വെള്ളിയാഴ്‌ച, ജൂലൈ 31, 2009

അച്ഛന്‍...


വ്വെളിച്ചം നിറഞ്ഞ
പൂമുഖത്തുനിന്ന്
അടുക്കളയുടെ
ഇരുട്ടിലേക്ക്
കടക്കുമ്പോഴാണ്
ഇടനാഴിയില്‍
ഒളിച്ചിരുന്ന
പൂച്ചക്കണ്ണുകള്‍
ഭയപ്പെടുത്തിയത്....
അച്ഛന്റെ മടിയില്‍
വിറച്ചിരിക്കുമ്പോള്‍
തലോടലിന്റെ ഭാഷ
തന്ന തിരിച്ചറിവില്‍
മറഞ്ഞിരുന്ന് പേടിപ്പിച്ച
ഇരുട്ടിലെ പ്രേതങ്ങള്‍
തിരിച്ചു വരാത്തപോല്‍
തിരിഞ്ഞു നടന്നു.
ഇന്ന് ഇടക്കറിയാതെ
തിരഞ്ഞുപോകുന്നു....
നാട്ടുവഴികളില്‍
വീട്ടിലെയിരുട്ടില്‍
ചാരുകസേരയില്‍
കവിയരങ്ങുകളില്‍
ഒരു പ്രേതമായെങ്കിലും
അച്ഛന്റെ നിഴല്‍......

ദൈവം

കുഞ്ഞുന്നാളില്‍
ദൈവത്തെപ്പറ്റി
ചോദിച്ചപ്പോള്‍
അച്ഛന്‍ പറഞ്ഞു,
അമ്മയോടു ചോദിക്കു
കൈക്കൂലി കൊടുത്ത്
കാര്യം സാധിക്കുന്നത്
അമ്മയാണല്ലൊ.....
വേറൊരിക്കല്‍
നിന്റെ വിരല്‍ത്തുമ്പില്‍
എന്ന് ചിരിച്ചു.
ഞാന്‍ വരച്ച
ഉണ്ണിക്കണ്ണന്‍
നിലവിളക്കിനു മുന്നില്‍
അമ്മയുടെ പൂജാമുറിയില്‍
ഓടക്കുഴലൂതുന്നുണ്ടായിരുന്നു.





തിങ്കളാഴ്‌ച, ജൂലൈ 27, 2009

എന്റെ മനസ്സ്.....!


വായിച്ചിട്ടും പേജുകള്‍
മറിയാതിരിക്കുമ്പോള്‍
വരക്കുന്ന ചിത്രങ്ങള്‍
മുഴുമിക്കാതിരിക്കുമ്പോള്‍
എഴുതുന്ന കവിതകള്‍
മുഖം തരാതിരിക്കുമ്പോള്‍
ഞാന്‍ തിരയുന്നു .....
എന്റെ മനസ്സ്.....!

ശവാസനത്തില്‍
കണ്ണുകളിറുകെയടച്ചിട്ടും
ആകാശത്തു പറക്കുന്ന
കൊറ്റിക്കുട്ടങ്ങളുടെ
പിറകെ പായുമ്പോള്‍
മൂക്കിന്‍ തുമ്പത്തെ
ഏകാഗ്രതയില്‍
തളച്ചിടാന്‍ നോക്കവെ
അടുക്കളപ്പാത്രങ്ങളുടെ
ആഴങ്ങളിലൊളിച്ചിരുന്ന്
വാങ്ങാന്‍ മറന്ന
കറിക്കുട്ടുകള്‍ക്കിടയില്‍
കളിയാക്കി ചിരിച്ച്
അലക്കാനിട്ട വസ്ത്രങ്ങളുടെ
മുഷിവുനാറ്റവുമായി
എന്റെ മനസ്സ്.....!

പുസ്തകം തുറന്നാല്‍
ചിത്രങ്ങളിലെ മഴവില്ലായി
ചിത്രങ്ങള്‍ക്കു മുന്നില്‍
കഥാപാത്രങ്ങളുടെ കൂടെ
ഊരുതെണ്ടാനിറങ്ങി
കവിതയുടെ ജീവതന്തുവില്‍
തൂങ്ങി ഊഞ്ഞാലാടി
വിളിച്ചാല്‍ വരാതെ
എന്നെപ്പോലും മറന്ന്.....!

