ശനിയാഴ്‌ച, ജൂലൈ 30, 2011

ഇടവേളകളില്‍ നഗരം...........പറന്നുനിറയുന്ന ചൂടന്‍ കാറ്റിനു
ഗന്ധകമണമെന്ന്
ആരൊക്കെയോ …...
നഷ്ടപ്പെടാത്ത ജീവശ്വാസത്തിന്റെ
വിലയറിഞ്ഞ് നീട്ടിവലിക്കുമ്പോള്‍
പുനര്‍ജ്ജനി നൂണ്ടിറങ്ങിയകിതപ്പ്...

******

ഉടമസ്ഥനില്ലാത്ത
ബാഗ്
പെട്ടി
വാഹനങ്ങള്‍
എന്നുംചൊല്ലി
അരോചകമാക്കുന്നുണ്ട്
വര്‍ണ്ണാക്കാഴ്ചകളെ
ചെകിടടപ്പിക്കുന്ന
അറിയിപ്പുകള്‍ .......
മായാനഗരങ്ങളെയവ
സുഖകരമല്ലാത്ത ഓരോ
ഓര്‍മ്മക്കുറിപ്പുകളാക്കുന്നു.

തകര്‍ന്നു ചിതറിയ സ്വപ്നങ്ങള്‍
കിടന്നു കിലുങ്ങുന്നുണ്ട്
ഓരോ പിടിമണ്ണിലും.......
തറച്ചുകയറുന്നുണ്ട്
ഓരോ കാല്‍ വെയ്പ്പിലും.

നിന്റെയുമെന്റെയുമെന്ന്
പകര്‍ത്തിയയെഴുതാനില്ലാതെ
തുടുത്തുനിറയുന്നതോര്‍ത്ത്
നെടുവീര്‍പ്പിടുന്നുണ്ട്
ഓരോ നഗരവും.......

.********

നഷ്ടങ്ങളുടെ കണക്ക്
നിവര്‍ത്താനില്ലാത്തവര്‍ക്ക്
കഴിഞ്ഞ ദുരന്തശേഷം
ഇനിയൊന്ന് വരും
വരെക്കുള്ള ഒരിടവേള .
ഇടവേളയുടെ ഇടയില്‍
എവിടെയോവെച്ചു തുടങ്ങുന്നുണ്ട്
എന്തോസംഭവിക്കാറായെന്ന്
എന്തിനെന്നറിയാതൊരു തിക്കുമുട്ട്.
ഓരോ ഇടവേളക്കവസാനവും
ദാനം കിട്ടിയജീവിതവുമായി
അറിയാതവര്‍ നടന്നുകയറും
മറ്റൊരിടവേളയിലേക്ക്,
ഇനിയുമൊരിടവേളയുടെ
അനശ്ചിതത്വവുമായി........

*********

തെരുവിലെ നായ്ക്കള്‍ക്കിടയില്‍
കല്ല് മുഖവുമായൊരു പെണ്‍കുട്ടി
ചുകന്നൊരുപൂ വില്‍ക്കുന്നു.
അവളുടെ ജീവഗണിതത്തിന്റെ
അവരോഹണത്തില്‍ പൂവിനായി
നീണ്ട എന്റെ വിരലുകളില്‍
പടര്‍ന്നുകയറുന്നു അവളുടെ
കണ്ണുകളില്‍ തിണര്‍ത്ത ശൈത്യം.
എന്റെ മനസ്സിലെ ഉഷ്ണം അവളിലും .
രാവിലെ പത്രത്താളില്‍ തട്ടിയുതിര്‍ന്ന
ചുകന്ന ഇതളുകളില്‍ ഞാന്‍
തിരഞ്ഞുകൊണ്ടിരിക്കുന്നത്
അവളുടെ മനസ്സിന്റെ് ഉഷ്ണമോ
എന്നിലുറഞ്ഞ ശൈത്യമോ ..........

വ്യാഴാഴ്‌ച, ജൂലൈ 21, 2011

വള്ളികള്‍ .........

