തിങ്കളാഴ്‌ച, മാർച്ച് 31, 2014

മൂളിയലങ്കാരി...

 

മൂങ്ങകളെയിങ്ങിനെ മൂളാന്‍ പഠിപ്പിച്ചതാരാണോ

എന്നു തോന്നുംപോലെ

നിയതമായ ഇടവേളകളില്‍

കൃത്യമായ തരംഗ ദൈര്‍ഘ്യത്തില്‍

കണ്ണുടക്കാത്ത മറവുകളിലിരുന്നവര്‍

മൂളിയുറപ്പിക്കുന്നതെന്താണാവോ..!

ഉണ്ണിയെ പൂമോത്തേക്ക് കൊണ്ടോണ്ടാട്ടോന്ന്

ഉണ്ണിയിപ്പോ ഉണ്ണാമനായല്ലോയെന്ന്

ന്നാലും ആ പുറത്താളത്തിന്റെ വാതിലടച്ചേക്കെന്ന്

പൂമുഖോം പുറത്താളോം ഇല്ലാത്ത

വീടല്ലേ ഇപ്പോഴുള്ളൂയെന്ന്

ന്നാലും ഒരു നാവോറു പാടിക്കണംട്ടോയെന്ന്

അമ്മ പറയുമ്പോള്‍

ഞാന്‍ മൂളിക്കേള്‍ക്കുമ്പോള്‍

എല്ലാവരുടെയും

ചോദ്യങ്ങളും ഉത്തരങ്ങളും

തമ്മില്‍ തമ്മില്‍ മൂളിത്തോല്‍പ്പിക്കുമ്പോള്‍

ജീവിച്ചിരിപ്പുണ്ടെന്ന്

തമ്മില്‍ത്തമ്മില്‍ മൂളിയറിയിക്കുമ്പോള്‍

മൂളല്‍ വരമൊഴിയില്ലാത്ത

ഭാഷയായി മാറുമ്പോള്‍

മൂളിയലങ്കാരിയെന്നത്

ഒരു പ്രയോഗമോ ഉപമയോ

കേവലം ഉത്പ്രേക്ഷ പോലുമോ

അല്ലാതാവുമ്പോള്

മൂങ്ങകളിപ്പോള്‍ നമ്മളല്ലേയമ്മേയെന്ന്

മുഖമൊളിക്കാന്‍ കാവുകളില്ലാത്തിടത്ത്

കണ്ണേറു പറ്റിയത് മൂങ്ങകള്‍ക്കാണമ്മേയെന്ന്

പുള്ളുകളെല്ലാം കടല് കടക്കുകയാണെന്ന്

നാവോറു വേണ്ടത് പുള്ളുകള്‍ക്കാണെന്ന്

പുള്ള്വോര്‍ക്കുടങ്ങളിപ്പോ പാടാറില്ലെന്ന്

പാടിയ നാവോറുകളാണേല്‍ ഏശാറുമില്ലെന്ന്

പറഞ്ഞു പറഞ്ഞും മൂളിമൂളിയും

വീടൊരു കാവാകുമ്പോള്‍

അമ്മമസ്സില്‍ കൂടുകൂട്ടിയിരുന്നൊരു

സങ്കല്‍പ വെള്ളിമൂങ്ങ നീട്ടിമൂളുന്നു...

സ്വര്‍ണ്ണം പൂശിയ ചിറകു കുടഞ്ഞ്

നാലാംനിലയിലെ ജന്നലുയരത്തിലേക്ക് വളര്‍ന്ന 

തെങ്ങോലകള്‍ക്കിടയിലിലൂടെ

നഗരം നോക്കി പറന്നു മറയുന്നു.....

വെള്ളിയാഴ്‌ച, മാർച്ച് 14, 2014

ഓര്‍മ്മകള്‍ക്കെന്തൊരു സു-ഗന്ധമാണ്!


