച കെണിയുടെ തില്ലി ഇറച്ചികൊത്തുന്ന പ്രാപ്പിടിയന്റെ കഴുത്തില്‍ അമരുന്നത് നോക്കിയിരുന്നപ്പോള്‍ സീതൂട്ടിയില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു. പതിയെ പാടവീഴും മുന്‍പ് അതിന്റെ കണ്ണുകള്‍ സീതൂട്ടീടെ മുഖത്തുതന്നെ തറഞ്ഞിരുന്നിരുന്നു.
എല്ലാം കഴിയാന്‍ കാത്തിരുന്നെന്നപോലെ ടൈഗര്‍ ഒരു തിരക്കുമില്ലാതെ കുടഞ്ഞെണീറ്റൊന്നു മൂരിനിവര്‍ന്നു. ഇതൊക്കെ കണ്ടുനിന്നിരുന്ന മാത്വേടത്തി മാത്രം മൂക്കത്ത് വിരല്‍ വെച്ചു......." ഇപ്പഴത്തെ പെങ്കുട്യോള്‍ടൊരു കാര്യം....!"

ചൊവ്വാഴ്ച, മാർച്ച് 22, 2011

ദില്ലി വീണ്ടും തുടുത്തിരിക്കുന്നു..............


വര്‍ത്തമാനത്തെക്കാള്‍
ഭൂതത്തെ കൊണ്ടാടുന്ന
ജീവിച്ചിരിക്കുന്നവരെക്കാള്‍
മരിച്ചവര്‍ ഓര്‍മ്മിക്കപ്പെടുന്ന
വിഥികളുടെ ഓരോയിറമ്പിലും
ആരുടെയൊക്കെയോ
ശവകുടീരങ്ങളുള്ള
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍.....
സുന്ദരിയുടെ
കൊതിപ്പിക്കുന്ന
ചുണ്ടുകള്‍ പോലെ
ചൂഴ്ന്നെടുത്തു വെച്ച
ഹൃദയം പോലെ
അതു ചുട്ടുകരിച്ച
കനല്‍ പോലെ
പലാശപ്പൂക്കള്‍
വഴിയോരങ്ങളിലും
ആകാശക്കാഴ്ചകളിലും.
ഇവിടെ ചിതറി
മരിച്ചവരുടെ
രക്തം പോലെ
അവരെ കുറിച്ചുള്ള
ഓര്‍മ്മകള്‍ പോലെ
ഇങ്ങിനെ ചുകപ്പണിഞ്ഞ്
നമ്മളും കിടന്നേക്കാമെന്ന
തിരിച്ചറിവു പോലെ
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍.

ഞായറാഴ്‌ച, മാർച്ച് 20, 2011

ഹോളി ആശംസകള്‍ ...........



നിറങ്ങളുടെ ഉത്സവമായ ഹോളിയെപ്പറ്റിയുള്ള കഥകള്‍ പണ്ടുതൊട്ടേ കേള്‍ക്കുമ്പോള്‍ വളരെരസകരമായി തോന്നിയിട്ടുണ്ട്. ഒരുപക്ഷേ രാധാകൃഷ്ണസങ്കല്‍പത്തിലെ തരളമനോഹരഭാവമാവാം, അല്ലെങ്കില്‍ കുട്ടിക്കാലം മുതലേയുള്ള
നിറങ്ങളോടുള്ള പറഞ്ഞറിയിക്കാനാവാത്ത ഇഷ്ടമാവാം അതിന്നു കാരണം. നമുക്കായി സമൂഹം എന്നു നമ്മള്‍ വിളിക്കുന്നനമ്മള്‍ തന്നെ കല്‍പ്പിച്ചുവെച്ചിരിക്കുന്ന അതിരുകളെ ലംഘിക്കാന്‍ സമൂഹം തന്നെ നമുക്ക് തന്നിരിക്കുന്ന ഒരു ദിവസം. അത് സഭ്യമായി മനസ്സിന്റെ നന്‍മയോടെ ആഘോഷിക്കുമ്പോള്‍ വ്യത്യസ്തതാല്പര്യങ്ങളുമായി ഓരോദ്വീപില്‍ ഒതുങ്ങുന്നവരെ ഒന്നിച്ചുകൊണ്ടുവന്ന് ഒരേ മാനസികാവസ്ഥയിലെത്തിച്ച് ഒന്നാക്കിത്തീര്‍ക്കാനുള്ള കഴിവ് ആഘോഷ
ത്തിനുണ്ട്.

