ശനിയാഴ്‌ച, ഡിസംബർ 10, 2011

വികല്പം.........

ഓരോ തവണ ഇരുള്‍മൂടിനിറയുമ്പോഴും
ജാലകം പരക്കെ തുറന്നുനോക്കും ......
ഓരോ ഇടിവെട്ടിലും പിടഞ്ഞുണര്‍ന്ന്
കൂട്ടംകൂട്ടമായി തൊടിനിറഞ്ഞ്
ചുവന്നുതുടുത്തു നിരന്നിരുന്ന
ഇടിവെട്ടിപ്പൂവുകള്‍ക്കു പകരം
ഒറ്റയും തെറ്റയുമായി തലതാഴ്ത്തി
ചോരവാര്‍ന്ന മുഖവുമായി ചിലത്........

കടും നിറങ്ങളില്‍ പൂത്തുനിന്നിരുന്ന
തെച്ചിക്കിപ്പോള്‍ വികിരണകാലം
ഒഴുകിയൊലിച്ചിറങ്ങിയ ചുകപ്പ്
വ്യര്‍ത്ഥമായ അസ്തിത്വം മടുത്ത്
മണ്ണിനടിയിലേക്ക് തലപൂഴ്ത്തുന്നു.

വീണ്ടുമേതോ ഗതകാലസ്മരണയില്‍
ഉയിര്‍ത്തെഴുന്നേറ്റ് മുഖമുയര്‍ത്തുമ്പോള്‍
ഉയരങ്ങളിലെ സൂര്യതാപത്തില്‍
വെള്ളവും വളവുമില്ലാതെ കരിയുന്നു.

വെട്ടി മുറിച്ച്പങ്കുവെയ്ക്കപ്പെടുമ്പോഴും
നെടുവീര്‍പ്പുമായി ഞെട്ടിയുണര്‍ന്നൊരു
പെരുമഴയായി പെയ്തുനിറയുന്നുണ്ട്
ഒരമ്മയുടെ മക്കള്‍ക്കായുള്ള കരുതല്‍ ...............

15 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

തെച്ചിക്കിപ്പോള്‍ വികിരണകാലം..........

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

തെച്ചിക്ക് ഇടിവെട്ട് പൂവെന്നും പറയാറുണ്ടോ..?
പതിവില്‍ നിന്നും ഇത്തിരി കടുപ്പം ഉള്ളത് കൊണ്ട് ഞാന്‍ ഒന്നും പറയാതെ പോകുന്നു. :-)

Unknown പറഞ്ഞു...

ഇടിവെട്ടി വീഴുന്നവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൊതിക്കാറില്ല

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

വികിരണമേല്‍ക്കാത്തവരാരുണ്ട് ഭൂമിയില്‍........

Manoraj പറഞ്ഞു...

കവിത ചെറുവാടി പറഞ്ഞപോലെ അല്പം കടുപ്പം.

പ്രയാണ്‍ പറഞ്ഞു...

മന്‍സൂര്‍ ചെറുവാടി
തെച്ചിവേറെ ഇടിവെട്ടിപ്പൂ വേറെ

മനോ,ചെറുവാടി മനസ്സ് കനത്തപ്പോള്‍ ആരോടൊക്കെയോ ഉള്ള സങ്കടം ഒന്നിറക്കിവെച്ചതാണ്‍.... വിശ്വാസം അതല്ലേ എല്ലാം....:)

MyDreams അതാര് പറഞ്ഞു?

മനോജ് കെ.ഭാസ്കര്‍ അതുശരിയാണ്‍.. പക്ഷേ ഒഴുകിപ്പോകുന്ന നിറങ്ങള്‍ അപ്പാടെ തിരിച്ചുപിടിക്കാന്‍ വിഷമമാണ് എന്നതാണ് സങ്കടം.....
എന്തോ എറര്‍ കാരണം ആദ്യത്തെ മൂന്നു വരികള്‍ ബ്ലോഗില്‍ വന്നിരുന്നില്ല.

ശ്രീനാഥന്‍ പറഞ്ഞു...

കടും ചുവപ്പിന്റെ കാലം കഴിഞ്ഞോ .... വെള്ളവും വളവുമില്ലാതെ സൂര്യതാപത്തെ താങ്ങാനാകാതെ.. ചോരവാർന്ന മുഖവുമായി .. വല്ലാത്ത ഒരു കാഴ്ച്ചയാണ് ഈ കവിത (ഈ കാലം) തരുന്നത്.

മുകിൽ പറഞ്ഞു...

പ്രതാപം കൊഴിഞ്ഞ പൂക്കളുടെ കാലം. കാലത്തിന്റെ ച്ഛേദം..

Echmukutty പറഞ്ഞു...

വരികൾ വല്ലാതെ ഉലയ്ക്കുന്നുവല്ലോ....

പ്രയാണ്‍ പറഞ്ഞു...

ശ്രീനാഥന്‍
മുകിൽ
Echmukutty

താങ്ക്സ് ......ഹൈബ്രിഡ് പൂക്കളല്ലെ ഇപ്പോഴുള്ളത് ...... സങ്കടം തോന്നീട്ടു കാര്യം ഇല്ല.....പഴയതുപോലുള്ള നിറമൊന്നും മോഹിക്കണ്ട...

ഗീത പറഞ്ഞു...

എന്തോ സങ്കടമുണ്ടല്ലേ? നരച്ചതിനേയും നിറം കെട്ടതിനേയും മാത്രമേ കാണുന്നുള്ളൂ?

yousufpa പറഞ്ഞു...

എല്ലാം കൈവിട്ട് പോയിക്കൊണ്ടിരിക്കുന്നു. തോവളപ്പൂക്കൾ തന്നെ ശരണം.

വിജീഷ് കക്കാട്ട് പറഞ്ഞു...

ഓര്‍മകള്‍ക്കും പൂവുകള്‍ക്കും ഗന്ധവും വര്‍ണവും നഷ്ടപ്പെടുന്നു, അല്ലേ ചേച്ചീ

പ്രയാണ്‍ പറഞ്ഞു...

ഗീത ചുറ്റിലും കാലഹരണപ്പെട്ടതും നിറംകെട്ടതുമായ സംഭവങ്ങളാവുമ്പോള്‍ കാണാതിരിക്കുന്നതെങ്ങിനെ?

yousufpa അതേ നമ്മുടെ നല്ല മനസ്സിനെ മുതലെടുത്ത് നമ്മളെ വിഡ്ഢിയാക്കിക്കൊണ്ടേയിരിക്കുന്നു.....

വിജീഷ് കക്കാട്ട് നമുക്കതു കാണാനുള്ള ഭാഗ്യമെങ്കിലും ഉണ്ടായി.ഹൈബ്രിഡുകള്‍ക്കിടയില്‍ വരും തലമുറക്ക് അതെല്ലാമൊരു ഫെയ്റീടെയില്‍ മാത്രമാവും.....

majeed alloor പറഞ്ഞു...

അവസാനത്തെ വരികൾ വല്ലാതെ നൊമ്പരപ്പെടുത്തുന്നു..?!!