തിങ്കളാഴ്‌ച, നവംബർ 23, 2009

ഭ്രൂണചിന്തകള്‍


അലസിയ ഭ്രൂണത്തെ
ശവമെന്നു പറയാമോ?
പിറക്കില്ലെന്ന ശാഠ്യത്തെ
മുളയിലെ നുള്ളിയെടുത്ത്
ശാസ്ത്രത്തെ കൂട്ടുപിടിച്ച്
ശാസിച്ചു മെരുക്കി
ഗര്‍ഭത്തടവറയിലിറക്കി
ജയിച്ചെന്നു ചിരിക്കുമ്പോള്‍
ഗര്‍ഭത്തിലിരുന്നു ഭ്രൂണം
കൈ വളരാതെ
കാല്‍ വളരാതെ
തലയും ഉടലും വളരാതെ
ശാഠ്യം തുടരുമ്പോള്‍
തോല്‍വിയുടെ ഒന്നാം പാഠം.........
ഇരുണ്ട പ്രസവമുറിയില്‍
പാപലേശം തീണ്ടാതെ
കടം കൊണ്ട വേദനയെ
പ്രസവവേദന എന്ന്
പേരുവിളിക്കാമോ?
അലസിയ ഭ്രൂണത്തെ
ശവമെന്നു പറയാമോ?
പിറന്നു വീഴുമ്പോള്‍
അതിന്നു ജീവനുണ്ടായിരിക്കുമോ?
അലസിവീണ ഭ്രൂണം
പിറന്നു വീഴുകയാണോ?

ഞായറാഴ്‌ച, നവംബർ 22, 2009

മനപ്പറമ്പ്......... അഥവാ


മനപ്പറമ്പ്......... അഥവാ  ചില കടംങ്കഥകള്‍

മനസ്സില്‍ പടര്‍ന്നുപന്തലിച്ച് 
തണലും തലോടലും കൊണ്ട് വേരുകള്‍ ആഴ്ന്നിറങ്ങിയവന്‍........

കയ്ച്ചിട്ടിറക്കാന്‍ വയ്യെന്നാലും ഇറക്കിക്കഴിഞ്ഞാല്‍ ജീവിതംമധുരമുള്ളതാക്കാന്‍ അതുമതി.............    


ഒരുപാടു മുറിച്ചിട്ടും 
 തളിര്‍ത്തുനിറഞ്ഞകൊമ്പുകളില്‍ കടവാതിലുറങ്ങുന്ന 
കാറ്റിനോടു കെഞ്ചി മാമ്പഴം വീഴ്ത്തിത്തന്ന കഥയൊരുപാടുള്ളില്‍ മയങ്ങുന്നവന്‍........


അറിയാതെ തൊട്ടാല്‍ വാടും
 അറിഞ്ഞു തൊട്ടാല്‍മുള്ളുകൊണ്ട് പോറും.........


തണലെന്നു കരുതി ചുവട്ടില്‍നിന്നാല്‍ 
തലയില്‍ വീഴുന്നത് ഒരു മച്ചിങ്ങയോ മടലോ  
ഒരു തേങ്ങതന്നെയോ ആവും...........



ഇടക്കൊന്നു തോണ്ടി മുറുമുറുത്ത് 
അങ്ങട്ടയിലും ഇങ്ങട്ടയിലും പാഞ്ഞ് 
മുടിയഴിച്ചിട്ടാടി ഇപ്പോള്‍ ശാന്തം.........

വ്യാഴാഴ്‌ച, നവംബർ 19, 2009

വീണ്ടും മഴ!!


മഴയിരമ്പുന്നു.....
പെയ്തൊഴിയാനൊരു
വാനമില്ലാതെ
പെയ്തുനിറയാനൊരു
ഭൂമിയില്ലാതെ
തിരയുടെ തിരളലും
കാടിന്റെ തൈഷ്ണ്യവും പേറി
മൗനീഭൂതയാമൊരു
ഘനമേഘത്തിന്റെ
അകമേതട്ടിയമരുന്ന
മിന്നല്‍പിണരുകള്‍.
നനച്ചിറങ്ങാനൊരു
കാടില്ലാതെ
ഒലിച്ചിറങ്ങാനൊരു
അരുവിയുമില്ലാതെ
മേഘം പോലുമറിയാതെ
പെയ്തൊഴിയാന്‍
ഒരു മഴയിരമ്പുന്നു.