ഹോളിയുടെ ഐതീഹ്യങ്ങളെ പറ്റി മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇത്തവണ ചിലയിടങ്ങളിലെ രസകരമായ ചില ആചാരങ്ങളെ പറ്റി പറയാം. പൊതുവേ കൃഷ്ണപൂജയോടെ തുടങ്ങി അയല്‍ക്കാരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശംസിക്കാനായി വീടിന് പുറത്തിറങ്ങുന്നതോടെ നിറം നമ്മിലേക്ക് തടയാനാവത്താവിധം ഒഴുകിത്തുടങ്ങും. വീട്ടില്‍ അടച്ചിരിക്കാമെന്നു കരുതിയാല്‍ ചിലപ്പോള്‍ വീട്ടിലും ഒഴുകിയെത്തിയെന്നുവരും . അതുഭയന്ന് എല്ലാവരും സ്വയമിറങ്ങിച്ചെല്ലാറാണ് പതിവ് . ഹിന്ദു കലണ്ടറിലെ അവസാന മാസമായ ഫാല്‍ഗുണത്തിലെ അവസാന ദിവസമാണ് ഹോളി ആഘോഷിക്കുന്നത്. പഴയ വര്‍ഷത്തെ യാത്രയയച്ച് പുതുവര്‍ഷത്തെ എല്ലാ നിറസമൃദ്ധിയോടെയും വരവേല്‍ക്കുകയെന്നതാണ് അല്ലങ്കില്‍ പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജീവിതം വര്‍ണ്ണശബളമാവട്ടേയെന്ന് ആശംസിക്കയാണ് നിറപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഉത്തര്‍പ്രദേശിനെ ചുറ്റിപ്പറ്റിയാണല്ലോ രാധാകൃഷ്ണകഥകള്‍ . യൂപിയിലെ മധുരയിലും വൃന്ദാവനിലുമൊക്കെ ഹോളി എല്ലാ ഭാവങ്ങളോടെയും നിറഞ്ഞു നില്‍ക്കുന്നെങ്കിലും ബര്‍സാനാജില്ലയിലെ ഹോളി ആഘോഷം വളരെ പേരുകേട്ടതാണ്‍. വിദേശത്തുനിന്നുപോലും ആളുകള്‍ ഇതില്‍ പങ്കെടുക്കാനായി എത്താറുണ്ട്. പുരുഷന്മാര്‍ സ്ത്രീകളെ പാട്ടുകള്‍ പാടി പ്രകോപിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ മുട്ടന്‍വടികളുമായി അവരുടെ പിന്നാലേ ചെന്നു തല്ലും. ലാഠ് മാരി ഹോളിയെന്നാണ് ഇതിന്നെ വിളിക്കുന്നത്. ബര്‍സാനയിലെ രാധാകൃഷ്ണമന്ദിറിന്‍റെ പരന്നുകിടക്കുന്ന അമ്പലപ്പറമ്പില്‍ ആയിരക്കണക്കിനാളുകള്‍ ഹോളിയുടെയന്നു തടിച്ചുകൂടുന്നു. സ്ത്രീകള്‍ പുരുഷന്മാരെ തല്ലാന്‍ തുടങ്ങുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ രാധേരാധേയെന്നു ഭ്രാന്തമായി ഉറക്കെ പാടികൊണ്ടേയിരിക്കും.തങ്ങളുടെ മുന്നില്‍ നടക്കുന്നത് രാധാകൃഷ്ണലീലകളാണെന്ന വിശ്വാസമാണ് ഇതിന്നു പിന്നില്‍. ബര്‍സാനയില്‍ മാത്രമായൊതുങ്ങാതെ ടീസ് ചെയ്യുന്നവരെ തല്ലാനുള്ള അധികാരം എല്ലായിടത്തും വ്യാപകമാക്കണമെന്നാണ് എന്റെ അഭിപ്രായം.

