വ്യാഴാഴ്‌ച, ഫെബ്രുവരി 21, 2013

ഒരു ചൊല്‍ക്കാഴ്ച കൂടി.....

എനിക്കു നിന്‍
മഴപ്പേച്ചിന്‍
കുസൃതിവേണം,
നിന്‍റെ കടല്‍ക്കാറ്റിന്‍
കനപ്പുള്ള വിയര്‍പ്പും വേണം.
കിളിക്കൂട്ടമിളവേല്ക്കും
മരച്ചില്ലയഴിഞ്ഞാടും
നിഴല്‍ തോറ്റമൊരുക്കുന്ന
തണലും വേണം. 


കരിമ്പച്ച
പുതച്ചൊരു കാടുംവേണം,
കാടിന്‍ കഥ ചൊല്ലി
വയല്‍ തേകുമരുവിവേണം.
മലങ്കാറ്റ് വഴിതെറ്റി
കിതപ്പാറ്റും പകല്‍
ക്കൊമ്പില്‍
ഇരുള്‍ക്കൂട്ടംചേക്കേറും
വിരുത്തം വേണം.

ബുധനാഴ്‌ച, ഫെബ്രുവരി 13, 2013

അമ്മ.....
കലണ്ടറിലെ ചതുരങ്ങളിലൂടെ
ഒഴുകിനടന്ന അമ്മയുടെ വിരല്‍
നക്ഷത്രച്ചൂടില്‍ പൊള്ളിനിന്നു..
നിന്റെ നാളിലാണ് ഗ്രഹണം
അമ്മ യുടെ കണ്ണുകള്‍ ഭയം
ഗ്രഹണമായി നിറഞ്ഞ് പാമ്പിന്
പാലും മുട്ടയും തിരയുന്നു.

***

ബാല്‍ക്കണിയില്‍ നിന്നും തിരക്കിട്ടെത്തി
ചോറുതിരയുമ്പോള്‍ അമ്മയുടെ കണ്ണില്‍
അതേ തെറ്റുചെയ്യുന്ന കുട്ടിയുടെ ഭാവം.
ദിവസവും തെക്കോട്ടും വടക്കോട്ടും
സമയം തെറ്റാതെ പറക്കുമ്പോള്‍
മിണ്ടാന്‍ നിക്കാത്ത കണ്ടൂന്ന് നടിക്കാത്ത
കാക്കയിന്ന് ബാല്‍ക്കണിയിലേക്കു നീണ്ട
ആലിന്‍ കൊമ്പിലിരുന്ന് കഥ പറയുന്നു.
ഞാനെന്റെ അസൂയക്ക് മരുന്ന്‍ തിരയുന്നു.

***

പഴകിയ ടെറിക്കോട്ടണ്‍ ഷര്‍‍ട്ടില്‍ നിന്നും
ചില്ലറകളായ് സൂക്ഷിച്ചുവെച്ച
ഓര്‍മ്മത്തുട്ടുകള്‍ കുടഞ്ഞിടുന്നുഅമ്മ
കഴുകിത്തേച്ചു മിനുക്കിവെച്ചിട്ടും
അച്ഛനിപ്പോഴിതിടാറില്ലെന്ന് പരിഭവം.
നിനക്കുടുപ്പുതുന്നാമെന്ന് ചിരിക്കുന്നു.
നീ വലുതായല്ലോയെന്ന് വിയര്‍ക്കുന്നു.
അമ്മു എവിടെയെന്ന് തളരുന്നു.
അച്ഛന്റെ കണ്ണുണ്ടല്ലോയെന്നാശ്വസിക്കുന്നു.
അമ്മൂനെ പ്പോലെ ആകാശത്തും ഭൂമിയിലും
നേരോം കാലോം നോക്കാതെ ഒറ്റക്കും തെറ്റക്കും
നടക്കേണ്ടിവരുന്ന പെങ്കുട്ടികളെയെല്ലാം
കാത്തോളണേയെന്നൊരു നോട്ടം
നോവില്‍ പൊതിഞ്ഞു ഞാനുമെറിയുന്നുണ്ട്
ആകാശത്തിരിക്കുന്ന അച്ഛനായി........

 3/10/11

തിങ്കളാഴ്‌ച, ഫെബ്രുവരി 11, 2013

ചിലനേരങ്ങളില്‍ ചിലര്‍........ 