രാവിലെത്തന്നെ കുളികഴിഞ്ഞു അന്നത്തെപത്രവും കയ്യിലൊരുകപ്പ് കാപ്പിയുമായി ഗോമതിടീച്ചര്‍ മുകളിലേക്കു നടന്നു. ക്ലോക്കില്‍ ആറരയടിച്ചപ്പോഴേക്കും ടീച്ചര്‍ മുകളിലെ വരാന്തയുടെ ചാരുപടിയിലിരുന്ന് പത്രം നിവര്‍ത്തിക്കഴിഞ്ഞിരുന്നു. അന്നേരമാണ് കറവക്കാരന്‍ പയ്യന്‍ നിര്‍ത്താതെ ബെല്ലടിച്ചുകൊണ്ട് സൈക്കിളില്‍ വരുന്നതും തെക്കേതില്‍ മുറ്റമടിക്കുന്ന കുഞ്ഞുലക്ഷ്മി നിവര്‍ന്ന്നിന്ന് കെട്ടഴിഞ്ഞെന്നമട്ടില്‍ ചൂലിനിട്ടു കൊട്ടുന്നതും അവര്‍തമ്മിലൊരു ചിരിമിന്നുന്നതും വടക്കോറത്തൊരു കാക്ക പിറുപിറുത്തുകൊണ്ട് തലേന്ന് രാത്രീലത്തെ വറ്റുതപ്പുന്നതും എന്തോ മറന്നതെടുക്കാന്‍ മറന്ന്‍ ഒരണ്ണാന്‍ മതിലിനുമുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും തിരക്കിട്ടോടുന്നതും മാക്കൊമ്പിലിരുന്ന് ഉണ്ണ്യേത്തിക്കിളികള്‍ കലപിലകൂട്ടുന്നതും ബാലന്‍ മാഷ് ഗേറ്റുതുറന്ന് പുറത്തേക്കിറങ്ങി മുകളിലേക്കു നോക്കി ടീച്ചറോട് കൈവീശിക്കാട്ടി നടക്കാനിറങ്ങുന്നതും കിഴക്കന്‍മലകള്‍ക്കിടയിലൂടെ എത്തിനോക്കി സൂര്യന്‍ ആയിരംവാട്ട് ചിരി ചിരിക്കുന്നതും. ഇനി മാഷിനു രാവിലത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കിവെച്ച് കൃത്യം ഏട്ടുമണിക്കു കുഞ്ഞുലക്ഷ്മി കേറിവരുന്നതുവരെ ടീച്ചര്‍ അവിടെ പത്രത്തിന്റെ ഏണുംകോണുമടക്കം നുള്ളിപ്പെറുക്കി വായിച്ചുകൊണ്ടിരിക്കും. തലേന്ന് രാത്രിയില്‍ മഴമെഴുകിയതിന്റെ ബാക്കി അവിടവിടെ കരി പിടിച്ച മുഖം മഞ്ഞിലൊളിപ്പിച്ച് എത്തിനോക്കുന്ന സൂര്യന്റെ ജാള്യത കണ്ടപ്പോള്‍ ടീച്ചര്‍ക്ക് ചിരിവന്നു.
ഗോമ്വോ അവിടെ ഒരു ചൂടിക്കഷ്ണണ്ടെങ്കില്‍ ഒന്നിങ്ങട്ടക്ക് താ
താഴെ അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് ഗോമതിട്ടിച്ചര്‍ നോക്കിയത് . ഇന്ന്‍ അമ്മ രാവിലെത്തന്നെ ഇറങ്ങിയിരിക്കുന്നു വളപ്പിലേക്ക്. ഇനി ചൂടിക്കഷ്ണം തപ്പാന്‍ താഴേക്കു പോണമെന്നോര്‍ത്തപ്പോള്‍ ടീച്ചര്‍ക്കിത്തിരിദ്വേഷ്യമൊക്കെ വന്നു. പച്ചക്കറിത്തോട്ടം അമ്മയുടെ സ്വന്തമായിരുന്നു. അവിടെ തപ്പിയും തടഞ്ഞും വള്ളികള്‍ക്ക് ചുറ്റും നടന്ന് അവയോട് പുന്നാരിച്ചും അവയെ തിന്നാന്‍ വരുന്ന പ്രാണികളെ വാതോരാതെ ചീത്തപറഞ്ഞും കുറെനേരം നടന്നില്ലെങ്കില്‍ പിന്നെ അമ്മയ്ക്കു വല്ലാത്ത പരവേശമാണ്. കയ്പ്പവള്ളിയും പടവലവും ചിലപ്പോള്‍ സ്നേഹത്തോടെ അമ്മയുടെ കവിളില്‍ താലോടുന്നതും നിറുകില്‍ ഉമ്മവെക്കുന്നതും ടീച്ചര്‍ കൌതുകത്തോടെ നോക്കിനില്‍ക്കാറുണ്ട്. മഴതോരാതെപെയ്യുന്ന ദിവസങ്ങളില്‍ ടീച്ചറുടെ കാര്യം കഷ്ടമാണ്. അമ്മയ്ക്കന്ന് പഴമ്പുരാണക്കെട്ടഴിച്ച് വിസ്തരിച്ച് വിഴുപ്പലക്കാനുള്ള ദിവസമാണ്. ആവശ്യത്തിന് സോപ്പും വെള്ളവും തേച്ചുരക്കാനൊരുകല്ലും വേണ്ടസമയത്ത് കിട്ടിയില്ലെങ്കില്‍ അലക്കിന്റെ തരം മാറും.