തിങ്കളാഴ്‌ച, ജനുവരി 31, 2011

ആണിയടിക്കാത്ത വീടുകള്‍


ചുമരില്‍ ആണിയടിക്കാത്ത വീടുകള്‍
കടലു പോലെയാണ്.
അലഞൊറിഞ്ഞുടുത്ത മുഖംമൂടികള്‍
നമ്മെ അകത്തേക്കാനയിക്കും
നിസ്സംഗരായ പവിഴപ്പുറ്റുകളും
മുഖംതിരിക്കുന്ന മീനുകളും നിറഞ്ഞ
താഴ്വാരങ്ങളിലൂടെ നടത്തിക്കും.
അവസാനം ഓര്‍മ്മകളില്ലാതെ
വിളിച്ചിറക്കിയ തീരത്തടിയും.

ചുമരില്‍ ആണിയടിക്കാത്ത വീടുകള്‍
ആകാശം പോലെയാണ്.
കറുത്തപൊട്ടായി ചിറകുവിരിച്ചുയരുന്ന
ഒരു പക്ഷിക്കായി നമ്മള്‍ കണ്ണുകഴക്കുംവരെ
ചുമരുകളില്‍നിന്നും ചുമരുകളിലേക്ക്
സസൂക്ഷ്മം നോക്കികൊണ്ടേയിരിക്കും

ചുമരില്‍ ആണിയടിക്കാത്ത വീടുകള്‍
കൊമ്പുകള്‍ വെട്ടിയ മരം പോലെയാണ്.
ചേക്കേറാനൊരു ചില്ലയന്വേഷിച്ച്
കണ്ണുകള്‍ പറന്നുകൊണ്ടേയിരിക്കും.
മുഖമൊളിപ്പിക്കാന്‍ ഇലകളില്ലാത്തതിനാല്‍
വാക്കുകള്‍ വന്നുതറച്ചുകൊണ്ടേയിരിക്കും.

ചുമരില്‍ ആണിയടിക്കാത്തവീടുകള്‍
ചില സൗഹൃദങ്ങള്‍ പോലെയാണ്.
അകം മുഴുവന്‍ അലയാന്‍ വിട്ടിട്ടും
ഓര്‍ത്തുവെക്കാനൊന്നും തന്നെ
അവശേഷിപ്പിക്കാത്തതിനാല്‍ പറ്റെ
മറന്നുപോയ ചില പേരുകള്‍ പോലെ.

ചുമരില്‍ ആണിയടിക്കാത്ത വീടുകളില്‍
നമ്മളുപേക്ഷിച്ച നമ്മുടെ വിരലടയാളങ്ങള്‍
ചുഴിഞ്ഞിറങ്ങാന്‍ ഓര്‍മ്മകളില്ലാതെ
അലിഞ്ഞുചേരാന്‍ നിറങ്ങളില്ലാതെ
മറ്റൊന്ന് പതിഞ്ഞ് ഇല്ലാതാവും വരെ
നമ്മോടൊപ്പം തിരിച്ച്പോകാന്‍
വെറുതെ കൊതിച്ചുകൊണ്ടേയിരിക്കും.

ബുധനാഴ്‌ച, ജനുവരി 26, 2011

കുലുക്കുമല.


മൂന്നാറില്‍ ഏഴുദിവസം എന്നു പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുനു. ഇത്രക്കൊക്കെ എന്താണ് അവിടെ കാണാനുള്ളത് എന്ന്?
ചിന്നക്കനാലിലുള്ള സ്റ്റെര്‍ലിങ്ങ് റിസോര്‍ട്ടില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. രാവിലെ സൈറ്റ്സീയിങ്ങും വൈകുന്നേരം പ്രകൃതിഭംഗിയാസ്വദിച്ചുകൊണ്ടുള്ള നടത്തവും സന്ധ്യകളില്‍ കൂട്ടിനെത്തുന്ന നനുത്ത തണുപ്പും ഒക്കെക്കൂടെ അഞ്ചു ദിവസം പോയതറിഞ്ഞില്ല. ദൂരങ്ങളില്‍ പരന്നു നിറയാന്‍ തുടങ്ങുന്ന മഞ്ഞിലൂടെ ജലച്ചായചിത്രം പോലെ തെളിഞ്ഞിരുന്ന ആനയിറങ്കല്‍ ഡാമും തടാകവും തേയിലക്കാടുകളും ചീവീടുകളുടെ കരച്ചിലും സന്ധ്യയുടെ മണവും മൂന്നാറിന്റെ എസ്സന്‍സ് വൈകുന്നേരങ്ങളിലെ നടത്തങ്ങളില്‍ മുഴുവനായും ഞങ്ങളിലെത്തിച്ചു. ഡെല്‍ഹിയിലെ തിരക്കുനിറഞ്ഞ വൈകുന്നേരങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അത്.