പൊഴിയുന്ന ഇലകളെ നോക്കി 
ശിശിരമേയെന്ന് 
നിറങ്ങളേയെന്ന് 
ഋതുപ്പകര്‍ച്ചയെ ഓമനിക്കുന്നുണ്ട് നീ.
പക്ഷേ   അടര്‍ന്ന്  വീഴുമ്പോള്‍ 
മരത്തിനുള്ളിലൊരു 
വിത്തുപാകും ഓരോ ഇലയും.
ദ്രുതഗതിയില്‍    ഋതുഭേദമില്ലാതെ തഴച്ചു വളരുന്ന 
മരിക്കാത്ത ഓര്‍മ്മകളുടെ ഒരു കൊടുങ്കാട്

***********
പുഴ നേര്‍ത്തു  നേര്‍ത്തു  
ഇല്ലാതാവുന്നത്  അറിയുന്നുണ്ട്.
ഏതോ ഒരുനിമിഷത്തിലേക്ക്
ഒഴുകിനിറയുന്ന  വെള്ളമെന്ന്
പുഴയെ അളക്കുമ്പോള്‍
അളന്നെടുക്കാനിനിയും
അളവുകോല്‍ കണ്ടുപിടിച്ചിട്ടില്ലാത്ത
മറ്റൊരൊഴുക്ക് 
ഇരുകരയും കവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കും!

ഇനിയും കണ്ടെത്തിയിട്ടില്ലാത്തതുകൊണ്ട്
പേരിടാത്ത മഹാനദികള്‍ 

ഓര്‍‌മ്മകളില്‍ മാത്രമായൊഴുകുന്നതുകൊണ്ട് 
പേരില്ലാത്ത മഹാനദികള്‍!


***********
മീനുകള്‍ ചുണ്ടു കോട്ടി കണ്ണുനീട്ടി പ്രാര്‍‌ത്ഥിക്കുമ്പോള്‍ 
ഓര്‍‌ക്കുന്നത് ആരെയാവും...
ഒരിക്കല്‍ വലയില്‍ കുടുക്കിയേക്കാവുന്ന ഒരാളേയോ  
ചൂണ്ടയില്‍ നിന്നും പുറത്തെടുത്തു
ശ്വാസം തിരികെ കൊടുത്തവനെയോ
ഉടലളന്ന് വരയിട്ട് എരിവും പുളിയും
തേച്ചു പിടിപ്പിക്കുന്നവനെയൊ
വല്ലാത്ത ഇഷ്ടത്തോടെ തിന്നുന്നവനെയൊ...

ഇത്രയും പറഞ്ഞപ്പൊഴാണോര്‍‌ത്തത്നീ പിടിച്ച മീനെവിടെ?

***********
ചങ്ങായിമാരില്‍ കാറ്റിനെയാണെനിക്കിഷ്ടം
എന്തൊരുകരുതലാണതിന്!
നീയും നീയും നീയുമറിയാതെ
നിന്‍റേയും നിന്‍റേയും നിന്‍റേയും
മണം കട്ടെടുത്ത് മുന്നില്‍ വെച്ച്
നിന്നെയും നിന്നെയും നിന്നെയും
മറന്നിട്ടില്ലല്ലോയെന്ന്പരീക്ഷിക്കും...
മറന്നവരെ ഓര്‍മ്മിപ്പിക്കാന്‍
ഓര്‍മ്മകളെ കൂട്ടുവിളിക്കും.

എന്‍റെ മണംകട്ടെടുക്കുന്ന ദിവസം
കയ്യോടെ പിടിക്കും ഞാന്‍....

നീയെന്നെ മറന്നതിനോളം
സങ്കടം തന്നെയാണ്
ഞാനെന്നെ മറന്നെന്നറിയുമ്പോഴും.

************
ചുരത്താന്‍ മുലയില്ലാത്ത  ഭൂമിയെ,
വിരിക്കാന്‍ തണലില്ലാത്ത    മരങ്ങളെ,
കൊടുക്കാന്‍ ശ്വാസമില്ലാത്ത   പുഴകളെ, 
ചിറകു കത്തിക്കരിഞ്ഞ ആകാശത്തെ 
നമ്മുടെ കുട്ടികളെങ്ങിനെ  
ഓര്‍മ്മകളില്‍ ഓര്‍ത്തെടുക്കും

***********
ഓര്‍മ്മകളെപ്പറ്റിഎഴുതുമ്പോഴാണ് 
ഓര്‍മ്മകള്‍ക്കെന്തൊരു സു-ഗന്ധമാണ്!

ഒരു കടുകിന്‍റെ പൊട്ടിത്തെറിയില്‍
പല അടുക്കളകളാണ് വാതില്‍ തുറക്കുന്നത്.