അതിനാല്‍ ടീച്ചര്‍ അമ്മയുടെ ഈ പച്ചക്കറി പാരിപാലനത്തിന്ന് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തിരുന്നു. ടീച്ചര്‍ക്കുമുണ്ടായിരുന്നു പവിഴമല്ലിയും ചെംമ്പകവും സ്വര്‍ണ്ണലരിയും പിച്ചകവും മറ്റും പൂത്തുനില്‍ക്കുന്ന ഒരുതോട്ടം. മുകളിലെ വരാന്തയിലേക്ക് പടര്‍ന്നുകയറി സന്ധ്യക്ക് മദഗന്ധം പരത്തി പൂത്തുനിറയുന്ന വര്‍ണ്ണസുഗന്ധിയോടായിരുന്നു ടീച്ചര്‍ക്കേറെയിഷ്ടം.
മഴയത്ത് അയകെട്ടാനായി സ്റ്റോറില്‍ കരുതിവെച്ചിരുന്ന ചൂടിക്കഷ്ണമെല്ലാം തീര്‍ന്നിരിക്കുന്നത് കണ്ടപ്പോള്‍ ഗോമതിടീച്ചര്‍ക്ക് അത്ഭുതം തോന്നി. കയ്യില്‍ തടഞ്ഞ ഒരുകഷ്ണം ചാക്കുചരടുമായി അവര്‍ തോട്ടത്തിലേക്ക് ചെന്നു. പടര്‍ന്നുകയറാന്‍ ഒരു താങ്ങ് തേടി കാറ്റില്‍ ആടിക്കൊണ്ടിരിക്കുന്ന ഒരു പയറുവള്ളിയാണ് പ്രശ്നക്കാരി. അതിനെ കെട്ടിയൊതുക്കി അമ്മ അകത്തേക്ക് നടന്നപ്പോള്‍ ടീച്ചര്‍ വള്ളികള്‍ക്കിടയിലേക്കിറങ്ങി. ഓരോവളളിയേയും അനങ്ങാന്‍ കഴിയാത്തവിധത്തില്‍ കൊമ്പിനോട് ചേര്‍ത്തു ഏട്ടുപത്തിടങ്ങളിലായി ചൂടിക്കഷ്ണംകൊണ്ട് കെട്ടിവെച്ചിരിക്കുന്നതു കണ്ടപ്പോള്‍ ഗോമതിടീച്ചര്‍ക്ക് ശ്വാസം മുട്ടുന്നപോലെ തോന്നി . കാറ്റിലൂഞ്ഞാലാടാന്‍ കഴിയില്ലെങ്കില്‍ പിന്നെ വള്ളികളായി ജനിക്കുന്നതില്‍ എന്തര്‍ത്ഥം.
വള്ളികളിലെ കെട്ടുകള്‍ ഓരോന്നായി അഴിച്ചെടുക്കുമ്പോള്‍ ടീച്ചറോര്‍ത്തു ........അമ്മയെന്നും ഇങ്ങിനെയായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ വീട്ടുകാരെയും പ്രിയപ്പെട്ടവരേയും സ്നേഹച്ചരടില്‍ കെട്ടി അമ്മ പാവക്കൂത്താടുന്നത് ടീച്ചര്‍ അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. വീട്ടിലെ ഓരോ ചലനങ്ങളും നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നു.ഒരു കണക്കിനുപറഞ്ഞാല്‍ തന്റെ ജീവിതം പോലും കളിച്ചു കളിച്ച് അമ്മയില്‍നിന്നും കൈവിട്ടുപോയ ഒന്നായിരുന്നു എന്നോര്‍ത്തപ്പോള്‍ ടീച്ചര്‍ വള്ളികളിലെ കെട്ടുകള്‍ ധൃതിപിടിച്ച് അഴിച്ചെടുത്തു. അച്ഛന്‍ മരിച്ചശേഷമാണ് അമ്മ ഇങ്ങിനെ ഒരുപാട് മാറിയതെന്ന് ടീച്ചര്‍ ഓര്‍ത്തു. പത്തിരുപത് കൊല്ലം കഴിഞ്ഞിട്ടും ആവലാതികളും സങ്കടങ്ങളും കൂടിയിട്ടേയുള്ളൂ.