ഇവിടങ്ങളിലെ ഹോളിയോടനുബന്ധിച്ചുള്ള മയൂര നൃത്തവും വളരെ മനോഹരമാണ്.അതുമായി ബന്ധപ്പെട്ട് ഒരു കഥയുമുണ്ട്.ഒരു ഹോളിദിവസം മയിലുകള്‍ നിറഞ്ഞ മോര്‍കുടിയെന്ന ഗ്രാമത്തില്‍ രാധ കൃഷ്ണനെ തിരഞ്ഞെത്തുന്നു. ഒളിച്ചിരിക്കുന്ന കൃഷ്ണനെ കാണാഞ്ഞപ്പോള്‍ മയിലുകളുടെകൂടെ നൃത്തം വെക്കാനായി മയിലുകളെ തിരയുന്നു. അവയെയും കൃഷ്ണന്‍ ഒളിപ്പിക്കുന്നു. പിന്നീട് കോപിഷ്ടയായ രാധയുടെ മുന്നില്‍ കൃഷ്ണന്‍ മയിലായി എത്തുകയും രണ്ടുപേരും കൂടി നൃത്തം വെക്കുകയും ചെയ്യുന്നു. അതിന്റെ ഓര്‍മ്മയിലാണത്രെ നൃത്തം.

ഉത്തരഘണ്ഡിലെ കുമാവൂണില്‍ ആഘോഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് സംഗീതമാണ് . ബൈഥ്കി, ഖഡി,മഹിളാ തുടങ്ങി ഏതുതരം ആഘോഷമായാലും രസഭരിയും ഭക്തിസാന്ദ്രവുമായ ശുദ്ധസംഗീതത്തിനാണ് പ്രാധാന്യം. അതിന്നാല്‍ ഇതിന്നെ നിര്‍വ്വാണഹോളിയെന്നും പറയുന്നു.

ഖടി
ഹോളിയുടെ വിശേഷം ഹോളികയുമായി ബന്ധപ്പെട്ടതാണ്. ഹോളിയുടെ പതിനഞ്ചു ദിവസം മുന്പ് ഹോളികയെ ഉണ്ടാക്കുന്നു. ഇതിന്നു ചീര്‍ (ഹോളിക) ബന്ധന്‍ എന്നാണ് പറയുക. ചീര്‍ എന്നു പറഞ്ഞാല്‍ വലിയ വിറകുകമ്പുകള്‍ കുത്തനെ കോണ്‍ആകൃതിയില്‍ ചേര്‍ത്തുനിര്‍ത്തി നടുവില്‍ പൈയ്യാവൃക്ഷത്തിന്റെ പച്ചക്കൊമ്പ് തിരുകി വെക്കുന്നതാണ്. പച്ചക്കൊമ്പ് അടുത്ത ഗ്രാമക്കാര്‍ കട്ടുകൊണ്ടുപോകാതെ നോക്കണം . അതിന്നു ഹോളികാദഹനം വരെ ഗംഭീര കാവലുകള്‍ ഉണ്ടായിരിക്കും.

