വെള്ളിയാഴ്‌ച, ഓഗസ്റ്റ് 16, 2013

വര്‍ഷ സന്ത്രാസങ്ങള്‍...



1-
എന്തിനോ വീണ്ടും തണുത്തു തണുത്തൊരീ
മണ്ണിന്‍ മടിയിലായ് പെറ്റിട്ടുകാലം
മിണ്ടാതെയൊന്നു തിരിഞ്ഞുനോക്കാതെതന്‍
തണ്ടേറ്റിവീണ്ടും നടത്തം തുടര്‍ന്നിടെ
കണ്‍ തുറന്നിന്നെന്നെ നോക്കുമീ കുഞ്ഞിളം
കണ്ണില്‍ നിറയ്ക്കുവാന്‍ വേനലും വര്‍ഷവും
പിന്നെവിരളമായ്പ്പൂക്കും വസന്തര്‍ത്തു
പുന്നരകഗന്ധമുണര്‍ത്തു ന്ന ശൈത്യവും.

2-
പകലുകള്‍ വന്നതും പോയതും പിന്നിട്ട്
പകുതിവഴിയെത്തി പിന്തിരിഞ്ഞോര്‍ക്കുന്നു
പതിരെത്ര പടിയെത്ര പലനാളിലായി നാം
പതിവെച്ചു കൂട്ടിനായ് ചേര്‍ത്തു പിടിച്ചതും
പകലൊപ്പമനുദിനം മടിയാതെ വന്നതും
പകലന്തിയോളം പടിപ്പുരകാത്തതും
പതിയെവിടചൊല്ലി തിരിയെ നടന്നതും
പതറുന്ന മനവുമായ് മൊഴിമുട്ടി നിന്നതും
പടികയറി വന്നതിന്‍ പലതായിമറഞ്ഞതിന്‍
പൊരുളുകളോര്‍ത്ത് പകച്ചു നാം നിന്നതും..
3-
ഇന്നുനിന്‍ സൂര്യന്‍ പടിഞ്ഞാറ് ചോക്കവേ
ഇന്നിന്‍ നിഴല്‍ നീളെ നീണ്ടു നിറയവേ
ഇങ്ങനീ രാവും പകലുമിടംവല-
മിങ്ങു തിരിഞ്ഞും മറിഞ്ഞും കിടന്നതും
മണ്ണെന്നു മലവെട്ടി മലയിലെക്കല്‍ വെട്ടി
മണലൂറ്റി പുഴയാറ്റി കാടിന്‍റെ മുടിവെട്ടി
മണ്ണു ചുവന്നതും വെള്ളം കറുത്തതു-
മൊന്നും മതിയാതെ വിണ്ട ഞെരമ്പൂറ്റി
പിന്നെയുമേതോ വിഷഗ്രസ്തമാക്കിയും
പഞ്ചപ്രാണങ്ങള്‍ വലിച്ചിഴച്ചമ്മയെ
എണ്ണംപറഞ്ഞു വിലപേശിനില്‍ക്കവേ
എല്ലാത്തിനും സാക്ഷി വാനവുംഭൂമിയും
ഇന്നലെ വന്നു പിറന്നതുമിന്നു നീ
മിന്നല്‍പോലൊന്ന് വളര്‍ന്നതും പോകുവാ-
നുണ്ട് തിടുക്കമെന്നെന്തോ തിരക്കിടെ
നാളെതന്‍ മുന്നില്‍ത്തലകുനിപ്പു ഞങ്ങള്‍.......

ചൊവ്വാഴ്ച, ഓഗസ്റ്റ് 13, 2013

എന്‍റെ മലയാളമേ.....




എനിക്കു നിന്‍
മഴപ്പേച്ചിന്‍
കുസൃതിവേണം,
നിന്‍റെ കടല്‍ക്കാറ്റിന്‍
കനപ്പുള്ള വിയര്‍പ്പും വേണം.
കിളിക്കൂട്ടമിളവേല്ക്കും
മരച്ചില്ലയഴിഞ്ഞാടും
നിഴല്‍ തോറ്റമൊരുക്കുന്ന
തണലും വേണം. 


കരിമ്പച്ച
പുതച്ചൊരു കാടുംവേണം,
കാടിന്‍ കഥ ചൊല്ലി
വയല്‍ തേകുമരുവിവേണം.
മലങ്കാറ്റ് വഴിതെറ്റി
കിതപ്പാറ്റും പകല്‍
ക്കൊമ്പില്‍
ഇരുള്‍ക്കൂട്ടംചേക്കേറും
വിരുത്തം വേണം.


കടല്‍പാട്ടിന്‍
താരാട്ടും
തലോടല്‍ വേണം,
തലതല്ലി ചിരിക്കുന്ന
തിരയും വേണം
അലമാല ഞൊറിഞ്ഞെത്തി
കരയെ വെണ്‍പട്ടുചാര്‍ത്തി
പതഞ്ഞേന്തി
പുണരുന്ന
നുരയും വേണം.....



ഇനിയും നിന്‍
തനിമതന്‍
ഇനിമവേണം.
ഒരുമേളപ്പെരുക്കത്തിന്‍
ചൊരുക്കും വേണം.
തിടമ്പേറ്റി ചെവിയാട്ടി
നടക്കും നിന്‍ പെരുംപൂര-
പ്പെരുമയില്‍
ഒരുമതന്‍ ഗരിമ വേണം.