ഞാങ്കൂടെ പോയ്യാ ന്റെ കുട്ട്യേ നിയ്യ് ഒറ്റയ്ക്ക് ആവില്യേ ......അതോര്‍ക്കുമ്പളാ യ്ക്ക്
ഒരിക്കലെങ്കിലും ഈ പല്ലവിപാടാതെ ഒരു പകലും രാത്രിയായിട്ടില്ല.
മുകളില്‍ തിരിച്ചെത്തിയപ്പോഴേക്കും കാപ്പി തണുത്തിരിക്കുന്നു. പത്രം വായിക്കാനുള്ള മനസ്സും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ചാരുപടിയില്‍ മുഖം ചേര്‍ത്ത് ടീച്ചര്‍ പുറത്തേക്ക് നോക്കിയിരുന്നു. രാത്രിപെയ്ത മഴയില്‍ ഭൂമി കുളിര്‍ന്നിരിക്കുന്നു. ചെടികള്‍ കുളിച്ചീറനുടുത്ത് സുന്ദരികളായിരിക്കുന്നു. മുറ്റംനിറയെപവിഴമല്ലിപ്പൂക്കള്‍ കൊഴിഞ്ഞുകിടക്കുന്നു. പൂച്ചെടികളിലേതെങ്കിലും കന്നിപൂത്തത് അറിയിക്കാനാവണം പരിചയമില്ലാത്ത ഒരു മണവുമായി കാറ്റ് ടീച്ചര്‍ക്കുചുറ്റും ഒഴുകിനടന്നു. . താഴ്വാരങ്ങളിലെവിടെയോനിന്നു മഞ്ഞ് പുകഞ്ഞു പടരുന്നുണ്ടായിരുന്നു.നടക്കാനിറങ്ങിയ ബാലന്‍ മാഷ് അധികദൂരമൊന്നും പോയിട്ടില്ല. നാട്ടുകാരുടെ പ്രശ്നങ്ങളൊക്കെ തലയിലേറ്റി വെച്ച് ഭാരം കൂടുമ്പോള്‍ നടത്തം പതുക്കെയാവും. സ്വന്തമായൊരു കുടുംബമില്ലാത്ത മാഷിന്ന് എല്ലാം നാട്ടുകാരായിരുന്നു.
ടീച്ചറുടെ ഓര്‍മ്മയിലെന്നും ഒരു രക്ഷകന്റെ രൂപമായിരുന്നു മാഷിന്ന്. കുട്ടികളായിരുന്ന കാലം മുതല്‍ സ്കൂളിലും കോളേജിലും മാഷായിരുന്നു ടീച്ചറുടെ എന്നത്തേയും കൂട്ട് . പിന്നീടെപ്പോഴാണ് അവര്‍ക്കിടയില്‍ അവര്‍ ഗോമതിട്ടിച്ചറും ബാലന്‍മാഷും മാത്രമായത് എന്ന്‍ ടീച്ചര്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തനിക്ക് തെരുതെരെ കല്യാണാലോചനകള്‍ വന്നപ്പോഴായിരുന്നോ...... നല്ല നല്ല ആലോചനകള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് അമ്മ വേണ്ടെന്ന് വെച്ചപ്പോള്‍ ടീച്ചര്‍ക്ക് സന്തോഷമായിരുന്നു. എപ്പോഴോ കേള്‍ക്കാന്‍ കൊതിച്ച, ചോദിക്കാന്‍ ഭയന്ന് മാറ്റിവെച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കൊതിച്ച് കൊതിച്ചു മടുത്തപ്പോഴാണ് ടീച്ചര്‍ കല്യാണമേ വേണ്ടെന്ന് തീരുമാനിച്ചത്.
മഞ്ഞിനിടയിലേക്ക് നടന്ന് മറഞ്ഞില്ലാതാകുന്ന മാഷിനെ നോക്കിയിരുന്നപ്പോള്‍ എന്നും ഭയത്തോടെ മാത്രം നോക്കികണ്ടിരുന്ന ആ മഞ്ഞിലേക്കിറങ്ങിച്ചെന്ന് തങ്ങള്‍ക്കിടയില്‍ എത്താന്‍ മടിച്ചുനില്‍ക്കുന്ന വാക്കുകള്‍ ചികഞ്ഞെടുക്കാന്‍ ടീച്ചര്‍ക്ക് വല്ലാത്ത കൊതിതോന്നി.