നാളെക്കഴിഞ്ഞാല്‍ തിരിച്ചുപോകണമെന്ന ചിന്ത വല്ലാതെ വിഷമിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരിക്കലും മറക്കാന്‍ കഴിയാത്ത അധികം പേര്‍ ആസ്വദിച്ചിരിക്കാനിടയില്ലാത്ത എന്തെങ്കിലുമൊന്ന് കൂടെ കൊണ്ടുപോകണമെന്ന് തോന്നാന്‍ തുടങ്ങിയത്. ഞങ്ങളുടെ സ്ഥിരം സാരഥിയായിരുന്ന ഫ്രാന്‍സിസിനോട് ചോദിച്ചപ്പോള്‍ അയാള്‍ കുറെ സജഷന്‍സ് വെച്ചെങ്കിലും അതൊന്നുമായിരുന്നില്ല ഞങ്ങളുടെ മനസ്സില്‍ .അവസാനം അയാള്‍ പറഞ്ഞു " നമുക്ക് കുലുക്കുമലയില്‍ പോകാം...... നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ നല്ലൊരു സൂര്യോദയം കാണാം. രാവിലെ നാലേമുക്കാലിന്നു ഞാന്‍ ആളെ അയക്കാം."

രാവിലത്തെ തണുപ്പില്‍ എഴുന്നേല്‍ക്കാന്‍ കുറച്ചു മടിയുണ്ടായിരുന്നെങ്കിലും പോകാന്‍തന്നെ തീരുമാനിച്ചു. അഞ്ചുമണിക്ക് ജീപ്പ് വന്നു. ഡ്രൈവര്‍ പുതിയൊരാളായിരുന്നു.