“യൂ നോഇറ്റ് ദ്വൈവത് ... നീയില്ലാതെ എനിക്കു ജീവിക്കാന്‍ പറ്റില്ലെന്ന്‍ നിനക്കു നല്ലപോലെ അറിയാം. എന്നിട്ടും....
“ശിവാ ഞാനെന്തു ചെയ്യാനാണ്... നീയുമായി സംസാരിക്കുന്നതുപോലും മമ്മക്കിഷ്ടമല്ല. നിനക്കറിയാലോ മമ്മയെത്ര കഷ്ടപ്പെട്ടാണ് ഒറ്റയ്ക്ക് ഞങ്ങളെ വളര്‍ത്തി ഇത്രയും വലുതാക്കിയതെന്ന്.” 
“ദ്വൈവത് . എന്നാലും നമ്മുടെ ജീവിതം”
“പ്ലീസ് ദ്വൈവത് ..ലിസന്‍ ടു മീ.... പ്ലീസ്.....”
 ഒന്നു തിരിഞ്ഞുപോലും നോക്കാതെ ദ്വൈവത് നടന്നു മറയുന്നത് നോക്കി ശിവാംഗിയിരുന്നു. അവന്‍റെ കുട്ടിത്തം ഇനിയും വിട്ടുമാറിയിട്ടില്ലാത്ത മുഖം തന്റെ മാറോട് ചേര്‍ത്തുപിടിച്ച് മുടിയിലൂടെ വിരലോടിച്ച് അവനെ തന്റെ ഹൃദയം കാട്ടിക്കൊടുക്കാന്‍ പറ്റിയിരുന്നെങ്കിലെന്നാവണം ശിവാംഗിയപ്പോള്‍ കൊതിച്ചത്.. എന്തായാലും സങ്കടങ്ങളെ ആഴങ്ങളിലേക്ക് നിമഞ്ജനം ചെയ്തു മുങ്ങിനിവരാനൊരു തീരം അവള്‍ തിരയുന്നുണ്ട് എന്നുള്ളതുറപ്പാണ്. 


“യൂ സീ ഉമാ... ഷി വാസ് എ ബിച്ച്... എനിക്കു ഒരബദ്ധം പറ്റിയതാണ്.” ആസാമീസ് ചുവയുള്ള അവരുടെ സംസാരം നീണ്ടുനീണ്ടു പോയി. അവളെക്കുറിച്ച് പറയുമ്പോള്‍ അവരങ്ങിനെയായിരുന്നു. ഒരുതരം ലക്കും ലഗാനുമില്ലാത്ത വണ്ടിയെ പോലെ അതങ്ങിനെ ഉരുണ്ട്പിരണ്ട്. എല്ലാം കേട്ടു ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആളും തരവും നോക്കി മാത്രം സംസാരിക്കാനിഷ്ടപ്പെടുന്ന   എനിക്ക് മടുക്കുന്നുണ്ടായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് അയല്‍പക്കത്ത് താമസം തുടങ്ങിയപ്പോള്‍ തൊട്ട് തുടരുന്നതാണിത്. ആദ്യമാദ്യം ഭര്‍ത്താവുമരിച്ച റിട്ടയേര്‍ഡ് ആയ ഒരു സ്ത്രീഎന്നതില്‍ കവിഞ്ഞൊന്നും അവരെപ്പറ്റി അറിയുമായിരുന്നില്ല. തന്‍റെ സ്വകാര്യതകളെ ഹനിക്കുന്നവിധം അടുക്കാന്‍ ആരെയും ഞാന്‍ അനുവദിക്കാറുണ്ടായിരുന്നില്ല. എന്നിട്ടും കൂടാരത്തിലേക്ക് നുഴന്നുകയറുന്ന ഒട്ടകത്തെപ്പോലെ അവര്‍ ഞങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിക്കാന്‍ ശ്രമിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ഒളിച്ചോട്ടമെന്ന്‍ അവന്‍ കളിയാക്കുന്ന വളരെയിഷ്ടപ്പെട്ട എന്‍റെ ഒറ്റക്കുള്ള ഡ്രൈവുകള്‍
പോലും കൂടെ വരണമെന്ന അവരുടെ ശാഠ്യത്തില്‍ എനിക്ക് നഷ്ടമാവുന്നത്  സഹിക്കാവുന്നതിലും അധികമായിരുന്നു. അവനോടു പറഞ്ഞാല്‍ പാവമല്ലേ ഒറ്റക്കല്ലേ വയസായ സ്ത്രീയല്ലേ എന്നിങ്ങിനെ സഹതാപമുരുകി എല്ലാം എവിടെയെന്നറിയാതെ ഒലിച്ചുപോകും. ഇപ്പോഴെന്‍റെ യാത്രകള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കുന്നു. അവരുടെ ഇഷ്ടത്തിന് കാര്യങ്ങള്‍ സാധിക്കാനുള്ള ഒരുതരം സ്നേഹം നിറഞ്ഞ ആജ്ഞാശക്തി അവര്‍ക്കുണ്ടായിരുന്നു.