ഫൂല്‍വാരി ഹോളിയിലൂടെ പണ്ടുമുതലേയുള്ള ഗോ ഗ്രീന്‍ ആറ്റിറ്റ്യൂഡ് ആണ് പ്രതിഫലിപ്പിക്കുന്നത്. കെമിക്കലുകളുടെ ഉപദ്രവം തുടങ്ങാത്തകാലത്ത് പ്രകൃതിദത്തമായ നിറങ്ങള്‍ മാത്രമാണല്ലൊ ഉപയോഗിച്ചിരുന്നത്. ഫൂല്‍വാരി ഹോളിക്ക് പൂക്കളുടെ ഇതളുകളാണ് നിറത്തിനുപകരം ഉപയോഗിക്കുന്നത്. കളിയുടെ അവസാനം രാധാകൃഷ്ണന്‍മാരേ പൂകൊണ്ട് മൂടുന്നു.



ഗുജറാത്ത് മഹാരാഷ്ട്ര തുടങ്ങിയവിടങ്ങളിലെ ഹോളി ആഘോഷങ്ങളില്‍ വെണ്ണക്കള്ളനായ കണ്ണനോടുള്ള സ്നേഹവും ഗൃഹാതുരതയുമാണ് നിറഞ്ഞുനില്‍ക്കുന്നത്.തൈര്‍ക്കുടം ഉയരങ്ങളില്‍ കെട്ടിവെച്ച് മനുഷ്യഗോപുരം തീര്‍ത്ത് അതിന്നുമുകളില്‍ കയറി തൈര്‍ക്കുടം എത്തിപ്പിടിക്കുകയാണ് ഹോളിദിനത്തിലെ പ്രധാന ആഘോഷം.

ബംഗാളിലും രാധാകൃഷ്ണന്‍മാരോടുള്ള ആരാധനതന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത് . രാധാകൃഷ്ണന്മാരെ ഊഞ്ഞാലിലിരുത്തി അത് മെല്ലെ ആട്ടിക്കൊടുത്തുകൊണ്ടാണ് അവര്‍ തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുന്നത്. തെരുവുകളില്‍ കൂടി രാധാകൃഷ്ണന്‍മാരെ ഊഞ്ഞാലിലിരുത്തി എഴുന്നള്ളിക്കുന്ന പതിവുമുണ്ടത്രേ.
എന്തൊക്കെ ആചാരങ്ങളായാലും നിറംപൂശല്‍ ഹോളി ആഘോഷങ്ങളില്‍ എവിടെചെന്നാലും ഒഴിവാക്കാന്‍ പാറ്റാത്തൊരു സംഭവമാണ്.
ഒരു ഭാവനതന്നെയാണ് ആഘോഷത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.


ഇത്രയും ഇന്നലെ എഴുതിവെച്ച് ഫോട്ടോകള്‍ക്കെവിടെപ്പോകുമെന്നു കരുതിയിരിക്കുമ്പോഴാണ് ഇന്നു രാവിലെ ഒരു ഫ്രെന്റ് വിളിച്ചത് വൈകുന്നേരം ഇന്ത്യ ഹാബിറ്റാറ്റ് സെന്റെറില്‍ ഹോളി ആഘോഷം കാണാന്‍ പോകാമെന്നു പറഞ്ഞ്. ശുഭാമുഡുഗലിന്റെ ഹോളിഗാനങ്ങളായിരുന്നു നോട്ടം. അവിടെച്ചെന്നപ്പോള്‍ അതുമാത്രമല്ല ബര്‍സാനയിലെ ഹോളി മൊത്തം മുന്നിലെടുത്തുവെച്ചുതന്നു. ലാഠ്മാരിയും ,ഫൂല്‍വാരിയും , ഹോളീസ്പെഷ്യല്‍ ഭക്ഷ്ണസാധനങ്ങളും ഒക്കെകൂടെ ഒരു നല്ല ആഘോഷം. മുന്നില്‍ചെന്നിരുന്ന ആണുങ്ങള്‍ക്കൊക്കെ ഒരുവിധം നല്ല തല്ലുകൊണ്ടു.