ചെറിയ തണുപ്പുണ്ട്. ഡെല്‍ഹിയിലെ കടുത്ത തണുപ്പ് ശീലമായ ഞങ്ങള്‍ക്ക് ഏപ്രിലിലെ മൂന്നാറിലെ തണുപ്പിനോട് വലിയ പേടിയൊന്നും തോന്നാതിരുന്നതിനാല്‍ വേണ്ടത്ര വൂളനൊന്നും കരുതിയിരുന്നില്ല. ജീപ്പ് ഇരുട്ടിനെ തുളച്ചുകൊണ്ട് ഓടാന്‍ തുടങ്ങി .വഴിയിലൊന്നും ആരുമുണ്ടായിരുന്നില്ല. ചിന്നക്കനാലും സൂര്യനെല്ലിയും ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമവും കഴിഞ്ഞ് ഞങ്ങള്‍ ഒരെസ്റ്റേറ്റിന്റെ ഇടുക്കുവഴികളിലൂടെ മലകയറാന്‍ തുടങ്ങി. ഞങ്ങള്‍ രണ്ടുപേരും മാത്രമാണ് എന്നതോന്നലില്‍ ചെറുതായി ഭയം തോന്നാന്‍ തുടങ്ങി. ജീപ്പിന്റെ വെളിച്ചം മാത്രം. ചുറ്റിലും എന്താണെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. വീതികുറഞ്ഞ ഹെയര്‍പിന്‍ വളവുകളില്‍ ജീപ്പ് കടന്നുപോകാന്‍ ബുദ്ധിമുട്ടി. ചെറുതായൊന്നു തെറ്റിയാല്‍ വീഴുന്നത് കൊക്കയിലേക്കാണെന്നത് തിരിച്ചറിയാന്‍ വെളിച്ചമുണ്ടായിരുന്നില്ലല്ലൊ. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചെക്ക്പോസ്റ്റ് വന്നു. ഇരുട്ടില്‍ എവിടെയൊക്കെയോ ആരോക്കെയൊ ഉണ്ടെന്ന തോന്നല്‍ ലേശം സമാധാനം തന്നു. അവിടെ നിന്നും പാസെടുത്തിട്ടു വേണം മുന്നോട്ടുപോകാന്‍. വീണ്ടും അതെ പോലെ കുറേദൂരം കൂടി മുന്നോട്ടുപോയി. ആ മലയുടെ ഒരുഭാഗം തമിഴ്നാടും മറുഭാഗം കേരളവുമാണ്‍. കാലാവസ്ഥ നന്നെങ്കില്‍ ഒരുഭാഗത്ത് ദൂരെ കൊടൈക്കനാല്‍ കാണാന്‍ പറ്റുമത്രെ. പക്ഷെ ഇരുട്ടും മഞ്ഞും കാരണം ഒന്നും കാണാനുണ്ടായിരുന്നില്ല. കുറേ ദൂരം പിന്നിട്ടപ്പോള്‍ ഒരു തുറന്ന സ്ഥലത്തെത്തിയപോലെതോന്നി. ഞങ്ങളെക്കാള്‍ മുന്നിലെത്തിയ രണ്ടു ജീപ്പുകള്‍ അവിടെ കണ്ടപ്പോഴാണ് ശരിക്കും സമാധാനമായത്. രണ്ട് ചെറിയകുട്ടികളുമായി ഒരു ഉത്തരേന്ത്യന്‍ ഫാമിലിയായിരുന്നു ഒന്നില്‍ എന്നത് അത്ഭുതം തോന്നിച്ചു . മടിപിടിച്ച ഭര്‍ത്താവിനെ ഉറങ്ങാന്‍ വിട്ട് തനിയെ വന്ന ഒരു ബോംബെക്കാരിയായിരുന്നു മറ്റേതില്‍ ‍. അവരെ തലെദിവസം മറ്റൊരു സ്ഥലത്ത് വെച്ച് ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു.
ജീപ്പില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ ശരിക്കും മറ്റൊരുലോകത്തെത്തിയ അനുഭവമായിരുന്നു.
ആകാശവും പുതച്ച് ഭൂമി കൊച്ചുകുട്ടിയെപ്പോലെ എല്ലാം മറന്നുറങ്ങുന്ന കാഴ്ച്ച മറക്കാനാവില്ല. ആകാശയാത്രയിലെന്നപോലെ എങ്ങും വെളുത്ത മേഘങ്ങള്‍ മാത്രം . മണ്ണില്‍ നില്‍ക്കുകയായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ സംശയം തോന്നുമായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം എണ്ണായിരം അടി ഉയരത്തിലാണത്രെ ഞങ്ങള്‍ നില്‍ക്കുന്നത്. അതനുഭവിപ്പിച്ചുകൊണ്ട് തണുത്ത കാറ്റ് ശക്തിയായി ആഞ്ഞടിച്ചുകൊണ്ടിരുന്നു. വെളുത്ത മേഘങ്ങള്‍ക്കും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനുമിടയില്‍ ഇനിയെന്ത് എന്നാലോചിച്ചിരിക്കുമ്പോഴാണ് ആകാശം പതുക്കെ നിറം മാറാന്‍ തുടങ്ങിയത്. നോക്കിയിരിക്കെ വെളുത്ത പഞ്ഞിപ്പുതപ്പുകള്‍ക്കിടയിലെവിടെയോ ഒരു മല ഉറക്കമുണരുന്നു. പരന്നുകിടന്ന മുടി മാടിയൊതുക്കിക്കെട്ടുന്നു. വാരിയണിഞ്ഞ ചേലത്തുമ്പ് കാറ്റിന്റെ കുസൃതിയില്‍ ആകാശമാകെ പരന്നു നിറഞ്ഞ് നിറങ്ങളുടെ ഒരു മായക്കാഴ്ച്ചയൊരുക്കുന്നു. പതുക്കെ ഉയരുന്ന നെറ്റിയില്‍ ചുകപ്പു നിറത്തില്‍ വട്ടമൊത്തൊരു കുംങ്കുമപ്പൊട്ട് . അതില്‍ നിന്നുമുയരുന്ന പ്രകാശത്തില്‍ പ്രപഞ്ചമൊന്നാകെ ഉറക്കമുണരുന്നു.സ്വര്‍ഗ്ഗ തുല്യമായ കാഴ്ച്ചകള്‍ക്കുമുന്നില്‍ ഞങ്ങള്‍ സ്തബ്ധരായി നിന്നു.

മടങ്ങുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞുകൊണ്ടിരുന്നു" നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്........ മഞ്ഞുകാരണം വരുന്നവര്‍ പലപ്പോഴും ഒന്നും കാണാതെ മടങ്ങിപ്പോകാറാണ് പതിവ്. ഞങ്ങള്‍ക്കുമറിയാമായിരുന്നു. ജീവിതകാലംമുഴുവന്‍ ഓര്‍ത്തുവെക്കനൊരു സൂര്യോദയവും മനസ്സിലേറ്റിക്കൊണ്ടുപോകുമ്പോള്‍ മറ്റെന്തു പറയാനാണ്.

വ്യാഴാഴ്‌ച, ജനുവരി 20, 2011

കള.





കളയെന്നു ചൊല്ലി
പിഴുതെറിഞ്ഞത്
നെല്പ്പാടങ്ങളില്‍
പിറന്നുപോയതിനാലാവാം.

നെല്‍വിത്തുകള്‍ക്കിടയില്‍
ഉറങ്ങിക്കിടന്നപ്പോള്‍
ആരുമെന്തേ വിലക്കിയില്ല?
പെറുക്കിയെറിഞ്ഞില്ല?