“നിങ്ങള്‍ക്കറിയുമോ ഈ സ്ത്രീയെന്‍റെ ഭര്‍ത്താവിനെ ഒളിപ്പിച്ചു വെച്ചിരിക്കയാണ്.” ശിവാംഗി ദ്വേഷ്യം കൊണ്ട് വിറയ്ക്കുകുന്നുണ്ടാടായിരുന്നു. അവരുടെ മകന്റെ ഭാര്യ.
“എയ് അവര്‍ ഇവിടെ ഒറ്റക്കാണ് താമസിക്കുന്നത്.” അവര്‍ അവിടെ താമസിക്കാന്‍ തുടങ്ങിയശേഷം വല്ലപ്പോഴും വന്നുപോകുന്ന മകളെയല്ലാതെ ആരേയും ഞങ്ങള്‍ കാണ്ടിരുന്നില്ല.  അവളോട് ഞങ്ങള്‍, ഞാനും അവനും ഞങ്ങളുടെ മറ്റൊരയല്‍വാസിയായ കേണലും അദ്ദേഹത്തിന്‍റെ ഭാര്യയും അത് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവരെയെല്ലാം ഞാന്‍ത്തന്നെയായിരുന്നു വിളിച്ചുകൊണ്ടുവന്നത്. വൈകുന്നേരത്തെ ചായക്കുശേഷം പതിവ് നടത്തത്തിനായി തെയ്യാറെടുക്കുമ്പോഴാണ് വാതിലില്‍ ഉറക്കെയുള്ള മുട്ടുകേട്ടത്. "സേവ് മി ഉമാ...ദാറ്റ് ബീച്ച് ഇസ് ഹിയര്‍" ഒറ്റപ്പെട്ട ഒരു സ്ത്രിയോട് തോന്നിയ സഹതാപത്തില്‍ ഞാന്‍ അവനെയും കേണലിനെയും ഭാര്യയേയും നിര്‍ബ്ബന്ധിച്ച് അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചു. ആ സ്ത്രീ ആകെ വിറച്ച് ഒരു കൊളാപ്സിന്റെ വക്കത്തെത്തിനില്‍ക്കുമ്പോലെ തോന്നി. അവര്‍ ഓര്‍മ്മയില്‍നിന്ന് പറഞ്ഞ്തന്ന നമ്പറുകള്‍ വിളിച്ചതിലൊന്നും ആരും പരിചയമുള്ളതായി നടിച്ചില്ല. അടുത്തെവിടെയോ താമസിക്കുന്ന മകള്‍ മാത്രം വരാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.
 
“എനിക്കറിയാം അവന്‍ ഇവിടെയുണ്ട്എന്ന്‍, സോംജീജ പറഞ്ഞിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്; ഈ സ്ത്രീ കാരണമാണ് അവനെന്നോട് ഇങ്ങിനെ പെരുമാറുന്നത്. നിങ്ങള്‍ക്കറിയുമോ ഇവര്‍ പറഞ്ഞിട്ടു അവനെ തിരഞ്ഞ് ഞാന്‍ സിംഗപ്പൂര്‍വരെ പോയി. അവനവിടെ ഉണ്ടായിരുന്നില്ല. യു‌ നോ ദിസ് വുമന്‍ ഇസ് എ ലയര്‍. ഇവര്‍ അവനെയും കെട്ടിപ്പിടിച്ചിരിക്കയാണ്.”

ഇത്രയും പറഞ്ഞപ്പോഴേക്കും അവര്‍തമ്മില്‍ ഒരു കയ്യാങ്കളിയുടെ വക്കത്തെത്തിയിരുന്നു. ഞങ്ങള്‍ പിടിച്ചുമാറ്റിയിരുന്നില്ലെങ്കില്‍ അടിതന്നെ നടക്കുമായിരുന്നു. അവള്‍ ഫോണില്‍ ഡൊമസ്റ്റിക് വയലന്‍സ്, ക്രൈം എഗൈന്സ്റ്റ് വുമെന്‍,  വുമെന്‍ സെല്‍, കിരണ്‍ബെദി എന്നൊക്കെ ഉറക്കെ ആരോടൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഈ പേരുകള്‍ ധാരാളം കേട്ടിട്ടുള്ളതാണെന്നും അതുപറഞ്ഞുകൊണ്ട് ഞങ്ങളെ പേടിപ്പിക്കേണ്ട ആവശ്യമില്ലെന്ന്‍ അവളെക്കാള്‍ ഉറക്കെ പറഞ്ഞ് ഞാന്‍ കളിയാക്കിച്ചിരിച്ചു. അവസാനം അവളോ അതോ ബഹളം കേട്ടു മറ്റുവല്ലവരുമോ വിളിച്ചതുപ്രകാരമായിരിക്കണം പോലീസ് വന്നു. സൊസൈറ്റിഫ്ലാറ്റുകളിലെ കര്‍ട്ടനുകള്‍ക്ക് പിന്നില്‍ നിന്നും ഇയ്യാംപാറ്റക്കണ്ണുകള്‍ വെളിച്ചം കണ്ടെന്നപോലെ ഞങ്ങളിലേക്ക് പറന്നുനിറഞ്ഞുകൊണ്ടിരുന്നു. 

