തിങ്കളാഴ്‌ച, ജനുവരി 31, 2011

ആണിയടിക്കാത്ത വീടുകള്‍


ചുമരില്‍ ആണിയടിക്കാത്ത വീടുകള്‍
കടലു പോലെയാണ്.
അലഞൊറിഞ്ഞുടുത്ത മുഖംമൂടികള്‍
നമ്മെ അകത്തേക്കാനയിക്കും
നിസ്സംഗരായ പവിഴപ്പുറ്റുകളും
മുഖംതിരിക്കുന്ന മീനുകളും നിറഞ്ഞ
താഴ്വാരങ്ങളിലൂടെ നടത്തിക്കും.
അവസാനം ഓര്‍മ്മകളില്ലാതെ
വിളിച്ചിറക്കിയ തീരത്തടിയും.

ചുമരില്‍ ആണിയടിക്കാത്ത വീടുകള്‍
ആകാശം പോലെയാണ്.
കറുത്തപൊട്ടായി ചിറകുവിരിച്ചുയരുന്ന
ഒരു പക്ഷിക്കായി നമ്മള്‍ കണ്ണുകഴക്കുംവരെ
ചുമരുകളില്‍നിന്നും ചുമരുകളിലേക്ക്
സസൂക്ഷ്മം നോക്കികൊണ്ടേയിരിക്കും

ചുമരില്‍ ആണിയടിക്കാത്ത വീടുകള്‍
കൊമ്പുകള്‍ വെട്ടിയ മരം പോലെയാണ്.
ചേക്കേറാനൊരു ചില്ലയന്വേഷിച്ച്
കണ്ണുകള്‍ പറന്നുകൊണ്ടേയിരിക്കും.
മുഖമൊളിപ്പിക്കാന്‍ ഇലകളില്ലാത്തതിനാല്‍
വാക്കുകള്‍ വന്നുതറച്ചുകൊണ്ടേയിരിക്കും.

ചുമരില്‍ ആണിയടിക്കാത്തവീടുകള്‍
ചില സൗഹൃദങ്ങള്‍ പോലെയാണ്.
അകം മുഴുവന്‍ അലയാന്‍ വിട്ടിട്ടും
ഓര്‍ത്തുവെക്കാനൊന്നും തന്നെ
അവശേഷിപ്പിക്കാത്തതിനാല്‍ പറ്റെ
മറന്നുപോയ ചില പേരുകള്‍ പോലെ.

ചുമരില്‍ ആണിയടിക്കാത്ത വീടുകളില്‍
നമ്മളുപേക്ഷിച്ച നമ്മുടെ വിരലടയാളങ്ങള്‍
ചുഴിഞ്ഞിറങ്ങാന്‍ ഓര്‍മ്മകളില്ലാതെ
അലിഞ്ഞുചേരാന്‍ നിറങ്ങളില്ലാതെ
മറ്റൊന്ന് പതിഞ്ഞ് ഇല്ലാതാവും വരെ
നമ്മോടൊപ്പം തിരിച്ച്പോകാന്‍
വെറുതെ കൊതിച്ചുകൊണ്ടേയിരിക്കും.

30 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ചുമരില്‍ ആണിയടിക്കാത്ത വീടുകള്‍ ..........

the man to walk with പറഞ്ഞു...

manoharamaayirikkunnu..kannu niranju

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കടലു പോലെയും
ആകാശം പോലെയും
കൊമ്പുകള്‍ വെട്ടിയ മരം പോലെയും
സൗഹൃദങ്ങള്‍ പോലെയും
വിരലടയാളങ്ങള്‍
പോലെയുമൊക്കെയുള്ള
അതി മനോഹരമായ വീടുകൾ!!!!!
നന്ദി, നല്ല കവിതയ്ക്ക്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare nannayittundu....... aashamsakal.....

ശ്രീനാഥന്‍ പറഞ്ഞു...

നല്ല കവിത, ഒരാണിപ്പഴുതും ഇല്ലാത്ത മനസ്സുകളും ഒത്തിരി ആണികൾ അടിച്ച് സുഷിരങ്ങൾ വീണ മനസ്സുകളൂം ഓർമ്മിപ്പിച്ചു.

Manickethaar പറഞ്ഞു...

നല്ല കവിത....

Unknown പറഞ്ഞു...

ആണിയടിക്കാത്ത വീടിന്റെ ചുമരില്‍
ഞാന്‍ എന്റെ മനസിനെ തറപ്പിച്ചു വെക്കാറുണ്ട് ..
ഇന്നും ഇന്നലയും നാളയും ചുമരില്‍ നിന്ന്
വായിച്ച്ചെടുകാരുണ്ട് .....

നല്ല കവിത .....നല്ല വരികള്‍

yousufpa പറഞ്ഞു...

ചിന്തകളിൽ ആണിയടിക്കരുതേ....

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അതീവ ഹൃദ്യമായിരുന്നു ഈ വരികള്‍..
അര്‍ത്ഥതലങ്ങളില്‍ ഒരുപാട് ആസ്വദിക്കാനുണ്ട്..