ഞായറാഴ്‌ച, ജൂലൈ 17, 2011

ശലഭഗീതം...........അറിയുന്നുനിന്നിളംവി
ഹ്വലതകള്‍ വെറും
പാതിവഴിയെത്തി
പതിയെ തിരിഞ്ഞോടു-
മൊരുകിനാപ്പൈതലിന്‍
ഇനിയും തുറക്കാത്ത
കുനുമിഴിക്കോണുകളില്‍
പതിയെമിടിക്കുന്ന
നെഞ്ചിന്‍ പിടച്ചിലില്‍
അയയാന്‍ മടിക്കുന്ന
കുഞ്ഞിളം വിരലിലും
വിരിയാന്‍ കൊതിക്കുന്ന
നറുമലര്‍ച്ചുണ്ടിലും
പൂംചിറകുവീശി
പ്പറക്കാന്‍ കൊതിക്കും
ശലഭമോഹങ്ങളില്‍
പതിയിരുന്നെറ്റും
തമോഗര്‍ത്ത ഭീതി.
***
ഇന്നില്‍ക്കുരുത്തതി-
ന്നേറെപ്രിയംചൊല്ലി
മണ്ണൂറിടുംനഞ്ച്
മാറില്‍നുരയും നഞ്ച്
കണ്ണുറങ്ങുണ്ണീടെ
കാതുറങ്ങുണ്ണിയീ
നാവുറങ്ങട്ടതില്‍
നാടുമുറങ്ങട്ടെ-
ന്നുണ്ണിക്കിടാങ്ങളെ
താരാട്ടിയൂട്ടവേ
അമ്മക്കുടംതിളച്ചാ-
വിയായ് മേഘമതു
പെയ്യാനിടംപേര്‍ത്തു
വിങ്ങുമൊരുതാപം
തന്നില്‍ക്കരിഞ്ഞിടും
കുഞ്ഞിളംപൂവിനായ്
ഉള്ളിലൊരു നാവോറു
ണര്‍ന്നതിന്നീരടി
പാടുവാനോര്‍ക്കെയീ
വീണക്കുടത്തില്‍നി-
ന്നൂര്‍ന്നിറങ്ങുന്നതൊരു
തേങ്ങലിന്നീണം..........

ഞായറാഴ്‌ച, ജൂലൈ 10, 2011

ഡിമന്‍ഷ്യയുടെ ആദ്യാക്ഷരി


അയവിറക്കി അയവിറക്കി

നിന്റെ ഓര്‍മ്മകള്‍ക്ക്

കൊമ്പു മുളക്കുന്നത്

നോക്കിയിരിക്കയാണ് ഞാന്‍ ....

വര്‍ത്തമാനത്തിന്റെ

തരിശില്‍നിന്നും

മുന്നറിയിപ്പില്ലാതെ

സെക്കന്‍റുകള്‍കൊണ്ട്

കുതിച്ചെത്തി ഭൂതത്തിന്റെ

പച്ചപ്പുകള്‍ ഓരോന്നായി

കടിച്ചെടുത്ത് ചവച്ചിറക്കി

ശാന്തമായെന്നെ നോക്കി

അയവിറക്കുമ്പോള്‍

കൂടെയെത്താന്‍ പാടുപെട്ട്

കിതയ്ക്കുകയാണ് ഞാന്‍.....

