ഞങ്ങളുടെ നഗരം
ഇടക്കിടെ കാടുകയറും!
ശീതവാതത്തിന്‍റെ
മഞ്ഞുമണം പരത്തി
ഒരുപൊട്ട് സൂചിയിലക്കാടും,
മരുമണലിന്‍റെ
ഊഷരതയില്‍നിന്നൊളിച്ചോടി
ഒരു കളളിമുള്‍ക്കാടും,
അധിനിവേശാനന്തര
കന്യാവനങ്ങളുമപ്പോള്‍
അതിശയിപ്പിക്കുന്ന
ആത്മാവിഷ്ക്കാരത്തിന്‍റെ
ആധിക്യത്തിലാവും.
പരന്ന ഫൈബര്‍ വേസിലെ
കുഞ്ഞുവെള്ളത്തെ
ഒരുതടാകമെന്ന്
വൃഥാ മോഹിപ്പിച്ചത്
വേരുകളറ്റുപോയ
ഒരു മുളങ്കൂട്ടമാണ്.
ഉരുളന്‍ കല്ലുകള്‍
നീരൊഴുക്കിനെ സ്വപനം കണ്ടതും
മീനുകള്‍ക്കായി
പൊത്തുകളൊരുക്കി കാത്തിരുന്നതും
വെറുമൊരു
അസ്തിത്വഭ്രംശത്തിന്റെ
തുടര്‍ച്ചയാവണം.
പിന്നിലൂടെവന്നു കണ്ണുപൊത്തുന്ന
സൂര്യനെയോര്‍ത്ത്
കിഴക്കന്‍ മലയെന്നൊരു
കരിമ്പാറക്കഷ്ണം
മുഖം മിനുക്കാന്‍
ആകാശക്കണ്ണാടി തിരയുന്നുതും,
മലഞ്ചെരിവിലെന്നേതോ
പേരറിയാപ്പൂക്കള്‍
വിരിയാറായോയെന്ന്
ഓരോയിതളായി
കണ്‍മിഴിച്ചുനോക്കുന്നതും,
വെറുമൊരു തഴുകലില്‍
ഉണര്‍ന്നു പാടിയിരുന്ന
മുളന്തണ്ടിന്‍റെ ഓര്‍മ്മയില്‍
കാറ്റ് ചുറ്റിനടന്നതും,
ഒരു കരിവണ്ട്
വട്ടമിട്ടുമൂളിപ്പറന്നതും
ഒരാത്മസാല്‍ക്കരണത്തിന്‍റെ
ഭാഗമാവണം.
കോഴിപ്പൂവേയെന്നൊരു
നനുത്ത വിസ്മയം
വൂള്‍ഫ്ളവറെന്നും
എന്‍റെചെമ്പകമേ
എന്നൊരു ഗന്ധമൊഴുകി
ഹവായിയന്‍ ഫ്ലവറെന്നും
മുഖം തിരിക്കുമ്പോള്‍
കുടകിലെ നിത്യഹരിതവനം
പരിസ്ഥിതിരാഷ്ട്രീയത്തില്‍
പൂത്തുനിറയുയുന്നു;
കുമായൂണിലെ കുഞ്ഞുതടാകവും
സുവര്‍ണ്ണമരുഭൂമിയിലെ
പൊള്ളുന്ന തീനാളങ്ങളും
തൊട്ടുതൊട്ടുള്ള വേസുകളിലിരുന്ന്
മനസ്സു കോര്‍ക്കുന്നു.
കാടൊരുക്കങ്ങള്‍ക്കപ്പുറം
നഗരം വാതില്‍തുറന്നുതരുമ്പോള്‍
പാറക്കെട്ടുകള്‍ക്കിടയിലൂടെ
കൂരിക്കായുടെ പുളിരസം ചവച്ചുതുപ്പി
പുല്ലാനിക്കാടുകള്‍ക്കിടയിലൂടെ നൂണ്ട്
മുയലിനെ പിടിച്ച്
പൊത്തുകളില്‍ പാമ്പുകളെ
കണ്ടെന്ന്നടിച്ച്
കാടൊരാഘോഷമാക്കും ഞങ്ങള്‍.
ഇത്തരം പ്രതീകസങ്കലനങ്ങളില്‍ നിന്നും
ഞങ്ങള്‍ നഗരവാസികള്‍
ഓര്‍ത്തെടുക്കുന്നത് കൈമോശം വന്ന
കാടിന്‍റെ, വെള്ളത്തിന്‍റെ,
ആകാശത്തിന്‍റെ, ഭൂമിയുടെ തന്നെ
പുനരാവിഷ്കാരമാണല്ലോ.