ബുധനാഴ്‌ച, നവംബർ 18, 2009

പഠ്ചിത്രം

പുരിയില്‍നിന്നും ഭുവനേശ്വറിലേക്കുള്ള വഴിയില്‍ ഇരുപതു കിലോമീറ്റര്‍ ചെന്നാലാണ് രഘുരാജപൂര്‍ എന്ന ക്രാഫ്റ്റ്വില്ലേജ്. ഒറീസ്സയിലെ പ്രസിദ്ധചിത്രകലയായ പഠ്ചിത്രത്തിന് പേരുകേട്ടതാണ് സ്ഥലം. അന്‍പതോളം കുടുംബങ്ങള്‍ രഘുരാജപുരത്ത് ചിത്രകലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.ഒരു ചെറിയ ഗലിയുടെ ഇരുവശത്തുമുള്ള ചെറിയ മുറികളായിരുന്നു സ്റ്റുഡിയോകളായി ഉപയോഗിച്ചിരുന്നത്. ഗലിയിലേക്ക് ഞങ്ങളെത്തിയതും ഒരുപാടുപേര്‍ ചുറ്റിലും വളഞ്ഞു. ആദ്യം കണ്ട കടയിലേക്ക് കയറിയപ്പോള്‍ മറ്റുള്ളവരുടെ മുഖത്തുകണ്ട നിരാശ ശരിക്കും വേദനിപ്പിച്ചു.