നിന്‍റെകൂടെ ആരാണുള്ളത്?” ഭര്‍ത്താവ് അച്ഛന്‍ സഹോദരന്‍ ആരെങ്കിലുമില്ലാതെ ഒരുസ്ത്രീ ഇങ്ങിനെ നടക്കാന്‍ പാടില്ലെന്നും വല്ല പരാതിയുമുണ്ടെങ്കില്‍  അവരിലാരുടെയെങ്കിലും കൂടെ വന്ന്‍ സ്റ്റേഷനില്‍ എഴുതിക്കൊടുക്കാന്‍ പറഞ്ഞ് അവളെയവര്‍ വീട്ടിന് പുറത്താക്കി. സ്ത്രീക്ക് എരുമയുടെ വിലപോലുമില്ലാത്ത ഒരിടത്ത് ഇതില്‍കൂടുതല്‍ എന്തുണ്ടാവാനാണ്. 

“നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ് ...കാര്യമറിയുമ്പോള്‍ നിങ്ങള്‍ പശ്ചാത്തപിക്കും, പക്ഷേ അതുകൊണ്ടെനിക്കെന്തു കാര്യം” കോറഡോറിലൂടെ നടന്നു വരുമ്പോള്‍ അവള്‍ ഉറക്കെ ബഹളം വെച്ചു. 
അതുകേട്ടിട്ടാവണം അവളുടെ മനസ്സമാധാനത്തിന് ആ വീടൊന്നു പരിശോധിക്കാന്‍ കേണല്‍ പോലീസിനോട് പറഞ്ഞത്. അപ്പോഴേക്കും അടച്ചുപൂട്ടിയിരുന്ന അവരുടെ വീട് തുറപ്പിച്ച് പോലീസ് അകത്തുകയറി. 

പിന്നെയുണ്ടായതെല്ലാം ആലോചിക്കുമ്പോള്‍ സീതാദേവിയെപ്പോലെ ഭൂമിപിളര്‍ന്ന് അപ്രത്യക്ഷമാവാന്‍ കഴിയാഞ്ഞതിന്‍റെ ജാള്യത തോന്നുമിന്നും. “അയാം ദി സണ്‍ കൈകള്‍ മുകളിലേക്കുയര്‍ത്തി കുട്ടിത്തം വിടാത്ത മുഖവും വലിയ ശരീരവുമായൊരാള്‍  വീട്ടില്‍നിന്നിറങ്ങിവന്നു. ഒരു ജേതാവിനെപ്പോലെ പുറകില്‍ അവളും. “ഇപ്പോഴെന്തായി?” എന്‍റെമുന്നിലെത്തിയതും അവള്‍ പരിഹാസത്തോടെ ചോദിച്ചു. തീക്ഷ്ണമായ അവളുടെ കണ്ണുകളിലേക്ക് നോക്കാനാവാതെ ഞാന്‍ മുഖംതാഴ്ത്തിനിന്നു. ഇതിലേക്ക് ഞങ്ങളെ വലിച്ചിഴച്ചില്ലേയെന്നോണം എല്ലാവരുടെയും കുറ്റപ്പെടുത്തുന്ന കണ്ണുകള്‍ എന്‍റെനേരെനീണ്ടുവരുന്നത് എനിക്കറിയാമായിരുന്നു. നിറഞ്ഞുതുളുംമ്പിത്തുടങ്ങിയിരുന്ന എന്‍റെ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ ഞാന്‍ വീട്ടിന്നകത്തേക്ക് തിരക്കിട്ട് നടന്നു. പുറകെ അവനും വന്നു.

 “ഇനി അവരുമായൊരു ഫ്രെന്‍ഡ്ഷിപ്പും വേണ്ട...” അവന്‍റെ കുറ്റപ്പെടുത്തല്‍ എന്തുകൊണ്ടോ ഞാനര്‍ഹിക്കുന്നു എന്നെനിക്ക് തോന്നി. അനാവശ്യമായി പല കാര്യങ്ങളിലും ചെന്നുചാടുന്നതും കുടുങ്ങുന്നതും അതോര്‍ത്തു കുറച്ചുകാലം വിഷാദപ്പെട്ടുനടക്കുന്നതും ഇപ്പോഴൊരു ശീലമായിരിക്കുന്നു.