വിതച്ച വയലുകളില്‍
മുളപൊട്ടി വേരിറങ്ങി
ഇലയും പൂക്കളുമായി
നിറം പിടിക്കുമ്പോള്‍

നിലനില്പ്പിന്റെ നിഴല്‍ക്കൂത്തില്‍
വെട്ടിമാറ്റപ്പെട്ട തലക്കൂമ്പുകള്‍ ‍!
നിലപാടുതറയില്‍നിന്നും
പിഴുതെറിയപ്പെട്ട ചുവടുകള്‍ ‍!

ആഴ്ന്നിറങ്ങുന്ന വേരുകള്‍
പടരും മുന്‍പേ പിഴുതെടുത്ത്
തിരിച്ചുവരില്ലെന്നുറപ്പിക്കാന്‍
ചവിട്ടിമെതിക്കുന്ന കാലുകള്‍ .!

നമ്മളുകൊയ്യും വയലെല്ലാം
നമ്മുടേതാകും സ്വപ്നങ്ങളില്‍
ചിറകു കരിഞ്ഞ് പാവം കുറെ
മാടത്തകളും പനന്തത്തകളും ...

ബുധനാഴ്‌ച, ജനുവരി 12, 2011

അനുയാനം.


പുഴയുടെ ആഴങ്ങളിലേക്കെവിടെയോ മുതലയുടെകൂടെ ഇറങ്ങിപ്പോയ ജലപിശാച് മുത്തശ്ശിയെ ഓര്‍മ്മ വന്നപ്പോള്‍ ദേവിക പൈപ്പ് നിര്‍ത്തി. ഏറെനേരം വെള്ളത്തിനു ചുവട്ടില്‍ നിന്നിട്ടാവണം ശരീരമാകെ ചുകന്നു തുടുത്തിരിക്കുന്നു. വേഗം തുവര്‍ത്തി വസ്ത്രം ധരിച്ച് അവള്‍ പുറത്തിറങ്ങി.

സമയം എട്ടുമണിയായിരിക്കുന്നു. ഒന്നൊന്നര മണിക്കൂറായിരിക്കുന്നു താന്‍ കുളിമുറിയില്‍ പൈപ്പിന്റെ ചുവട്ടിലെന്ന തിരിച്ചറിവില്‍ കുറ്റബോധം തോന്നി . ന്യൂസ്പേപ്പറിനു മുകളിലൂടെ തന്റെ നേരെ നീളുന്ന അനന്തുവിന്റെ കണ്ണുകളെ അവഗണിച്ച് ദേവിക അടുക്കളയിലേക്ക് തിരക്കിട്ടു നടന്നു. ചായപോലുമുണ്ടാക്കാതെയാണ് ഓഫീസില്‍നിന്നും വന്നപാടെ കുളിമുറിയില്‍ കയറിയത്.

" ചായ ഞാനുണ്ടാക്കി ......നീയിവിടെ വന്നിരുന്നൊന്ന് റിലാക്സ് ചെയ്യൂ"

ചായക്കപ്പു നീട്ടുമ്പോള്‍ വെള്ളപ്പാച്ചിലിനു ചുവട്ടില്‍ നിന്നു തുടുത്ത അവളുടെ കണ്ണുകള്‍ അവന്‍ ശ്രദ്ധിച്ചു. വിരലുകള്‍ വിളറി ചുളിഞ്ഞിരിക്കുന്നു.

"ഇന്നാരാണ് പ്രതി... ?" അവന്റെ ചോദ്യത്തിനു മുന്നില്‍ അവളുടെ കയ്യിലെ കപ്പു വിറച്ചു.

" എടാ ദേവൂന്റെ കാര്യമാലോചിച്ചിട്ട് എനിക്ക് പേടിയാകുന്നു.." ഇന്നുച്ചക്ക് അനന്തു സാജനെ വിളിച്ച് സംസാരിച്ചെയുള്ളു.

" നീ പോലും കണ്ടിട്ടില്ലാത്ത നിന്റെ ഏതോ ഒരു മുത്തശ്ശിയുടെ ഓ സി ഡി .........ദേവികയെ അതെങ്ങിനെ അഫെക്റ്റ് ചെയ്യും......"

സാജന്‍ തോമസ്സിലെ സൈക്കോളജിസ്റ്റിന്റെ നിഗമനം അതായിരുന്നു.

" വേഗം ഒരു കൊച്ചുണ്ടാക്കാന്‍ നോക്ക് ........വെറുതെ വേണ്ടാത്തതു ചിന്തിച്ചിരിക്കാന്‍ സമയമില്ലാതാവുമ്പോള്‍ ഒക്കെ താനേ ശരിയാവും. "

അയാള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് അവനും തോന്നിയിരുന്നു.