പണ്ട് കടലാസുകളില്ലാതിരുന്ന കാലത്ത് പനയോലകളില്‍ എഴുതിയിരുന്ന അതേ രീതിയിലാണ് പഠ് ചിത്രങ്ങളും വരക്കുന്നത്. സംസ്കൃതത്തില്‍ നിന്നാണത്രെ വാക്ക് വന്നത്. തമിഴില്‍ ഇതിന്നുപറയുന്നത് 'ഓലൈച്ചുവടി'എന്നാണെനു തോന്നുന്നു.ഒരേ വലുപ്പത്തില്‍ മുറിച്ച് മഞ്ഞള്‍ പുരട്ടിയുണക്കിയ പനയോലകളില്‍ നാരായം ഉപയോഗിച്ച് വളരെ ചെറിയ ചിത്രങ്ങള്‍ വരക്കുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളാണ് ചിത്രങ്ങള്‍ക്ക് ആസ്പദം. പുരി ജഗന്നാഥനും പ്രധാന കഥാപാത്രമാണ്.പണ്ട് ജഗന്നാഥ മന്ദിരത്തിലെ ഒരാചാരത്തിന്റെ ഭാഗം മാത്രമായിരുന്ന ഈ ചിത്രകല പിന്നീട് പ്രസാദ രൂപത്തില്‍ ഭക്തരില്‍ എത്തുകയും കാലം ചെന്നപ്പോള്‍ ഒരുപറ്റം കലാകാരന്മാര്‍ക്ക് ജീവനോപാധിയായിത്തീരുകയും ചെയ്തു. ഓരോ കുടുംബത്തിനും അവരുടേതായ ചിത്രശേഖരങ്ങളുണ്ട് . വരച്ച ചിത്രങ്ങളുടെ മുകളില്‍ പ്രകൃതീദത്തമായ നിറങ്ങള്‍ തേക്കുകയും പെട്ടന്നു തുടച്ചുകളയുകയും ചെയ്യുമ്പോള്‍ നാരയമെഴുതിയ ചിത്രങ്ങള്‍ തെളിഞ്ഞുവരുന്നു.
മുന്‍പ് കറുപ്പും(കരിപ്പൊടി) വെളുപ്പും (കുമ്മായപ്പൊടി) മാത്രമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നെ പിന്നെ പ്രകൃതിദത്തനിറങ്ങള്‍ എല്ലാം ഉപയോഗിച്ചുതുടങ്ങി.ഇതേ ശൈലി ക്യാന്‍വാസിലും സില്‍ക്ക്തുണിയിലും ചെയ്യുന്നുണ്ട്. കടുത്ത നിറങ്ങളിലാണ് അതുചെയ്യുന്നത്. കറുപ്പ്, വെള്ള, ചുവപ്പ് , മഞ്ഞ, പച്ച , നീല എന്നി നറങ്ങളാണ് സാമ്പ്രദായികമായി ഉപയോഗിച്ചുവരുന്നത് .അധികവും രാസലീലയും ദശാവതാരവുമാണ് വരച്ചുകണ്ടത്. ചിത്രങ്ങളിലെ വ്യാളീ മുഖങ്ങളും മറ്റും കിഴക്കന്‍ സ്വാധീനത്തെ ഓര്‍മ്മിപ്പിച്ചു.
രണ്ടു ലിനന്‍ തുണികള്‍ തമ്മില്‍ തോല്‍കളഞ്ഞ പുളിങ്കുരു പൊടിച്ച്തേച്ച് ഒട്ടിച്ചാണത്രെ
ഇതിന്നു വേണ്ട ക്യാന്‍വാസുണ്ടാക്കുന്നത്.ഇപ്പോഴും അത് അങ്ങിനെത്തന്നെയാണ് എന്നാണ് ഞങ്ങള്‍ പരിചയപ്പെട്ട വിഷ്ണു എന്ന ചിത്രകാരന്‍ പറഞ്ഞത്. പ്രകൃതീദത്ത നിറത്തില്‍ അല്ലെങ്കില്‍ പോസ്റ്റര്‍ കളറില്‍ അവിടെകാണുന്ന ഒരു മരത്തിന്റെ കായയില്‍നിന്നും ശേഖരിച്ച ദ്രാവകം നല്ലപോലെ ചേര്‍ത്തിളക്കിയാണത്രെ നിറം തെയ്യാറാക്കുന്നത്. അതുകൊണ്ടാവണം ചിത്രങ്ങള്‍ക്കു നല്ല തിളക്കം. തുണികളില്‍ ഫാബ്രിക്ക്കളര്‍തന്നെയാണ് ഉപയോഗിച്ചുകണ്ടത്.
ഇതിനൊക്കെ പുറമെ അടക്ക, ചിരട്ട തുടങ്ങി പലതിലും ചിത്രങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്.സെറാമിക് സില്‍ പോട്ട്പെയിന്റിങ്ങ് ചെയ്യുന്ന രീതിതന്നെയാണ് ഇവിടെയും. സാരികളിലും ചെയ്യുന്നുണ്ട്.വളരെ സൂക്ഷ്മമായി സമയമെടുത്ത് ചെയ്യേണ്ടുന്ന കലക്ക് പക്ഷെ പ്രതിഫലം വളരെ തുച്ഛമായിത്തോന്നി.ഞങ്ങളുടെ താല്പര്യം കണ്ടിട്ടാവണം വിഷ്ണു വേണ്ടെന്നു പറഞ്ഞിട്ടും അവന്‍ വരച്ച ചിത്രങ്ങളെല്ലാം നിവര്‍ത്തിക്കാട്ടി വിവരിച്ചുതന്നു.ഓരോ ചിത്രത്തിനു പിന്നിലും അവന്‍ ചിലവിട്ടസമയം അദ്ധ്വാനം പലപ്പോഴും ചിത്രം വാങ്ങിക്കാന്‍ ചെല്ലുമ്പോള്‍ പലരും കണ്ടില്ലെന്നു നടിക്കും. കേരളത്തില്‍ മലപ്പുറത്ത് വിഷ്ണു ചിത്രങ്ങളുമായി വന്നിട്ടുണ്ടത്രെ.അവസാനം വിലപേശാതെ രണ്ടുമൂന്നു ചിത്രങ്ങള്‍ വാങ്ങി മടങ്ങുമ്പോള്‍ രണ്ട് അടക്കാചിത്രങ്ങള്‍ സമ്മാനിച്ച് അവന്‍ വീണ്ടും കാണാമെന്ന് പറഞ്ഞപ്പോള്‍ മനസ്സു നിറഞ്ഞിരുന്നു.