വേറുതെയിരിക്കാന്‍
പറഞ്ഞാല്‍ നേരെ
നാട്ടിലെത്തി അമ്മയുടെ
മടിയില്‍ മുഖം പൂഴ്ത്തി
മക്കളുടെ കളിക്കൊട്ടകള്‍ക്ക്
പിറകിലൊളിച്ച്
അവന്റെ മൂളിപ്പാട്ടുകള്‍ക്ക്
നിര്‍ത്താതെ ചുവടുവെച്ച്
എന്റെ മനസ്സ്.....
എനിക്ക് മാത്രം പിടി തരാതെ!

ബുധനാഴ്‌ച, ജൂലൈ 22, 2009

മേഘച്ചിറകുമായി......!


പനിത്തുള്ളലില്‍
പുതപ്പിനടിയില്‍
ആകാശത്തിലും
ഭൂമിയിലുമല്ലാതെ
മേഘച്ചിറകുമായി
പറന്നു നടക്കുമ്പോള്‍
സ്വര്‍ഗ്ഗം വളരെയടുത്ത്.....!
കുസൃതിയില്‍ പൊതിഞ്ഞ്
നീയെറിഞ്ഞ ചോദ്യം....
എന്തുകൊണ്ട് സ്വര്‍ഗ്ഗം?
കിനാപ്പടിയില്‍
നീ തട്ടിയുടച്ച
കണിക്കുടങ്ങളിലൊന്ന്,
നിന്റെ വാക്കുകളുടെ
മുള്‍മുന കൊണ്ട് നീ
മുറിവേല്‍പ്പിച്ചവരിലാരോ,
ഗ്യാസ്ചേംമ്പറില്‍
നീ കുരുതി കൊടുത്ത
പാറ്റകളും ഉറുമ്പുകളും,
നീ പോലുമറിയാതെ
നിന്നില്‍ പതിച്ച
ശാപത്തിന്റെ നിഴല്‍ .....
ശരിയാണ്,പക്ഷെ....
ഇതെല്ലാം നിനക്കും കൂടി
വേണ്ടിയായിരുന്നില്ലെ....

നരകത്തിന്റെ പൂമുഖത്ത്
നമുക്ക് വീണ്ടുമൊന്നിക്കാം
ഞാന്‍ കാത്തിരിക്കും...


ബുധനാഴ്‌ച, ജൂലൈ 15, 2009

അല്പം രാഷ്ട്രീയം

രണ്ടു മൂന്നുദിവസങ്ങള്‍ പോളിറ്റ്ബ്യൂറോ ന്യൂസ് കേട്ട് കേട്ട് അജീര്‍ണ്ണം പിടിച്ചപ്പോള്‍ പുറത്ത് വന്ന വരികളാണ് ഇത്......വരക്കാന്‍ സമയം കിട്ടാഞ്ഞതിനാലാണ് വരികള്‍ മാത്രമായി ഇട്ടത്.
അതേതായാലും നന്നായെന്നു തോന്നുന്നു......


ഒച്ചുകള്‍....
ചൂണ്ടിവരുന്ന വിരലുകള്‍
തന്റെ നേരെ തിരിയും മുമ്പെ
ഒളിക്കാന്‍ കൊട്ടാരം
കൂടെ കൊണ്ടുനടക്കുന്നവര്‍.


തിരകള്‍....
തീരത്തിനെ കൊള്ളയടിച്ച്
കടലില്‍ മറയുമ്പോള്‍
പഴിചാരപ്പെടുന്നത്
കടലു മാത്രം.


ചൂട്....
ശീതീകരിച്ച മുറിയില്‍ നിന്നും
തണുത്ത കാറിലേക്ക്
കയറും വരെയുള്ള സമയംകൊണ്ട്
നമ്മള്‍ വിയര്‍ത്തൊഴുകിയിരിക്കും.


മഴ .....
ഇടമുറിയാതെ പെയ്യുമ്പോഴും
നമ്മളതറിയുന്നത്
ഓഴുകിനിറയുന്ന
ജലനിരപ്പിലൂടെ.


പുഴ......
കിട്ടിയതെല്ലാം സ്വീകരിച്ച്
ഭാവഭേദങ്ങളില്ലാതെ
കാലാകാലം കടലിലേക്ക്
ഒഴുകിക്കൊണ്ടേയിരിക്കും.