ഒരു കുഞ്ഞുടുപ്പുമിട്ട്

നിന്റെ കയ്യില്‍തൂങ്ങി

നടന്ന വഴികളിലൂടെ

വീണ്ടും വീണ്ടും നടന്ന്

കൊഴിഞ്ഞുവീണ

ഇന്നലെകള്‍

എണ്ണിപ്പെറുക്കി

ഡിമന്‍ഷ്യയുടെ ആദ്യാക്ഷരി

ഹൃദിസ്ഥമാക്കുകയാണ്

നമ്മളിപ്പോള്‍ .........

തിങ്കളാഴ്‌ച, ജൂലൈ 04, 2011

ദേവൂട്ടി........


മെയില്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ദേവൂട്ടി മുകളിലെമുറി അടിച്ചുതുടക്കാന്‍ വന്നത്. ലാപ് ടോപ്പ് കണ്ടപ്പോള്‍ ഡി വി ഡി പ്ലെയെര്‍ ആണെന്നുകരുതിയാവണം ഉടനെ ചോദ്യം വന്നു......

“ഇത് സില്‍മ വെക്കണ പെട്ടിയാണോ ...”

ഇത് കമ്പ്യൂട്ടറാണെന്നും ഇതില്‍ നിറയെ എന്റെ കൂട്ടുകാരാണെന്നും ഞാന്‍ വായിക്കുന്നത് ദൂരങ്ങളില്‍ നിന്നും എനിക്കുവന്ന എഴുത്തുകളാണെന്നും പറഞ്ഞപ്പോള്‍ ദേവൂട്ടിയുടെ മുഖം വിടര്‍ന്നു. അപ്പോഴാണ് എനിക്കൊരു കുസൃതി തോന്നിയത്.

“ഇതിന്നുള്ളില്‍ ദേവൂട്ടീംണ്ട് ട്ടോ”

“എവിടെ കാണട്ടെ”

ഈ ഞാനോ എന്ന ഭാവമായിരുന്നു പാവം ദേവൂട്ടിയുടെ മുഖത്ത്. എന്റെ മനസ്സില്നിന്നും ഞാന്‍ പകര്‍ത്തിയെഴുതിയ ദേവൂട്ടിച്ചിത്രങ്ങള്‍ കണ്ട് അവളെങ്ങിനെ പ്രതികരിക്കുമെന്ന് ചെറിയ ഭയമുണ്ടായിരുന്നെങ്കിലും ബ്ലോഗിലിട്ട അവളുടെ ചിത്രങ്ങള്‍ തപ്പിപ്പിടിച്ച് ഞാന്‍ ദേവൂട്ടിയുടെ മുന്നില്‍ നിരത്തി.

“നിക്കൊന്നും കാണണ്ല്ല്യാട്ടോ ... ഇപ്പഴിപ്പഴായിട്ട് കണ്ണ് പിടിക്ക്ണില്ല്യേയ്.”

“എന്നാ ദേവൂട്ടി ഈ കണ്ണടവെച്ചൊന്നു നോക്ക്യോക്കൂ.....” ഞാന്‍ എന്റെ കണ്ണടയെടുത്ത് ദേവൂട്ടിക്ക് കൊടുത്തു. കാണാതെ പറ്റില്ലല്ലോ. ഞാനീ കഷ്ടപ്പെട്ടു വരച്ച നമ്മുടെ പ്രിയപ്പെട്ട കഥാപാത്രത്തെ എവിടെനിന്നെനിക്ക് കിട്ടിയോ ആ ആള്‍ കണ്ടില്ലെങ്കില്‍ പിന്നെയെന്ത് കാര്യം. ഇതില്‍നിന്നും പ്രചോദനംകിട്ടി ദേവൂട്ടി എനിക്കു പുതിയ കഥകള്‍ കൊണ്ടുതന്നാലല്ലെ നിങ്ങളുടെമുന്നില്‍ എനിക്കിങ്ങനെ കഥ പറയാന്‍ പറ്റുള്ളൂ

“ഇപ്പൊ കാണാന്‍ണ്ടോ ദേവൂട്ടി?”

“ആഹാ” കണ്ണടക്കിടയിലൂടെ കൊച്ചുകുട്ടികളുടേതുപോലെ വിടര്‍ന്നു വന്ന ദേവൂട്ടിയുടെ കണ്ണുകളിലെ ഭാവം എങ്ങിനെ വരച്ചെടുക്കുമെന്നതായിരുന്നു അപ്പോള്‍ എന്റെ മനസ്സ് മുഴുവന്‍.