ഗന്ധക മണത്തില്‍ നിന്നും ചിതറിത്തെറിച്ച ഉടലിനെ ഓര്‍ത്തെടുക്കുന്നു നഗരം.

മുടികരിയുന്ന മണം ഒരു ദുശ്ശകുനം മാത്രമായിരുന്നു അച്ഛന്‍ ചുട്ടുകരിക്കപ്പെട്ട സര്‍ദാര്‍ണിയെ കാണും വരേക്കും.
ഇപ്പോഴതിന്നു നിറയെ പര്യായവാചികള്‍!

സാനിടറി നാപ്കിന്‍റെ പച്ചച്ചോരമണത്തില്‍ ഒര്‍മ്മ വരുന്നത് ഇറച്ചിക്കറിയല്ല.
കാളീഘട്ടിലെ ബലിക്കല്ലിനുചുറ്റും തമ്പടിച്ച ഉളുമ്പുമണമാണ്

കാച്ചെണ്ണ

മുല്ലപ്പൂമണം

മുല്ലപ്പൂമണത്തെപ്പറ്റി പറഞ്ഞപ്പോഴാണ് അതിന്നു സോനാഗച്ചിയിലെ അമ്മന്‍ തെരുവിന്‍റെ മണമാണ്..

************
ആഴങ്ങളിലേക്കൊതുങ്ങുന്നകിണറിന്‍റെ
ഓര്‍മ്മകളിലെവിടെയോ
മഴവിരല്‍നീട്ടി തൊട്ടുണര്‍ത്തുന്നുണ്ടാകാശം.

ശനിയാഴ്‌ച, മാർച്ച് 01, 2014

എവിടെപ്പോയാവോ....

 



എഴുനിറങ്ങളില്‍ പൂത്തിരുന്നതാണ്
കവിത പെയ്തിരുന്നൊരു മനസ്സ്.
എന്തുകണ്ടാലും
കൂടെ പോകും
ആരെന്തു പറഞ്ഞതും വിശ്വസിക്കും!
അരുതെന്ന് പറഞ്ഞതിന്നാണ്
പിണക്കംകാട്ടിയിറങ്ങിപ്പോയത്....
കാണുമ്പോള്‍ പറയണം
കാത്തിരിക്കുന്നുണ്ടൊരാളെന്ന്.
കാറ്റെ നീയൊരു പൂമണമായെത്തി
കനവുണക്കിത്തന്നാല്‍ മതി
ഒരു മഴയെത്തിച്ചു തന്നാലും മതി
ചുണ്ടിലിത്തിരി കടലുപ്പു ചാലിച്ച്
ഒന്നുമ്മവെച്ചാലും മതി
കൊതിപ്പിച്ചു തിരികെ വിളിച്ചോളാം.......



..................



ഊത്താല്‍ കൊണ്ട് മഴവില്ലുതീര്‍ത്ത്
നിറങ്ങളെ സ്വന്തമാക്കാറുള്ള
ഒരു കാലമുണ്ടായിരുന്നു നമുക്ക്.
പിന്നീടെപ്പോഴോ ഒരിക്കല്‍
അകലെയേതോ വെള്ളച്ചാട്ടം
മഴവില്ല് മുന്നിലെക്കെറിഞ്ഞു തന്നെന്നെ
നിന്‍റെ ഓര്‍മ്മകളിലേക്ക് തിരിച്ചയച്ചു.
ഇന്ന്‍ നിനക്കെത്ര നിറങ്ങളാണെടോ
എന്നാരോ ചോദിച്ചപ്പോഴും
നിന്നെയാണോര്‍മ്മ വന്നത്
നിന്റെ ഓര്‍മ്മകളെ
നിറങ്ങളേയെന്ന് ചേര്‍ത്ത്പിടിച്ച്
വെളുപ്പെന്ന് പൂത്ത് വിടരുന്നു ഞാന്‍