തിങ്കളാഴ്‌ച, ജൂലൈ 13, 2009

കവിതയില്ലാക്കവിത


ഒച്ചുകള്‍....
ചൂണ്ടിവരുന്ന വിരലുകള്‍
തന്റെ നേരെ തിരിയും മുമ്പെ
ഒളിക്കാന്‍ കൊട്ടാരം
കൂടെ കൊണ്ടുനടക്കുന്നവര്‍.
തിരകള്‍....
തീരത്തിനെ കൊള്ളയടിച്ച്
കടലില്‍ മറയുമ്പോള്‍
പഴിചാരപ്പെടുന്നത്
കടലു മാത്രം.
ചൂട്....
ശീതീകരിച്ച മുറിയില്‍ നിന്നും
തണുത്ത കാറിലേക്ക്
കയറും വരെയുള്ള സമയംകൊണ്ട്
നമ്മള്‍ വിയര്‍ത്തൊഴുകിയിരിക്കും.
മഴ .....
ഇടമുറിയാതെ പെയ്യുമ്പോഴും
നമ്മളതറിയുന്നത്
ഓഴുകിനിറയുന്ന
ജലനിരപ്പിലൂടെ.
പുഴ......
കിട്ടിയതെല്ലാം സ്വീകരിച്ച്
ഭാവഭേദങ്ങളില്ലാതെ
കാലാകാലം കടലിലേക്ക്
ഒഴുകിക്കൊണ്ടേയിരിക്കും.


ചൊവ്വാഴ്ച, ജൂലൈ 07, 2009

മഴക്കാഴ്ചകള്‍.......


ഞാനുമെന്‍ വീടും
പലനിറത്തിലുള്ള
ചുമരുകള്‍ക്കിടയില്‍‍
തനിച്ചായപ്പോള്‍
വായിക്കാന്‍ മറന്നു പോയ
ഏതോ വരികള്‍തേടി
പഴങ്കഥകള്‍ ‍നിറഞ്ഞ
താളുകള്‍ക്കിടയില്‍.....

ഇടക്കെപ്പോഴോ
ഉറക്കെ കരഞ്ഞ
മയിലുകളെ തേടി
മഴമേഘങ്ങള്‍
ഉഴറിനടന്നപ്പോള്‍
അവയെ മിഴിയില്‍ കോര്‍ത്ത്
ഒരു തുള്ളി മഴയായ്
വീഴ്ത്താന്‍ കൊതിച്ച്
വരണ്ട ഭൂമിയും ഞാനും...!

കയ്യെത്താ ദൂരത്ത്
പരന്നു നിറഞ്ഞ്
പെയ്യാതെ നിന്ന്
ഭൂമിയെ കൊതിപ്പിക്കുന്ന
മേഘനാദങ്ങളുടെ
പ്രണയീഭാവത്തിന്റെ
അനുപ്രദാനം പോലെ
മിന്നല്‍ പിണരുകള്‍..!

പൊടുന്നനെ വീണ
കുളിര്‍ മുത്തിനാല്‍
ഉണര്‍ന്നു തുളുമ്പിയ
ഭൂമിപ്പെണ്ണിന്
കാറ്റു കവര്‍ന്നു
പറത്തിയുയര്‍ത്തിയ
മദകര സുഖദമായ
കന്മദഗന്ധം......!

പെയ്തു നിറഞ്ഞ
മഴയുടെ ഓര്‍മ്മയുമായി
ഭൂമിതളര്‍ന്നുറങ്ങുമ്പോള്‍
ഗൃഹാതുരത്വത്തിന്റെ
പടവുകള്‍ കേറി ഞാനും
മറന്നുവെച്ച വരികള്‍തേടി
താളുകള്‍ക്കിടയില്‍
വീണ്ടും ചേക്കേറുന്നു.




വെള്ളിയാഴ്‌ച, ജൂലൈ 03, 2009

കണ്ണാടി


തകര്‍ന്ന കണ്ണാടിയില്‍
പലതായ് തെളിയും മുഖം
പരിചിതമല്ലാത്ത പോല്‍
പലവഴി നോക്കിടുന്നു....!
എനിക്കിനി കണ്ണാടി വേണ്ട
ചങ്ങാതിയായ് നീയുണ്ടല്ലൊ.
ഇരവിന്‍ ഇരുള്‍ പാവില്‍
ഇഴചേര്‍ന്ന പകല്‍ കാണാന്‍
പകല്‍ പെറ്റ നിഴല്‍ മായ്ക്കാന്‍
പൊരിയുമെരി വെയിലാവാന്‍
പൊട്ടിയ ചില്പാളിയില്‍
പരമായ് തെളിയും മുഖം
ഇതിലേതെന്റേതെന്ന്
അറിയാന്‍ തിരിച്ചേകാന്‍
എനിക്കിനി കണ്ണാടി വേണ്ട
ചങ്ങാതിയായ് നീയുണ്ടല്ലൊ.