കറുത്തുതുടങ്ങിയ സന്ധ്യയിലേക്ക് ഒരു വിളക്കുപോലും കൊളുത്താതെ ഒരു മരണം നടന്ന വീടുപോലെ  മൌനത്തിലേക്ക് മുഖമാഴ്ത്തി ഞങ്ങളിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാതിലില്‍ വീണ്ടും മുട്ടുകെട്ടു. അവരും മറ്റൊരുസ്ത്രീയും ആയിരുന്നു വാതില്‍ക്കല്‍. അകത്തേക്ക് വരുമ്പോള്‍  താന്‍ അനിയത്തിയാണെന്നും ദീദിയുടെ തെറ്റിന് മാപ്പുകൊടുക്കണമെന്നു പറയാനാണ് വന്നതെന്നും അവര്‍ പറഞ്ഞു. മകനെ അവളില്‍നിന്ന് രക്ഷിക്കാന്‍വേണ്ടി മാത്രമാണ് താന്‍ കളവുപറഞ്ഞതെന്നും ഞങ്ങള്‍ അവരെ തെറ്റിദ്ധരിക്കരുതെന്നും ഒരു സഹോദരിയെന്ന് കരുതി മാപ്പുതരണമെന്നും മറ്റും അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. അവന്‍ വളരെ ദ്വേഷ്യത്തിലായിരുന്നെങ്കിലും ചെറുപ്പത്തില്‍ വിധവയായ ജോലിയില്ലാതിരുന്ന ഒരു സ്ത്രീ കഷ്ടപ്പെട്ട് ജോലി സംഘടിപ്പിച്ചു കുട്ടികളെ വളര്‍ത്തി വലുതാക്കി ഇത്രയൊക്കെ ആക്കിയിട്ടും  ജീവിതം ഇനിയും അവരെ അവരുടെ പാടിന് വിടുന്നില്ലല്ലോ എന്നതാലോചിച്ച് എനിക്കു കുറേശ്ശെ സങ്കടം വന്നു തുടങ്ങിയിരുന്നു.  

ആ സംഭവം കഴിഞ്ഞിപ്പോള്‍ ഒരു വര്‍ഷമായിക്കാണും.അവരുടെ മകന്‍റെ ഡൈവേഴ്സ് കേസ് നടന്നുകൊണ്ടിരിക്കുന്നു. അവള്‍ക്കതിനു താല്‍പ്പര്യമില്ലത്രേ. അതുകൊണ്ടാവണം വലിയൊരുതുക അവള്‍ അലിമണി ചോദിച്ചതു.

“നീ ആന്‍റിയോട് പറഞ്ഞില്ലല്ലോ ദൈവത് നല്ല തമാശയാണ് ആ പെണ്ണിന്‍റെ കാര്യം.”.

ഞാന്‍ നാളെ അവര്‍ പറഞ്ഞപോലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകാന്‍ ഡ്രൈവറായി കൂടെചെല്ലാമെന്ന് പറയാന്‍ ചെന്നതായിരുന്നു അവരുടെ വീട്ടില്‍. ഇപ്പോളിപ്പോള്‍ അവരെ അറിയിക്കാതെ ഞാനെന്‍റെ ഒളിച്ചോട്ടങ്ങളെ വീണ്ടെടുത്ത് തുടങ്ങിയിരുന്നു. പിന്നെ വരാം ദീദി” എനിക്കു തിരക്കുണ്ടായിരുന്നു. “വെറും രണ്ടുമിനിറ്റ് .നീയിതുകേള്‍ക്ക്... ഇന്ന് ഇവരുടെ കൌണ്‍സിലിങ്ങിന്‍റെ ദിവസമായിരുന്നു. അവളെന്താ പറഞ്ഞതെന്നറിയോ.” ഞാന്‍ ദ്വൈവതിന്‍റെ മുഖത്തേക്ക് നോക്കി. ഒരു കുട്ടിയുടെ പോലെ അവന്‍റെ മുഖം നാണം കൊണ്ട് ചുവന്നു. അടുത്തുകണ്ട ഒരു സിനിമയിലെ കാഴ്ച്ചകളെന്ന പോലെയാണ് അവന്‍ പറഞ്ഞുതുടങ്ങിയത് . ആന്‍റി ഐ വാസ് ഗെറ്റിങ് ഔട്ട് ഓഫ് ദാറ്റ് കോര്‍ട്ട്.