ജന്മസുകൃതം പറഞ്ഞു...

ചുമരില്‍ ആണിയടിക്കാത്തവീടുകള്‍
ചില സൗഹൃദങ്ങള്‍ പോലെയാണ്.
അകം മുഴുവന്‍ അലയാന്‍ വിട്ടിട്ടും
ഓര്‍ത്തുവെക്കാനൊന്നും തന്നെ
അവശേഷിപ്പിക്കാത്തതിനാല്‍ പറ്റെ
മറന്നുപോയ ചില പേരുകള്‍ പോലെ.....


നല്ല കവിത...ആശംസകള്‍

Unknown പറഞ്ഞു...

പണ്ടാരം :( എന്റെ തല!
രണ്ട് പ്രാവശ്യം വായിച്ച് നോക്കി, വെല്ല്യ എത്തും പിടീം കിട്ടീല്ലാ :((

ഒന്നൂടെ വായിക്കട്ടേ.. :)

Unknown പറഞ്ഞു...

ചുമരില്‍ ആണിയടിക്കാത്തതാണ് കുഴപ്പമായത്, അര്‍ത്ഥതലം ഇനിയും അന്വെഷിക്കേണ്ടിയിരിക്കുന്നു ഈ പ്രയോഗത്തിന്ന് :(

അല്ലെങ്കിലും പലപ്പോഴും ഈ ആണി അടര്‍ന്ന് വീഴും, നിസംഗതയുടെ ഉറപ്പില്ലാത്ത ഇഷ്ടികയില്‍ അടിച്ചാല്‍,
ഏകാന്തതയുടെ ശൂന്യതയിലും തിരസ്കരിക്കപ്പെട്ട സ്നേഹത്തിലും മനസ്സില്‍ നിറയാത്ത സൗഹൃദത്തിലും ആണിക്ക് ഉറപ്പില്ല തന്നെ.

{ഞാനൊന്നും പറഞ്ഞിട്ടുമില്ല, അറീകേം ഇല്ലാ!
തലയ്ക്ക് സ്വയം കിഴുക്കുന്നു :)) }

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

:)
ആശംസകള്‍

Jithu പറഞ്ഞു...

നന്നായിരിക്കുന്നു .....

പക്ഷെ "ചുമരില്‍ ആണിയടിക്കാത്ത വീടുകളില്‍" എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം പറഞ്ഞു തരണം.( ആ വാക്കിന്റെ ആഴത്തിലേക്കെന്റെ മനസിന്‌ കടക്കാനായില്ല....)...... ഹി ..

അജ്ഞാതന്‍ പറഞ്ഞു...

അതിസുന്ദരം....

ഉല്ലാസ് പറഞ്ഞു...

ഹൃദയത്തിൽ ആണിയടിക്കാത്ത വരികൾ തികച്ചും ശൂന്യതയാണ് എന്തിനെന്ന് അത് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും അല്ലാത്തവ വേദനയിലും സുഖാനുഭൂതി തീർത്തുകൊണ്ടേയിരിക്കും

പ്രയാണ്‍ പറഞ്ഞു...

the man to walk with
Ranjith
jayaraj
ശ്രീനാഥന്‍
Manickethaar
MyDreams
യൂസുഫ്പ
മുഹമ്മദ്‌
ലീല എം ചന്ദ്രന്‍..
നിശാസുരഭി
ചെറുവാടി
JITHU
മഞ്ഞുതുള്ളി
എല്ലാവര്‍ക്കും സ്നേഹം മാത്രം

നിശ........ സമ്മതിച്ചുട്ടൊ.........:)

JITHU ആ പ്രയോഗത്തിന്റെ അര്‍ത്ഥം എഴുതിയപ്പോഴുള്ളതില്‍നിന്നും ഒരുപാട് മാറിപ്പോയിരിക്കുന്നു. കുറച്ചുകഴിയുമ്പോള്‍ ഒരു ആകെത്തുക കിട്ടുമായിരിക്കും.

Echmukutty പറഞ്ഞു...

വരികൾ ഓരോന്നും സുന്ദരം! എനിക്കിഷ്ടമായി ഈ രചന.
എന്തെല്ലാം തരത്തിലാണ് മനസ്സുകളിൽ തുള വീഴുന്നതും വീഴാതിരിയ്ക്കുന്നതിം........
അഭിനന്ദനങ്ങൾ.

Kalavallabhan പറഞ്ഞു...

ഓർമ്മയെ വെറുക്കുന്നവരുടെ വീട്

Umesh Pilicode പറഞ്ഞു...

ചുമരില്‍ ആണിയടിക്കാത്ത വീടുകള്‍ ...

കൊള്ളാം ആശംസകള്‍

Vishnupriya.A.R പറഞ്ഞു...

നല്ല എഴുത്ത് ...