“ന്നാലുംന്റെ കുഞ്ചാത്തോലേ സമ്മതിച്ചൂട്ടോ..... ഉഷാറായിട്ട്ണ്ട്” ചില കമന്റുകളില്‍ കാണുമ്പോലെ കെട്ടിപ്പിടിച്ചുമ്മവെക്കാന്‍ തോന്നി എനിക്കപ്പോള്‍ ദേവൂട്ടിയെ.

“ഇതൊക്കെ ദേവൂട്ടീടെ കഥകളാണ് ...... “ഞാന്‍ ദേവൂട്ടിക്കഥകളിലൂടെ വെറുതെ സ്ക്രോള്‍ ചെയ്തു.

“നിക്കറിയാം കുട്ട്യാത്തല് പറഞ്ഞിട്ട് ണ്ടെയ്....... ന്റെ കഥ എഴുതാനിരുന്നാല്‍ കുഞ്ചാത്തലിന്റെ കയ്യ് കടയ്വേള്ളൂ .അത്രക്കിണ്ടേയ്.......” എനിക്കു പാവം തോന്നി. ദേവൂട്ടി കണ്ണട അഴിച്ചു എന്റെ കയ്യില്‍ തന്നു.

“ദേവൂട്ടിക്ക് ഞാനൊരു കണ്ണട വാങ്ങിത്തരട്ടെ?” ദേവൂട്ടി ചുറ്റുപാടുമുള്ള കഥകള്‍ കാണാഞ്ഞതുകൊണ്ട് എനിക്കു കഥകള്‍ കിട്ടാതെവന്നാലോയെന്ന സ്വാര്‍ത്ഥത ആ ചോദ്യത്തില്‍ നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ അത് ശരിയല്ലാട്ടോ.

“ നിക്കിനിപ്പെന്തിനാ കണ്ണട "

“അതെന്തേ?”

“അതിനിപ്പം നിക്ക് വായിക്കാനറീല്ലാലോ.....ന്നെ ആരും പഠിപ്പിച്ചില്യേയ്......ന്റെ കുട്ട്യേ പഠിപ്പിക്കാംന്ന്ച്ചപ്പോ ഓള്‍ക്ക് പഠിക്കണ്ടാന്ന് .....നാലാം ക്ളാസ്സില് എത്ത്യേപ്പളക്കും അവക്ക് മടുത്തുത്രേ . ഓള്‍നെ പറഞ്ഞിട്ടു കാര്യംല്യേയ് ...... ...ഒരോ ക്ലാസ്സിലും ഈരണ്ടുകൊല്ലം പഠിച്ചപ്പഴക്ക് ഓടെ കൂടിള്ള കുട്ട്യോളൊക്കെ വല്ല്യേ ക്ലാസ്സിലായി .. ഓള്‍ടെ കൂടെ കൊറേ പീക്കിര്യോളും പിന്നെങ്ങിന്യാ. അയ്ന്റെ കാര്യം ആലോചിക്ക്മ്പഴാ നിക്ക് വല്ലാത്ത സങ്കടം. അതൊരു കഥന്ന്യാണേയ്........."

കാര്യം ശരിയായിരുന്നു. കഴിഞ്ഞാഴ്ച ദേവൂട്ടിയുടെ മകളുടെ പെണ്ണുകാണല്‍ വിശേഷങ്ങള്‍ക്ക് ഇടയിലാണ് ഞാന്‍ മകളുടെ മുന്‍പ് കഴിഞ്ഞ കല്യാണം ലീഗലി ഡൈവോഴ്സായോ എന്നു തിരക്കിയത്. അതിനുള്ള പേപ്പറുകളെല്ലാം ഒപ്പിട്ടുകൊടുത്തിട്ട് ഒരു വര്‍ഷമായത്രേ. ഇടക്കിടക്ക് വക്കീലിന്നു കൊടുക്കാണെന്നും പറഞ്ഞു ഭര്‍ത്താവ് നാരാണേട്ടന്‍ ചോദിക്കുമ്പോ പാവം പണം സ്വരുക്കൂട്ടാന്‍ ഓടിനടക്കുന്നത് കാണാറുണ്ട്. നാലഞ്ചു വീടുകളില്‍ നിന്നും ജോലിചെയ്ത് കിട്ടുന്ന പണമെല്ലാം ഇങ്ങിനെ തീരുമായിരുന്നു.