രാവിലെ തൂതപ്പുഴയില്‍ കുളിക്കാനിറങ്ങുന്ന സന്ധ്യയായാലും കുളിച്ചുകയറാത്ത ജലപിശാച് മുത്തശ്ശി കഥകളിലൂടെ ജീവിച്ച് അനന്തുവിന്റെ കുട്ടിക്കാലങ്ങളില്‍ ഒരു പേടിസ്വപ്നമായി നിറഞ്ഞു നിന്നിരുന്നു. കുളിച്ചുകയറുമ്പോള്‍ ആരെങ്കിലും തൊട്ടൊ വെള്ളം തെറിപ്പിച്ചോ അശുദ്ധമായെന്ന ഭയത്തില്‍ കുളിച്ചുകയറും മുന്‍പ് വീണ്ടും പുഴയിലിറങ്ങി മുങ്ങിയിരുന്ന മുത്തശ്ശി. അങ്ങിനെ മുങ്ങി മുങ്ങി ഒരു ദിവസം മുതലയുടെ കൈപിടിച്ച് പുഴയിലെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട മുത്തശ്ശി.

ഒരു ദിവസം കുളിക്കാനിറങ്ങുമ്പോള്‍ മുത്തശ്ശി പുഴയുടെ ആഴങ്ങളില്‍ നിന്നും പൊങ്ങിവരുമെന്നും ശരീരത്തിലേക്ക് വെള്ളം തെറിപ്പിച്ച് അശുദ്ധമാക്കിയതിന്ന് വാതോരാതെ ശകാരിക്കുമെന്നും ഭയന്നിരുന്ന നാളുകള്‍. കോളെജില്‍ എത്തിയിട്ടും ഓരോതവണ പുഴയില്‍ മുങ്ങുമ്പോഴും വെള്ളത്തിനടിയില്‍ മുത്തശ്ശിയെ കാണാതിരിക്കാന്‍ നാമം ജപിക്കുമായിരുന്നു.

"നാളെ മുതല്‍ ഞാന്‍ പോണില്യ ഓഫീസില്‍ ........."

പെട്ടന്നുള്ള അവളുടെ തീരുമാനം കേട്ട് എന്തു പറയണമെന്നറിയാതെ അവനൊന്നു പതറി. വളരെ സെന്‍സിറ്റീവ് ആണ് അവളെന്ന് അറിയുന്നതുകൊണ്ടാണ് അവന്റെ തന്നെ ഒരു ഫ്രെന്റ് ശേഖറിന്റെ അഡ്വര്‍ടൈസിങ് ഫേമില്‍ മതി ജോലിയെന്നു തീരുമാനിച്ചത്. ഡിസൈനറുടെ ജോലി അവളും ഇഷ്ടപ്പെടുന്നതായാണ് തോന്നിയത്. രണ്ടു ദിവസം മുന്‍പ് വിളിച്ചപ്പോള്‍ ശേഖറിനും പറഞ്ഞിട്ടു തീരുന്നുണ്ടായിരുന്നില്ല തന്റെ വിഷ്വലുകളെ അതേപോലെ സാക്ഷാത്കരിച്ച് ജീവന്‍ കൊടുക്കുന്ന ദേവുവിന്റെ ടാലന്റിനെ പറ്റി. പിന്നെന്തുപറ്റി പെട്ടന്നെന്ന് അവനെത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

" എന്തേ...?"

" അയാള്‍ക്കു കണ്ണുകളില്‍ നോക്കി സംസാരിക്കാനറിയില്ല"

" അതുകൊണ്ടാണോ ജോലി വേണ്ടെന്നു വെക്കുന്നത്..?"

അവന്റെ സംസാരത്തിലെ പരിഹാസം ദേവിക കേട്ടില്ലെന്നു നടിച്ചു.
നിറഞ്ഞുവന്ന കണ്ണുകള്‍ ഒളിപ്പിച്ച് അവള്‍ തന്നോടെന്നപോലെ

" നിങ്ങള്‍ക്കതൊരിക്കലും മനസ്സിലാവില്ല..."

" നിനക്ക് വെറുതെ തോന്നുന്നതാണ് ദേവൂ ..... അവനു നിന്നെപ്പറ്റി വലിയ മതിപ്പാണ്..."