വെള്ളിയാഴ്‌ച, നവംബർ 13, 2009

ചിലന്തിവല........


മടുപ്പിന്റെ കുത്തൊഴുക്കില്‍
കുടുങ്ങിപ്പോയ ചിലന്തിവലയില്‍
കെട്ടഴിക്കുന്ന വലക്കണ്ണികള്‍
എന്നത്തേയും പോലെ
ഊരാക്കുടുക്കാവുമെന്നറിഞ്ഞിട്ടും
ഒരിക്കലെങ്കിലും വലവിട്ട്
പുറത്തിറങ്ങണമെന്ന
വ്യാമോഹത്തില്‍ വീണ്ടും
കള്ളികള്‍ അങ്ങോട്ടുമിങ്ങോട്ടും
അടുക്കിപ്പെറുക്കുമ്പോള്‍
ഒരിക്കല്‍പോലും വലയില്‍
കുടുങ്ങില്ലെന്നു നടിക്കുന്നവരുടെ
പരിഹാസം കണ്ടില്ലെന്നു നടിച്ച്
വീണ്ടും തുടക്കത്തിലെത്തി
ആദ്യമെന്ന പോലെ
അടുക്കിത്തുടങ്ങുമ്പോള്‍
സെക്കന്റുകള്‍ പെറ്റുകൂട്ടിയ
നിമിഷങ്ങളും മണിക്കുറുകളും
വാശിയോടെ നെയ്തുമുറുക്കുന്നു
അഴിക്കാന്‍ പറ്റാത്ത മറ്റൊരു വല.

ബുധനാഴ്‌ച, നവംബർ 11, 2009

പുരി


അസ്തമനമാണെന്നു തോന്നുന്നുണ്ടൊ....ഉദയമാണിത്..........


കൊതിതോന്നുന്നില്ലെ.......................


നിറയെ കുഞ്ഞു കുഞ്ഞു അമ്പലങ്ങള്‍..........



ഈ കാളിയെ എവിടെയൊ ഒരു കണ്ടു പരിചയം...........


ജഗന്നാഥമന്ദിരം ....പുറമെനിന്നു കാണുപോലെയല്ല അകത്ത് പന്ത്രണ്ടാംശതകത്തില്‍ നിര്‍മ്മിച്ച പ്രാചീനഗോപുരങ്ങളാണ്...........


പൂര്‍ണ്ണിമ ആഘോഷിക്കനെത്തിയ വിധവകള്‍...........


സംബല്‍പൂര്‍ കോട്ടണ്‍ സാരികള്‍


പലതരം കോട്ടണ്‍ തൂണികള്‍


ആപ്ലിക് വര്‍ക്കുചെയ്ത അലങ്കാരത്തുണികള്‍ ഒറിസ്സയുടെ പ്രത്യേകതയാണ്


മരത്തില്‍ തീര്‍ത്ത ജഗന്നാഥമൂര്‍ത്തി....മരത്തിലുള്ള കൈകളില്ലാത്ത ഒറിജിനല്‍ ജഗന്നഥമൂര്‍ത്തിയെപ്പറ്റി രസകരമായ കഥയുണ്ട്....പിന്നെ പറയാം.

കടല്‍ത്തീരമായതിനാല്‍ ശംഖില്‍ തീര്‍ത്ത കൗതുകവസ്തുക്കള്‍ ധാരാളമായുണ്ട്.


പുരി എന്നും ജഗന്നാഥന്റെ പേരില്‍ മാത്രമാണ് അറിയപ്പെട്ടിട്ടുള്ളത്......പക്ഷെ ഇന്ത്യയില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സുന്ദരമായ കടല്‍ പുരിയിലേതാണ്.




കടലമ്മ കനിയാതെവിടെപ്പോവാന്‍...........



പോവാതിരിക്കാന്‍ പറ്റുമോ..........:)

....................................


എന്തൊരു വികൃതിയാണെന്നു നോക്കണെ ....പണിതീരുന്നതിന്നുമുമ്പെ എടുത്തോണ്ടു പോയി.