“അതൊക്കെ ശര്യായേക്കുണു....കഴഞ്ഞാഴ്ച്ചേണ് ചെക്കന്റെക വീട്ട്കാര് അതിന്റെ കടലാസ് കാണിക്കാന്‍ പറഞ്ഞത്. വക്കീലിന്റോടെ ചെന്നപ്പോ ആ കടലാസിന്റെ പകര്‍പ്പ് തന്നൂത്രേ. അയിനന്നെ വക്കീലിന് നാനൂറുറുപ്യ കൊടുക്കണ്ടിവന്നൂത്രേ . “

ഇതിലെന്തോ ഒരു ശരിയല്ലായ്മ തോന്നിയപ്പോഴാണ് ഏട്ടന്‍ വക്കീലിനെ വിളിച്ചൊന്നു സംസാരിക്കാന്‍ തീരുമാനിച്ചത്.അലിമണി (ഒരു ചില്ലിക്കാശുപോലും വരുമാനവുമില്ലാത്ത ഒരാളുടെ കയ്യില്‍ നിന്നും!!) ക്കല്ലാതെ ഡൈവേഴ്സിനായൊരു കേസ് കൊടുത്തിട്ടില്ല എന്നായിരുന്നു അയാളുടെ മറുപടി. പിന്നെയെന്തിനാണ് അതും പറഞ്ഞ് ഫീസ് വാങ്ങുന്നതെന്ന ചോദ്യത്തിന് വക്കില്‍ ഉറക്കെ ചിരിച്ചത്രേ. നേരിട്ടുകണ്ട് സംസാരിക്കാനായി പറഞ്ഞ സമയത്ത് ഏട്ടന്‍ ഒറ്റപ്പാലത്തെത്തിയപ്പോള്‍ അയാള്‍ സ്ഥലം വിട്ടിരിക്കുന്നു.
വക്കീലും പകിടനാരാണേട്ടന്‍ എന്ന് ഇരട്ടപ്പേരുള്ള ദേവൂട്ടിയുടെ ഭര്‍ത്താവും കൂടി ദേവൂട്യേം മകളേം പറ്റിക്കയായിരുന്നു എന്നത് ആ പാവം സ്ത്രീക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.. എഴുത്തും വായനയുമറിയാത്ത എത്ര പേര്‍ ഇങ്ങിനെ പറ്റിക്കപ്പെടുന്നുണ്ടാവും. സമ്പൂര്‍ണ്ണസാക്ഷരമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇങ്ങിനെ . അപ്പോള്‍ മറ്റിടങ്ങളില്‍ എങ്ങിനെയായിരിക്കും. ഇതുപോലുള്ള ജോലികളില്‍ ധാര്‍മ്മികമൂല്യത്തിന്നു പ്രസക്തിയില്ലെന്ന് സൈദ്ധാന്തികമായി വാദിക്കാമെങ്കിലും മാനുഷികമൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ് എന്നത് ഭീഷണമായ ഒരവസ്ഥയാണ്. രാവുപകലില്ലാതെ വല്ലവരുടേയും വീടുകളില്‍ അദ്ധ്വാനിച്ച് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം വ്യാമോഹങ്ങള്‍ കൊണ്ട് പ്രലോഭിപ്പിച്ച് തട്ടിയെടുക്കുന്നത് ഒരുനിലക്കും സമ്മതിക്കാവുന്നതല്ല.

ഇത് വായിക്കുന്നവരില്‍ വല്ല വക്കീല്‍മാരുമുണ്ടെങ്കില്‍ അവരോട് ഒരു വാക്ക് ......നിങ്ങള്‍ ചെയ്യുന്ന ജോലിയോട് നിങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ശ്രമിക്കുക. പാവപ്പെട്ട ദേവൂട്ടിയെപ്പോലുള്ളവരുടെ കാര്യങ്ങളന്വേഷിച്ച് ഇതുപോലെയാരെങ്കിലും വരുമ്പോള്‍ അവരെ അഭിമുഖീകരിക്കാനാവാതെ ഒളിച്ചോടേണ്ടി വരാതിരിക്കട്ടെ. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ക്ക് വേണ്ടി ഉപകാരം ചെയ്തില്ലെങ്കിലും ഇതുപോലെ ഉപദ്രവിക്കാതിരിക്കുക.


ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........