ഒരു കെട്ടിപ്പിടുത്തത്തില്‍ ആ കൈകള്‍
മുറുകിക്കൊണ്ടേയിരുന്നപ്പോള്‍ അവളറിഞ്ഞു
ഇടക്കെപ്പോഴൊക്കെയോ അവരവളെ വല്ലാതെ
കാണാന്‍ കൊതിച്ചിരുന്നെന്ന്
“മിസിസ് നായര്‍ ”....
അവരങ്ങിനെയാണ് മാലിനിയെ വിളിച്ചിരുന്നത്.
അവരുടെ മക്കളും.
അവരെ എല്ലാവരും “ഭാഭീജി” എന്ന് വിളിച്ചു.
കുട്ടികള്‍ “ശര്‍മ്മ” ആന്റി യെന്നും.
സ്വന്തമായൊരു പേരുണ്ടെന്നുള്ളത് നഗരങ്ങളിലെത്തുമ്പോള്‍ പലരും മറന്നുപോകുന്നു.
“മിസിസ് നായര്‍ പറയൂ.. ഒരുപാട് കാലമായില്ലെ കണ്ടിട്ട്......” ശരിയാണ് വീടുമാറിയതിന്നു ശേഷം പിന്നെയെന്നാണ് കണ്ടതെന്ന് അവള്‍ക്കോര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
അവരുടെ കണ്ണുകളില്‍ എഴുപതുകളിലും ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കത.
അവള്‍ക്ക് ചോദിക്കാന്‍ തോന്നിയത് “എഴുത്തൊക്കെ എങ്ങിനെ നടക്കുന്നു.... “ എന്നാണ്. ഒന്നും ചെയ്യാതെ മടിച്ചിരുന്ന കാലങ്ങളില്‍ പണ്ടെന്നോ എഴുതിയ ഒരു കവിതയോര്‍ത്തെടുത്ത് വാക്കുകളില്‍ ഒരമ്മയുടെ സ്നേഹം നിറച്ച് ഒരുപാട് വഴക്കു പറഞ്ഞിട്ടുണ്ട് ഇവര്‍ .
“ദൈവാനുഗ്രഹംകൊണ്ടുകിട്ടിയ കഴിവുകള്‍ പാഴാക്കിക്കളയരുതെന്ന്, തുടച്ചുമിനുക്കിയാല്‍ തിളങ്ങിക്കൊണ്ടേയിരിക്കുമെന്ന്”
ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രായമല്ലാതിരുന്നതു കൊണ്ടാവണം ഒരു തമാശ കേട്ടപോലെ മാലിനിയത് മറന്നുകളയാറായിരുന്നു പതിവ്. ഒരുപക്ഷേ ആ ഉപദേശങ്ങളുടെ ഫലമായിരിക്കണം വൈകിയവേളയില്‍ അലക്കൊഴിഞ്ഞപ്പോഴുള്ള ഈ കാശിക്ക് പോക്ക്. പക്ഷേ അപ്പോഴേക്കും ഇനിയൊന്ന് നടക്കാന്‍ വയ്യാത്തവിധം കാലുകള്‍ ഉറച്ചുപോയിരിക്കുന്നു.
ചോദ്യത്തിനുത്തരമായി അവര്‍ കൈ മലര്‍ത്തിക്കാട്ടി... മാലിനിയുടെ കണ്ണുകള്‍ അവരുടെ കയ്യിലെ പേനത്തഴമ്പുകള്‍ക്കായി ആര്‍ത്തിയോടെ തിരഞ്ഞു.
“ഇല്ല ...ഇപ്പോഴൊന്നും എഴുതാറില്ല.... കണ്ടുമടുത്ത കണ്ണുകള്‍ , എഴുതിമുഷിഞ്ഞ വാക്കുകള്‍ , പഴകിയ മനസ്സ് അവയെല്ലാം വെച്ചുതന്നെ വേണ്ടേ ഇനിയുമെഴുതാന്‍.... ഇതെല്ലാം എനിക്കുതന്നെ മടുത്തിരിക്കുന്നു....... ഇനി കുട്ടികള്‍ എഴുതട്ടെ ”
അവളവരുടെ കണ്ണുകളിലേക്ക് നോക്കി. ഇല്ല അവിടെ നിരാശയല്ല പകരം കുഞ്ഞുങ്ങളുടേത് മാത്രമായ അതേ നിഷ്ക്കളങ്കതയുടെ തിളക്കം.