“ദ്വൈവത് നീയെന്തിനാണിങ്ങിനെ ഓടുന്നത്... എനിക്കു നിന്നോടു സംസാരിക്കാനുണ്ട്”
“നമ്മള്‍ സംസാരിക്കുകയായിരുന്നില്ലേ ഇത്രനേരം”
“അത് വക്കീലിന് മുന്നില്‍വെച്ചല്ലേ..... എനിക്കു നിന്നോട് ഒറ്റയ്ക്കിരുന്ന് സംസാരിക്കണം.”
“ദ്വൈവത് നമുക്കീ ഡൈവേഴ്സ് വേണ്ട ... എനിക്കു നിന്നെ ഒരിക്കലും നഷ്ടപ്പെടുത്താനാവില്ല.”
“ഇല്ല ശിവാംഗി . മമ്മക്ക് നമ്മുടെ ബന്ധം ഇഷ്ടമല്ല. മമ്മയെ സങ്കടപ്പെടുത്തി ഒരു സന്തോഷവും എനിക്കു വേണ്ട.”
“പക്ഷേ ഞാന്‍ നിന്‍റെ കാമുകിയല്ല, ഭാര്യയാണ്... എന്‍റെ ജീവിതമാണ് നീ നശിപ്പിക്കുന്നത്.”
“അതുകൊണ്ടാണല്ലോ ഞാന്‍ ഡൈവേഴ്സ് തരാമെന്ന് പറഞ്ഞത്.”
“പക്ഷേ നീയെനിക്കൊരു കുഞ്ഞിനെയെങ്കിലും തരു... ഞാന്‍ വളര്‍ത്തിക്കൊള്ളാം അതിനെ. നിനക്കൊരിക്കലും ഒരു ശല്യമാവില്ല ഞങ്ങള്‍”

“കണ്ടില്ലേ... ഹൌ ട്രിക്കി ഷീ ഇസ്.... ഞങ്ങളുടെ സ്വത്തിലാണവളുടെ കണ്ണ്‍.” കുഞ്ഞുണ്ടായാല്‍ പിന്നെ അതിനെയുംകൊണ്ടാവും വരുന്നത്. അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു “നിനക്കറിയുമോ ഇവരുടെ കല്യാണം ഒരു ചൂടുകാലത്തായിരുന്നു. എന്‍റെ എസി ബെഡ്റൂം ഇവര്‍ക്കായി ഒഴിഞ്ഞുകൊടുത്ത് ആര്‍.കെ പുരത്തെ എന്‍റെ ആ ഇടുങ്ങിയ ഫ്ലാറ്റിന്‍റെ സിറ്റിങ്ങില്‍ വെറും ചൂടിലാണ് ഞാന്‍ ഉറങ്ങിയിരുന്നത്. പാവം ദ്വൈവത് അവന്‍റെ അമ്മ ചൂടില്‍ കിടക്കുന്നതവന്നു സഹിക്കാന്‍ പറ്റുമോ.എന്നെ വിളിച്ചുകൊണ്ടുപോയി കൂടെ കിടത്തുമായിരുന്നു അവന്‍. എന്നിട്ടവള്‍ ഇന്ന് കോടതിയില്‍ പറഞ്ഞതെന്താണെന്നറിയുമോ ഞാന്‍ ഇവരെ രണ്ടുപേരെയും ഒറ്റക്ക് കിടക്കാന്‍ സമ്മതിച്ചില്ലെന്ന്.”
 എനിക്കു ഛര്‍ദ്ദിക്കാന്‍ വന്നു. മനസ്സ് പ്രകടിപ്പിക്കാന്‍ കഴിയാത്തവിധം അസ്വസ്ഥമാകുമ്പോള്‍ എന്‍റെ ശരീരം പ്രതികരിക്കുന്നതങ്ങിനെയാണ്. ആരെയോര്‍ത്താണെന്നറിയില്ല എനിക്കിപ്പോള്‍ ശരിക്കും കരച്ചില്‍ വരുന്നുണ്ട്. ഭയവും വെറുപ്പും ഒക്കെ തോന്നുന്നുണ്ട്. ആരെയൊക്കെയോ എന്തൊക്കെയോ പറഞ്ഞു മനസ്സിലാക്കിക്കണമെന്നുണ്ട്. പക്ഷേ ഇതില്‍ ആരെ...എങ്ങിനെ....

വെള്ളിയാഴ്‌ച, ഫെബ്രുവരി 08, 2013

രാത്രികീഴടക്കല്‍...

രാത്രികീഴടക്കല്‍...

"ഇതിന്നുള്ള മോട്ടിവേഷന്‍ എന്താണ്...."

നവഭാരത്തിന്‍റെ റിപ്പോര്‍ടമാര്‍ മുന്നില്‍നിന്ന് ചോദിക്കുമ്പോള്‍ പെട്ടന്നു വായില്‍ വന്നത് "സ്ത്രീകള്ക്ക് രാ
ത്രികളില്‍ ഭയമില്ലാതെ യാത്രചെയ്യാന്‍ സാധിക്കണം” എന്നായിരുന്നു. അപ്പോഴാണവര്‍ ചോദിച്ചതു... ”എന്തെങ്കിലും ഒരു ദുരനുഭവം?”