മുകിൽ പറഞ്ഞു...

manassinte chumaril aaniyaTikkuka ethrayeluppam! rakthamo mamsamo chitharilla..

Unknown പറഞ്ഞു...

ആ പറഞ്ഞത് എന്നോടെന്ന്യാണോ?
ആണെങ്കില്‍ ആത്മഗതം ‘എന്റൊരു തലയേ!’
അല്ലെങ്കില്‍ ‘ഞാനീ വഴി വീണ്ടും വന്നിട്ടേയില്ല’!!

പാവത്താൻ പറഞ്ഞു...

ഓര്‍ത്തു വെക്കാന്‍ ഒന്നും അവശേഷിപ്പിക്കാത്ത സൌഹൃദങ്ങള്‍..
ഓര്‍മ്മകളില്ലാതെ തീരത്തേക്കൊരു തിരിച്ചെത്തല്‍.
മുഖം തിരിക്കുന്ന സ്നേഹരാഹിത്യം, അവഗണനയുടെ നിസ്സംഗശൂന്യത...
നമ്മോടൊപ്പം തിരിച്ചു പോരാന്‍ കൊതിക്കുന്ന നമ്മുടെ വിരലടയാളങ്ങള്‍...
അതിമനോഹരമായിരിക്കുന്നു.(വൈകിയെങ്കിലും )

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

ചുമരില്‍ ആണിയടിക്കാത്തവീടുകള്‍
ചില സൗഹൃദങ്ങള്‍ പോലെയാണ്.
അകം മുഴുവന്‍ അലയാന്‍ വിട്ടിട്ടും
ഓര്‍ത്തുവെക്കാനൊന്നും തന്നെ
അവശേഷിപ്പിക്കാത്തതിനാല്‍ പറ്റെ
മറന്നുപോയ ചില പേരുകള്‍ പോലെ....

എല്ലാ ആശംസകളും!!

പ്രയാണ്‍ പറഞ്ഞു...

ഉല്ലാസ്,
Echmukutty,
Kalavallabhan ,
ഉമേഷ്‌ പിലിക്കൊട് ,
Vishnupriya.A.R ,
മുകിൽ ,
നിശാസുരഭി '
പാവത്താൻ,
ജോയ്‌ പാലക്കല്‍
thanks friends.........

മനു കുന്നത്ത് പറഞ്ഞു...

നന്നായിരിക്കുന്നു ചേച്ചി......!!
വരികള്‍ നന്നായിട്ടുണ്ട്......!!
അവസാനം ചുമരിലൊരാണിയടിച്ച് നമ്മള്‍
അവസാനിക്കുന്നതു വരെ ഇത്ര... അല്ലേ ചേച്ചി..?

ente lokam പറഞ്ഞു...

ഉണങ്ങിയ മുരിവുകളിലീക്ക് വീണ്ടും
അടിക്കുന്ന ആണികല്കായി ചുവര്‍ ഇനിയും ബാക്കി...അല്ലെ?കവി ഉദ്ദേശിച്ച അര്‍ഥം എന്ത് ആണെന്ന് കൂടി അവസാനം പറയണം
കേട്ടോ...

Jishad Cronic പറഞ്ഞു...

നല്ല കവിത

പ്രയാണ്‍ പറഞ്ഞു...

സത്യം പറഞ്ഞാല്‍ കിരണ്‍ ബജാജിന്റെ 'കീപ്പ് ഓഫ് ദി ഗ്രാസ്' ലെ ചിലവരികളാണ് (Sarkars walls were bare. No photographs, no posters , no memories)എന്നെ ഇതെഴുതിച്ചത്. ഓര്‍മ്മകള്‍ നിറഞ്ഞുതുളുമ്പുന്ന ഒരു ചുമരാണ് പണ്ടുതൊട്ടെ എനിക്കിഷ്ടം.ഓര്‍മ്മകളില്‍ നിന്നും ഓര്‍മ്മകളിലേക്ക് ഒഴുകിമാറാന്‍ ഒരു വിഷ്വല്‍ സപ്പോര്‍ട്ടുണ്ടെങ്കില്‍ എത്ര സുഖമാണ്. പക്ഷെ ആണിയടിച്ച് ചുമരിനെ വേദനിപ്പിക്കരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് എന്റെ കൂടെയുള്ളത്.ആണിയടിക്കാന്‍ വേണ്ടി വാശിപിടിക്കാറുണ്ടെങ്കിലും അതും ഒരര്‍ത്ഥത്തില്‍ ശരിയാണ്. എന്റെ പെയിന്റിങ്ങുകള്‍ക്കു മാത്രമെ ഇവിടെ ചുമരില്‍ സ്ഥാനമുള്ളു.

പിന്നെ എഴുതിത്തുടങ്ങിയപ്പോള്‍ കവിതക്ക് വേറൊരര്‍ത്ഥതലം വന്നത് മനസ്സിലായി. അതാണ് നിങ്ങളും കണ്ടത്.ഇവിടെവന്ന് കവിത വയിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും എന്റെ സ്നേഹം.