“മിസിസ് നായര്‍ ഞാനൊരു പുതിയ ജന്മത്തെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു ഇപ്പോള്‍ . വീണ്ടും ഒരു കുഞ്ഞായി ജനിച്ചു ആ കണ്ണുകളിലൂടെ മറ്റൊരു ലോകം കാണാന്‍ എനിക്കു കൊതിയായിത്തുടങ്ങിരിക്കുന്നു. എനിക്കു സ്വന്തമായൊരു പേരും ആ പേരില്‍ എന്നെ മറ്റുള്ളവര്‍ തിരിച്ചറിയുകയും ചെയ്യുന്ന ഒരു ലോകം. എന്റെ കണ്ണുകള്‍ പോലും ഞാനാര്‍ക്കും ദാനം ചെയ്യില്ല. ആഗ്രഹിക്കാത്ത കാഴ്ച്ചകളില്‍ അവ തളര്‍ന്നിരിക്കുന്നു . ഇത്രകാലം നമുക്ക് കൂട്ടുനിന്ന അവരെ ഈ മടുപ്പില്‍ വിട്ടിട്ടു പോകുന്നതില്‍ എന്തോ ഒരു തെറ്റുപോലെ.”
കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഏതോ ഭയം തന്റെ മനസ്സിനെ ഗ്രസിക്കുന്നതായി മാലിനിക്കനുഭവപ്പെട്ടു. കുട്ടികള്‍ അകലങ്ങളിലാവുമ്പോഴുള്ള ശൂന്യത .......വാര്‍ദ്ധക്യത്തിന്റെ അരക്ഷിതാവസ്ഥ അങ്ങിനെ പലതും അവരുടെ വാക്കുകളില്‍ നിന്നും ഇഴപിരിച്ചെടുക്കാന്‍ അവള്‍ ശ്രമിച്ചു. മാലിനിയുടെ ആകുലഭാവം കണ്ടിട്ടാവണം അവര്‍ ഉറക്കെ ചിരിച്ചത്.
“ഭയപ്പെടേണ്ട ഞാന്‍ ആത്മഹത്യ ചെയ്യുന്ന കാര്യമൊന്നുമല്ല പറഞ്ഞത്. ദേശാടനപ്പക്ഷികളുടേത് പോലെയാവണം ജീവിതം. ഒരേ തീരത്ത് ഒരുപാടുകാലം ഒരേകഴ്ചയും ഒരേ കാലവ്യവസ്ഥയുമായി ജീവിക്കുന്നതിലും മടുപ്പെന്തുണ്ട്..... ദേശങ്ങളില്‍ നിന്ന്‍ ദേശങ്ങളിലേക്ക് കാലങ്ങളില്‍ നിന്ന് കാലങ്ങളിലേക്ക് ചിന്തകളില്‍നി്ന്ന് ചിന്തകളിലേക്ക് പറന്നുകൊണ്ടേയിരിക്കണം.. ”
തിരിച്ചുപോകാറായി എന്നതിനെക്കാള്‍ പുതിയൊരു ജന്മത്തിനു തെയ്യാറെടുക്കുന്നതിലുള്ള ഉത്സാഹം ആയിരുന്നു അവരുടെ വാക്കുകളില്‍ കണ്ടത്.
“അത് വീടൂ... ഇപ്പോഴെന്തൊക്കെയാണ് നിന്റെ വിശേഷങ്ങള്‍ ...... ”
അവളുടെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലാവണങ്ങളെപ്പറ്റി അവര്‍ക്കു നല്ലപോലെ അറിയാം. നിറം മങ്ങിയ കാഴ്ചപ്പാടുകളുമായി എഴുതിമടുത്ത വാക്കുകളുപയോഗിച്ച് അടുത്ത കാലങ്ങളില്‍ ഒരാചാരംപോലെ താന്‍ ബ്ലോഗില്‍ എഴുതിനിറക്കുന്ന ചവറുകളെപ്പറ്റി അവരോടൊന്നും പറയാതെ മാലിനി വെറുതെ ചിരിച്ചു.
അവരുടെ തണുത്ത കൈകള്‍ കയ്യിലെടുത്ത് ആ മുഖത്തേക്കു നോക്കുമ്പോള്‍ പടിക്കലെത്തി തിരിഞ്ഞുനോക്കുന്ന കാലത്തിന്റെ നിസ്സംഗത ആ കണ്ണുകളിലവള്‍ക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു . കൂടെ സ്വന്തമായൊരസ്തിത്വവുമായി തിരിച്ചെത്തുമെന്ന ആത്മവിശ്വാസവും.
പുതുവര്‍ഷപ്പിറവിയില്‍ നവനവങ്ങളായ ആശയങ്ങളുടെ പേനത്തഴമ്പുകള്‍ ആ വിരലുകളില്‍ തിരിച്ചെത്തണെയെന്ന് പ്രാര്‍ത്ഥനയുമായി പതുക്കെ കൈകളയയുമ്പോള്‍ പിന്നില്‍ നിന്നാരോ മാലിനിയെ വിളിക്കുന്നുണ്ടായിരുന്നു “മിസിസ് നായര് “............