വൈകുന്നേരം ആറരയ്ക്ക് ഗുഡ്ഗാവിലെ വീട്ടില്‍നിന്നിറങ്ങി മെട്രോ പിടിച്ച് പട്ടേല്‍ ചൌക്കിലിറങ്ങി ഓട്ടോപിടിച്ച് സൂഫി ഫെസ്റ്റിവല്‍ നടന്നുകൊണ്ടിരിക്കുന്ന കമാനിയിലെത്തി പ്രോഗ്രാം കഴിഞ്ഞപ്പോള്‍ അവിടിരുന്ന് ഒറ്റയ്ക്ക് ഒരു കാപ്പിയുംകുടിച്ച് താഴെയിറങ്ങി കോപ്പര്‍നിക്കസിലൂടെ തനിയെ ഇരുട്ടില്‍ കുറച്ചുദൂരം നടന്ന്‍ ഓട്ടോപിടിച്ച് രാത്രികീഴടക്കലെന്ന ഓമനപ്പേരില്‍ അവസാനബസ് പിടിക്കാനായി ശിവാജിസ്റ്റേഡിയത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ തിരക്കിലെ മറ്റൊരു കണികയായി നില്ക്കു മ്പോള്‍ കീഴടക്കാനെനിക്കു രാത്രിയെവിടെ?

തണുപ്പിലെക്കിറങ്ങാന്‍ മടിപിടിച്ച എന്നെ ഇതില്‍ എന്തായാലും പങ്കെടുക്കണമെന്ന് പറഞ്ഞ് മെട്രോസ്റ്റേഷനില്‍ കൊണ്ടുവിടാനും രാത്രി പതിനൊന്നരക്ക് തിരിച്ചു വിളിക്കാനും പങ്കെടുത്തത് നന്നായെന്ന് സന്തോഷം പറയാനും സ്വന്തമെന്നു വിചാരിക്കുന്നവര്‍ കൂടെയുണ്ടാവുമ്പോള്‍ എനിക്കു ലംഘിക്കാന്‍ നിരോധനങ്ങളെവിടെ....

പത്തിരുപതുകൊല്ലത്തെ ഡല്‍ഹിജീവിതം മുഴുവന്‍ ഞാന്‍ ചികയുന്നു അനാവശ്യമായ ഒരു നോട്ടത്തിനായി അറപ്പുളവാക്കുന്ന ഒരു വാക്കിനായി ! വല്ലപ്പോഴും വരുന്ന സഭ്യേതരമായ ചില കമന്റുകള്‍ നാട്ടില്‍നിന്നും ഇവിടെയെത്തിജോലിനോക്കുന്ന അപൂര്‍വ്വം ചില മലയാളികളില്‍ നിന്നുമാവുമെന്നതു പൊതുവേ പറയപ്പെടുന്ന വിശ്വാസമാണ്. അതുസത്യമാണെന്നെനിക്കും തോന്നിയിട്ടുണ്ട്.

ഞാനും മറ്റു സ്ത്രീസുഹൃത്തുക്കളും മുഖത്തോടുമുഖം നോക്കുന്നു. തമ്മില്‍ തമ്മില്‍ പറയുന്നു “നമ്മളിത് ചെയ്യേണ്ടിയിരുന്നത് കേരളത്തിലാണ്.”

“ഇത്രയും വിദ്യാസമ്പന്നമായ എല്ലാത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലോ!” റിപ്പോര്‍ട്ടര്‍ക്ക് അത്ഭുതം.

അങ്ങിനെനോക്കുമ്പോള്‍ ആറുമണിക്കുശേഷം സ്ത്രീകള്ക്ക് പുറത്തിറങ്ങിനടക്കാന്‍ അലിഖിത നിരോധനാജ്ഞയുള്ള, നാട്ടില്‍ പൂങ്കുന്നത്തുനിന്നും സന്ധ്യക്ക് വടക്കേസ്റ്റാന്‍റിലൂടെ നടന്ന് വടക്കേച്ചിറയില്‍ കുറച്ചുനേരം കാറ്റുകൊണ്ട് അക്കാദമിയിലെ പുസ്തകപ്രദര്‍ശനത്തില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങി ഇന്ത്യാഗേറ്റില്‍നിന്നും മസാലദോശകഴിച്ച് ഞങ്ങള്‍ രണ്ടുപെണ്ണുങ്ങള്‍ നടന്നുതന്നെ അഹിതമായ ഒരു നോട്ടംപോലുമേല്‍ക്കാതെ ഒന്‍പതുമണിക്ക് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വലിയ ത്രില്ലൊന്നും തോന്നാഞ്ഞതെന്തെ?