പെട്ടന്ന് തുമ്പിയെപ്പോലെ തെന്നിത്തുളുമ്പുന്ന ശേഖറിന്റെ നോട്ടമോര്‍ത്ത് ദേവിക തളര്‍ന്നു. കണ്ണില്‍ കവിളില്‍ ചുണ്ടില്‍ അങ്ങിനെ തെന്നിത്തെന്നി അവളുടെ ശരീരം മുഴുവന്‍ പാറിനടക്കുന്ന അയാളുടെ കണ്ണുകളുടെയോര്‍മ്മയില്‍ അവള്‍ക്ക് സ്വന്തം ശരീരത്തോട് തന്നെ വല്ലാത്ത അറപ്പ് തോന്നി. തുളച്ചുകയറുന്ന നോട്ടങ്ങള്‍ക്ക്മുന്നില്‍ വിളറി വിയര്‍ക്കുമ്പോള്‍ സ്ത്രീയായി ജനിച്ചതില്‍ പലപ്പോഴും സ്വയം വെറുപ്പ് തോന്നിയിട്ടുണ്ട്. ശരീരത്തിലെ ഇനിയും കഴുകിക്കളയാനാവാതെ ഒട്ടിപ്പിടിച്ച നോട്ടത്തിന്റെ വഴുവഴുപ്പുമായി ദേവിക വീണ്ടും കുളിമുറിയിലേക്കു നടന്നു.

പ്രസവിച്ച് പെണ്‍കുട്ടിയാണ് എന്നറിഞ്ഞപ്പോള്‍ രണ്ടുദിവസത്തേക്ക് അച്ഛന്‍ നിന്നെ കാണാന്‍ കൂടെ വന്നില്ല എന്ന അമ്മയുടെ ഇടക്കിടക്കുള്ള ഓര്‍മ്മിപ്പിക്കലില്‍ സ്നേഹം വാരിച്ചൊരിഞ്ഞിരുന്ന അച്ഛനില്‍നിന്നും ഒരാണ്‍കുട്ടിയായിരുന്നെങ്കില്‍ ഇതിലും ഉപരിയായി കിട്ടാനുണ്ടായിരുന്നതെന്തോ നഷ്ടപ്പെട്ടിരിക്കാമെന്ന തോന്നല്‍ അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കുഞ്ഞുന്നാളിലെ കളിക്കൂട്ടുകാര്‍ ആണും പെണ്ണുമെന്ന് തനിക്കുചുറ്റും മതിലുകള്‍ പടുത്തുയര്ത്തു്ന്നത് വേദനയോടെ നോക്കിയിരുന്ന ഒരു വൈകുന്നേരമാണ് അമ്മയുടെ ഉറക്കെയുള്ള വിളികേട്ട് ദേവിക ഓടിയെത്തിയത്. അമര്‍ത്തിച്ചവിട്ടി അകത്തേക്കു കയറിപ്പോയ അമ്മയുടെ കണ്ണുകളില്‍ കത്തിയ തീ തന്നെ ദഹിപ്പിച്ചതെന്തിനെന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ മുറ്റത്തു തുണി മടക്കിക്കൊണ്ടുനിന്ന നാരാണ്യേടത്തിയാണ് പറഞ്ഞത്

" തലേം മൊലേം വളര്‍ന്ന പെങ്കുട്ട്യോള് ഇങ്ങിനെ ആങ്കുട്യോള്‍ടെ കൂടെ കളിക്കാന്‍ പാടില്യാട്ടൊ..........."

അത്രയും കാലം ആരുമറിയാതെ കൊണ്ടു നടന്നിരുന്ന തന്റെ ചില രഹസ്യങ്ങള്‍ ലോകസമക്ഷം വെളിവായ പോലെ അവളുടെ ശരിരത്തില്‍ വളര്‍ച്ചയുടേതായി വന്ന മാറ്റങ്ങള്‍ ആ നിമിഷം മുതല്‍ ദേവികക്കു ഭാരമായിതോന്നി. എല്ലവരുടേയും മുന്നില്‍ വെച്ച് താന്‍ നഗ്നയാക്കപ്പെട്ടപോലെ അവള്‍ നിന്നു വിയര്‍ത്തു. അന്നുരാത്രി ആരോടോ പ്രതികാരം തീര്‍ക്കാനെന്നപോലെ അമ്മ പൊന്നുപോലെ കാച്ചെണ്ണ തേച്ച് പരിപാലിച്ച് കൊണ്ടുനടന്നിരുന്ന ഇടതൂര്‍ന്നു വളര്‍ന്ന അവളുടെ മുടി ദേവിക കത്രികകൊണ്ട് കഷ്ണം കഷ്ണമായി മുറിച്ചെറിഞ്ഞു. പെണ്‍കുട്ടിയാണെന്നതിന്റെ അടയാളങ്ങള്‍ ഓരോന്നോരോന്നായി അഴിച്ചുവലിച്ചെറിയാന്‍ അവള്‍ കൊതിച്ചു. തന്റെ പെണ്ണുടലിനുചുറ്റും മൗനം കൊണ്ട് കനത്ത മതിലുകള്‍ കെട്ടി ദേവിക തന്നിലേക്കു തന്നെ ഒതുങ്ങുകയായിരുന്നു പിന്നെ.

