തിങ്കളാഴ്‌ച, ജൂലൈ 27, 2009

എന്റെ മനസ്സ്.....!


വായിച്ചിട്ടും പേജുകള്‍
മറിയാതിരിക്കുമ്പോള്‍
വരക്കുന്ന ചിത്രങ്ങള്‍
മുഴുമിക്കാതിരിക്കുമ്പോള്‍
എഴുതുന്ന കവിതകള്‍
മുഖം തരാതിരിക്കുമ്പോള്‍
ഞാന്‍ തിരയുന്നു .....
എന്റെ മനസ്സ്.....!

ശവാസനത്തില്‍
കണ്ണുകളിറുകെയടച്ചിട്ടും
ആകാശത്തു പറക്കുന്ന
കൊറ്റിക്കുട്ടങ്ങളുടെ
പിറകെ പായുമ്പോള്‍
മൂക്കിന്‍ തുമ്പത്തെ
ഏകാഗ്രതയില്‍
തളച്ചിടാന്‍ നോക്കവെ
അടുക്കളപ്പാത്രങ്ങളുടെ
ആഴങ്ങളിലൊളിച്ചിരുന്ന്
വാങ്ങാന്‍ മറന്ന
കറിക്കുട്ടുകള്‍ക്കിടയില്‍
കളിയാക്കി ചിരിച്ച്
അലക്കാനിട്ട വസ്ത്രങ്ങളുടെ
മുഷിവുനാറ്റവുമായി
എന്റെ മനസ്സ്.....!

പുസ്തകം തുറന്നാല്‍
ചിത്രങ്ങളിലെ മഴവില്ലായി
ചിത്രങ്ങള്‍ക്കു മുന്നില്‍
കഥാപാത്രങ്ങളുടെ കൂടെ
ഊരുതെണ്ടാനിറങ്ങി
കവിതയുടെ ജീവതന്തുവില്‍
തൂങ്ങി ഊഞ്ഞാലാടി
വിളിച്ചാല്‍ വരാതെ
എന്നെപ്പോലും മറന്ന്.....!

വേറുതെയിരിക്കാന്‍
പറഞ്ഞാല്‍ നേരെ
നാട്ടിലെത്തി അമ്മയുടെ
മടിയില്‍ മുഖം പൂഴ്ത്തി
മക്കളുടെ കളിക്കൊട്ടകള്‍ക്ക്
പിറകിലൊളിച്ച്
അവന്റെ മൂളിപ്പാട്ടുകള്‍ക്ക്
നിര്‍ത്താതെ ചുവടുവെച്ച്
എന്റെ മനസ്സ്.....
എനിക്ക് മാത്രം പിടി തരാതെ!

7 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

അവന്റെ മൂളിപ്പാട്ടുകള്‍ക്ക്
നിര്‍ത്താതെ ചുവടുവെച്ച്
എന്റെ മനസ്സ്.....
എനിക്ക് മാത്രം പിടി തരാതെ!

ശ്രീ പറഞ്ഞു...

"വേറുതെയിരിക്കാന്‍
പറഞ്ഞാല്‍ നേരെ
നാട്ടിലെത്തി അമ്മയുടെ
മടിയില്‍ മുഖം പൂഴ്ത്തി
മക്കളുടെ കളിക്കൊട്ടകള്‍ക്ക്
പിറകിലൊളിച്ച്
അവന്റെ മൂളിപ്പാട്ടുകള്‍ക്ക്
നിര്‍ത്താതെ ചുവടുവെച്ച്
എന്റെ മനസ്സ്..."

ഇത്തരം ഒരു മനസ്സ് ഇപ്പോഴും കൂടെ ഉള്ളത് ഭാഗ്യമാണ് മാഷേ
:)

Typist | എഴുത്തുകാരി പറഞ്ഞു...

പിടി തരാതെ അങ്ങനെ പാറിപ്പറക്കട്ടെ മനസ്സു്. അതു് നല്ലതല്ലേ?‍

വരവൂരാൻ പറഞ്ഞു...

വിളിച്ചാല്‍ വരാതെ
എന്നെപ്പോലും മറന്ന്.....!
എന്റെ മനസ്സ്.....

ഇതൊക്കെ കൊണ്ടു തന്നെയാണു ഇതിനെ ആരോ... 'മനസ്സ്‌' എന്നു വിളിച്ചത്‌ "മനസ്സിലാവാത്തെ ഉള്ളിലുള്ള എന്തോ ഒന്ന്"

കണ്ണനുണ്ണി പറഞ്ഞു...

വരുതിക്ക് നിന്നില്ലെങ്കിലും കൈമോശം വരാത്ത നിറങ്ങള്‍ നഷ്ടപെടാത്ത ഒരു മനസ്സുണ്ട് എന്നതില്‍ സന്തോഷിക്കാം....ആശ്വസിക്കാം....:)

പ്രയാണ്‍ പറഞ്ഞു...

ശ്രീ, എഴുത്തുകാരി, വരവൂരാന്‍ ,കണ്ണനുണ്ണി നിങ്ങള്‍ക്കിതു പറയാം ....മനസ്സെന്റേതല്ലെ.....:)

the man to walk with പറഞ്ഞു...

allenkil nammalangothungipoville..manassu parannu nadakkunnathu kondalle ee rassamokke..