പക്ഷേ ഇന്നും പകലാണെങ്കില്‍പോലും എന്റെ വീട്ടില്‍നിന്നും മറ്റൊരു ബന്ധുവീട്ടിലേക്കുള്ളയാത്ര എത്തിയ ഉടനെ സുഖമായെത്തി എന്നു വിളിച്ചുപറഞ്ഞവസാനിപ്പിച്ചില്ലെങ്കില്‍ വഴക്കു കിട്ടുമെന്നത് ഉറപ്പാണ്. രാത്രിയില്‍ ഒറ്റക്കുള്ള യാത്ര ചിന്തിക്കുന്നതുപോലും പാപം. കാരണം വഴിയിലെന്തൊക്കെയോ ചീത്ത സംഭവിക്കാനായി തക്കം പാര്‍ത്തിരിക്കുന്നുണ്ട് എന്നത് കേരളത്തില്‍ എല്ലാവരും എപ്പോഴും മനസ്സില്‍ കൂടെ കൊണ്ടുനടക്കുന്ന ഭയമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ യാത്രചെയ്യുമമ്പോള്‍ ഡല്‍ഹിയിലുള്ളതിനെക്കാള്‍ എത്രയോ കൂടുതല്‍ കരുതല്‍ വേണമെന്ന് തോന്നാറുണ്ട്. പുറം നാടുകളില്‍ വളര്‍ന്ന് ഞങ്ങളുടെ പെണ്‍കുട്ടികള്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഇഷ്ടപ്പെടാത്തതും അതുകൊണ്ടാവണം.

മെരുക്കിയെടുത്തു വിശ്വസ്തനാക്കിയ ഒരു മൃഗം അവിചാരിതമായ ചില അവസ്ഥാവിശേഷങ്ങളില്‍ അറിയാതുണരുന്ന മൃഗതൃഷ്ണകളാല്‍ സടകുടഞ്ഞെഴുന്നേറ്റു ഇരയെക്കാത്ത് എവിടെയൊക്കെയോ തക്കംപാര്‍ത്തിരിക്കുന്നു. വേട്ടക്കാരന്‍ സ്ത്രീയോ പുരുഷനോ ആവാം ....ഇരയും. മൃഗത്തെ നമ്മള്‍ തച്ചുകൊല്ലുമ്പോള്‍ മൃഗതുല്യനാവുന്ന മനുഷ്യന്‍ പലവിധേനയും കുറുക്കുവഴികളിലൂടെ രക്ഷപ്പെടുന്നു എന്നതാണ് പ്രശ്നത്തെ അപരിഹാര്യമാക്കുന്നത്.

ബസ്സില്‍ തൊട്ടടുത്തിരുന്ന പരിചയമില്ലാത്ത പുരുഷനോട് അവസാന സ്റ്റോപ്പായ ഹോസ്ഖാസില്‍ മെട്രോസ്റ്റേഷന്‍ എത്രയടുത്താണെന്ന് ചോദിക്കാനോ ഗുഡുഗാവിലെത്തണമെന്ന ഭയം പങ്കുവെക്കാനോ ഒരു ആശങ്കയുമുണ്ടായിരുന്നില്ല. പത്തരക്ക് ഹോസ്ഖാസിലിറങ്ങി മെട്രോസ്റ്റേഷനിലേക്ക് നടക്കുമ്പോഴും അസ്വാഭാവികമായൊന്നും തോന്നുന്നുമുണ്ടായിരുന്നില്ല. സ്വയം ഒരു നഗരവും ചീത്തയാവുന്നില്ല...... ചീത്തയാവുന്നത് നിയമം നടപ്പിലാക്കേണ്ടവര്‍ അത് ചെയ്യാതെ വരുമ്പോഴാണ്.

പക്ഷേ ഇന്നലെ ജനസംസ്കൃതിയും ജനനാട്യമഞ്ചുമൊക്കെചേര്‍ന്നു വളരെ സദുദ്ദേശത്തോടെ ഒരുക്കിയ ഈ സംരഭത്തില്‍ സ്ത്രീകളുടെതായ ഒരു മുന്നിട്ടിറങ്ങല്‍ വളരെ കുറവായിരുന്നു എന്ന്‍ എനിക്കു തോന്നുന്നു. കവിതചൊല്ലാനും പാട്ടുപാടാനും പുരുഷന്മാര്‍ കാട്ടിയ ഉത്സാഹത്തിന് ഒപ്പം നില്‍ക്കാനെങ്കിലും സ്ത്രീകള്ക്ക് കഴിയുന്നുണ്ടായിരുന്നോ...?