എല്ലാം തന്റെ കാരണമാണ്...... അനന്തുവിന് കുറ്റബോധം തോന്നി. കല്യാണത്തിനു മുന്‍പുതന്നെ കുട്ടികള്‍ പെട്ടെന്നു വേണ്ടെന്ന തീരുമാനത്തിലെത്തിയിരുന്നു അവന്‍. അഞ്ചുകൊല്ലത്തെ പ്ലാനിങ്ങിനെപ്പറ്റി ദേവികയോടു പറഞ്ഞപ്പോള്‍ വലിയകണ്ണുകളുയര്‍ത്തി അമ്പരപ്പോടെ അവനെ നോക്കുകയല്ലാതെ അവളൊന്നും പറഞ്ഞില്ല. അനന്തൂനെ മറുത്തൊന്നും പറയാന്‍ കഴിയുമായിരുന്നില്ല അവള്‍ക്ക്. ഒരുവര്‍ഷം തികയും മുന്‍പുതന്നെ കൂട്ടുകാരുടേയും വീട്ടുകാരുടേയും കുത്തുവാക്കുകള്‍ക്കുമുന്നില്‍ സങ്കടം അവളൊരു പുഞ്ചിരിയില്‍ ഒതുക്കിയിരുന്നത് അവനോര്‍ത്തു. എങ്കിലും ഒരു കുഞ്ഞുജീവന്‍ അവര്‍ക്കിടയില്‍ സ്നേഹം പങ്കു വെക്കാനെത്തുന്നത് ഈ അഞ്ചാം വര്‍ഷത്തിലും അവനില്‍ അസ്വസ്ഥതയുണ്ടാക്കുന്നത് അവനറിഞ്ഞു.

അനന്തു ഉറക്കെ വിളിച്ചുകൊണ്ടിരുന്നു ദേവികയെ..... അവളും ഉറക്കെ കരയുന്നുണ്ടായിരുന്നു. വെള്ളത്തിലേക്കെടുത്തുചാടി ആഞ്ഞു തുഴഞ്ഞിട്ടും കുതറാന്‍ ശ്രമിക്കുന്ന ദേവുവിനേയും വലിച്ച് ദൂരേക്ക് ദൂരേക്ക് പൊയ്ക്കൊണ്ടിരുന്നു ജലപിശാച്മുത്തശ്ശി . ആഴങ്ങളിലേക്ക് മുങ്ങി മറഞ്ഞ ദേവുവിനെ തേടി അനന്തു തൂതയുടെ അഗാധങ്ങളില്‍ മുതലയുടെ കൊട്ടാരം തിരഞ്ഞു.


ദേവികയും അനന്തുവിനെ വിളിച്ചു കരഞ്ഞുകൊണ്ടിരുന്നു.ജലപിശാച്മുത്തശ്ശിയുടെ കൈകളില്‍ കിടന്ന് അവള്‍ പിടഞ്ഞു. നീന്തിയിട്ടും നീന്തിയിട്ടും അവളുടെയടുത്തേക്ക് എത്താന്‍കഴിയാത്ത അനന്തുവിനെയോര്‍ത്തവള്‍ക്ക് സങ്കടം തോന്നി. പുഴയുടെ ആഴങ്ങളില്‍ അവള്‍ക്കു വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.


ഇരുളിന്റെ ഞൊറിമടക്കുകളിലെവിടെയോവെച്ച് അനന്തുവിന്റെ കയ്യിലേക്ക് ദേവുവിനെ കൈമാറുമ്പോള്‍ തന്നെ തേടിയെത്താന്‍ മറന്ന ഏതോകൈകളെയോര്‍ത്ത് ജലപിശാച് മുത്തശ്ശിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ.................... ദേവുവിനെ കൈകളിലേന്തി മുകളിലേക്കുയരാന്‍ ആ തളര്‍ച്ചയിലും അനന്തു കഴിവതും പ്രയത്നിച്ചുകൊണ്ടിരുന്നു. ജന്മാന്തരങ്ങളുടെ വിഹ്വലതകള്‍ തങ്ങളെ കെട്ടിവരിഞ്ഞ് ആഴങ്ങളിലേക്ക് പിടിച്ചു വലിയ്ക്കുന്ന പോലെ തോന്നി അവന്ന്. എല്ലാം കഴിഞ്ഞു എന്ന തോന്നലിന്നു മുന്നില്‍ ദൂരെനിന്നും കൊച്ചുനക്ഷ്ത്രം പുഞ്ചിരിയോടെ അവര്‍ക്കായി കൈകള്‍ നീട്ടി. ആ പ്രഭാവര്‍ഷത്തിനു മുന്നില്‍ മരണവെപ്രാളത്തോടെ കിതച്ചുകൊണ്ട് അനന്തു ഞെട്ടിയുണര്‍ന്നു.

കുറച്ചുനേരത്തെ സ്ഥലകാല വിഭ്രാന്തിക്കുശേഷം അവന്റെ വിരല്‍ ബെഡ് ലാംമ്പിന്റെ സ്വിച്ചിലമര്‍ന്നു. തന്നിലെ അതെ കിതപ്പും പരിഭ്രാന്തിയും ഞെട്ടിയുണര്‍ന്ന ദേവുവില്‍ കണ്ടപ്പോള്‍ അനന്തുവിന്ന് അത്ഭുതം തോന്നിയില്ല. അവനതു പ്രതിക്ഷിച്ചിരുന്നല്ലൊ. അവനിലേക്കമര്‍ന്ന ദേവുവിന്റെ കൈകള്‍ ഇനിയൊരിക്കലും അയയില്ലെന്നപോലെ അവനുചുറ്റും മുറുകുന്നത് അവനറിഞ്ഞു. അവളുടെ മുടിയിഴയിലൂടെ പതുക്കെ വിരലുകളോടിക്കുമ്പോള്‍ അനന്തുവിനു കേള്‍ക്കാമായിരുന്നു ദൂരെ ഭൗമമണ്ഡലത്തിന്റെ ഏതോകോണില്‍ നിന്നും തങ്ങളുടെയടുത്തേക്ക് പറന്നടുക്കുന്ന ഒരു കുഞ്ഞു നക്ഷത്രത്തിന്റെ ചിറകടിയൊച്ചകള്‍ .

വെള്ളിയാഴ്‌ച, ജനുവരി 07, 2011

ചിത്രഭാഷ്യം......


ഒരു കയര്‍ത്തുമ്പിലെന്നോ കുരുങ്ങേണ്ട-
തൊരു നെരിപ്പോടിലെന്നൊകരിഞ്ഞതീ
ഒരു കെടാക്കനല്‍ തോണ്ടി ഉലയൂതി
വെറുതെ കത്തിച്ചു വീണ്ടും രസിപ്പിവര്‍ .

മുഖമെനിക്കന്നു നഷ്ടമായന്നുനിന്‍
അരികിലെന്‍ മൊഴി മുങ്ങിമരിക്കവെ .
തിരികെനീ നടന്നകലുമ്പോള്‍ നിന്‍നിഴല്‍
പെരുകിയെന്നെ കടന്നു പോയീടവെ........

താണ്ടണം കടല്‍ തനിയെയെന്‍ ജീവിതം
തുളകള്‍ വിണൊരു പായയായുയരവെ
എതിര്‍ദിശയിലേക്കായുന്ന കാറ്റിന്റെ
ഗതിയറിയാ കപ്പിത്താന്‍ ചിരിപ്പിവര്‍ ‍‍‍.

തിങ്കളാഴ്‌ച, ജനുവരി 03, 2011

ചില കവിതകള്‍!!


ചില കവിതകള്‍
വായിക്കുന്നതിനിടയില്‍
താളില്‍ നിന്നുണര്‍ന്ന്
മുന്നില്‍ നിവര്‍ന്നു നില്‍ക്കും
മുഖം പിടിച്ചുയര്‍ത്തും
മുടി മാടിയൊതുക്കും
കണ്ണുകളിലേക്കുറ്റുനോക്കും.

പിന്നെ നിനച്ചിരിക്കാതെ
പിന്നിട്ട വഴികളിലൂടെ
പുറകോട്ടു നടത്തിക്കും
പൂക്കളും പുഴകളും കാട്ടി
പൂമ്പാറ്റകളെ പിടിച്ചുതരും
ഊഞ്ഞാലിലിരുത്തി
മോഹങ്ങള്‍ക്കൊപ്പം പറത്തും.

വീശുന്ന കാറ്റിനു നേരേ
ജനലുകള്‍ കൊട്ടിയടച്ച്
കനക്കുന്ന ഇരുളിനെതിരെ
നിറഞ്ഞു കത്തും
മനസ്സിന്റെ ആഴങ്ങളില്‍
ഊളിയിട്ട് മയങ്ങുന്ന
ഓര്‍മ്മകള്‍ തപ്പിയെടുത്ത്
ഉടല്‍മൂടി പുതപ്പിക്കും.
പതിഞ്ഞ താരാട്ടാവും
മെല്ലെ തട്ടിയുറക്കും പിന്നെ
വീണ്ടുമക്ഷരങ്ങളായി മാറി
പുസ്തകത്താളില്‍ കയറി
ഉറക്കം നടിക്കും.............